Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതീക്ഷയുടെ ചിറകിൽ മെക്സിക്കോ

വിദേശരംഗം  / കെ. ഉബൈദുള്ള
 അഴിമതിയുടെ കാര്യത്തിൽ ലോകത്തു മുൻനിരയിലാണ് മെക്സിക്കോ. ആറു വർഷത്തിനിടയിൽ ഇൗ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുമെന്നാണ് 13 കോടിയോളം വരുന്ന ജനങ്ങൾക്ക് ആംലോ നൽകിയിരിക്കുന്ന വാഗ്ദാനം.

റഷ്യയിലെ ലോകകപ്പ് ഫുട്ബോൾ മൽസരത്തിൽ  ക്വാർട്ടർ ഫൈനലിലേക്കു കടക്കാനാവാതെ മെക്സിക്കോ പുറത്തായതിന്റെ തലേന്നു  മെക്സിക്കോയിൽ ഒരു വൻ ആഘോഷം നടക്കുകയായിരുന്നു. ആ ദിവസമാണ് (ജൂലൈ ഒന്ന്, ഞായറാഴ്ച) ആന്ദ്രേ മാന്വൽ ലോപസ് ഒാബ്രഡോർ മെക്സിക്കോയുടെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 

കളിക്കളത്തിലെ പരാജയം സ്വാഭാവികമായും മെക്സിക്കൻമാരെ നിരാശപ്പെടുത്തുന്നുണ്ടാവും. എന്നാൽ, ആംലോ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പുതിയ പ്രസിഡന്റിന്റെ ഭരണത്തെക്കുറിച്ചുളള പ്രതീക്ഷകൾ അതിനെക്കാളെല്ലാം ഏറെ ഉയർന്നു നിൽക്കുന്നു. 

അഴിമതിയുടെ കാര്യത്തിൽ ലോകത്തു മുൻനിരയിലാണ് മെക്സിക്കോ. ലഹരിമരുന്നു മാഫിയയുടെ അഴിഞ്ഞാട്ടം, സംഘടിതമായ കുറ്റകൃത്യങ്ങൾ, രാഷ്ട്രീയക്കാരും മാഫിയകളുമായുള്ള അവിഹിത ബന്ധം തുടങ്ങിയ രംഗങ്ങളിലും സ്ഥിതി അതീവ ഗുരുതരമാണ്. അയൽരാജ്യമായ അമേരിക്കയുമുയുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങളും മെക്സിക്കോയെ വിഷമിപ്പിക്കുന്നുണ്ട്. ഡിസംബർ ഒന്നിനു സ്ഥാനമേൽക്കുന്ന താൻ ആറു വർഷത്തിനിടയിൽ ഇൗ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുമെന്നാണ് 13 കോടിയോളം വരുന്ന ജനങ്ങൾക്ക് ആംലോ നൽകിയിരിക്കുന്ന വാഗ്ദാനം. 

ആറു വർഷമാണ് പ്രസിഡന്റിന്റെ ഉദ്യോഗ കാലാവധി. ഒരു തവണമാത്രമേ അധികാരത്തിലിരിക്കാനാവൂ. അതിനിടയിൽ ചെയ്തുതീർക്കാൻ  അതിഭീമമായ ദൗത്യമാണ് ഇൗ അറുപത്തിനാലുകാരൻ ഏറ്റെടുത്തിരിക്കുന്നത്. 

ലാറ്റിൻ അമേരിക്കയിൽ സാമാന്യം ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയുളള രാജ്യമാണ് മെക്സിക്കോ. പക്ഷേ, ജനങ്ങളിൽ പകുതിയോളംപേർ ദാരിദ്യാവസ്ഥയിലാണ്. കാരണം അഴിമതിയും ഭരണകർത്താക്കളുടെ പിടിപ്പുകേടും. അഴിമതി അസാനിക്കുന്നതോടുകൂടിത്തന്നെ ഇൗ പ്രശ്നത്തിനുള്ള പരിഹാരവും സാധ്യമാകുമെന്നാണ് ആംലോയുടെ വിശ്വാസം. 

donald-trump-mexico-election-andres-lanuel-lopez-obrador

ഭരണത്തിന്റെ ആനുകൂല്യങ്ങൾ ആവുന്നത്ര ജനങ്ങളിൽ എത്തിക്കാനായി ഭരണച്ചെലവ് പരമാവധി വെട്ടിച്ചുരുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുവേണ്ടി സ്വയം മാതൃകകാട്ടും. സ്വന്തം ശമ്പളം പകുതിയായി 

കുറക്കും, പ്രസിഡന്റിന്റെ യാത്രയ്ക്കുവേണ്ടി ഉപയോഗിക്കുന്ന വിമാനങ്ങൾ വിൽക്കും,  പ്രസിഡന്റ് താമസിക്കുന്ന നൂറ്റാണ്ടു പഴക്കമുള്ള കൊട്ടാരം പൊതുജനങ്ങൾക്കു   പ്രവേശനമുളള പാർക്കാക്കിമാറ്റും, താൻ താമസിക്കുന്നത് ഒരു സാധാരണ വീട്ടിലായിരിക്കും-ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ അസാധാരണമായ മറ്റു പ്രഖ്യാപനങ്ങൾ.  

തന്റെ മാത്രമല്ല, ഉയർന്ന  ഉദ്യോഗത്തിലുളള എല്ലാവരുടെയും ശമ്പളം കുറക്കുമെന്നും കുറഞ്ഞ ശമ്പളമുള്ളവരുടെ ശമ്പളം കൂട്ടുമെന്നും ആംലോ വ്യക്തമാക്കിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥർ യാത്രയ്ക്കുവേണ്ടി വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നത് അവസാനിപ്പിക്കും. ഇല്ലായ്മകൾകൊണ്ടു  ജനം പൊറുതിമുട്ടുമ്പോൾ ഗവൺമെന്റ് പണം ധൂർത്തടിക്കുന്നത് ഇനി നടപ്പില്ല. 

തനിക്ക് അംഗരക്ഷകർ ഉണ്ടാവില്ലെന്നും ജനങ്ങളുടെ കാവൽതന്നെ മതിയെന്നും ആംലോ പറയുന്നു. പ്രസിഡന്റ് തെറ്റു ചെയ്താൽ അധികാരത്തിലിരിക്കുമ്പോൾതന്നെ അദ്ദേഹത്തെ വിചാരണ ചെയ്യാനായി ഭരണഘടന ഭേദഗതി ചെയ്യണമെന്നു പാർലമെന്റിനോടു  ആവശ്യപ്പെടാനും  അദ്ദേഹം ഉദ്ദേശിക്കുന്നു. 

പ്രസിഡന്റിന്റെ വിമാനം വിൽക്കുന്ന കാര്യം പറഞ്ഞപ്പോൾ ഒരു മാധ്യമ പ്രവർത്തകൻ സംശയം പ്രകടിപ്പിക്കുകയുണ്ടായി. ഒരു സാധാരണ വിമാനത്തിൽ യുഎൻ സമ്മേളനത്തിനു പുറപ്പെടുകയും വിമാനം വൈകുകയും ചെയ്താൽ എന്തു സംഭവിക്കുമെന്നായിരുന്നു ചോദ്യം. ആംലോയുടെ മറുപടി ഇങ്ങനെയായിരുന്നു : വൈകിയെത്തും. 

ഇതെല്ലാം വെറും പാഴ്വാക്കുകളായി ആരും തള്ളിക്കളയുന്നില്ല. കാരണം, വ്യക്തിജീവിതത്തിൽ എളിമയും ലാളിത്യവും കാത്തുസൂക്ഷിക്കുന്ന ഒരു സത്യസന്ധനായിട്ടാണ് ദീർഘകാലമായി ആൽമോ അറിയപ്പെടുന്നത്. തലസ്ഥാന നഗരമായ മെക്സിക്കോ സിറ്റിയുടെ മേയറായി അദ്ദേഹം സേവനംചെയ്ത കാലം (2000-2005) ജനങ്ങൾ ആദരവോടെ ഒാർക്കുന്നു. 

അമേരിക്കയുടെ തെക്കു ഭാഗത്തു കിടക്കുന്നതും അമേരിക്കയുടെ ഏതാണ്ട്  അഞ്ചിലൊന്നു വലുപ്പമുള്ളതുമായ  ഇൗ രാജ്യത്തിനു മറ്റു പല ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെയും പോലെ സംഭവബഹുലമായ ചരിത്രമാണുള്ളത്. മുൻപ് സ്പെയിനിന്റെ അധീനത്തിലായിരുന്നു. 

സ്വതന്ത്രമായ ശേഷം രാജാധിപത്യത്തിലാവുകയും പിന്നീടു റിപ്പബ്ളിക്കായി പ്രഖ്യാപിക്കപ്പെടുകയുംചെയ്തു. അമേരിക്കയുമായി ഏറ്റുമുട്ടിയതിന്റെ ഫലമായി വടക്കൻ അതിർത്തിയിലെ ചില പ്രദേശങ്ങൾ അമേരിക്കയ്ക്കു വിട്ടുകൊടുക്കേണ്ടിവന്നു. 

തുടർച്ചയായി 71  വർഷം ഇൻസ്റ്റിറ്റ്യൂഷനൽ റവലൂഷണറി പാർട്ടി (പിആർഎെ) എന്ന മധ്യനില കക്ഷിയുടെ ഭരണമായിരുന്നു.  2000-ൽ അതവസാനിപ്പിച്ച  നാഷനൽ ആക്ഷൻ പാർട്ടി (പിഎഎൻ) എന്ന യാഥാസ്ഥിതിക കക്ഷിയുടെ 12 വർഷത്തെ ഭരണത്തിനുശേഷം പിആർഎെ 2012ൽ അധികാരം തിരിച്ചുപിടിച്ചു. അവരുടെ നേതാവായ എൻറിക് പെന നിയതോയുടെ ഭരണം പിടിപ്പുകേടിന്റെ പര്യായമായിത്തീർന്നു.  നാഷനൽ റീജനറേഷൻ മൂവ്മെന്റ് (മോറിനോ) നേതാവായ ആംലോ ഭരണം ഏറ്റെടുക്കാൻപോകുന്നത് അദ്ദേഹത്തിന്റെ കൈകളിൽനിന്നാണ്. ഒരു മൂന്നാം കക്ഷി അധികാരത്തിലെത്തുന്നതു മുക്കാൽ നൂറ്റാണ്ടിനിടയിൽ ഇതാദ്യം.

ലഹരിമരുന്നു മാഫിയകളുമായി പത്തുവർഷം മുൻപുതന്നെ യുദ്ധമാരംഭിച്ചിരുന്നുവെങ്കിലും അതെവിടെയും എത്തിയില്ല. ഇൗ യുദ്ധത്തിൽ രണ്ടു ലക്ഷത്തിലേറെ പേർ കൊല്ലപ്പെട്ടതു ചരിത്രം. കാൽ ലക്ഷമാളുകളെ കാണാതായി. ലഹരിമരുന്നു മാഫിയയുമായി ബന്ധമുള്ളതും അല്ലാത്തതുമായ സംഘടിതമായ അക്രമങ്ങളും കുറ്റകൃത്യങ്ങളും മെക്സിക്കോയ്ക്കു കുപ്രസിദ്ധി നേടിക്കൊടുത്തു.  

പലവിധത്തിലുമുള്ള അക്രമങ്ങളിലായി 2017 ൽ കൊല്ലപ്പെട്ടതു 29,000 പേരായിരുന്നു. ഇൗ വർഷം ആദ്യത്തെ അഞ്ചു വർഷത്തിൽ മരണ സംഖ്യ കഴിഞ്ഞ വർഷം ഇതേ കാലയളവിലുണ്ടതിനേക്കാൾ 15 ശതമാനം വർധിച്ചുവെന്നാണ് കണക്ക്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ അക്രമങ്ങളിൽ മാത്രം കൊല്ലപ്പെട്ടതു സ്ഥാനാർഥികൾ ഉൾപ്പെടെ 130 പേർ. ഇതിലെല്ലാമുള്ള ജനങ്ങളുടെ കടുത്ത അസംതൃപ്തിയും അമർഷവും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രകടമാവുകയും ചെയ്തു.  

പിആർഎെ, പിഎഎൻ എന്നീ കക്ഷികളുടേത്  ഉൾപ്പെടെ നാലു സ്ഥാനാർഥികൾ മൽസരിച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ  53 ശതമാനം വോട്ടുകളാണ് ആംലോ  നേടിയത്. ഇതൊരു റെക്കോഡാണ്.  അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത എതിരാളിക്കു കിട്ടിയത് അതിന്റെ പകുതിയിൽ താഴെ വോട്ടുകൾ. ആംലോ ജയിക്കുമെന്ന കാര്യത്തിൽ അധികമാർക്കും സംശയമുണ്ടായിരുന്നില്ലെങ്കിലും ഇത്രയും വലിയ വിജയം പലരെയും അമ്പരപ്പിക്കുകയാണ് ചെയ്തത്.    

പാർലമെന്റിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നേടിയതും ആംലോയുടെ പാർട്ടിയായ മോറിനോ തന്നെ. ഒൻപതു ഗവർണർമാരുടെ സ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ അഞ്ചു സ്ഥാനങ്ങളും അവർക്കു കിട്ടി. മെക്സിക്കോ സിറ്റി ഉൾപ്പെടെ 1400 നഗരങ്ങളിലെ മേയർമാരായും മോറിനോ സ്ഥാനാർഥികൾ തിരഞ്ഞെടുക്കപ്പെട്ടു. 

ഇതിനുമുൻപ് 2006ലും 2012ലും പ്രസിഡന്റാകാൻ ആംലോ മൽസരിച്ചിരുന്നുവെങ്കിലും നേരിയ വ്യത്യാസത്തിനു പരാജയപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പിൽ അന്നത്തെ ഭരണകൂടങ്ങൾ കൃത്രിമം കാട്ടിയെന്നായിരുന്നു ആംലോയുടെ ആരോപണം. 2016ൽ  അതിനെതിരെ അദ്ദേഹം പ്രക്ഷോഭം സംഘടിപ്പിക്കുകയുമുണ്ടായി.  

പുതിയ പാർട്ടിയായ മോറിനോയ്ക്ക് ആംലോ  രൂപം നൽകിയിട്ട് അഞ്ചു വർഷമാകുന്നതേയുള്ളൂ. ഏറ്റവുമധികംകാലം രാജ്യം ഭരിച്ച പിആർഎെയിലൂടെയായിരുന്നു 1970കളിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ രംഗപ്രവേശം. പിന്നീടു പിആർഎെ വിട്ടു ഇടതുപക്ഷ ഡമോക്രാറ്റിക് റവലൂഷൻ പാർട്ടിയിൽ (പിആർഡി) ചേർന്നു. പുതിയ പാർട്ടിയായ മോറിനോയും ഇടതുപക്ഷകക്ഷിയായിട്ടാണ് അറിയപ്പെടുന്നത്. 

ആംലോ ഒരു തീവ്രവലതുപക്ഷക്കാരനും അപകടകാരിയാണെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാൽ വലതുപക്ഷക്കാരുമായി അദ്ദേഹത്തിനു തൊട്ടുകൂടായ്മയൊന്നുമില്ല. അത്തരം ചില കക്ഷികളുമായിപ്പോലും കൂട്ടുകൂടാനും തയാർ.  ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള തന്റെ ദൗത്യത്തിൽ പങ്കാളികളാകാൻ വൻകിട ബിസിനസ് സ്ഥാപനങ്ങളെയും ആംലോ ക്ഷണിച്ചിട്ടുണ്ട്്. 

Mexico border wall

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ആംലോയുടെ ബന്ധം എങ്ങനെയായിരിക്കും ? പലരും ജിജ്ഞാസയോടെ കാത്തിരിക്കുന്നത് അതറിയാനാണ്. ഒന്നര വർഷംമുൻപ് ട്രംപ് അധികാരമേറ്റെടുത്തതുമുതൽ യുഎസ്-മെക്സിക്കോ ബന്ധം സുഗമമല്ല. ട്രംപ് രംഗപ്രവേശനം ചെയ്തതുതന്നെ മെക്സിക്കോയിൽനിന്നുള്ള നിയമവിരുദ്ധകുടിയേറ്റത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിക്കൊണ്ടായിരുന്നു. 

മെക്സിക്കൻ അതിർത്തിയിൽനിന്ന് അമേരിക്കയിലേക്കു നുഴഞ്ഞുകയറുന്നതു മെക്സിക്കന്മാർ മാത്രമല്ല, തൊട്ടുതെക്കുഭാഗത്തുള്ള ഗ്വാട്ടിമാല, ഹോൻഡുറാസ്, എൽസാൽവദോർ തുടങ്ങിയ മധ്യഅമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ളവരുമുണ്ട്. അവർ വരുന്നതു തടയാൻ അതിർത്തിയിൽ മതിൽകെട്ടുമെന്നും അതിന്റെ ചെലവ് മെക്സിക്കോയിൽനിന്നു വസൂലാക്കുമെന്നും ട്രംപ് പറയുകയുണ്ടായി. നുഴഞ്ഞുകയറിയതിനെതുടർന്ന് അറസ്റ്റിലായവരുടെ കൂടെയുണ്ടായിരുന്ന രണ്ടായിരത്തിൽപ്പരം കുട്ടികളെ കഴിഞ്ഞ മാസം മാതാപിതാക്കളിൽനിന്നു വേർപെടുത്തി തടങ്കൽ ക്യാംപുകളിൽ താമസിപ്പിച്ചതും ട്രംപിന്റെ തീരുമാനമനുസരിച്ചായിരുന്നു.   

US - Mexico Immigration

മറ്റൊരു അയൽരാജ്യമായ കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവയോടൊപ്പം മെക്സിക്കോയ്ക്കും എതിരെ ട്രംപ് വ്യാപാരയുദ്ധം തുടങ്ങിയിട്ടുണ്ട്.  ആ രാജ്യങ്ങളിൽനിന്നുള്ള ഉരുക്ക്, അലൂമിനിയം ഇറക്കുമതിയുടെ മേൽ യഥാക്രമം ഇരുപത്തഞ്ചും പത്തും ശതമാനം ചുങ്കം ചുമത്തി.  1994ൽ മെക്സിക്കോയുമായും കാനഡയുമായും ഉണ്ടാക്കിയ വ്യാപാര കരാർ (നാഫ്റ്റ) അമേരിക്കയ്ക്കു ദോഷകരമായതിനാൽ പൊളിച്ചെഴുതണമെന്നും ട്രംപ് ആവശ്യപ്പെടുന്നുണ്ട്. 

തന്റെ മുൻഗാമിയായ പ്രസിഡന്റ് എൻറിക്ക് പെന നിയത്തോയെ അപേക്ഷിച്ച് കടുത്ത ഭാഷയിലാണ് ട്രംപിനെ ആംലോ വിമർശിച്ചുകൊണ്ടിരുന്നത്. അദ്ദേഹം ഇതിനകം എഴുതിയ അര ഡസനോളം പുസ്തകങ്ങളിൽ ഒരെണ്ണം  ട്രംപിന്റെ നയങ്ങളെ അപലപിച്ചുകൊണ്ടുള്ളതുമാണ്. എങ്കിലും പുതിയ മെക്സിക്കോ പ്രസിഡന്റിന് ആദ്യംതന്നെ അനുമോദന സന്ദേശങ്ങൾ അയച്ച ലോകനേതാക്കളുടെ കൂട്ടത്തിൽ ട്രംപും ഉൾപ്പെടുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.