Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവാസ് ഷരീഫിന്റെ മറ്റൊരു ദുഃഖ വെള്ളിയാഴ്ച

വിദേശരംഗം  / കെ. ഉബൈദുള്ള
KAZAKHSTAN-INDIA-SCO-POLITICS-DIPLOMACY പൊതുതിരഞ്ഞെടുപ്പിനു രണ്ടാഴ്ച മാത്രം ബാക്കിയുളളപ്പോൾ അത്യന്തം നാടകീയമായ മുഹൂർത്തങ്ങളാണ് പാക്കിസ്ഥാനെ കാത്തിരിക്കുന്നത്...

പാക്കിസ്ഥാനിലെ നവാസ് ഷരീഫിന് ഒറ്റ വർഷത്തിനിടയിൽ നേരിടേണ്ടിവന്നതു നാലു കോടതി വിധികൾ.  ആദ്യം തന്നെ പ്രധാനമന്ത്രിപദവിയും പാർലമെന്റ് അംഗത്വവും നഷ്ടപ്പെട്ട അദ്ദേഹം പിന്നീടു സ്വന്തം പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തുനിന്നും പുറത്തായി. ഇനിയൊരിക്കലും പൊതുപദവികൾ വഹിക്കാനാവില്ലെന്ന സ്ഥിതിയും വന്നു. ഏറ്റവുമൊടുവിൽ അഴിമതിക്കേസിൽ പത്തു വർഷം കഠിന തടവിനു ശിക്ഷിക്കപ്പെടുകയും ചെയ്തു. 

അഴിമതിവിരുദ്ധ വിഭാഗമായ നാഷനൽ എക്കൗണ്ടബിലിറ്റി ബ്യൂറോയുടെ (എൻഎബി) കോടതി ഇക്കഴിഞ്ഞ വെളളിയാഴ്ച (ജൂലൈ ആറ്) ഷരീഫിനെ ശിക്ഷിക്കുമ്പോൾ അദ്ദേഹം ലണ്ടനിലെ ഒരു ആശുപത്രിയിൽ മരണത്തോടു മല്ലടിക്കുന്ന ഭാര്യ കുൽസൂമിന്റെ അടുത്തായിരുന്നു. ഒപ്പമുണ്ടായിരുന്ന മകൾ മറിയമും ഇതേ കേസിൽ ശിക്ഷിക്കപ്പെട്ടു-ഏഴു വർഷം കഠിനതടവ്്. 

മറിയമിന്റെ ഭർത്താവ് റിട്ട. ക്യാപ്റ്റൻ മുഹമ്മദ് സഫ്ദറിനെ ഒരു വർഷം തടവിനും ശിക്ഷിച്ചു. ഷരീഫിന്റെ പുത്രന്മാരായ ഹസൻ, ഹുസൈൻ എന്നിവർ കേസിന്റെ വിചാരണയിൽ ഹാജരാകാതിരുന്നതിന് അവർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുമുണ്ട്. വിധി പറയുമ്പോൾ സഫ്ദറും ഹാജരുണ്ടായിരുന്നില്ല. രണ്ടു ദിവസത്തിനുശേഷമാണ് റാവൽപിണ്ടിയിൽ അദ്ദേഹം പൊലീസിനു കീഴടങ്ങിയത്. ചുരുക്കത്തിൽ ഷരീഫിന്റെ കുടുംബം പൊതുവിൽതന്നെ നിയമത്തിന്റെ കുരുക്കിലായി.  

Nawaz Sharif-Kalsoom Nawaz.jpg

പുതിയ പൊതു തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോളാണിത്.  മൂന്നു തവണ പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായി ചരിത്രം സൃഷ്ടിച്ച ഷരീഫ് നാലാം തവണയും ആ പദവിയിലെത്താൻ കച്ച കെട്ടുമ്പോഴായിരുന്നു കഴിഞ്ഞ വർഷം ജൂലൈ 28നു അദ്ദേഹത്തെ പുറത്താക്കിക്കൊണ്ടുളള സുപ്രീം കോടതിവിധി. അതുമൊരു വെള്ളിയാഴ്ചയായിരുന്നു. ആ വിധിമൂലം ഷരീഫിനു കൽപ്പിക്കപ്പെട്ടത് ആജീവനാന്ത അയോഗ്യതയാണെന്നു  സുപ്രീംകോടതി വിശദീകരിച്ച ദിവസവും (ഇൗ വർഷം ഏപ്രിൽ 13) വെളളിയാഴ്ചതന്നെ. 

ഷരീഫ് വീണ്ടും അധികാരത്തിലെത്താനുള്ള വഴി അതോടെ അടഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ പാക്കിസ്ഥാൻ മുസ്്്ലിം ലീഗിനെ (എൻ) ആരും എഴുതിത്തള്ളിയിരുന്നില്ല.  ഇൗ മാസം 25നു നടക്കുന്ന തിരഞ്ഞെടുപ്പിൽ സഹോദരൻ ഷഹബാസിന്റ നേതൃത്വത്തിൽ  അവർ  നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും വിജയിക്കുമെന്നായിരുന്നു പ്രവചനങ്ങൾ. എന്നാൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയോടെ അതും സംശയത്തിലായി.  

അതേസമയം, ശിക്ഷയെ നേരിടാനും ഹൈക്കോടതിയിൽ അപ്പീൽ നൽകാനുമായി ഷരീഫും മറിയമും നാട്ടിൽ തിരിച്ചെത്തുമ്പോൾ എന്തു സംഭവിക്കുമെന്നതും ഒരു വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ഷരീഫിന്റെ ഭരണകാലത്തു 1999ൽ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബേനസീർ ഭൂട്ടോ  അഴിമതിക്കസിൽ ശിക്ഷിക്കപ്പെട്ടത് ഇപ്പോൾ പലരും ഒാർമിക്കുന്നുണ്ടാവും. ബേനസീർ അപ്പോൾ വിദേശത്തായിരുന്നു. അസ്റ്റ് ഭയന്നു വർഷങ്ങളോളം അവർ നാട്ടിൽ കാൽകുത്തുകയുണ്ടായില്ല. 

എന്നാൽ, തങ്ങൾ തിരിച്ചെത്തുകതന്നെ ചെയ്യുമെന്നാണ് ഷരീഫും മറിയമും അറിയിച്ചിട്ടുള്ളത്. അധികപക്ഷവും ഇൗ വെള്ളിയാഴ്ചതന്നെ എത്തുമെന്നും  സൂചനകളുണ്ട്. അപ്പീൽ നൽകണമെങ്കിൽ അതല്ലാതെ അവർക്കു പോംവഴിയുമില്ല. വിധിക്കുശേഷം പത്തു ദിവസത്തിനകം അപ്പീൽ നൽകണം. അപ്പീലിനുളള പഴുതുകൾ എൻഎബി കോടതി വിധിയിൽ വേണ്ടത്രയുണ്ടെന്നും  നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നു.  

ലണ്ടനിലെ ഒരു പ്രധാന സ്ഥലമായ മേയ്ഫെയറിലെ പാർക്ക് ലെയ്നിൽ ഷരീഫും മക്കളും കൂടി 1993നും 1996നും ഇടയിൽ വാങ്ങിയത് എവൻഫീൽഡ് കെട്ടിടത്തിൽ ഒരേനിലയിലുള്ള നാല് ആഡംബര    ഫ്ളാറ്റുകളാണ്. ഇടയിലുള്ള ഭിത്തികൾ പൊളിച്ച്് അവ ഒറ്റ വീടുപോലെയാക്കി. ലണ്ടനിൽ ഇപ്പോഴും അവിടെയാണ് അവരുടെ താമസം. 

PAKISTAN-CHINA-NUCLEAR-ENERGY

ഇൗ ഫ്ളാറ്റുകൾ കണക്കിൽപ്പെടാത്ത പണം ഉപയോഗിച്ചു വാങ്ങിയതാണെന്ന കേസിലാണ് എൻഎബി കോടതി ജഡ്ജി മുഹമ്മദ് ബഷീറിന്റെ വിധി. അവ കണ്ടുകെട്ടാനും അദ്ദേഹം ഉത്തരവിട്ടു. ഷരീഫിനും മറിയമിനും യഥാക്രമം 80 ലക്ഷവും 20 ലക്ഷവും ബ്രിട്ടീഷ് പൗണ്ട് പിഴയിടുകയും ചെയ്തു. 

തടവുശിക്ഷ കഴിയുന്ന തീയതിമുതൽ പത്തു വർഷത്തേക്കു ഷരീഫിനും മകൾക്കും തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാനാവില്ലെന്നും കോടതി വിധിച്ചു. ഷരീഫിനു നേരത്തെതന്നെ സുപ്രീം കോടതി ആജീവനാന്ത വിലക്കു കൽപ്പിച്ചതിനാൽ ഇത് അദ്ദേഹത്തെ ബാധിക്കുന്നില്ല. എന്നാൽ, ഷരീഫിന്റെ പിൻഗാമിയാകുമെന്നു കരുതപ്പെട്ടിരുന്ന മറിയമിനെ ഇതു നീണ്ട 17 വർഷത്തേക്കു രാഷ്ട്രീയത്തിന്റെ പുറമ്പോക്കിലാക്കുന്നു. 

കുറ്റകൃത്യത്തിൽ പിതാവിനെ സഹായിച്ചുവെന്നതിനാണ് മറിയമിനു ഏഴു വർഷം തടവ്. അവരുടെ ഭർത്താവ് സഫ്ദറിനുള്ള ഒരു വർഷം തടവ് ഭാര്യയെ വ്യാജരേഖ തയാറാക്കാൻ സഹായിച്ചുവെന്നതിനും. വിചാരണയിൽ സഹകരിച്ചില്ലെന്നതിനു ഷരീഫിനും വ്യാജരേഖ ചമച്ചുവെന്നതിനു മറിയമിനും ഒരു വർഷം കൂടി തടവുശിക്ഷ വിധിച്ചുവെങ്കിലും ഇതു മറ്റു ശിക്ഷയോടൊപ്പം അനുഭവിച്ചാൽമതി. 

കാൻസർ ചികിൽസയിലായിരുന്ന ഭാര്യ കുൽസൂം ലണ്ടനിലെ ആശുപത്രിയിൽ അബോധാവസ്ഥയിൽ കിടക്കുകയാണെന്നും എൻഎബി കോടതി വിധിപറയുമ്പോൾ തനിക്കും മകൾക്കും ഹാജരാകാനാവില്ലെന്നും ഷരീഫ് അറിയിച്ചിരുന്നു. എന്നാൽ, വിധി പ്രഖ്യാപനം നീട്ടിവയ്ക്കാൻ ജഡ്ജി തയാറായില്ല. അവരുടെ അസാന്നിധ്യത്തിൽതന്നെ വിധി പറയാൻ ഉറച്ച അദ്ദേഹത്തിനു വെളിളിയാഴ്ച ഒൻപതുമണി മുതൽ വൈകീട്ട് 4.20 വരെ അഞ്ചുതവണ അതു മാറ്റിവയ്ക്കേണ്ടിവന്നു. 174 പേജുളള വിധിന്യായത്തിന്റെ പകർപ്പെടുക്കുമ്പോൾ കോപ്പിയിംങ് യന്ത്രത്തിനു കേടു പറ്റിയതാണത്രേ കാരണം. 

nawaz sharif

പാനമാ പേപ്പേഴ്സ് എന്ന പേരിൽ അറിയപ്പെടുന്ന രഹസ്യരേഖകൾ 2016ൽ പുറത്തു വന്നിരുന്നില്ലെങ്കിൽ ഒരുപക്ഷേ ഇൗ കേസോ ഷരീഫിനെ കുടുക്കിയ മറ്റു കേസുകളോ ഉണ്ടാകുമായിരുന്നില്ല. മധ്യ അമേരിക്കൻ രാജ്യമായ പാനമ ആസ്ഥാനമായി പ്രവർത്തിക്കുന്ന  ഒരു നിയമോപദേശ സ്ഥാപനത്തന്റെ പക്കലുണ്ടായിരുന്ന ഒരു കോടി 15 ലക്ഷം രഹസ്യരേഖകളാണ് ചോർന്നുപോവുകയും മാധ്യമങ്ങളിലൂടെ പരസ്യമാവുകയും ചെയ്തത്.   

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പലരും ഒാഫ് ഷോർ കമ്പനികളെ ഉപയോഗിച്ച് ലണ്ടനിലും മറ്റും വിലപിടിപ്പുളള സ്വത്തുക്കൾ സമ്പാദിച്ചതു സംബന്ധിച്ച വിവരങ്ങളായിരുന്നു  ഇൗ രേഖകളിൾ. ഷരീഫിന്റെ മൂന്നു മക്കൾ ഉൾപ്പെടെ പാക്കിസ്ഥാനിലെ 220 പേരും അക്കൂട്ടത്തിലുണ്ടായിരുന്നു. ലണ്ടനിൽ  ഷരീഫ് കുടുംബം ഫ്ളാറ്റുകൾ വാങ്ങിയത് അവിഹിത മാർഗങ്ങളിലൂടെ സമ്പാദിച്ച പണം കൊണ്ടാണെന്നായിരുന്നു  പനാമ രേഖകളിലെ സൂചനകൾ. 

ഷരീഫിനെ അടിക്കാൻ തക്കം പാർത്തിരുന്ന പ്രതിപക്ഷനേതാവ് ഇമ്രാൻ ഖാന് ഇതൊരു നല്ല ആയുധമായി. ഷരീഫിനും മക്കൾക്കുമെതിരെ അഴിമതിക്കുറ്റത്തിനു കേസെടുക്കണമെന്നും ഷരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു പുറത്താക്കണമെന്നുമുള്ള ആവശ്യവുമായി അദ്ദേഹം മറ്റുചില പ്രതിപക്ഷ നേതാക്കളോടൊപ്പം സുപ്രീം കോടതിയെ സമീപിച്ചു. 

ഷരീഫിനെ പുറത്താക്കാൻ വിസമ്മതിച്ച കോടതി പക്ഷേ വിശദമായ അന്വേഷണം നടത്താൻ ഒരു ആറംഗ സമിതിയെ നിയോഗിച്ചു. ഷരീഫ് കുടുംബത്തിനെതിരായിരുന്നു സമിതിയരുടെ റിപ്പോർട്ട്്. എന്നാൽ, ഷരീഫിന്റെ 37 വർഷത്തെ രാഷ്ടീയ ജീവിതത്തിനുതന്നെ തിരശ്ശീല വീഴ്ത്താൻ കാരണമായത്  ഇൗ അന്വേഷണത്തിൽ കണ്ടെത്തിയ മറ്റൊരു കാര്യമാണ്.  

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ (2013) മൽസരിക്കാൻ നൽകിയ നാമനിർദേശ പത്രികയിൽ ഒരു പ്രധാനകാര്യം ഷരീഫ് ഉൾപ്പെടുത്തിയിരുന്നില്ല.  വിദേശത്തു മകൻ ഹസന്റെ ഉടമസ്ഥതയിലുള്ള  കമ്പനിയിൽ അദ്ദേഹം ചെയർമാനായിരുന്നു. അതിനു വേതനം നിശ്ചയിക്കപ്പെടുകയുമുണ്ടായി. അദ്ദേഹം അതു മനഃപുർവം  മറച്ചുപിടിച്ചുവെന്നായിരുന്നു ആരോപണം. വേതനം കൈപ്പറ്റിയിരുന്നില്ലെന്നും അതുകൊണ്ടാണ് പത്രികയിൽ കാണിക്കാതിരുന്നതെന്നും ഷരീഫ് വിശദീകരിച്ചുവെങ്കിലും ഫലമുണ്ടായില്ല. 

പാർലമെന്റ് അംഗത്വംപോലുള്ള പൊതുപദവികൾ വഹിക്കുന്നവർ സാദിഖും അമീനും (സത്യസന്ധരും ധാർമികബോധമുള്ളവരും) ആയിരിക്കണമെന്നു ഭരണഘടനയിലെ 62 (1) (എഫ്) ആർട്ടിക്കിളിൽ പറയുന്നുണ്ട്. സത്യം മറച്ചുപിടിച്ച  ഷരീഫ് ഇൗ വ്യവസ്ഥ ലംഘിച്ചുവെന്നും അതിനാൽ അദ്ദേഹം പൊതുപദവി വഹിക്കാൻ അർഹനല്ലെന്നുമായിരുന്നു  കഴിഞ്ഞ വർഷം ജൂലൈ 28ലെ സുപ്രീം കോടതി വിധി. ഇക്കഴിഞ്ഞ വെളളിയാഴ്ചയിലെ എൻഎബി കോടതിവിധിയോടെ അദ്ദേഹത്തിന്റെ എതിരാളികളുടെ ആഹ്ളാദം കരകവിഞ്ഞൊഴുകുകയാണ്. 

എന്നാൽ, ഷരീഫ് ഇനിയും മുട്ടുമടക്കാൻ  ഒരുക്കമില്ലെന്നാണ്  അദ്ദേഹത്തിന്റെയും മകൾ മറിയമിന്റെയും രൂക്ഷമായ ഭാഷയിലുള്ള പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഷരീഫ് നാലാം തവണയും പ്രധാനമന്ത്രിയാകുന്നതു തടയാനായി രാഷ്ട്രീയ പ്രതിയോഗികൾ ജുഡീഷ്യറിയുടെയും പട്ടാളത്തിന്റെയും ഒത്താശയോടെ നടത്തുന്ന ഗൂഡാലോചനയാണ് ഇൗ കേസുകളുടെയെല്ലാം പിന്നിലെന്ന്  അവർ കുറ്റപ്പെടുത്തുന്നു. പാക്കിസ്ഥാൻ തെഹ് രീഖെ ഇൻസാഫ് നേതാവായ മുൻ ക്രിക്കറ്റ് താരം ഇമ്രാൻ ഖാനെ  അധികാരത്തിലേറ്റാനാണ് ഇതെന്നും അവർ ആരോപിക്കുന്നു. 

Nawaz Sharif

നിയമം നടപ്പാക്കുന്ന കാര്യത്തിൽ ജുഡിഷ്യറി തങ്ങൾക്കെതിരെ വിവേചനം കാട്ടുകയാണെന്ന പരാതിയും അവർക്കുണ്ട്. രാജ്യദ്രോഹക്കേസിൽ പ്രതിയായ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫിന്റെ വിചാരണ തുടരാൻ വൈകുന്നതെന്ത് ? അക്കാര്യത്തിൽ സുപ്രീം കോടതി നിശ്ശബ്ദത പാലിക്കുന്നതെന്തുകൊണ്ട് ? ഇങ്ങനെയുള്ള ചോദ്യങ്ങളും അവർ ഉന്നയിക്കുന്നു. ചികിൽസയ്ക്കെന്നു പറഞ്ഞു കഴിഞ്ഞ വർഷം വിദേശത്തേക്കു പോയ മുഷറഫ് ഇനിയും തിരിച്ചുവന്നിട്ടില്ല. 

നവാസ് ഷരീഫിനു പകരം അദ്ദേഹത്തിന്റെ സഹോദരൻ  ഷഹബാസ് ഷരീഫാണ് അവരുടെ പാർട്ടിയെ ഇപ്പോൾ നയിക്കുന്നത്. പല തവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ഷഹബാസിന് ഒരു നല്ല ഭരണാധികാരിയെന്ന പ്രശസ്തിയുണ്ടെങ്കിലും പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുന്നതിൽ അദ്ദേഹത്തിനു പ്രയാസം അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

പ്രധാനമന്ത്രിയാകാനുള്ള ഇമ്രാൻ ഖാന്റെ ദീർഘകാല സ്വപ്നത്തിന് ഇതു പുതിയ ചിറകുകൾ നൽകുന്നതു സ്വാഭാവികം. എന്നാൽ, ജയിലിനെ ഭയക്കാതെ ഷരീഫും മറിയമും നാട്ടിൽ തിരിച്ചെത്തുകയും അവർക്കനുകുലമായി സഹതാപതരംഗം ഉണ്ടാവുകയും ചെയ്യുകയാണെങ്കിൽ സ്ഥിതിഗതികൾ പിന്നെയും മാറാനുള്ള സാധ്യതയമുണ്ട്. പൊതുതിരഞ്ഞെടുപ്പിനു രണ്ടാഴ്ച മാത്രം ബാക്കിയുളളപ്പോൾ അത്യന്തം നാടകീയമായ മുഹൂർത്തങ്ങളാണ് പാക്കിസ്ഥാനെ കാത്തിരിക്കുന്നത്.