Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുർക്കിയുടെ മിത്രമാര്, ശത്രുവാര് ?

വിദേശരംഗം  / കെ. ഉബൈദുള്ള
trump-erdogan

തുർക്കിയിൽ കഴിയുന്ന അമേരിക്കൻ ക്രൈസ്തവ പുരോഹിതൻ ആൻഡ്രൂ ബ്രൺസനെപ്പറ്റി അമേരിക്കയിലോ തുർക്കിയിലോ അധികമാരും അറിഞ്ഞിരുന്നില്ല. പെട്ടെന്നു സ്ഥിതിമാറി. ഇരുരാജ്യങ്ങളും തമ്മിൽ നടന്നുവരുന്ന അഭൂതപൂർവമായ വടംവലിയുടെ കേന്ദ്രബിന്ദുവായിത്തീർന്നിരിക്കുകയാണ് ഇപ്പോൾ അദ്ദേഹം. 

തുർക്കി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കു ഒരു കാരണവും ഇൗ വടംവലിയാണെന്നു പറയപ്പെടുന്നു. തുർക്കിയുടെ നാണയമായ ലീറയ്ക്കു യുഎസ് ഡോളറുമായുളള വിനിമയ നിരക്കിൽ കനത്ത ഇടിവുപറ്റി. ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരയുദ്ധവും നടന്നുവരുന്നു. 66 വർഷം പഴക്കമുളള യുഎസ്-തുർക്കി സൈനിക സഖ്യത്തിന്റെ ഭാവിയും ഇതോടെ സംശയത്തിലായി. 

അമേരിക്കയുമായുളള തുർക്കിയുടെ ബന്ധം നേരത്തെ തന്നെ ഉലയുകയായിരുന്നു. രണ്ടു വർഷം മുൻപ് (2016 ജൂലൈയിൽ) തുർക്കിയിൽ നടന്ന പരാജയപ്പെട്ട പട്ടാള വിപ്ളവത്തോടെ അതു മൂർഛിച്ചു. വിപ്ളവം ആസൂത്രണം ചെയ്തതു ദീർഘകാലമായി അമേരിക്കയിലെ പെൻസിൽവാനിയയിൽ കഴിയുന്ന തുർക്കി പൗരനും ഇസ്ലാമിക പണ്ഡിതനുമായ ഫത്ഹുല്ല ഗുലനാണെന്നാണ് തുർക്കി പ്രസിഡൻ് റസിപ് തയ്യിപ് എർദൊഗാന്റെ ആരോപണം. ഇദ്ദേഹം മുൻപ് എർദൊഗാന്റെ സുഹൃത്തായിരുന്നു. പിന്നീടു തെറ്റിപ്പിരിഞ്ഞു നാടുവിട്ടു.  

വിചാരണയ്ക്കു വേണ്ടി ഗുലനെ വിട്ടുകിട്ടണമെന്നു നിരന്തരമായി ആവശ്യപ്പെട്ടിട്ടും  അമേരിക്ക സമ്മതിക്കാത്തത് എർദൊഗാനെ രോഷംകൊള്ളിക്കുന്നു. പട്ടാള വിപ്്ളവത്തെ അമേരിക്ക വേണ്ടത്ര ശക്തമായി അപലപിച്ചില്ലെന്ന പരാതിയും അദ്ദേഹത്തിനുണ്ട്. 

ANKARA, July 16, 2018 (Xinhua) -- Turkish President Recep Tayyip Erdogan makes a speech during a commemoration event marking the second anniversary of the defeated failed coup in 2016 in Ankara, Turkey, July 15, 2018. (Xinhua/IANS)

ആ സംഭവത്തെ തുടർന്നു  വളരെ കർശനമായ ശിക്ഷാ നടപടികളാണ് എർദൊഗാൻ അഴിച്ചുവിട്ടത്. പട്ടാള വിപ്ളവത്തിൽ സഹകരിച്ചുവെന്ന പേരിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒന്നര ലക്ഷം പേരെ പിരിച്ചുവിട്ടു. രാഷ്ട്രീയ പ്രവർത്തകരും ജേർണലിസ്റ്റുകളും മനുഷ്യാവകാശവാദികളും ഉൾപ്പെടെ അരലക്ഷം പേരെ തടങ്കലിലാക്കി.  അറസ്റ്റ് ഭയന്ന് ഒട്ടേറെ പേർ നാടുവിട്ടു. പട്ടാള വിപ്ളവത്തെ തുടർന്നു മൂന്നു മാസത്തേക്കു പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിന്നീടു പല തവണ നീട്ടി രണ്ടു വർഷംവരെ തുടർന്നു. ഇതിനെയെല്ലാം അമേരിക്ക വിമർശിച്ചതും എർദൊഗാനു രസിച്ചില്ല.  

ഇതിനിടയിലാണ് ബ്രൺസൻ പ്രശ്നവും ഉയർന്നുവന്നത്. അമേരിക്കയിലെ നോർത്ത് കാരൊലൈനയിൽ ജനിച്ചുവളർന്ന ഇൗ അൻപതുകാരൻ തുർക്കിയിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഇസ്മീറിൽ കൈ്രസ്തവസഭാ പ്രവർത്തനവുമായി എത്തിയതു രണ്ടു പതിറ്റാണ്ടു മുൻപാണ്. ഭാര്യയും മൂന്നു മക്കളുമുണ്ട്. വിവാദങ്ങളിലൊന്നും ചെന്നുപെട്ടിരുന്നില്ല. പക്ഷേ, 2016 ഒക്ടോബറിൽ പെട്ടെന്ന് അറസ്റ്റ്ചെയ്യപ്പെട്ടു. 

പരാജയപ്പെട്ട പട്ടാള വിപ്ളവുമായി ബ്രൺസൻ സഹകരിക്കുകയും നിരോധിക്കപ്പെട്ട കുർദിസ്ഥാൻ വർക്കേഴ്സd പാർട്ടിയുമായി (പികെകെ) ബന്ധം പുലർത്തുകയും ചെയ്തുവെന്നാണ്  ആരോപണം. കുറ്റക്കാരനെന്നു കണ്ടാൽ 35 വർഷംവരെ തടവായിരിക്കും ശിക്ഷ. ആരോപണം ബ്രൺസൻ നിഷേധിക്കുന്നു.

മുഖ്യമായും ദക്ഷിണ തുർക്കിയിൽ നിവസിക്കുന്ന  ന്യൂനപക്ഷ വിഭാഗമായ കുർദുകൾക്ക് ഒരു പ്രത്യേക രാജ്യംവേണമെന്ന ആവശ്യവുമായി ദീർഘകാലമായി തുർക്കി ഗവൺമെന്റുമായി യുദ്ധത്തിലാണ് പികെകെ. രാജ്യത്തു നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന ഇവരെ ഭീകരസംഘടനയെന്നു മുദ്രകുത്തിയാണ് നിരോധിച്ചിട്ടുള്ളത്. അമേരിക്കയും അവരെ കാണുന്നത് ആ നിലയിലാണ്. 

എന്നാൽ, തുർക്കിയുടെ അയൽരാജ്യമായ സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ചെറുക്കാൻ പോരാടുന്ന വൈപിജി എന്ന ചുരുക്കപ്പേരുളള കുർദ് സായുധ സംഘടനയെ അമേരിക്ക സഹായിക്കുന്നുണ്ട്. വൈപിജി യഥാർഥത്തിൽ  പികെകെയുടെ ഒരു ഉപവിഭാഗമാണെന്നു  കരുതുന്ന തുർക്കി ഇതിനെ അപലപിക്കുന്നു. യുഎസ്-തുർക്കി ബന്ധം ഉലഞ്ഞുകൊണ്ടിരിക്കുന്നതിൽ ഇതും ഒരു വലിയ പങ്കുവഹിക്കുന്നു. 

turky

ബ്രൺസനെതിരായ തുർക്കിയുടെ ആരോപണം അമേരിക്ക തള്ളിക്കളയുകയാണ് ചെയ്തത്. അദ്ദേഹത്തെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ആറു ലക്ഷം പേർ ഒപ്പിട്ട ഒരു ഭീമഹർജി പ്രസിഡന്റ് ഡോണൾഡ് ട്രംപിനു സമർപ്പിക്കപ്പെടുകയുണ്ടായി. ബ്രൺസനെ നിരുപാധികം വിട്ടയക്കണമെന്നു ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ശക്തമായി ആവശ്യപ്പെടുകയായിരുന്നു. 

ഫത്ഹുല്ല ഗുലനെ തിരിച്ചയക്കാൻ സമ്മതിച്ചാൽ അക്കാര്യം ആലോചിക്കാമെന്നായിരുന്നു തുർക്കിയുടെ  നിലപാട്. ബ്രൺസനെ വിട്ടുകിട്ടാൻ ഗുലനെ തുർക്കി തുരുപ്പുചീട്ടായി ഉപയോഗിക്കുകയാണെന്ന് അമേരിക്ക സംശയിക്കുന്നു. അദ്ദേഹത്തെ ഉടൻ വിട്ടയച്ചില്ലെങ്കിൽപ്രത്യാഘാങ്ങൾ നേരിടേണ്ടിവരുമെന്നു താക്കീതു നൽകുകയും ചെയ്തു. പക്ഷേ, തുർക്കി അതവഗണിച്ചു. 

ഇൗ മാസം ആദ്യത്തിൽ തുർക്കിയുടെ നീതിന്യായ മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ ഉപരോധം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അമേരിക്കയുടെ  പ്രതികരണം. ബ്രൻസന്റെ തടങ്കലിന് ഉത്തരവാദികൾ അവരാണെന്ന പേരിലായിരുന്നു ഇൗ നടപടി. തുർക്കി തിരിച്ചടിക്കുകയും രണ്ടു യുഎസ് ഉദ്യാഗസ്ഥരുടെ തുർക്കിയിലെ ആസ്തികൾ മരവിപ്പിക്കുകയും ചെയ്തു. 

പിന്നീടുണ്ടായത് ഏതാണ്ടൊരു വ്യാപാരയുദ്ധമാണ്. തുർക്കിയിൽനിന്നു ഇറക്കുമതി ചെയ്യുന്ന ഉരുക്ക്, അലൂമിനിയം എന്നിവയുടെ മേലുള്ള ചുങ്കം അമേരിക്ക ഇരട്ടിയാക്കി. തുർക്കിയിൽനിന്ന് അമേരിക്ക അധികമാന്നും അലൂമിനിയം ഇറക്കുമതിചെയ്യുന്നില്ലെങ്കിലും അമേരിക്കയ്ക്ക് ഏറ്റവുമധികം ഉരുക്ക് നൽകുന്ന രാജ്യങ്ങളിലൊന്നാണ് തുർക്കി. ചുങ്കവർധന തുർക്കിയുടെ ഉരുക്ക് വ്യവസായത്തെ ക്ഷീണിപ്പിക്കും. 

സഖ്യരാജ്യമായ തുർക്കിയെ അമേരിക്ക പിന്നിൽനിന്നു കുത്തിയെന്നാണ് ഇതിനെപ്പറ്റി പ്രസിഡന്റ് എർദൊഗാൻ വിലപിച്ചത്. മൊബൈൽ ഫോൺ ഉൾപ്പെടെയുളള യുഎസ് ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. കാറുകൾ, മദ്യം, പുകയില, കോസ്മെറ്റിക്സ്, അരി, കൽക്കരി തുടങ്ങിയ യുഎസ് സാധനങ്ങളുടെ ഇറക്കുമതിച്ചുങ്കം വർധിപ്പിക്കുകയും ചെയ്തു.

Donald-Trump

പരസ്പരം ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചുകൊണ്ട് ഏതാനും മാസങ്ങളായി അമേരിക്കയും ചൈനയും തമ്മിൽ  നടന്നുവരുന്ന വ്യാപാരയുദ്ധത്തെ ഇതോർമിപ്പിക്കുന്നു. എന്നാൽ, തുർക്കിയുമായുള്ള യുഎസ് ബന്ധം ചൈനയുമായുള്ളതുപോലെയല്ല. യുഎസ് നേതൃത്വത്തിൽ 1949ൽ രൂപം കൊണ്ട പാശ്ചാത്യ സൈനിക സഖ്യമായ  നാറ്റോയിലെ സുപ്രധാന അംഗമാണ് തുർക്കി. നാറ്റോയിലെ 29 അംഗങ്ങളിൽ യുഎസ് കഴിഞ്ഞാൽ ഏറ്റവും വലിയ സൈന്യം തുർക്കിയുടേതാണ്. മധ്യപൂർവദേശത്തെ ഏറ്റവും വലിയ നാറ്റോ വ്യോമസേനാ താവളം തുർക്കിയിലെ ഇൻസിലെർക്കിൽ സ്ഥിതിചെയ്യുന്നു. ഒട്ടേറെ യുഎസ്-ആണവ മിസൈലുകളും അവിടെ വിന്യസിപ്പിച്ചിട്ടുണ്ട്. 

സോവിയറ്റ് യൂണിയനിൽനിന്നുളള ആക്രമണ ഭീഷണി ചെറുക്കാനെന്ന പേരിൽ സ്ഥാപിതമായതാണ് നാറ്റോ. ഇപ്പോൾ സോവിയറ്റ് യൂണിയന്റെ സ്ഥാനത്തു റഷ്യയാണ്. അമേരിക്കയിൽനിന്നു മാനസികമായി  അകലുന്തോറും തുർക്കി റഷ്യയുമായി അടുത്തുകൊണ്ടിരിക്കുന്നു. തുർക്കിയുമായുള്ള ബന്ധത്തിന്് അമേരിക്ക അർഹിക്കുന്ന പ്രാധാന്യം കൽപ്പിക്കുന്നില്ലെങ്കിൽ തങ്ങൾ വേറെ സുഹൃത്തുക്കളെ തേടുമെന്ന് ഇൗയിടെ എർദൊഗാൻ വെട്ടിത്തുറന്നു പറഞ്ഞതും ഇതിനോടു ചേർത്തുവായിക്കാം.  

അമേരിക്കയ്ക്ക് ഒട്ടും ഇഷ്ടപ്പെടാത്ത വിധത്തിൽ ഇറാനുമായും അടുപ്പത്തിലാണ് തുർക്കി. അമേരിക്കയുടെ ഉറ്റസുഹൃത്തായ ഇസ്രയേലുമായി കടുത്ത വൈരാഗ്യത്തിലുമാണ്. ഇസ്രയേലുമായി നയതന്ത്ര ബന്ധമുളള അപൂർവം ചില മുസ്ലിം രാജ്യങ്ങളിൽ ഒന്നെന്ന സവിശേഷതയാണ് മുൻപുണ്ടായിരുന്നത്.  ഇസ്രയേലും അമേരിക്കയും വെറുക്കുന്ന പലസ്തീൻ തീവ്രവാദി സംഘടനയായ ഹമാസിനോടു തുർക്കി മമത പുലർത്തുകയാണെന്ന ആരോപണവുമുണ്ട്. 

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം രൂപംകൊണ്ട രാജ്യാന്തര രാഷ്ട്രീയ സമവാക്യമാണ് ഏറ്റക്കുറച്ചലോടെ ഇപ്പോഴും നിലനിൽക്കുന്നത്. ട്രംപ്-എർദൊഗാൻ വടംവലി അതിനെ അട്ടിമറിക്കുമോയെന്ന ചോദ്യം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു.