പാക്കിസ്ഥാന് നയാ കപ്ത്താൻ

ഇമ്രാൻ ഖാന്റെ പാർട്ടിക്ക് അധികാരത്തിലേക്കുളള വഴി തുറന്നുകൊടുത്ത തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവും നീതിപൂർവകവുമായിരുന്നില്ലെന്ന് മറ്റുപല കക്ഷികളും കുറ്റപ്പെടുത്തുന്നു

പാക്കിസ്ഥാനിൽ പട്ടാളവും അതുമായി ബന്ധപ്പെട്ടവരും ആഗ്രഹിച്ചതുപോലെ ഇമ്രാൻ ഖാൻ പുതിയ വസീറെ അഅ്സം അഥവാ പ്രധാനമന്ത്രിയാവുകയാണ്.  1992ൽ  പാക്കിസ്ഥാനു ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത  കപ്ത്താൻ (ക്യാപ്റ്റൻ) കാൽ നൂറ്റാണ്ടിനുശേഷം അറുപത്തഞ്ചാം വയസ്സിൽ രാജ്യത്തിന്റെയും നായകനാകാൻ ഒരുങ്ങുന്നു. 

പക്ഷേ,  അദ്ദേഹത്തിന്റെ എതിരാളികൾ ഇതംഗീകരിക്കുന്നില്ല. ഇമ്രാന്റെ പാക്കിസ്ഥാൻ തെഹ്രീഖെ ഇൻസാഫിന് (പിടിഎെ) അധികാരത്തിലേക്കുളള വഴി തുറന്നുകൊടുത്ത ഇക്കഴിഞ്ഞ ബുധനാഴ്ചയിലെ (ജൂലൈ 25) പൊതുതിരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവും നീതിപൂർവകവുമായിരുന്നില്ലെന്ന്  അവർ കുറ്റപ്പെടുത്തുന്നു. മുൻ ഭരണകക്ഷിയായ പാക്കിസ്ഥാൻ മുസ്ലിം ലീഗ്-എൻ (പിഎംഎൽ-എൻ) ഉൾപ്പെടെ ഒരു ഡസനിലേറെ പാർട്ടികളുടെ നേതാക്കൾ യോഗം ചേർന്നു പുതിയ തിരഞ്ഞെടുപ്പിനുവേണ്ടി ആവശ്യപ്പെടുകയും ചെയ്തു. 

എങ്കിലും, മറ്റൊരു മുൻ ഭരണകക്ഷിയായ  പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ (പിപിപി) നേതാക്കൾ ഇൗ യോഗത്തിൽ പങ്കെടുത്തില്ല. തിരഞ്ഞെടുപ്പ്ഫലം ഇവരും നേരത്തെ തള്ളിക്കളഞ്ഞിരുന്നു.  

ഒരു സിവിലിയൻ ഭരണകൂടം മറ്റൊരു സിവിലിയൻ ഭരണകൂടത്തിന് അധികാരം കൈമാറുന്നതു പാക്കിസ്ഥാന്റെ 71 വർഷത്തെ ചരിത്രത്തിൽ ഇതു വെറും രണ്ടാം തവണയാണ്. അതിനിടയിലാണ് പുതിയ സംഭവവികാസം.  

ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലെ ഒരു പോളിങ് സ്റ്റേഷനിൽ 31 പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണം മാറ്റിനിർത്തിയാൽ പോളിങ് ദിനത്തിലെ സ്ഥിതിഗതികൾ പൊതുവെ സമാധാനപരമായിരുന്നു. എന്നാൽ, ഇമ്രാനുവേണ്ടി പട്ടാളം തിരഞ്ഞെടുപ്പിൽ ഇടപെടുകയാണെന്ന ആരോപണം സൃഷ്ടിച്ച  സംഘർഷം പോളിങ്ങിനുശേഷവും അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു.

വോട്ടെണ്ണൽ പൂർത്തിയാകാൻ രണ്ടു ദിവസംവരെ വൈകിയതും സംശയങ്ങൾക്കു കാരണമായി.  വോട്ടെണ്ണലിലും കൃത്രിമം നടക്കുന്നുവെന്നായിരുന്നു മറ്റു പ്രമുഖ കക്ഷികളുടെ പരാതി. അതിനിടയിൽ ഇമ്രാൻ വിജയം അവകാശപ്പെടുകയും നിയുക്ത പ്രധാനമന്ത്രിയെപ്പോലെ സംസാരിക്കാൻ തുടങ്ങുകയും ചെയ്തു. പാക്ക് ചരിത്രത്തിലെ ഏറ്റവും വിവാദപരമായ തിരഞ്ഞെടുപ്പെന്നു നേരത്തെതന്നെയുണ്ടായ വിലയിരുത്തലിന്് ഇതെല്ലാം അടിവരയിടുന്നു. 

ഇതെഴുതുമ്പോഴും അവസാനരൂപം കൈവന്നിട്ടില്ലാത്ത കക്ഷി നിലയനുസരിച്ച്്  ഇമ്രാന്റെ പാർട്ടിയാണ് ഏറ്റവും മുന്നിൽ. പാർലമെന്റിന്റെ അധോസഭയായ നാഷനൽ അസംബ്ളിയിലെ 272 സീററ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ അവർ 115 സീറ്റുകൾ നേടി. കേവലഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ മന്ത്രിസഭാരൂപീകരണത്തിനുളള അവകാശം അങ്ങനെ അവർ കരസ്ഥമാക്കി. ഭൂരിപക്ഷമുണ്ടാക്കാൻ അവർ ആരെ കൂട്ടുപിടിക്കുമെന്നാണ് കാണാനിരിക്കുന്നത്.  

മുൻപ് പല തവണ അധികാരത്തിലിരുന്ന  പാക്കിസ്ഥാൻ മുസ്ലിം ലീഗ്-എൻ (പിഎംഎൽ-എൻ), പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) എന്നിവയ്്ക്കു യഥാക്രം 64, 43 സീറ്റുകളോടെ രണ്ടും മൂന്നും സ്ഥാനങ്ങളാണ് കിട്ടിയത്. മതാധിഷ്ഠിത കക്ഷികളുടെ സഖ്യമായ മുത്തഹിദ മജ്ലിസെ അമൽ (എംഎംഎ), സിന്ധ് പ്രവിശ്യയിലെ നഗരപ്രദേശങ്ങളിൽ മാത്രം വേരോട്ടമുളള മുത്തഹിദ ഖൗമി മൂവ്മെന്റ്-പി) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. 13 സ്വതന്ത്രരും നാഷനൽ അസംബ്ളിയിലെത്തി. 

ഇമ്രാൻ മൽസരിച്ച അഞ്ചു നാഷനൽ അസംബ്ളി സീറ്റുകളിൽ അഞ്ചിലും അദ്ദേഹം ജയിച്ചു.  രാജ്യതലസ്ഥാനമായ ഇസ്ലാമാബാദിൽ അദ്ദേഹത്തോടു തോറ്റത് മുൻഗാമിയായ പ്രധാനമന്ത്രി ഷാഹിദ് ഖഖൻ അബ്ബാസി (പിഎഎംഎൽ-എൻ). മറ്റൊരു സീറ്റിലും  മൽസരിച്ച അബ്ബാസി അതിലും തോറ്റതോടെ പാർലമെന്റിനു പുറത്തായി. 

പിഎംഎൽ-എൻ തലവനും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസ് ഷരീഫ് നാലു സ്ഥലത്തു മൽസരിച്ചുവെങ്കിലും ജയിച്ചത് അദ്ദേഹത്തിന്റെ ശക്തികേന്ദ്രമായ ലഹോറിൽ മാത്രമാണ്. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനായ അദ്ദേഹം പിഎംഎൽ-എൻ ജയിച്ചിരുന്നുവെങ്കിൽ പുതിയ പ്രധാനമന്ത്രിയാകേണ്ടതായിരുന്നു.

പിപിപി നേതാവും വധിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകനുമായ ബിലാവൽ ഭൂട്ടോ സർദാരി മൂന്നിടത്തു മൽസരിച്ചുവെങ്കിലും ജയിച്ചതു ഭൂട്ടോ കുടുംബത്തിന്റെ ജന്മദേശമായ ലാർക്കാനയിൽ മാത്രം. അടുത്ത കാലത്തു നവാസ് ഷരീഫുമായി പിണങ്ങി പിഎംഎൽ-എൻ വിട്ടുപോയ മുൻ ആഭ്യന്തര മന്ത്രി ചൗധരി നിസാർ അലി ഖാൻ 1985നു ശേഷം ആദ്യമായി പാർലമെന്റ് അംഗമല്ലാതായി. 

നയാ പാക്കിസ്ഥാൻ അഥവാ  പുതിയ പാക്കിസ്ഥാൻ എന്ന  മുദ്രാവാക്യമാണോ ഇമ്രാനു വിജയം നേടിക്കൊടുത്തത് ?  ഇസ്ലാമിക ക്ഷേമരാഷ്ട്രം സ്ഥാപിക്കും, അഴിമതി തുടച്ചുനീക്കും, അഞ്ചു വർഷത്തിനകം ഒരു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കും, പാവങ്ങൾക്കുവേണ്ടി 50ലക്ഷം വീടുകൾ നിർമിക്കും എന്നീ വാഗ്ദാനങ്ങളും അദ്ദേഹം പാക്കിസ്ഥാനിലെ ഇരുപതുകോടിയിലേറെ വരുന്ന ജനങ്ങളുടെ മുന്നിൽ വച്ചിരുന്നു. വോട്ടർമാരെ ഇൗ വാഗ്ദാനങ്ങൾ ആഴത്തിൽ സ്പർശിച്ചുവോ ? 

ഇമ്രാന്റെ പാർട്ടിയെ അധികാരത്തിലേറ്റാനായി തിരഞ്ഞെടുപ്പിൽ പട്ടാളം പലവിധത്തിലും ഇടപെടുകയാണെന്ന് ആരോപിക്കപ്പെടുകയുണ്ടായി. ഇലക്ടറൽ എൻജിനീയറിങ് വിളിക്കപ്പെട്ട ഇതാണോ അവർ ജയിക്കാനുളള മുഖ്യകാരണം ? ഇതെല്ലാം ഇപ്പോൾ സജീവമായി ചർച്ചചെയ്യപ്പെടുകയാണ്. 

രണ്ടു പതിറ്റാണ്ടുകൾക്കുമുൻപ് പിടിഎെ എന്ന പുതിയ പാർട്ടിയുമായി ഇമ്രാൻ പാക്ക് രാഷ്ട്രീയ രംഗത്തിറങ്ങുമ്പോൾ അദ്ദേഹത്തെ അധികമാരും കാര്യമായി ഗൗനിച്ചിരുന്നില്ലെന്നതാണ് വാസ്തവം. ക്രിക്കറ്റ് ഒാൾ റൗണ്ടർ എന്നനിലയിൽ കായിക രംഗത്തായിരുന്നു പ്രശസ്തി. ബ്രിട്ടനിലെ ഒാക്സ്ഫഡ് സർവകലാശാലയിൽ പഠിച്ച അദ്ദേഹത്തിനു രാജ്യാന്തര പ്ളേബോയ് എന്ന കുപ്രസിദ്ധിയും ഉണ്ടായിരുന്നു. 

ബ്രിട്ടീഷ് കോടീശ്വര പുത്രിയായ ജെമീമ ഗോൾഡ്സ്മിത്തിനെ വിവാഹം ചെയ്തതു രാഷ്ട്രീയ രംഗത്ത് ഇമ്രാനു ദോഷകരമായിത്തീരുകയാണ് ചെയ്തത്. 1997ൽ ആദ്യമായി നാഷനൽ അസംബ്ളിയിലേക്കു മൽസരിച്ചപ്പോൾ പിടിഎെക്ക് ഒറ്റ സീറ്റും കിട്ടിയില്ല. 2002ൽ പ്രസിഡന്റ് പർവേസ് മുഷറഫിന്റെ പട്ടാള ഭരണത്തിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ പിടിഎെയിൽനിന്നു ജയിച്ചത്  ഇമ്രാൻ മാത്രം. 2008ലെ തിരഞ്ഞെടുപ്പ് അവർ ബഹിഷ്ക്കരിക്കുകയുംചെയ്തു. 

എന്നാൽ, 2013ലെ തിരഞ്ഞെടുപ്പിനുമുൻപു നാട്ടുകാർ കണ്ടതു വർധിതവീര്യത്തോടെ രാഷ്ടീയം പയറ്റുന്ന പുതിയ ഇമ്രാൻ ഖാനെയാണ്. രണ്ടു മക്കളുണ്ടായശേഷം 2004ൽതന്നെ ജമീമയുമായുളള വിവാഹബന്ധം വേർപെടുത്തിയിരുന്നു. ഒരു ജൂത വനിതയാണ് ഭാര്യയെന്ന എതിരാളികളുടെ പ്രചാരണം തന്റെ രാഷ്ട്രീയ പുരോഗതിക്കു തടസ്സമാകുന്നത് അങ്ങനെ അദ്ദേഹം ഒഴിവാക്കി. ഇപ്പോൾ നിലവിലുള്ളതു മൂന്നാമത്തെ ഭാര്യയാണ്. മുൻവിവാഹത്തിൽ മക്കളുളള ഇവർ ആത്മീയ കാര്യങ്ങളിൽ ഇമ്രാന്റെ ഉപദേഷ്ടായിരുന്നുവെന്നും പറയപ്പെടുന്നു. 

മതഭക്തനായിത്തീർന്ന ഇമ്രാൻ മതാധിഷ്ഠിത കക്ഷികളുമായി കൂട്ടുകൂടി. അഫ്ഗാനിസ്ഥാനിലെ താലിബാൻ പോലുള്ള തീവ്രവാദിൾക്കു വേണ്ടി വാദിക്കുകയും ചെയ്തു. അങ്ങനെ  താലിബാൻ ഖാൻ എന്ന പേരും കിട്ടി. 

പ്രധാനമന്ത്രിപദത്തിലേക്ക് ഇമ്രാൻ അടുക്കുകയാണെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു 2013ലെ തിരഞ്ഞെടുപ്പ് ഫലം. പരമ്പരാഗതമായി പാക്കിസ്ഥാൻ ഭരിച്ചുവന്ന പിഎംഎൽ-എൻ, പിപിപി എന്നിവയുടെ തൊട്ടടുത്ത സ്ഥാനം നാഷനൽ അസംബ്ളിയിൽ പിടിഎെ നേടി. വടക്കു പടിഞ്ഞാറൻ അതിർത്തിയിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ കൂട്ടുമന്ത്രിസഭയ്ക്കു നേതൃത്വംനൽകാവുന്ന സ്ഥിതിയിൽ എത്തിച്ചേരുകയും ചെയ്തു.  

നവാസ് ഷരീഫ് മൂന്നാം തവണയും പ്രധാനമന്ത്രിയായത് ആ തിരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയാണെന്നായിരുന്നു ഇമ്രാന്റെ ആരോപണം. ഷരീഫിനെ താഴെയിറക്കാൻ നടത്തിയ പ്രക്ഷോഭങ്ങളും ഇമ്രാനെ ശ്രദ്ധേയനാക്കി. നാലാം തവണയും പ്രധാനമന്ത്രിയായി മറ്റൊരു ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയായിരുന്ന ഷരീഫിനെ അധികാരത്തിൽനിന്നു പുറത്താക്കുകയും ജയിലിലാക്കുകയും ചെയ്യുന്നതിൽ മുഖ്യ പങ്കുവഹിച്ചതും മറ്റാരുമല്ല.    

അഴിമതിയും അധികാര ദുർവിനിയോഗവും അവസാനിപ്പിക്കാനുള്ള  സമരമായിട്ടാണ് ഷരീഫിനെതിരായ തന്റെ നീക്കങ്ങളെ ഇമ്രാൻ വിശേഷിപ്പിക്കുന്നത്. എന്നാൽ, ഷരീഫിന്റെ നേരെ  അദ്ദേഹം വ്യക്തിപരമായിത്തെന്നെ രോഷാകുലനാണെന്നതു രഹസ്യമല്ല. ബ്രിട്ടീഷുകാരിയായ ആദ്യഭാര്യ ജെമീമ ഇസ്ലാം മതം സ്വീകരിച്ചിട്ടും അവർ ജൂതസ്ത്രീയാണെന്നും ഇസ്രയേൽ ഏജന്റാണെന്നും പ്രചാരണം അഴിച്ചുവിട്ടതിനു പിന്നിൽ മുഖ്യമായും ഷരീഫിന്റെ കരങ്ങളാണ് അദ്ദേഹം കണ്ടത്. 

പാക്കിസ്ഥാനിലെ ഒട്ടേറെ പുരാവസ്തുക്കൾ ബ്രിട്ടനിലേക്കു കട്ടുകടത്തിയെന്നതിനു ജമീമയ്ക്കെതിരെ 1998ൽ ജാമ്യമില്ലാ അറസ്റ്റ് വാറന്റുണ്ടായതും ഷരീഫിന്റെ രണ്ടാം ഭരണകാലത്തായിരുന്നു. പാക്കിസ്ഥാനിൽ ജമീമയുടെ ജീവിതം നരകതുല്യമാക്കിത്തീർക്കുന്നതിൽ ഇതും മുഖ്യപങ്കു വഹിച്ചതായി ഇമ്രാൻ തന്റെ ആത്മകഥയിൽ പറയുന്നു. 

ഇസ്ലാമാബാദിലെ പുതിയ ഭരണമാറ്റം ഏറ്റവുമധികം വേദനിപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്നതു സ്വാഭാവികമായും ഷരീഫിനെയും മകൾ മറിയമിനെയുമായിരിക്കും. അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുകയാണവർ. അവരുടെ അപ്പീൽ പരിഗണിക്കപ്പെടാനിരിക്കുന്നതേയുള്ളൂ. 

സ്വന്തം ഭരണകാലത്തുപോലും പട്ടാള നേതൃത്വത്തെപ്പോലെ ജുഡീഷ്യറിയും തനിക്കു പാരവച്ചുവെന്നാണ് ഷരീഫിന്റെ പരാതി. പിഎംഎൽ-എൻ വീണ്ടും അധികാരത്തിലെത്തുകയും സഹോദരൻ ഷഹബാസ് പുതിയ പ്രധാനമന്ത്രിയാവുകയും ചെയ്യുന്നതും അങ്ങനെ ജനങ്ങളുടെ കോടതിയിൽ താൻ ജയിക്കുന്നതും  കാത്തിരിക്കുകയായിരുന്നു അദ്ദേഹം. ആ പ്രതീക്ഷകൾ അസ്ഥാനത്തായി. തന്നോടുള്ള പക തീർക്കാൻ ഇമ്രാൻ അധികാരം ഉപയോഗിക്കുമോയെന്നു ഷരീഫ് ആശങ്കപ്പെടുകയാണെങ്കിൽ അതിൽ ആരും അൽഭുതപ്പെടുകയില്ല.

പുതിയ സാഹചര്യത്തിൽ ബിലാവൽ ഭൂട്ടോയുടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും നിലപാട് എന്തായിരിക്കുമെന്നാണ് ഇപ്പോൾ എല്ലാവരും കൗതുകത്തോടെ ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ ഫലം തള്ളിക്കളയുകയും പുതിയ തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെടുകയും ചെയ്ത വെള്ളിയാഴ്ചയിലെ ബഹുകക്ഷിയോഗത്തിൽ പിപിപിയിലെ ആരും പങ്കെടുക്കാതിരുന്നതു പല അഭ്യൂഹങ്ങൾക്കും കാരണമായിട്ടുണ്ട്.