Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ആഫ്രിക്കൻ സൂര്യോദയം

വിദേശരംഗം  / കെ. ഉബൈദുള്ള
Abiy-Ahmed ഇത്യോപ്യയുടെ പ്രധാനമന്ത്രി അബി അഹമദ്

മാധാനത്തിന്റെ സൂര്യൻ പെട്ടെന്ന് ഉദിച്ചുയരുന്നതുകണ്ട് മനം നിറഞ്ഞ് ആഹ്ളാദിക്കുകയാണ് കിഴക്കൻ ആഫ്രിക്കയിലെ രണ്ടു ജനതകൾ. ഇത്യോപ്യയും അയൽരാജ്യമായ എരിട്രിയയും രണ്ടു പതിറ്റാണ്ടുകളായി അതിർത്തിത്തർക്കത്തിലായിരുന്നു. യുദ്ധം പൊട്ടിപ്പുറപ്പെടുകയും ആയിരക്കണക്കിനാളുകൾ മരിക്കുകയും ചെയ്തു. ആഫ്രിക്കയിലെ ഏറ്റവും പഴക്കം ചെന്ന ഇൗ തർക്കം അവസാനിപ്പിക്കുകയും സമാധാനവും സൗഹൃദവും അരക്കിട്ടുറപ്പിക്കുകയും ചെയ്യാനുള്ള കരാറിലാണ് ഇത്യോപ്യയുടെ പ്രധാനമന്ത്രി അബി അഹമദും എരിട്രിയൻ പ്രസിഡന്റ് എെസയാസ് അഫ്വർക്കിയും ഒപ്പിട്ടിരിക്കുന്നത്.  

ഇത്യോപ്യയുടെ അധീനത്തിലുള്ള ബാദ്മെ എന്ന കൊച്ചുപട്ടണത്തിന്റെ പേരിലായിരുന്നു തർക്കവും യുദ്ധവും. പ്രകൃതിവിഭവങ്ങളൊന്നും ഇല്ലാത്ത ഒരു വരണ്ട പ്രദേശമാണിത്. ജനസംഖ്യ ഏതാണ്ട് ആയിരത്തി അഞ്ഞൂറ്. 1998 ൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ലണ്ടനിലെ ഇക്കണമിസ്റ്റ് വാരിക എഴുതിയത് രണ്ടു കഷണ്ടിക്കാർ ഒരു ചീപ്പിനുവേണ്ടി ശണ്ഠകൂടുന്നുവെന്നായിരുന്നു. സമാധാനത്തിനുവേണ്ടി ബാദ്മെ നിരുപാധികമായി  എരിട്രിയയ്ക്കു വിട്ടുകൊടുക്കാനാണ്  ഇത്യോപ്യയുടെ പുതിയ തീരുമാനം. 

ഇൗ തീരുമാനം നടപ്പാകുന്നതിനു മുൻപുതന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ശീഘ്രഗതിയിലുള്ള മാറ്റങ്ങൾ തുടങ്ങിക്കഴിഞ്ഞു. വിഛേദിക്കപ്പെട്ട നയതന്ത്ര ബന്ധം പുനഃസ്ഥാപിതമായി. അഡിസ് അബാബയിലും അസ്മാറയിലും എംബസ്സികൾ വീണ്ടും തുറന്നു. ടെലിഫോൺ ബന്ധംപോലും ഇല്ലാതായിരുന്നു. അതും പുനഃസ്ഥാപിതമായതോടെ ജനങ്ങൾ ആഹ്ളാദത്തിമർപ്പിലാണെന്നാണ് റിപ്പോർട്ടുകൾ.

ഇക്കഴിഞ്ഞ ബുധനാഴ്ച (ജൂലൈ 18) ഇത്യോപ്യൻ എയർലൈൻസിന്റെ വിമാനം അഡിസ് അബാബയിൽനിന്ന് അസ്മാറയിലേക്കു പറന്നതു മറ്റൊരു ചരിത്രസംഭവമായിരുന്നു. രണ്ടു പതിറ്റാണ്ടുകാലത്തെ ഇടവേളയ്ക്കു ശേഷമുള്ള ഇൗ കന്നിയാത്രയിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവർക്കും ഷാംപെയിനും പനിനീർപൂക്കളും സമ്മാനിക്കപ്പെട്ടു. അസ്മാറ വിമാനത്താവളത്തിൽ എരിട്രിയക്കാർ അവരെ സ്വീകരിച്ചതു പാട്ടുപാടിയും നൃത്തം ചവിട്ടിയും.  

വിമാനയാത്രയ്ക്കുള്ള ടിക്കറ്റ് വിൽപ്പന തുടങ്ങിയപ്പോൾ മുഴുവൻ ടിക്കറ്റും ഒരു മണിക്കൂറിനകം വിറ്റുപോയത്രേ. യാത്രക്കാരുടെ ആധിക്യം കാരണം 15 മിനിറ്റിനുശേഷം മറ്റൊരു വിമാനംകൂടി ഏർപ്പാടു ചെയ്യേണ്ടിവന്നു. യുദ്ധം മൂലം അതിർത്തിക്കപ്പുറത്തു വേർപെട്ടുപോയ കുടുംബാങ്ങളെയും സുഹൃത്തുക്കളെയും കാണാൻ വെമ്പൽകൊള്ളുന്നവരായിരുന്നു യാത്രക്കാരിൽ മിക്കവരും. മുൻ പ്രധാനമന്ത്രി ഹെയ്ലിമറിയം ദെസലെഗിനും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. 

ഇതിനെല്ലാം തുടക്കം കുറിക്കപ്പെട്ടത് ഇക്കഴിഞ്ഞ ഏപ്രിലിൽ  ഡോ. അബി അഹമദ് എന്ന നാൽപത്തൊന്നുകാരൻ ഇത്യോപ്യയുടെ പ്രധാനമന്ത്രിയായതോടെയാണ്. ഇത്രയും പ്രായം കുറഞ്ഞ ഭരണാധിപൻ ഇപ്പോൾ ആഫ്രിക്കയിലില്ല. കഴിഞ്ഞ ആറു വർഷം പ്രധാനമന്ത്രിയായിരുന്ന ഹെയ്ലിമറിയം ദെസലെഗിൻ ജനകീയ പ്രക്ഷോഭത്തെ തുടർന്നു രാജിവച്ച ശേഷമായിരുന്നു  അഹമദിന്റെ  അധികാരാരോഹണം.    

അധികം കാത്തുനിൽക്കാതെ അദ്ദേഹം ജനങ്ങളെ ആവേശം കൊള്ളിക്കുന്ന വിധത്തിൽ മാറ്റങ്ങൾക്കു തുടക്കം കുറിച്ചു. രണ്ടു വർഷത്തോളമായി നിലവിലുണ്ടായിരുന്ന അടിയന്തരാവസ്ഥ പിൻവലിക്കുകയും രാഷ്ട്രീയത്തടവുകാരെ വിട്ടയക്കുകയുംചെയ്തു. വെബ്സൈറ്റുകളുടെ മേലുണ്ടായിരുന്ന നിരോധനം നീക്കി. ആരോപണ വിധേയരായ ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതു മേഖലാ കമ്പനികൾ ഭാഗികമായി സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചു. മൂന്നു പ്രതിപക്ഷ ഗ്രൂപ്പുകളെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നതു റദ്ദാക്കി. 

എരിട്രിയയുമായി സമാധാനം ആഗ്രഹിക്കുന്നുവെന്നും അതിനുവേണ്ടി ബാദ്മെ അവർക്കു നിരുപാധികമായി വിട്ടുകൊടുക്കാൻ തയാറാണെന്നും അഹമദ് പ്രഖ്യാപിച്ചതു  ജൂൺ അഞ്ചിനാണ്. അതോടെതന്നെ  അദ്ദേഹം രാജ്യാന്തരതലത്തിൽ സവിശേഷ ശ്രദ്ധയാകർഷിക്കാൻ തുടങ്ങി. 

ജൂൺ എട്ടിന് അഹമദ് അസ്മാറയിൽ എത്തുകയും എരിട്രിയൻ പ്രസിഡന്റ് അഫ്വർക്കി അദ്ദേഹത്തെ ആലിംഗനം ചെയ്തു സ്വീകരിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കുശേഷം അഫ്വർക്കി അഡിസ് അബാബയിലെത്തിയപ്പോൾ ഇത്യോപ്യക്കാർ പാട്ടും നൃത്തവുമായി  അദ്ദേഹത്തെ വരവേറ്റു.  സമാധാനത്തിനുവേണ്ടി ഇരു ജനതകളും ദാഹിക്കുകയായിരുന്നുവെന്നാണ് ഇതെല്ലാം വിളിച്ചുപറഞ്ഞത്. 

ആഫിക്കയുടെ കിഴക്കു ഭാഗത്ത് ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന തന്ത്രപ്രധാനമായ മേഖലയിലാണ് ഇത്യോപ്യയും എരിട്രിയയും. എരിട്രിയയുടെ ഏതാണ്ട് ഒൻപതു മടങ്ങു വലിപ്പമുള്ള ഇത്യോപ്യയിൽ എരിട്രിയിയിലുള്ളതിന്റെ ഇരട്ടി ജനങ്ങളുമുണ്ട്. പൊതുവായ ഭാഷയും സംസ്ക്കാരവും ചരിത്രവുമുള്ള 

ഇവ രണ്ടും കുറച്ചുകാലം ഒറ്റ രാജ്യവുമായിരുന്നു. തർക്കത്തിന്റെ വേരുകളും ആ ചരിത്രത്തിൽനിന്നുതന്നെ തുടങ്ങുന്നു. 

രണ്ടാം ലോകമഹായുദ്ധകാലത്തു ഇത്യോപ്യയും എരിട്രിയയും ഇറ്റലിയുടെ അധിനിവേശത്തിലായിരുന്നു. യുദ്ധത്തിനുശേഷം ഇത്യോപ്യയിൽ ഹെയ്ലി സെലാസിയുടെ രാജഭരണം പുനഃസ്ഥാപിതമാവുകയും എരിട്ര്യ ബ്രിട്ടീഷ് സംരക്ഷണത്തിലാവുകയും ചെയ്തു. പിന്നീടതു  യുഎൻ തീരുമാനമനുസരിച്ച് സ്വയംഭരണാധികാരത്തോടെ ഇത്യോപ്യയുടെ ഭാഗമായി.

എരിട്രിയയുടെ സ്വയംഭരണാധികാരം 1962ൽ ഹെയ്ലി സെലാസി റദ്ദാക്കുകയും അതിനെ പൂർണമായി ഇത്യോപ്യയിൽ ലയിപ്പിക്കുകയും ചെയ്തതോടെയാണ് പിന്നീടുണ്ടായ കുഴപ്പങ്ങളുടെയെല്ലാം തുടക്കം.  എറിട്രിയയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി ഉയർന്നു. അതിനുവേണ്ടിയുള്ള യുദ്ധം 30 വർഷം നീണ്ടുനിന്നു. അതിനിടയിൽ 1974ൽ ഹെയ്ലി സെലാസി സ്ഥാനഭ്യഷ്ടനാവുകയും അഡിസ് അബാബയിൽ ഒരു മാർക്സിസ്റ്റ് ലെനിനിസ്റ്റ് സർവാധിപത്യ ഭരണകൂടം നിലവിൽ വരികയും ചെയ്തു. 

യുഎൻ ഇടപെട്ടതിനെ തുടർന്നു 1993ൽ നടന്ന ഹിതപരിശോധനയിൽ എരിട്രിയയിലെ ജനങ്ങൾ വിധിയെഴുതിയതു സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്. ചെങ്കടൽ തീരത്തുള്ള എരിട്രിയ വേറിട്ടുപോയതോടെ ഇത്യോപ്യയ്ക്കു കടൽതീരം ഇല്ലാതാവുകയും കപ്പലുകൾ വഴിയുള്ള വ്യാപാരത്തിനു മറ്റു രാജ്യങ്ങളുടെ തുറമുഖങ്ങളെ ആശ്രയിക്കേണ്ടിവരികയുംചെയ്തു. 

അതിനെല്ലാം ഇത്യോപ്യ വഴങ്ങിയെങ്കിലും ആയിരം കിലോമീറ്റർ നീളമുള്ള അതിർത്തിയിലെ ബാദ്മെ പട്ടണം വിട്ടുകൊടുക്കാൻ സമ്മതിച്ചില്ല. അതു കാരണം 1998ൽ വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെട്ടു. രണ്ടു വർഷത്തിനുശേഷം അൽജീരിയയിലെ അൽജിയേഴ്സിൽ ഉണ്ടായ കരാറിലെ തീരുമാനം പ്രശ്നം ഒരു അതിർത്തി കമ്മിഷനു വിടാനായിരുന്നു.  ബാദ്മെ എരിട്രിയയ്ക്ക് അവകാശപ്പെട്ടതാണെന്ന കമ്മിഷന്റെ വിധിയും ഇത്യോപ്യ തള്ളിക്കളഞ്ഞു. 

ബാദ്മെ വിട്ടുകൊടുക്കാൻ അബി അഹമദ് തീരുമാനിച്ചത് ഇത്യോപ്യയിലെ പുതിയ പ്രധാനമന്ത്രിയായി വെറും രണ്ടു മാസം കഴിഞ്ഞപ്പോഴാണ്. ഒരു മുസ്ലിം പുരുഷന്റെയും  ക്രൈസ്തവ സ്ത്രീയുടെയും മകനായ അഹമദ് 1991 മുതൽ രാജ്യം ഭരിക്കുന്ന ഇത്യോപ്യൻ ജനകീയ വിപ്ളവ ജനാധിപത്യ മുന്നണിയുടെ (ഇപിആർഡിഎഫ്) പുതിയ നേതാവുകൂടിയാണ്. മുൻപ് പട്ടാളത്തിൽ ചേരുകയും ലെഫ്റ്റന്റ് കേണൽവരെയായി ഉയരുകയുമുണ്ടായി. അതിനിടയിൽ എംഎ പാസ്സാവുകയും പിഎച്ച്ഡി നേടുകയും ചെയ്തു. 

ആഫ്രിക്കയിലെ ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തികളിൽ ഒന്നാണ് ഇത്യോപ്യ ഇപ്പോൾ. രണ്ടു പതിറ്റാണ്ടുകൾക്കുമുൻപ് ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളുടെ പട്ടികയിലായിരുന്നു. എരിട്ര്യയാണെങ്കിൽ അന്നും ഇന്നും അവികസിത രാജ്യമായി എണ്ണപ്പെടുന്നു. 

ഇത്യോപ്യയെ അപേക്ഷിച്ച് പേരിനുപോലും ജനാധിപത്യവും പൗരാവകാശങ്ങളും എരിട്രിയയിലില്ല. ആഫ്രിക്കയിലെ ഉത്തര കൊറിയയെന്നാണ് പേര്. 1993ൽ സ്വതന്ത്രരാജ്യമായതു മുതൽ ഏകകക്ഷിഭരണം. അന്നു മുതൽ പ്രസിഡന്റും അഫ്വർക്കിതന്നെ. തിരഞ്ഞെടുപ്പ് നടക്കാറില്ല. ഭരണകക്ഷിയുടെ കേന്ദ്രകമ്മിറ്റി അംഗങ്ങൾക്കു മുൻതൂക്കമുള്ള പാർലമെന്റ് ഉണ്ടെങ്കിലും അത് അവസാനമായി സമ്മേളിച്ചതു 16 വർഷംമുൻപാണ്. ജനാധിപത്യ നീതിന്യായ ജനകീയ മുന്നണി (പിഎഫ്ഡിജെ) എന്ന  പേരുളള ഭരണകക്ഷിയുടെ കോൺഗ്രസ് സമ്മേളിച്ചിട്ടും ഏതാണ്ട് അത്രതന്നെ വർഷമായി. ഫലം എഴുപത്തൊന്നുകാരൻ അഫ്വർക്കിയുടെ പൂർണമായ ഏകാധിപത്യം. 

ബാദ്മെ വിട്ടുകിട്ടുന്നതും ഇത്യോപ്യമയുമായി സമാധാനത്തിലാകുന്നതും അഫ്വർക്കിയെുടെ നില കൂടുതൽ ഭദ്രമാക്കുന്നു. അതേസമയം,  അബി അഹമദിനെപ്പോലെ രാഷ്ട്രീയ പരിഷ്്ക്കാരങ്ങൾക്കു തുടക്കം കുറിക്കാൻ പുതിയ സാഹചര്യം  അദ്ദേഹത്തെ പ്രേരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നവരുമുണ്ട്.