Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തൊരു പതനം, വെനസ്വേല !

വിദേശരംഗം  / കെ. ഉബൈദുള്ള
nicolas-maduro

ഒരു കാലത്ത് തെക്കെ അമേരിക്കയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായിരുന്നു വെനസ്വേല. ഇപ്പോഴും ലോകത്തിൽവച്ചേറ്റവും  വലിയ എണ്ണനിക്ഷേപം അവിടെയാണ്. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയിൽ (ഒപെക്) എണ്ണയുടെ ഉൽപാദനത്തിൽ വെനസ്വേല ആറാം സ്ഥാനത്തു നിൽക്കുന്നു. 

പക്ഷേ, സ്വന്തം രാജ്യത്തു ജീവിക്കാനാവാതെ അയൽരാജ്യങ്ങളിലേക്കു കൂട്ടത്തോടെ പലായനം ചെയ്യുകയാണ് വെനസ്വേലയിലെ ജനങ്ങൾ. ആകെയുണ്ടായിരുന്ന മൂന്നേകാൽ കോടി ജനങ്ങളിൽ 23 ലക്ഷംവരെയാളുകൾ (ഏഴുശതമാനം) ഇങ്ങനെ കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ നാടുവിട്ടതായി െഎക്യരാഷ്ട്ര സംഘടന ചൂണ്ടിക്കാട്ടുന്നു.

മൂന്നു വർഷംമുൻപ്, പശ്ചേിമേഷ്യയിലെ സിറിയയിനിന്ന് ആഭ്യന്തര യുദ്ധത്തെ തുടർന്നുണ്ടായ അഭൂതപൂർവമായ അഭയാർഥി പ്രവാഹത്തെയാണ് ഇതോർമിപ്പിക്കുന്നത്. എന്നാൽ, വെനസ്വലയിലെ സ്ഥിതിവിശേഷത്തിനു കാരണം ആഭ്യന്തര കലാപമല്ല, നിയന്ത്രണാതീതമായ സാമ്പത്തിക പ്രതിസന്ധിയാണ്്. അതിനു പരിഹാരം കാണാനാകാതെ പ്രസിഡന്റ് നിക്കൊളാസ് മദുറോയുടെ ഗവൺമെന്റ്് നട്ടംതിരിയുന്നു. ഇതുപോലൊരു നിസ്സഹയാവസ്ഥ സമീപകാലത്തൊന്നും തെക്കെ അമേരിക്കയിലെ ഒരു ജനതയ്ക്കും നേരിടേണ്ടിവന്നിട്ടില്ല.

ജനങ്ങളിൽ അഞ്ചിൽ നാലുപേർ വീതം പട്ടിണിയിലാണെന്നാണ് റിപ്പോർട്ടുകൾ. വേണ്ടത്ര ഭക്ഷണ സാധനങ്ങൾ കിട്ടാനില്ല. ഉള്ളതിനെല്ലാം താങ്ങാനാവാത്ത വില. മരുന്നുകൾക്കും ക്ഷാമം. ഡോക്ടർമാർ നാടുവിടുന്നതു കാരണം ആശുപത്രികളുടെ പ്രവർത്തനവും അവതാളത്തിലായി. 

Venezuela-Protest

ദശകങ്ങൾക്കുമുൻപ് വെനസ്വേല നിർമാർജനം ചെയ്ത മലമ്പനിയും ഡിഫ്തീരിയയും പോലുള്ള രോഗങ്ങൾ തിരിച്ചുവരുന്നുവെന്നാണ് സൂചനകൾ.  പോഷകാഹാരക്കുറവുമൂലം കുട്ടികൾ കൂട്ടത്തോടെ മരിക്കാനുള്ള സാധ്യതയും വർധിച്ചുവരുന്നു. സ്കൂളുകളും പ്രവർത്തിക്കുന്നില്ല. ഇതെല്ലാം കാരണം അടുത്ത തലമുറയുടെ ഭാവിയും അപകടത്തിലാകുന്നു. മൂന്നിലൊരാൾക്കു ജോലിയില്ല. ഗവൺമെന്റ് മിനിമം വേതനം നിശ്ചയിച്ചിട്ടുണ്ടങ്കിലും അനിയന്ത്രിതമായ വിലക്കയറ്റം കാരണം തൊഴിലാളികൾക്ക് അരിഷ്ടിച്ചിട്ടുപോലും ജീവിക്കാകാൻ അതുമതിയാവുന്നില്ല.

ഇൗ സ്ഥിതി പെട്ടെന്നുണ്ടായതല്ലെന്നതാണ് വാസ്തവം. ചുരുങ്ങിയതു നാലു വർഷമെങ്കിലുമായി രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണ്. അതിനെ തരണംചെയ്യാൻ ഗവൺമെന്റ് കൈക്കൊണ്ട നടപടികളൊന്നും ഫലപ്രദമായില്ല. രാജ്യത്തിന്റെ നാണയമായ ബോളിവാറിന്റെ മൂല്യം കുറയ്ക്കുകയും മിനിമം വേതനം കൂട്ടുകയുമാണ് മുഖ്യമായും ഗവൺമെന്റ് ചെയ്തത്. നാണ്യപ്പെരുപ്പം കൂടുതൽ വർധിക്കാനും അവശ്യസാധനങ്ങളുടെ വില വാണംപോലെ ഉയരാനും ഇതുകാരണമായി. പല ഭാഗങ്ങളിൽനിന്നും വാങ്ങിയ കടങ്ങളുടെ തിരിച്ചടവു മുടങ്ങിയതോടെ പുതുതായി കടംകിട്ടാനുളള വാതിലുകൾ അടയുകയും ചെയ്തു. 

നാണയപ്പെരുപ്പം 2014ൽ 69 ശതമാനമായപ്പോൾതന്നെ അതു ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു.2015ൽ 181 ശതമാനമായി. 2016ൽ 8000, ഇക്കഴിഞ്ഞ ജൂലൈ അവസാനത്തിൽ 83,000. ഇങ്ങനെപോയാൽ ഇൗ വർഷാവസാനത്തോടെ പത്തുലക്ഷം ശതമാനമാകുമെന്നാണ് രാജ്യാന്തര നാണയനിധി (എെഎംഎഫ്) മുന്നറിയിപ്പ് നൽകിയിട്ടുളളത്. വിലക്കയറ്റം കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പ്പിനും ഇടയാക്കുന്നു. അക്രമങ്ങൾ വർധിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. തലസ്ഥാന നഗരമായ കരാക്കസിലാണ് ഇൗ വർഷം ലോകത്തിൽ ഏറ്റവുമധികം കൊലപാതകങ്ങൾ നടന്നതെന്നും ഒരു റിപ്പോർട്ടിൽ പറയുന്നു.

venezuela-brazil

നിൽക്കക്കള്ളിയില്ലാതെ ജനങ്ങൾ അയൽരാജ്യങ്ങളായ കൊളംബിയയിലേക്കും ബ്രസീലിലേക്കുമാണ് പലായനം ചെയ്യുന്നത്. കൊളംബിയയിലൂടെ ഇക്വഡോർ, പെറു, ചിലി എന്നിവിടങ്ങളിലേക്കും കടക്കാൻ ശ്രമിക്കുന്നു.ഇതിനുവേണ്ടി കുട്ടികളും വൃദ്ധരും ഗർഭിണികളായ സ്ത്രീകളും ഉൾപ്പെടെ പലരും കിലോമീറ്ററുകൾ നടക്കുകയാണ്. യൂറോപ്പിലെ സ്പെയിനിൽ അഭയം പ്രാപിച്ചവരും ഏറെയുണ്ട്. ദശകങ്ങളൾക്കുമുൻപ് സ്പെയിനിൽനിന്നു വെനസ്വേലയിൽ കുടിയേറിയവരുടെ പിന്മുറക്കാരാണ് ഇവരിൽ അധികപേരും. 

മറ്റു പല തെക്കെ അമേരിക്കൻ രാജ്യങ്ങളെയും പോലെ മുൻപ് സ്പെയിനിന്റെ കോളണിയായിരുന്നു വെനസ്വേല. സ്പെയിനിന്റെ ആധിപത്യത്തിനെതിരായ സ്വാതന്ത്ര്യ സമരത്തെ നയിച്ചതു സൈമൺ ബോളിവാർ എന്ന വെനസ്വേലക്കാരനായിരുന്നു. അദ്ദേഹത്തിന്റെ പേരിലുള്ള രാജ്യാന്തരപാലം വെനസ്വേലയെ കൊളംബിയയുമായി ബന്ധിപ്പിക്കുന്നു. അതിലൂടെ വെനസ്വേലയിൽനിന്നു കൊളംബിയയിലേക്കു കടക്കാൻ എളുപ്പമാണ്. ആ രാജ്യത്താണ് ഏറ്റവുമധികം വെനസ്വേലക്കാർ (ആറുലക്ഷം) അഭയംതേടി എത്തിയിരിക്കുന്നതും. 

കൊളംബിയയിൽനിന്നു ഇക്വഡോറിലേക്കും പെറുവിലേക്കും കടക്കുക ഇപ്പോൾ മിക്കവാറും അസാധ്യമായിത്തീർന്നു. പാസ്പോർട്ടുളളവരെ മാത്രമേ കടത്തിവിടുന്നുള്ളൂ. മുൻപ് എെഡന്റിറ്റി കാർഡ് മതിയായിരുന്നു. പാസ്പോർട്ട് കിട്ടാനുമുണ്ട് പ്രയാസം. കടലാസ്സിന്റെയും മഷിയുടെയും ക്ഷാമം കാരണം പാസ്പോർട്ട് നൽകുന്നതിനു വെനസ്വേലയിലെ ഗവൺമെന്റ് കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. എങ്കിലും, 

VENEZUELA-ECONOMY-CRISIS-CURRENCY

വൻതുക കൈമടക്കിയാൽ വളഞ്ഞവഴിയിലൂടെ പാസ്പോർട്ട് കിട്ടും. അത്തരം അണ്ടർഗ്രൗണ്ട് ബിസിനസുകളും തഴച്ചുവളരുന്നു. ഇതിനിടയിൽ ബ്രസീലിന്റെ അതിർത്തിയിൽ വെനസ്വേലൻ അഭയാർഥികളുടെ നേരെ ആക്രമണവുമുണ്ടായി. ഇക്കാരണത്താലും കൊളംബിയയിലെ വെനേസ്വേനൽ അഭയാർഥികളുടെ എണ്ണം കൂടിവരുന്നു. 

എണ്ണ കയറ്റുമതിയിലൂടെ വെനസ്വേല ധാരാളം പണം സമ്പാദിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ, രാജ്യത്തിന്റെ സാമ്പത്തികാടിത്തറ ശക്തിപ്പെടുത്താൻ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആസൂത്രണംചെയ്യുന്നതിൽ ഭരണാധികാരികൾ പരാജയപ്പെട്ടു. ഇന്നത്തെ പ്രതിസന്ധിക്കൊരു കാരണം അതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അഞ്ചു വർഷമായി രാജ്യം ഭരിക്കുന്ന മദുറോയും അദ്ദേഹത്തിനു മുൻപ് 14 വർഷം അധികാരത്തിലിരുന്ന ഹ്യൂഗോ ഷാവെസും ഇതിന് ഒരുപോലെ ഉത്തരവാദികളാണെന്നു പലരും കുറ്റപ്പെടുത്തുന്നു. 

മുൻപ് പട്ടാളത്തിലെ ഉദ്യോഗസ്ഥനായിരുന്ന ഷാവെസ് നാൽപ്പത്തിനാലാം വയസ്സിൽ 1999ൽ ആദ്യമായി പ്രസിഡന്റാകുമ്പോൾ വെനസ്വേലയുടെ സാമ്പത്തിക സ്ഥിതി ഒട്ടും ആശാവഹമായിരുന്നില്ല. ജനങ്ങളിൽ പകുതിപേരും ദാരിദ്ര്യ രേഖയ്ക്കു താഴെയായിരുന്നു. എണ്ണവില പെട്ടെന്നുയരാൻ തുടങ്ങുകയും കാലക്രമത്തിൽ 100 ഡോളർ വരെയാവുകയും ചെയ്തു. ദാരിദ്ര്യ നിർമാർജനത്തിനുള്ള ഒട്ടേറെ പരിപാടികൾ നടപ്പാക്കാൻ എണ്ണപ്പണം ഷാവെസിന് ഉപകരിച്ചു. 

ഭക്ഷണവും മരുന്നും മറ്റ് അവശ്യ സാധനങ്ങളും കുറഞ്ഞ വിലയക്കു ലഭിക്കാൻ തുടങ്ങിയതോടെ ജനങ്ങൾ സന്തുഷ്ടരായി. തുടർന്നു നടന്ന മൂന്നു തിരഞ്ഞെടുപ്പുകളിലും ഷാവെസിനു വിജയം നേടാൻ അതു സഹായകമാവുകയുംചെയ്തു. യുഎസ് ഉപരോധംമൂലം വീർപ്പുമുട്ടിയിരുന്ന ക്യൂബയെ സഹായിക്കാനും പെട്രോഡോളർ ഷാവെസിനു തുണയായി.    

ഷാവെസ് 2013ൽ കാൻസർ രോഗം കാരണം അന്തരിച്ചതോടെയാണ് വെനസ്വേലയുടെ സാരഥ്യം നിക്കൊളാസ് മദുറോയുടെ ചുമലിലായത്. മുൻപ് ബസ് ഡ്രൈവറും തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന ഇൗ അമ്പത്തിയഞ്ചുകാരൻ ഷാവെസിന്റെ വിദേശമന്ത്രിയായിരുന്നു. പക്ഷേ, ജനപ്രീതിയിലും വ്യക്തി പ്രഭാവത്തിലും ഷാവെസിന്റെ നാലയലത്തുപോലും എത്താൻ മദുറോയ്ക്കായില്ല. രാജ്യാന്തര വിപണിയിൽ എണ്ണ വില അടിക്കടി ഇടിയുകയും വെനസ്വേല വൻസാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്തപ്പോൾ അതിനെ നേരിടുന്നതിൽ മദുറോ പരാജയപ്പെടുകയും ചെയ്തു. 

security-guards

എണ്ണയാണ് മുൻപ് ജനജീവിതം മെച്ചപ്പെടാൻ കാരണമായതെങ്കിൽ ഇപ്പോൾ വെനസ്വേല നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ കേന്ദ്രബിന്ദുവും എണ്ണയാണ്. രാജ്യവരുമാനത്തിന്റെ 95 ശതമാനവും എണ്ണ  കയറ്റുമതിയെ ആശ്രയിച്ചിരിക്കുന്നു. എണ്ണ വിറ്റുകിട്ടുന്ന പണംകൊണ്ടു ഭക്ഷണസാധനങ്ങളും മറ്റ് ഒട്ടേറെ അവശ്യവസ്തുക്കളും വിദേശ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. 2014 ൽ എണ്ണവില ഇടിയാൻ തുടങ്ങിയതോടെ അതു ദുഷ്ക്കരമായിത്തീർന്നു. അവശ്യ സാധനങ്ങളുടെ ദൗർലഭ്യം അവയുടെ വിലക്കയറ്റത്തിനു കാരണമാവുകയും നാണയപ്പെരുപ്പം ക്രമാതീതമായി വർധിക്കുകയുംചെയ്തു. 

അങ്ങാടിയിൽനിന്നു ചെറിയൊരു സാധനം വാങ്ങാൻ വലിയൊരു സഞ്ചിയിൽ നോട്ടുകെട്ടുകളുമായി പോകേണ്ട ഗതികേടിലായി ജനങ്ങൾ. ഇതിനെ മറികടക്കാൻ നാണയം (കറൻസി)തന്നെ മാറ്റിക്കൊണ്ടുള്ള പരിഷ്ക്കാരമാണ് ഏറ്റവുമൊടുവിൽ ഗവൺമെന്റ് നടപ്പാക്കിയിരിക്കുന്നത്. പഴയ നോട്ടിലെ അവസാനത്തെ അഞ്ചു പൂജ്യങ്ങൾ ഒഴിവാക്കി, പുതിയ പേരിൽ പുതിയ നോട്ടുകൾ അടിച്ചിറക്കി. 

സാമ്പത്തിക പ്രതിസന്ധിക്കൊപ്പം രാഷ്ട്രീയ വടംവലിയും രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഗവൺമെന്റും പ്രതിപക്ഷവും തമ്മിലുള്ള സംഘർഷം ഷാവെസിന്റെ കാലത്തുതന്നെ തുടങ്ങിയതാണ്. ഷാവെസിനെപ്പോലെ മദുറോയും ഏകാധിപത്യപ്രവണത കാണിക്കുകയും ജനാധിപത്യ സ്ഥാപനങ്ങൾക്കു തുരങ്കം വയ്ക്കുകയും ചെയ്യുകയാണെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. മദുറോയെ താഴെയിറക്കാനായി പ്രതിപക്ഷം പലതവണ പ്രക്ഷോഭം നടത്തുകയുമുണ്ടായി. 

അമേരിക്കയുടെ സഹായത്തോടെ ഗവൺമെന്റിനെ അട്ടിമറിക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നാണ് മദുറോയുടെ ആരോപണം. തന്നെ വധിക്കാൻ പോലും ഒന്നിലേറെ തവണ ശ്രമം നടന്നുവെന്നും അതിലും അമേരിക്കയ്ക്കു പങ്കുണ്ടെന്നും മദുറോ കുറ്റപ്പെടുത്തുന്നു. ഇൗ മാസാദ്യത്തിൽ മദുറോ ഒരു പൊതുചടങ്ങിൽ പ്രസംഗിച്ചുകൊണ്ടിരിക്കേ, സ്ഫോടക വസ്തുക്കൾ നിറച്ച രണ്ടു ഡ്രോണുകൾ അതിനടുത്തുകൂടെ പറക്കുകയും അവയിലൊന്നു പൊട്ടിത്തെറിക്കുകയുണ്ടായി. അതാണ് തനിക്കെതിരെ നടന്ന ഏറ്റവും ഒടുവിലത്തെ വധശ്രമമായി അദ്ദേഹം ആരോപിക്കുന്നത്. 

maduro

ഷാവെസ് തുടങ്ങിവച്ച സോഷ്യലിസ്റ്റ് നയപരിപാടികളിലുള്ള കടുത്ത അനിഷ്ടം അമേരിക്ക ഒരിക്കലും മറച്ചുവച്ചിരുന്നില്ല. യുഎസ് ഉടമസ്ഥതയിലുളള എണ്ണക്കമ്പനികൾ  ഷാവെസ് ദേശസാൽക്കരിക്കുകയുണ്ടായി. ക്യൂബയ്ക്കും അമേരിക്കയുമായി ഇടഞ്ഞുനിന്ന മറ്റു ചില ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്കും ഷാവെസ് സാമ്പത്തിക സഹായം നൽകിയതും അമേരിക്കയെ ചൊടിപ്പിച്ചു. വെനസ്വേലയ്ക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്താൻ തുടങ്ങുകയും ചെയ്തു.  

അമേരിക്ക തന്നെ അട്ടിമറിക്കാൻ  ശ്രമിക്കുകയാണെന്നു ഷാവെസും ആരോപിച്ചുകൊണ്ടിരുന്നു. 2002ൽ നടന്ന പരാജയപ്പെട്ട പട്ടാളവിപ്ളവം അതിനുള്ള ഉദാഹരണമായി അദ്ദേഹം  ചുണ്ടിക്കാണിക്കുകയുമുണ്ടായി. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണത്തിൽ തനിക്കെതിരെ അമേരിക്കയുടെ സൈനിക നടപടിയുണ്ടാകുമോയെന്നു പോലും ഭയപ്പെടുകയാണത്രേ മദുറോ. അനിയന്ത്രിതമായിക്കഴിഞ്ഞ സാമ്പത്തിക-രാഷ്ട്രീയ സ്ഥിതിഗതികളുടെ പശ്ചാത്തലത്തിൽ സ്വന്തം പട്ടാളംതന്നെ അദ്ദേഹത്തെ അട്ടിമറിക്കാനുള്ള സാധ്യതയും എല്ലാവരും തള്ളിക്കളയുന്നില്ല.