ബ്രെക്സിറ്റ് കോളിളക്കത്തിൽ ബ്രിട്ടൻ

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സ്വാഗതം ചെയ്യാൻ ബ്രിട്ടൻ ഒരുങ്ങിക്കൊണ്ടിരുന്ന വേളയിലാണ് പ്രശ്നം കോളിളക്കത്തിന്റെ രൂപം കൈക്കൊണ്ടത്്.

ബ്രിട്ടനിൽ രണ്ടു സീനിയർ മന്ത്രിമാരും ഏതാനും ജൂനിയർ മന്ത്രിമാരും രാജിവച്ചു. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ രണ്ട് വൈസ് ചെയർപേഴ്സൻമാരും സ്ഥാനമൊഴിഞ്ഞു. കാരണം, പ്രധാനമന്ത്രി തെരേസ മേയുമായുളള അഭിപ്രായ വ്യത്യാസം. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ഭാവി തന്നെ സംശയത്തിലായി. ഇതിന്റെയെല്ലാം പശ്ചാത്തലം ബ്രെക്സിറ്റ്. 

യൂറോപ്യൻ യൂണിയനിൽ (ഇയു) നിന്നുള്ള ബ്രിട്ടന്റെ എക്സിറ്റ് അഥവാ  പുറത്തുപോകലിനു (ബ്രെക്സിറ്റ്) ഹിതപരിശോധനയിലൂടെ ബ്രിട്ടൻ തീരുമാനിച്ചതു രണ്ടുവർഷം മുൻപാണ്. എന്നാൽ, അതിന്റെ അനന്തരഫലങ്ങളെ എങ്ങനെ നേരിടുമെന്ന കാര്യത്തിൽ ഇപ്പോഴും രാജ്യം  ഇരുട്ടിൽതപ്പുന്നു. ഭരണകക്ഷിയിൽതന്നെ യോജിപ്പില്ല. 

അതുകാരണം ഭാവിബന്ധം സംബന്ധിച്ച് ഇയുമായി ബ്രിട്ടൻ നടത്തിവരുന്ന ചർച്ചകളും പ്രതീക്ഷിച്ചതുപോലെ മുന്നോട്ടുപോയില്ല. നടപടിക്രമങ്ങെളെല്ലാം ഇൗ വർഷം ഒക്ടോബറിനകം പൂർത്തിയാക്കുകയും ബ്രിട്ടനിലെയും ഇയുവിലെയും പാർലമെന്റുകൾ അതംഗീകരിക്കുകയും വേണം. എങ്കിൽ അടുത്ത വർഷം മാർച്ച് 29 മുതൽ ബ്രിട്ടൻ ഇയുവിൽ അംഗമല്ലാതാകും. അതിന് ഇനി ബാക്കിയുള്ളത് എട്ടുമാസം മാത്രം. ഒത്തുതീർപ്പുണ്ടാകാതെ ബ്രിട്ടൻ ഇയു വിട്ടാൽ ഇരുകൂട്ടരും തമ്മിലുള്ള ഇടപൊടുകളെല്ലാം അവതാളത്തിലാകുമെന്നു ഭയപ്പെടുന്നു. രണ്ടു വർഷമായി രാജ്യം ഭരിക്കുന്ന മേയുടെ പ്രശ്നം ഇതാണ്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സ്വാഗതം ചെയ്യാൻ ബ്രിട്ടൻ ഒരുങ്ങിക്കൊണ്ടിരുന്ന വേളയിലാണ് പ്രശ്നം കോളിളക്കത്തിന്റെ രൂപം കൈക്കൊണ്ടത്്. 

ബ്രിട്ടൻ കലങ്ങിമറിയുകയാണെന്നു ട്രംപ് തന്നെ അഭിപ്രായപ്പെടാൻ ഇതുകാരണമായി. ലണ്ടനിലേക്കുളള യാത്രാമധ്യേ ബെൽജിയത്തിലെ ബ്രസൽസിലായിരുന്നു അദ്ദേഹത്തിന്റെ ഇൗ പ്രസ്താവന. ബ്രിട്ടീഷ്  പ്രധാനമന്ത്രിയുമായി ഇടഞ്ഞു രാജിവച്ച വിദേശമന്ത്രി ബോറിസ് ജോൺസനെ അദ്ദേഹം തന്റെ സുഹൃത്തെന്നു വിശേഷിപ്പിക്കുകയും ചെയ്തു. ജോൺസൻ ഒരു നല്ല പ്രധാനമന്ത്രിയായിരിക്കുമെന്നു പറയാനും മടിച്ചില്ല.

ബ്രസൽസിൽവച്ചുതന്നെ ഒരു ബ്രിട്ടീഷ് പത്രവുമായുള്ള അഭിമുഖ്യത്തിൽ ട്രംപ് നടത്തിയ പരാമർശങ്ങളും ജോൺസനെപ്പോലുളളവരെ അനുകൂലിക്കുന്ന വിധത്തിലായിരുന്നു. ഇയുവുമായുള്ള ഭാവിബന്ധത്തെപ്പറ്റി പ്രധാനമന്ത്രി മേയ് മുന്നോട്ടുവച്ച നിർദേശങ്ങൾ ഹിതപരിശോധനയിലുണ്ടായ ജനവിധിയുമായി പൊരുത്തപ്പെടുന്നതല്ലെന്നും അദ്ദേഹം തുറന്നടിച്ചു. എങ്കിലും,  മേയുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ വ്യാഴാഴച (ജൂലൈ 12) ട്രംപിനു ലണ്ടനിൽ സ്വീകരണം നൽകാൻ ഇതൊന്നും തടസ്സമായില്ല. 

തന്റെ ഒഴിവുകാല വസതിയായ ചെക്കേഴ്സിൽ ജൂലൈ ആറിനു മന്ത്രിസഭയുടെ ഒരു പ്രത്യേക യോഗം പ്രധാനമന്ത്രി വിളിച്ചുകൂട്ടിയത് ബ്രെക്സിറ്റ് കാര്യത്തിലുള്ള പാർട്ടിയിലെ പടലപിണക്കത്തിനു  പരിഹാരം കണ്ടെത്താനായിരുന്നു. ബ്രിട്ടന്റെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കുന്ന കാര്യം ഉറപ്പുവരുത്തുകയും അതിനു പകരമായി ഇയുവിന്റെ ചില നിയമങ്ങൾക്കും നിബന്ധനങ്ങൾക്കും വഴങ്ങുകയും ചെയ്യാനുളള ഒരു രൂപരേഖ അവർ അവിടെ അവതരിപ്പിക്കുകയും ചെയ്തു. 

ഇയു അംഗമല്ലാതായതിനുശേഷവും മറ്റ് ഇയു അംഗങ്ങളുമായുള്ള വ്യാപാര ബന്ധം ബ്രിട്ടൻ തുടരും, അതിനു സഹായകമായ വിധത്തിൽ ഇയുവിന്റെ നിയമങ്ങളും നിബന്ധനകളും അനുസരിക്കും, എന്നാൽ, മറ്റു ഇയു രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം കർശനമായി നിയന്ത്രിക്കും,  യൂറോപ്യൻ നീതിന്യായകോടതിയുടെ അധികാരം അംഗീകരിക്കില്ല-ഇവയാണ് രൂപരേഖയിൽ പറയുന്ന മറ്റു ചില കാര്യങ്ങൾ. ഇയു അംഗമല്ലാത്ത നോർവെ ഇയുയുവുമായി വ്യാപാരഇടപാടുകൾ നടത്തുന്നത് ഏതാണ്ട് ഇൗ വിധത്തിലാണത്രേ. 

ചെക്കേഴ്സ് യോഗത്തിലെ 12 മണിക്കൂർ നേരത്തെ ചർച്ചകൾക്കു ശേഷം മേയുടെ രൂപരേഖ പൊതുവിൽ അംഗീകരിക്കപ്പെട്ടുവെന്നാണ് പലരും കരുതിയത്. എന്നാൽ, രണ്ടുദിവസം കഴിഞ്ഞതോടെ പ്രതിഷേധം പൊട്ടിത്തെറിച്ചു. മേയുടെ നിർദേശങ്ങൾ ബ്രെക്സിറ്റ് കാര്യത്തിലുള്ള ജനവിധിയുടെ തിരസ്ക്കാരമാണെന്നും അവ നടപ്പാക്കിയാൽ ബ്രിട്ടൻ ഇയുവിന്റെ ആശ്രിത രാജ്യമായിത്തീരുമെന്നുമാണ് വിമർശനം. 

ഭാവി ബന്ധത്തെക്കുറിച്ച് ഇയുവുമായി നടത്തുന്ന ചർച്ചകൾക്കുവേണ്ടി മേയ് പ്രത്യേകമായി നിയമിച്ചിരുന്ന മന്ത്രി ഡേവിഡ് ഡേവിസാണ് ആദ്യം രാജിവച്ചത്. പിറ്റേന്നുതന്നെ വിദേശമന്ത്രി ബോറിസ് ജോൺസനും തുടർന്നുളള ദിവസങ്ങളിൽ ഏതാനും ജൂനിയർമന്ത്രിമാരും കൺസർവേറ്റീവ് പാർട്ടിയുടെ രണ്ടു ചെയർപേഴ്സൻമാരും രാജിവച്ചു. 

ഇവരെല്ലാവരും ബ്രിട്ടൻ ഇയു വിട്ടുപോകണമെന്നു ശക്തമായി വാദിച്ചുകൊണ്ടിരുന്നവരാണ്. 2016 ജൂൺ  23ലെ ഹിതപരിശോധനയിൽ അതിനുവേണ്ടി ഏറ്റവും ഉൗർജിതമായി പ്രവർത്തിച്ചിരുന്നവരിൽ ഒരാളുമായിരുന്നു മുൻ ലണ്ടൻ മേയർകൂടിയായ ബോറിസ് ജോൺസൻ.

ഇരുപത്തെട്ടു രാജ്യങ്ങൾ അംഗങ്ങളായ ഇയു ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക കൂട്ടായ്മാണ്. അംഗരാജ്യങ്ങളിലെ ജനങ്ങൾക്കു സ്വതന്ത്രമായി ഇയുവിലെ മറ്റേതു രാജ്യത്തേക്കും പോവുകയും ജോലിയെടുക്കുകയുംചെയ്യാം. സാമ്പത്തികസ്ഥിതിയിൽ മുൻനിരയിലുള്ള രാജ്യങ്ങളിലൊന്നായ ബ്രിട്ടനിലേക്ക് അത്രയും സാമ്പത്തിക ശേഷിയില്ലാത്ത മറ്റു ഇയുരാജ്യങ്ങളിൽനിന്നു ജോലിതേടി ആളുകൾ എത്തുന്നതിന് ഇതു കാരണമായിത്തീരുന്നു. ഇയുവിലെ ചില നിയമങ്ങളും നിയന്ത്രണങ്ങളും തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന വിധത്തിലുള്ളതാണെന്ന പരാതിയും ബ്രിട്ടീഷുകാർക്കിടയിലുണ്ട്. 

ഇതെല്ലാമാണ് ബ്രെക്സിറ്റ്് വാദത്തിനു കളമൊരുക്കിയത്.  ഹിതപരിശോധനയിൽ അതിന് അനുകൂലമായി 52 ശതമാനം വോട്ടുകൾ മാത്രമേ കിട്ടിയിരുന്നുള്ളൂ. ബ്രിട്ടന്റെ നാലു മേഖലകളിൽ രണ്ടെണ്ണം (ഇംഗ്ളണ്ടും വെയിൽസും) അതിനെ പിന്തുച്ചണപ്പോൾ മറ്റു രണ്ടെണ്ണം (സ്കോട്ലൻഡും വടക്കൻ അയർലൻഡും) തള്ളിക്കളയുകയായിരുന്നു. എങ്കിലും ആ തീരുമാനം രാജ്യത്തിന്റെ മുഴുവൻ തീരുമാനമായി. ബ്രെക്സിറ്റിനെ എതിർത്തിരുന്ന മേയ്ക്ക് പ്രധാനമന്ത്രിയെന്ന നിലയിൽ അതു നടപ്പാക്കേണ്ട ചുമതല ഏൽക്കേണ്ടിവരികയും ചെയ്തു. 

ഇയുമായുള്ള ബ്രിട്ടന്റെ 43 വർഷത്തെ ബന്ധത്തിനിടയിലുണ്ടായ നൂറുകണക്കിനു ബാധ്യതകളുടെയും ആനുകൂല്യങ്ങളുടെയും മറ്് ഇടപാടുകളുടെയും  കാര്യത്തിൽ അന്യോന്യം വിശദമായി സംസാരിച്ച് ഒത്തുതീർപ്പുണ്ടാക്കേണ്ടതുണ്ട്.  ഇരുകൂട്ടർക്കും ദോഷകരമാകാത്ത വിധത്തിൽ ഭാവിയിലെ ബന്ധം കരുപ്പിടിപ്പിക്കുന്നതിനെപ്പറ്റി തീരുമാനമെടുക്കുകയും വേണം. എന്നാൽ ബ്രിട്ടീഷ് ഭരണകക്ഷിയിലെ ചേരിപ്പോരുകാരണം ഇതെല്ലാം നിശ്ചിത സമയത്തിനകം നടക്കുമോ എന്ന സംശയം വർധിക്കുകയാണ്. 

വാസ്തവത്തിൽ ഇതൊരു പുതിയ സ്ഥിതിവിശേഷമല്ല. ബ്രെക്സിറ്റ് പ്രശ്നത്തിലുളള അഭിപ്രായ ഭിന്നത 2016ലെ ഹിതപരിശോധനയ്ക്കു മുൻപുതന്നെ കൺസർവേറ്റീവ് പാർട്ടിയെ പിടിച്ചുലയ്ക്കുകയായിരുന്നു. മേയുടെ മുൻഗാമിയായിരുന്ന പ്രധാനമന്ത്രി ഡേവിഡ് കാമറൺ ബ്രെക്സിറ്റിനെ കഠിനമായി എതിർക്കുകയാണ് ചെയ്തിരുന്നത്. എങ്കിലും പാർട്ടിയിലെ പിളർപ്പ് ഒഴിവാക്കാൻ ബ്രെക്സിറ്റ് വാദികൾക്കു വഴങ്ങാനും ഹിതപരിശോധന നടത്താനും അദ്ദേഹം നിർബന്ധിതനായി. 

ഹിതപരിശോധനാഫലം ബ്രെക്സിറ്റിന്  അനുകൂലമായതോടെ അദ്ദേഹം രാജിവയ്ക്കുകയുംചെയ്തു. കാമറണിന്റെ ഗവൺമെന്റിൽ ആഭ്യന്തരമന്തിയായിരുന്ന തെരേസ മേയ് 2016 ജൂലൈയിൽ പ്രധാനമന്ത്രിയായത് അങ്ങനെയാണ്. ബ്രെക്സിറ്റ് തീരുമാനത്തിൽ മേയ് വെളളം ചേർക്കുകയാണെന്നാണ് ബോറിസ് ജോൺസനെപ്പോലുള്ള കടുത്ത ബ്രെക്സിറ്റ് അനുകൂലികളുടെ ആരോപണം. പാർട്ടിനേതൃത്വത്തിൽനിന്നു മേയെ പുറത്താക്കാൻ ഇതവരെ പ്രേരിപ്പിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജോൺസനുതന്നെ പ്രധാനമന്ത്രിക്കസേരയിൽ കണ്ണുണ്ട് താനും.

കാമറൺ 2016ൽ രാജിവച്ചപ്പോൾ പ്രധാനമന്ത്രിസ്ഥാനത്തേക്കു മൽസരിക്കാൻ ജോൺസൻ ഒരുങ്ങുകയുമുണ്ടായി. ജയസാധ്യതയില്ലെന്നു കണ്ടാണ്രേത പിൻവാങ്ങുകയായിരുന്നു.  വിദേശമന്ത്രി പദവി നൽകി മേയ് അദ്ദേഹത്തെ സന്തോഷിപ്പിച്ചു. ഡേവിസിനെ ബ്രെക്സിറ്റ് കാര്യമന്ത്രിയാക്കിയതും എതിർഗ്രൂപ്പിനെ പ്രീണിപ്പിക്കാനുള്ള മേയുടെ ശ്രമത്തിന്റെ  ഭാഗമായിരുന്നു.

തെരേസ മേയെ മറിച്ചിടാൻ എതിരാളികൾ തീരുമാനിക്കുകയാണെങ്കിൽ അതിന്റെ തുടക്കം അവർ പാർട്ടിയിൽ വിശ്വാസ വോട്ടു തേടണമെന്ന ആവശ്യത്തിന്റെ രൂപത്തിലായിരിക്കും. ഇങ്ങനെ ആവശ്യപ്പെടാൻ പാർട്ടിയിലെ മൊത്തം എംപിമാരുടെ 15 ശതമാനത്തിന്റെ (48 പേരുടെ) പിന്തുണയുണ്ടായാൽ മതി. അത്രയുംപേർ മേയുടെ എതിർ ചേരിയിലുണ്ടെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, അവിശ്വാസം രേഖപ്പെടുത്താൻ മൊത്തം അംഗങ്ങളിൽ (316) ഭൂരിപക്ഷത്തിന്റെ (159) പിന്തുണയുണ്ടായിക്കണം. മേയ് വിരുദ്ധരായ കൺസർവേറ്റീവ് പാർട്ടി എംപിമാർ അത്രയും പേരുണ്ടോയെന്നു വ്യക്തമല്ല. 

പാർലമെന്റിൽ ഭൂരിപക്ഷമില്ലെന്നതാണ് പ്രധാനമന്ത്രി അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നം. രണ്ടു വർഷം മുൻപ് മേയ് മേയ് പ്രധാനമന്ത്രി പദവി ഏറ്റെടുക്കുമ്പോൾ നേരിയ ഭൂരിപക്ഷമെങ്കിലും ഉണ്ടായിരുന്നു. ഭൂരിപക്ഷം വർധിപ്പിക്കാൻ അവർ നടത്തിയ സാഹസിക യത്്നമായിരുന്നു കഴിഞ്ഞ വർഷം ജൂണിലെ  ഇടക്കാല തിരഞ്ഞെടുപ്പ്. അതു പാളിപ്പോവുകയും കൺസർവേറ്റീവ് പാർട്ടിക്ക് ഉള്ള ഭൂരിപക്ഷംപോലും നഷ്ടപ്പെടുകയും ചെയ്തു. 

ഒരു കക്ഷിക്കും കേവലഭൂരിപക്ഷം കിട്ടാത്തതിനാൽ   പാർലമെന്റ് ത്രിശങ്കുവിലാവുകയും ചെയ്തു. വടക്കൻ അയർലൻഡിലെ പ്രാദേശിക കക്ഷിയായ ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെയാണ് മേയ് ഇപ്പോൾ ഭരിക്കുന്നത്. ഇയുവുമായുള്ള ഭാവി ബന്ധം സംബന്ധിച്ച്  ഒത്തുതീർപ്പുണ്ടാക്കാൻ  മുന്നോട്ടുവച്ച നിർദേശങ്ങൾ ബോറിസ് ജോൺസനെപ്പോലുള്ളവർ തിരസ്ക്കരിച്ച സ്ഥിതിക്ക് അവയുമായി മുന്നോട്ടുപോകാൻ തെരേസ മേയ്ക്കു കഴിയുമോ ? ചോദ്യം അവശേഷിക്കുന്നു.