Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരട്ടമുഖമുള്ള യുഎസ് റഷ്യാ നയം

വിദേശരംഗം / കെ. ഉബൈദുള്ള
putin-trump.jpg.image.784.410

സാധാരണഗതിയിൽ സങ്കൽപ്പിക്കാൻ പോലും കഴിയാത്തതാണിത് : രണ്ടു വൻശക്തികളുടെ തലവന്മാർ സൗഹൃദത്തിന്റെ ഉച്ചകോടിയിൽ നിൽക്കുമ്പോൾ അവരുടെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം അടിക്കടി ഇടിഞ്ഞു തകർന്നുകൊണ്ടിരിക്കുന്നു. 

അമേരിക്കയുടെയും റഷ്യയുടെയും പ്രസിഡന്റുമാർ, ഡോണൾഡ് ട്രംപും വ്ളാഡിമീർ പുടിനും ഫിൻലൻഡിലെ ഹെൽസിങ്കിയിൽ തമ്മിൽ കാണുകയും സൗഹൃദം പുതുക്കുകയും ചെയ്തതു കഷ്ടിച്ച് ഒരു മാസം മുൻപാണ്. ഇക്കഴിഞ്ഞ ബുധനാഴ്ച (ഒാഗസ്റ്റ് എട്ട്) ട്രംപ് ഭരണകൂടം റഷ്യയ്ക്കെതിരെ പുതിയ ഉപരോധം പ്രഖ്യാപിച്ചു. കൂടുതൽ കർശനമായ ഉപരോധം ഇനിയും വരാനിരിക്കുന്നു. റഷ്യയ്ക്കെതിരെ അമേരിക്ക നേരത്തെ പ്രഖ്യാപിച്ച ഉപരോധങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്. സാമ്പത്തിക യുദ്ധപ്രഖ്യാപനമായിട്ടാണ് ഇതിനെയെല്ലാം റഷ്യ കാണുന്നത്. 

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇത്രയും മോശമായ  സന്ദർഭം ഇതിനുമുൻപുണ്ടായിട്ടില്ല. സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിലുണ്ടായിരുന്ന ശീതയുദ്ധത്തെ ഇതോർമിപ്പിക്കുന്നു. ബന്ധം കൂടുതൽ മോശമാകാനുള്ള സാഹചര്യങ്ങൾ ഉരിത്തിരിഞ്ഞുവരികയാണെന്നു ഭീതിയും നിലനിൽക്കുന്നു. 

trump-putin-football.jpg.image.784.410

അമേരിക്കയുടെ പുതിയ ഉപരോധം ആ രാജ്യത്തിനു നേരെ റഷ്യ കൈക്കൊണ്ട ഏതെങ്കിലും നടപടിയുടെ പേരിലുളളതല്ല, അഞ്ചുമാസം മുൻപ് ബ്രിട്ടനിൽ റഷ്യ നടത്തിയതായി ആരോപിക്കപ്പെടുന്ന രാസായുധപ്രയോഗത്തിനുള്ള ശിക്ഷയാണ്. ആ സംഭവത്തിൽ പ്രതിഷേധിച്ച് ഇൗ വർഷം ഏപ്രിലിൽതന്നെ ബ്രിട്ടൻ  ഉൾപ്പെടെയുളള രണ്ടു ഡസനിലേറെ രാജ്യങ്ങളോടൊപ്പം അമേരിക്കയും റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പുറത്താക്കുകയുണ്ടായി. 

അതിന്റെ തുടർച്ചയാണ് റഷ്യയിലേക്കുളള ചില പ്രത്യേക സാധനങ്ങളുടെ കയറ്റുമതി നിരോധിച്ചുകൊണ്ടുള്ള പുതിയ യുഎസ് നടപടി. നിരോധനം നടപ്പാകാൻ ഇൗ മാസം 22വരെ സമയമുണ്ടെങ്കിലും അതിന്റെ പ്രത്യാഘാതങ്ങൾ ഉടൻതന്നെ റഷ്യയുടെ സാമ്പത്തിക മേഖലയിൽ അനുഭവപ്പെടാൻ തുടങ്ങി. റഷ്യൻ നാണയമായ റൂബിളിന്റെ വിനിമയവില പെട്ടെന്നിടിഞ്ഞു.

മാർച്ച് നാലിനു ബ്രിട്ടനിലെ സോൾസ്ബറി നഗരത്തിൽ രാസാക്രമണത്തിന് ഇരയായതു സെർജി സ്ക്രിപൽ എന്ന മുൻ റഷ്യൻ ചാരനും മകൾ യൂലിയയുമായിരുന്നു. ആശുപത്രിയിൽ അവർക്കു മരണവുമായി മല്ലടിക്കേണ്ടിവന്നു. നോവിച്ചോക്ക് എന്ന അതീവമാരകമായ രാസവസ്തു അവരുടെ വസതിയുടെ മുൻവാതിലിൽ തേച്ചുപിടിപ്പിച്ചിരുന്നതായി ബ്രിട്ടീഷ് പൊലീസ് കണ്ടെത്തി. സ്ക്രിപലിനും മകൾക്കും വിഷബാധയുണ്ടായത് അതിൽ സ്പർശിച്ചതിനെ തുടർന്നാണെന്നായിരുന്നു നിഗമനം. ഇതു റഷ്യൻ ചാരന്മാരുടെ പണിയാണെന്നു ബ്രിട്ടൻ കുറ്റപ്പെടുത്തുകയുംചെയ്തു. 

russia-uk.jpg.image.784.410

സ്ക്രിപൽ റഷ്യൻ ചാരവിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന കാലത്തു ബ്രിട്ടനുവേണ്ടിയും ചാരപ്പണി ചെയ്തിരുന്നു.  പിടിക്കപ്പെടുകയും റഷ്യയിൽ ജയിലിലാവുകയും ചെയ്തു. പിന്നീടു പാശ്ചാത്യ രാജ്യങ്ങളുമായി റഷ്യ നടത്തിയ ചാരകൈ്കമാറ്റത്തെ തുടർന്നു മോചിതനായി. അന്നു മുതൽ ബ്രിട്ടനിൽ താമസിക്കുകയായിരുന്നു. പകതീരാതിരുന്ന റഷ്യ അയാളെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നായിരുന്നു ബ്രിട്ടന്റെ ആരോപണം. 

ഇൗ അക്രമണത്തിലൂടെ അവരെ മാത്രമല്ല, ബ്രിട്ടനെയും അതിലെ ജനങ്ങളെയും പൊതുവിൽതന്നെ അപകടത്തിലാക്കുകയാണ് റഷ്യ ചെയ്തതെന്നുബ്രിട്ടീഷ് പ്രധാനമന്ത്രി തെറേസ മേയ് കുറ്റപ്പെടുത്തുകയുണ്ടായി. റഷ്യയുമായി ബന്ധമില്ലാത്ത  മറ്റൊരു സത്രീ പിന്നീടു നോവിച്ചേക്ക് വിഷബാധയേറ്റുമരിക്കുകയും  അവരുടെ കൂടെയുണ്ടായിരുന്നു പുരുഷൻ അവശനിലയിൽ ആശുപത്രിയിലാവുകയും ചെയ്തു. 

പാശ്ചാത്യലോകത്തു റഷ്യയ്ക്കെതിരെ രോഷവും അമർഷവും വളരാൻ ഇൗ സംഭവങ്ങൾ കാരണമായതു സ്വാഭാവികം. എന്നാൽ, ഇതിന്റെ പേരിൽ റഷ്യയെ വിമർശിക്കാൻ തുടക്കം മുതൽക്കേ ട്രംപ് മടിക്കുകയാണ് ചെയ്തത്. അതേസമയം, പാശ്ചാത്യരാജ്യങ്ങൾ പ്രതിഷേധ സൂചകമായി റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയപ്പോൾ അവരോടൊപ്പം ചേരാൻ അദ്ദേഹം നിർബന്ധിതനായി. 60 പേരെയാണ് അമേരിക്ക പുറത്താക്കിയത്. സിയാറ്റിലിലെ റഷ്യൻ കോൺസുലേറ്റ് പൂട്ടാൻ ഉത്തരവിടുകയും ചെയ്തു. 

രാസ-ജൈവായുധങ്ങൾ നിയന്ത്രിക്കുകയും അത്തരം ആയുധങ്ങൾ ഉപയോഗിച്ചുളള യുദ്ധം ഇല്ലാതാക്കുകയും ചെയ്യാൻ ഗവൺമെന്റ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു നിയമം 1991 മുതൽ അമേരിക്കയിൽ പ്രാബല്യത്തിലുണ്ട്. അതനുസരിച്ചുളളതാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് റഷ്യയ്ക്കെതിരെ പ്രഖ്യാപിച്ചിട്ടുള്ള പുതിയ ഉപരോധം. ഏതെങ്കിലും രാജ്യം രാസ-ജൈവായുധങ്ങൾ പ്രയോഗിച്ചതായി ബോധ്യപ്പെട്ടാൽ രണ്ടു മാസത്തിനകം നടപടി സ്വീകരിക്കണം. ഇപ്പോഴത്തെ നടപടി ഒരു മാസം വൈകി. അതിനു കാരണം ട്രംപിന്റെ താൽപര്യക്കുറവാണെന്നും ആരോപണമുണ്ട്. 

Donald-Trump-1.jpg.image.784.410

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സാധനങ്ങളുടെ റഷ്യയിലേക്കുളള കയറ്റുമതി പുതിയ ഉപരോധംമൂലം നിരോധിക്കപ്പെടുന്നു. ഗ്യാസ് ടർബൈൻ എൻജിനുകൾ, ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ, കാലിബ്രേഷൻ ഉപകരണങ്ങൾ എന്നിവ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. കോടിക്കണക്കിനു ഡോളറുകളുടെ നഷ്ടം ഇതുമൂലം റഷ്യയ്ക്കുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. മൂന്നു മാസത്തിനു ശേഷം വരാനിടയുള്ള ഉപരോധം ഇതിന്റെ എത്രയോ ഇരട്ടി വലുതായിരിക്കുകയും ചെയ്യും. 

ഉപരോധത്തിനു വിധേയമായ രാജ്യം ആദ്യഘട്ട ഉപരോധം നടപ്പായ ശേഷം മൂന്നു മാസത്തിനകം ചില ഉറപ്പുകൾ നൽകണമെന്നു യുഎസ് നിയമം അനുശാസിക്കുന്നു. രാസായുധങ്ങൾ ഇനി ഉപയോഗിക്കില്ലെന്നും അവ നിർമാർജനം  ചെയ്യുന്നതിന്റെ ഭാഗമായി വിദഗ്ദ്ധർ നടത്തുന്ന പരിശോധന തടയില്ലെന്നുമാണ് ഉറപ്പുനൽകേണ്ടത്. 

ഇല്ലെങ്കിൽ കൂടുതൽ കർശനമായ രണ്ടാം ഘട്ട ഉപരോധത്തെ നേരിടേണ്ടിവരും. നയതന്ത്രബന്ധം വെട്ടിക്കുറക്കുക, റഷ്യയുടെ ദേശീയ വിമാനമായ ഏറോഫ്്ളോട്ടിനു യുഎസ് വിമാനത്താവളങ്ങളിൽ ഇറങ്ങാൻ അനുമതി നിഷേധിക്കുക, റഷ്യൻ ബാങ്കുകളുമായുളള  ഇടപാടുകൾ നിരോധിക്കുക തുടങ്ങിയ നടപടികളായിരിക്കും ഇൗ ഉപരോധത്തിൽ ഉൾപ്പെടുക. അതോടെ റഷ്യയുടെ സാമ്പത്തിക സ്ഥിതി തീർത്തും അവതാളത്തിലായേക്കാം. 

നാലു വർഷം മുൻപ് റഷ്യ അതിന്റെ അയൽരാജ്യമായ യുക്രെയിനിൽ സൈനികമായി ഇടപെട്ടതിനെ തുടർന്നുണ്ടാകാൻ തുടങ്ങിയതാണ് റഷ്യയുമായുളള പാശ്ചാത്യ രാജ്യങ്ങളുടെ പുതിയ ശീതയുദ്ധം. യുക്രെയിന്റെ ഭാഗമായ കൈ്രമിയ റഷ്യ സ്വന്തമാക്കുകയുമുണ്ടായി.  യൂറോപ്യൻ യൂണിയനും അമേരിക്കയും റഷ്യയ്ക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും ജപ്പാൻ, കാനഡ, സ്വിറ്റ്സർലൻഡ്, ഒാസ്ട്രേലിയ തുടങ്ങിയ മറ്റു ചില രാജ്യങ്ങൾകൂടി അവരോടൊപ്പം ചേരുകയുംചെയ്തു. 

എണ്ണകയറ്റുമതി രാജ്യമായ റഷ്യക്ക് ആ സമയത്തു രാജ്യാന്തര വിപണിയിലുണ്ടായ എണ്ണവിലയിടിവിനെയും നേരിടേണ്ടിവന്നു. എങ്കിലും എണ്ണവില പിന്നീടു കൂടാൻ തുടങ്ങിയതോടെ സ്ഥിതിഗതികൾ പതുക്കെ മെച്ചപ്പെടുകയായിരുന്നു. 

അതിനിടയിലാണ് 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടുവെന്ന ആരോപണം ഉയരുകയും അമേരിക്കയുമായുള്ള ബന്ധം വീണ്ടും മോശമാകാൻ അതു കാരണമാവുകയും ചെയ്തത്. ട്രംപിന്റെ മുൻഗാമിയായ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകൂടം അമേരിക്കയിലെ 35 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി.   

vladimir-putin.jpg.image.784.410

ട്രംപ് അധികാരത്തിലെത്തുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്ന പ്രതീക്ഷയും അതോടെ അസ്ഥാനത്തായി. തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടതു ട്രംപിനെ ജയിപ്പിക്കാനാണെന്നാണ് ആരോപണം. എന്നിട്ടും റഷ്യയ്ക്കെതിരെ നടപടിയെടുക്കാൻ അദ്ദേഹത്തിന്റെ ഭരണകൂടവും നിർബന്ധിതമായി. പ്രസിഡന്റ് പുടിനുമായി അടുത്ത ബന്ധമുളള ചില റഷ്യൻ കോടീശ്വരന്മാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും കമ്പനികൾക്കുമെതിരെ ഏപ്രിലിൽ നടപ്പാക്കിയ ഉപരോധം അതിനുദാഹരണമായിരുന്നു. അമേരിക്കയിലെ അവരുടെ ആസ്തികളും ബാങ്ക് എക്കൗണ്ടുകളും മരവിപ്പിക്കപ്പെട്ടു.

പുതിയ യുഎസ് ഉപരോധത്തിനെതിരെ മൂർച്ചയേറിയ ഭാഷയിലാണ് റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവ്പ്രതികരിച്ചത്. രാഷ്ടീയവും സാമ്പത്തികവുംമറ്റു വിധത്തിലുള്ളതുമായ തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം താക്കീതു നൽകുകയും ചെയ്തു. പക്ഷേ, പുടിൻ ഒന്നും പറഞ്ഞില്ല. ഏതു കാര്യത്തെപ്പറ്റിയും അപ്പപ്പോൾ ട്വിറ്ററിലൂടെ പ്രതികരിക്കുക പതിവുള്ള ഡോണൾഡ് ട്രംപും നിശ്ശബ്ദത പാലിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.