Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുദ്ധത്തിന്റെ കേളികൊട്ട് ?

വിദേശരംഗം  / കെ. ഉബൈദുള്ള
trump-ruhani അമേരിക്കയുമായി നേരിട്ട് ഏറ്റുമുട്ടിയാൽ പിടിച്ചുനിൽക്കാൻ ആവശ്യമായ സൈനിക, സാമ്പത്തിക ശക്തി ഇറാനില്ലെന്നകാര്യം സുവിദിതമാണ്. എങ്കിൽ, അമേരിക്കയെ തങ്ങൾക്കു ഭയമില്ലെന്ന് ഇറാൻ പറയുന്നത് എന്തുകൊണ്ടാണ് ?

അമേരിക്കയും ഇറാനും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെടുമോയെന്ന ഭീതി കനക്കുകയാണ്. ഇറാൻ നേതാക്കളുമായി നേരിട്ടുളള ചർച്ചയക്ക്് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചുവെങ്കിലും അതു നടക്കുന്ന മട്ടില്ല. 

ഇറാനുമായുളള യുദ്ധം എല്ലാ യുദ്ധങ്ങളുടെയും മാതാവായിരിക്കുമെന്നാണ് ഒരാഴ്ച മുൻപ് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി മുന്നറിയിപ്പ് നൽകിയത്. ട്രംപിനെ ഇതു ക്ഷുഭിതനാക്കി. അമേരിക്കയെ ഭീഷണിപ്പെടുത്തിയാൽ ഇറാനെ തവിടുപൊടിയാക്കുമെന്ന മട്ടിൽ അദ്ദേഹം ഉടൻതന്നെ താക്കീതു നൽകുകയും ചെയ്തു. എങ്കിലും, ഇക്കഴിഞ്ഞ തിങ്കളാഴ്ച (ജൂലൈ 30) അദ്ദേഹം പെട്ടെന്നു ചുവടുമാറ്റി. ഇറാൻ നേതാക്കൾ ആവശ്യപ്പെടുകയാണെങ്കിൽ ഏതുസമയത്തും ഉപാധികളൊന്നുമില്ലാതെ അവരെ കാണാൻ താൻ തയാറാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. 

നാൽപതുവർഷം മുൻപ് ഇറാനിൽനടന്ന ഇസ്ലാമിക വിപ്ളവത്തിനുശേഷം ആ രാജ്യവുമായി അമേരിക്കയ്ക്കു നയതന്ത്രബന്ധമില്ല. ഇരു രാജ്യങ്ങളുടെയും നേതാക്കൾ തമ്മിൽ ഒരിക്കലും നേരിൽ കണ്ടിട്ടില്ല. പല കാരണങ്ങളാൽ ശത്രുത അടിക്കടി വർധിച്ചുവരികയുമാണ്. അതിനിടയിൽ  ഇറാൻ നേതാക്കളെ കാണാൻ ട്രംപ് പെട്ടെന്നു സന്നദ്ധത പ്രകടിപ്പിച്ചത്  ഉത്തര കൊറിയയുമായുള്ള അദ്ദേഹത്തിന്റെ സമീപനത്തിലുണ്ടായ അപ്രതീക്ഷിത മാറ്റത്തെ ഒാർമിപ്പിക്കുന്നു.   

എങ്കിലും, ട്രംപ് പറഞ്ഞതുപോലുള്ള നിരുപാധിക കൂടിക്കാഴ്ച നടക്കാനിടയില്ലെന്നാണ് ടെഹ്റാനിൽനിന്നും വാഷിങ്ടണിൽനിന്നും പിന്നീടുണ്ടായ സൂചനകൾ. അമേരിക്ക ഉൾപ്പെടെയുള്ള ആറു രാജ്യങ്ങളുമായി 2015 ജൂലൈയിൽ തങ്ങൾ ഉണ്ടാക്കിയ ആണവ കരാർ അതേപടി നിലനിർത്തിക്കൊണ്ടുള്ള ചർച്ചകൾക്കുമാത്രമേ ഇറാനു  താൽപര്യമുള്ളൂ. കരാറിൽനിന്ന് ഇക്കഴിഞ്ഞ മേയിൽ അമേരിക്ക ഏകപക്ഷീയമായി പിൻവാങ്ങിയതാണ് പുതിയ പ്രശ്നത്തിന്റെ പശ്ചാത്തലം. 

അധികപക്ഷവും ഇൗ ഒാഗസ്റ്റിൽതന്നെ ഇറാനെതിരെ യുഎസ് ആക്രമണം ഉണ്ടാകുമെന്നാണ് ഒാസ്ട്രേലിയൻ ബ്രോഡ് കാസ്റ്റിങ് കോർപറേഷൻ (എബിസി) ഒരാഴ്ച മു്ൻപ് റിപ്പോർട്ട് ചെയ്തത്.  അതിനുവേണ്ടി അമേരിക്ക ഒാസ്ട്രേലിയയുടെ സഹായം തേടിയിട്ടുണ്ടെന്നും ഒാസ്ട്രേലിയയ്ക്കു പുറമെ ബ്രിട്ടനും സഹായിച്ചേക്കാമെന്നും എബിസി അറിയിക്കുകയുണ്ടായി. 

donald-trump

കെട്ടുകഥയെന്നു പറഞ്ഞ് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ്് മാറ്റിസ് ഇതു നിഷേധിച്ചുവെങ്കിലും  ആശങ്കകൾ അപ്രത്യക്ഷമായില്ല.  ഇറാനും അമേരിക്കയും തമ്മിൽ അതിനു തൊട്ടുമുമ്പുണ്ടായ വാക്പോര് അത്തരത്തിലുള്ളതായിരുന്നു.   

ഇറാൻ പ്രസിഡന്റ് റൂഹാനി ജൂലൈ 22നു നടത്തിയ പ്രസംഗത്തോടെയായിരുന്നു അതിന്റെ തുടക്കം. ഇങ്ങനെയാണ് അദ്ദേഹം പറഞ്ഞത് : ആരുമായും ഞങ്ങൾ യുദ്ധത്തിനില്ല. പക്ഷേ, ശത്രുക്കൾ ഒന്നു മനസ്സിലാക്കണം. ഇറാനുമായുള്ള യുദ്ധം എല്ലാ യുദ്ധങ്ങളുടെയും മാതാവായിരിക്കും. ഇറാനുമായുളള സമാധാനം എല്ലാ സമാധാനങ്ങളുടെയും മാതാവായിരിക്കും....മിസ്റ്റർ ട്രംപ്, സിംഹത്തിന്റെ വാലുകൊണ്ടു കളിക്കാതിരിക്കൂ. ഖേദിക്കേണ്ടി വരും. 

അന്നുതന്നെയുള്ള ട്രംപിന്റെ പ്രതികരണം സ്വതസിദ്ധമായ രീതിയിലായിരുന്നു. ട്വിറ്ററിൽ അദ്ദേഹം പറഞ്ഞു : അമേരിക്കയെ ഒരിക്കലും ഒരിക്കലും ഭയപ്പെടുത്താൻ നോക്കേണ്ട. ഇല്ലെങ്കിൽ ചരിത്രത്തിൽ മുൻപൊരിക്കലും അധികമാർക്കും നേരിട്ടില്ലാത്ത അത്രയും വലിയ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരും. അക്രമത്തിന്റെയും മരണത്തിന്റെയും മണമുളള നിങ്ങളുടെ വാക്കുകൾ കേട്ടുമിണ്ടാതിരിക്കുന്ന രാജ്യമല്ല ഇപ്പോൾ ഞങ്ങൾ. കരുതിയിരുന്നോളൂ. 

കഴിഞ്ഞ വർഷം ഒാഗസ്റ്റിൽ  ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഇന്നിനെ ട്രംപ് ഭീഷണിപ്പെടുത്തിയതും ഏതാണ്ട് ഇതേവിധത്തിലായിരുന്നു. ഉപരോധങ്ങൾക്കൊപ്പം ഇൗ ഭീഷണിയും ചേർന്ന് ഉദ്ദിഷ്ട ഫലമുണ്ടാക്കിയെന്നും ഒത്തുതീർപ്പു ചർച്ചയ്്ക്കുവേണ്ടി കിം തയാറായത് അതിനെ തുടർന്നാണെന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം. പക്ഷേ, ഇറാൻ മറ്റൊരു ഉത്തര കൊറിയയല്ല. അതു മനസ്സിലാക്കാതിരിക്കുന്നത് അപകടകരമാണെന്നു  പല നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. 

ഉത്തര കൊറിയയെ ട്രംപ് ഭീഷണിപ്പെടുത്തിയ കാര്യം ഒാർമിപ്പിച്ചുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന് ഇറാൻ വിദേശമന്ത്രി ജവാദ് സരീഫ് നൽകിയ മറുപടി. ട്രംപിന്റെ ഭീഷണി പുഛിച്ചുതള്ളിയ അദ്ദേഹം അമേരിക്കയേക്കാൾ ദീർഘകാലമായി നിലനിന്നുവരുന്ന രാഷ്ട്രമാണ് ഇറാനെന്നു സൂചിപ്പിക്കുകയും പേടിപ്പിക്കേണ്ടെന്ന് ഓർമിപ്പിക്കകയുംചെയ്തു.   

ഇങ്ങനെയാണ് സരീഫ് ട്വീറ്റ് ചെയ്തത് :  ഏതാനും മാസംമുൻപ് ഇതിനേക്കാൾ കർക്കശമായ വാക്കുകൾ ലോകം കേൾക്കുകയുണ്ടായി. കുറച്ചുകൂടി മര്യാദയുള്ള വാക്കുകൾ 40 വർഷമായി ഇറാനും കേട്ടുവരുന്നു. സഹസ്രാബ്ദങ്ങളായി ഞങ്ങൾ ഇവിടെയുണ്ട്. ഞങ്ങളുടേതുൾപ്പെടെയുളള സാമ്രാജ്യങ്ങളുടെ പതനവും കണ്ടു. ഞങ്ങളുടേത് ചില രാജ്യങ്ങളുടെ ജീവിതകാലത്തേക്കാളധികം നീണ്ടുനിൽക്കുകയുമുണ്ടായി. കരുതിയിരുന്നോളൂ.

hassan-rouhani.jpg.image.784.410

ട്രംപിന്റേതു പോലുള്ള പരുക്കൻരീതിയിലായിരുന്നു പിന്നീട് ഇറാന്റെ റവലൂഷണറി ഗാർഡ് എന്ന സവിശേഷ സൈനിക ശാഖയുടെ ഖുദ്സ് വിഭാഗത്തിന്റെ കമാൻഡർ മേജർ ജനറൽ ഖാസിം സുലൈമാൻ പുറപ്പെടുവിച്ച പ്രസ്താവന. ഇങ്ങനെയാണ് അദ്ദേഹം പറഞ്ഞത് : വന്നോളൂ. ഞങ്ങൾ തയാറാണ്. നിങ്ങൾ യുദ്ധം തുടങ്ങിയാൽ അതവസാനിപ്പിക്കുന്നതു ഞങ്ങളായിരിക്കും. നിങ്ങൾക്കു സ്വന്തമായുള്ളതെല്ലാം ഞങ്ങൾ നശിപ്പിക്കും. 

അമേരിക്കയുമായി നേരിട്ട് ഏറ്റുമുട്ടിയാൽ പിടിച്ചുനിൽക്കാൻ ആവശ്യമായ സൈനിക, സാമ്പത്തിക ശക്തി ഇറാനില്ലെന്നകാര്യം സുവിദിതമാണ്. എങ്കിൽ, അമേരിക്കയെ തങ്ങൾക്കു ഭയമില്ലെന്ന് ഇറാൻ പറയുന്നത് എന്തുകൊണ്ടാണ് ?  ഒളിപ്പോരിൽ മധ്യപൂർവദേശത്തെ യുഎസ് താൽപര്യങ്ങൾക്കെതിരെ ആഞ്ഞടിക്കാൻ തങ്ങൾക്കു കഴിയുമെന്ന ആത്മവിശ്വാസമാണ് കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ലോകത്തിലെ പെട്രോളിയത്തിന്റെ അഞ്ചിലൊന്നു കപ്പൽ വഴി കടന്നുപോകുന്ന ഹോർമുസ് കടലിടുക്കാണ് ഇക്കാര്യത്തിൽ ഇറാന്റെ മുഖ്യ തുരുപ്പുചീട്ട്. ഇറാഖ്, ലെബനൻ, യെമൻ എന്നീ അറബ് രാജ്യങ്ങളിലുള്ള ഇറാൻ അനുകൂല ശക്തികളെ അമേരിക്കയ്ക്കും ആ മേഖലയിലെ യുഎസ് അനുകൂലികൾക്കുമെതിരെ ഉപയോഗിക്കാമെന്നും ഇറാൻ പ്രതീക്ഷിക്കുന്നു. 

ഗൾഫിൽനിന്നു സമുദ്രത്തിലേക്കുളള ഒരേയൊരു കപ്പൽമാർഗമാണ് ഹോർമുസ്. ഇതിന്റെ വടക്ക് ഇറാനും തെക്കു യുഎഇ, ഒമാൻ എന്നിവയുമാണ്. കടലിടുക്കിന്റെ ഏറ്റവും ഇടുങ്ങിയ ഭാഗത്തെ വീതി വെറും 54 കിലോമീറ്റർ. ഇവിടെ കപ്പൽ ഗതാഗതത്തിനു തടസ്സണ്ടാക്കാൻ ഇറാൻ വിചാരിച്ചാൽ കഴിയും. അതോടെ ഗൾഫിൽനിന്നു എണ്ണയുടെ ഒഴുക്ക്് നിലക്കുകയും അതിന്റെ പ്രത്യാഘാതങ്ങൾ ലോകം മുഴുവൻ അനുഭവപ്പെടുകയും ചെയ്യും. 

ഹോർമുസിൽ തടസ്സമുണ്ടാക്കുമെന്നു മുൻപുതന്നെ  പല തവണ ഇറാൻ ഭീഷണിപ്പെടുത്തുകയുണ്ടായി. വേണ്ടിവന്നാൽ അങ്ങനെ ചെയ്യുമെന്നുള്ള സൂചന പ്രസിഡന്റ് റൂഹാനിയുടെ ജുലൈ 22ലെ പ്രസംഗത്തിലുമുണ്ടായിരുന്നു. ഹോർമുസിൽ ഇറാൻ തടസ്സമുണ്ടാക്കുന്നതിനുമുൻപ്തന്നെ അതു തടയാനായി അമേരിക്ക ഇറാനെ ആക്രമിക്കുമെന്നാണ് പലരും കരുതുന്നത്. 

യുഎസ് ഉപരോധം എല്ലാവിധത്തിലും തങ്ങളെ വരിഞ്ഞുമുറുക്കുന്നതോടെ അതിൽനിന്നു രക്ഷപ്പെടാനുളള തന്ത്രമെന്നനിലയിൽ ഇറാൻ ഹോർമുസിനു നേരെ തിരിയുമെന്നു കരുതുന്നവരുമുണ്ട്. അത്രയും കർക്കശമായ വിധത്തിലുള്ള ഉപരോധമാണ് ഇറാനെതിരെ ഇൗ ഒാഗസ്റ്റിലും നവംബറിലുമായി ട്രംപ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇറാനെ മാത്രമല്ല, അതുമായി വ്യാപാരബന്ധം പുലർത്തുന്ന ഇന്ത്യയെപ്പോലുള്ള മറ്റു രാജ്യങ്ങളെയും അതു ബാധിക്കും.  

Hassan-Rouhani-Donald-Trump.jpg.image.784.410

ഇന്ത്യ ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനമാണ് ഇറാന്. ഇറാഖും സൗദി അറേബിയയുമാണ് മറ്റു രണ്ടു രാജ്യങ്ങൾ. യുഎസ് ഉപരോധത്തിൽനിന്ന് ഒഴിവായിക്കിട്ടാൻ ഇന്ത്യ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.  നവംബർ നാലിനാണ് ഇറാന്റെ എണ്ണ കയറ്റുമതിയെയും  രാജ്യാന്തര ബാങ്ക് ഇടപാടുകളെയും ബാധിക്കുന്ന യുഎസ് ഉപരോധം നടപ്പിലാവുക. 

ആണവ ബോംബുണ്ടാക്കുന്നുവെന്ന പേരിൽ എെക്യരാഷ്ട്ര സംഘടനയും അമേരിക്കയും യൂറോപ്യൻ യൂണിയനും ഇറാനെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധം 2015ലെ കരാറിനെതുടർന്നു പിൻവലിച്ചിരുന്നു. അതോടെ ഒട്ടേറെ വിദേശരാജ്യങ്ങളും കമ്പനികളും ഇറാനുമായി വ്യാപാര ബന്ധം പുനരാംഭിക്കാനും ഇറാനിൽ നിക്ഷേപം നടത്താനും തയാറായി.  എന്നാൽ, ഇനി അതുമായി മുന്നോട്ടു പോയാൽ യുഎസ് ഉപരോധം അവരും നേരിടേണ്ടിവരും. ഇതുകാരണം, അമ്പതിലേറെ രാജ്യാന്തര കമ്പനികൾ ഇറാനിൽനിന്നു വിട്ടുപോകാൻ തീരുമാനിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. 

അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന, ജർമനി എന്നിവ  ഉൾപ്പെടെയുള്ള ആറു രാജ്യങ്ങൾ ദീർഘമായ ചർച്ചകളെ തുടർന്നു ഇറാനുമായി ഉണ്ടാക്കിയ 2015ലെ കരാറോടെ ഗുരുതരമായ ഒരു പ്രശ്നത്തിനു തിരശ്ശീലവീണവെന്നാണ് കരുതപ്പെട്ടിരുന്നത്. ഇറാനെ ആണവബോംബ് നിർമാണത്തിൽ നിന്നു പിന്തിരിപ്പിക്കുന്നുവെന്നതായിരുന്നു കരാറിന്റെ കാതൽ. 

എക്കാലത്തെയും മോശമായ കരാർ, മണ്ടൻ കരാർ, പീറ കരാർ, നാറിയ കരാർ എന്നെല്ലാമുള്ള വിശേഷണത്തോടെയാണ് ട്രംപ് അതിനെ തള്ളിപ്പറഞ്ഞത്. കരാറിനുവേണ്ടി മുൻകൈയെടുത്ത മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്കും അതിൽ പങ്കാളികളായ മറ്റു രാജ്യങ്ങളുടെ നേതാക്കൾക്കും ഇതു നാണക്കേടായി. 

കരാറിൽനിന്ന് അമേരിക്ക പിൻവാങ്ങിയെങ്കിലും മറ്റു രാജ്യങ്ങളെല്ലാം അതിൽ ഉറച്ചുനിൽക്കുന്നു. അവരുടെ പിന്തുണയുണ്ടെങ്കിൽ തങ്ങളും വിട്ടുപോവില്ലെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, യുഎസ് ഉപരോധം മൂലം നിൽക്കള്ളിയില്ലാതാകുമ്പോൾ കരാറിൽ നിന്നൊഴിയാനും ആണവപ്രവർത്തനം മുൻപത്തെപ്പോലെ പുനരാരംഭിക്കാനും ഇറാൻ നിർബന്ധിതമായേക്കാം. ഇറാൻ ബോംബുണ്ടാക്കുകയാണെന്ന പേരിൽ അതിനെതിരെ സൈനിക നടപടികൾ ആരംഭിക്കാൻ അമേരിക്കയ്ക്ക് അതു മറ്റൊരു കാരണമായിത്തീരുകയും ചെയ്യും.