Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറിയൻ യുദ്ധം അന്ത്യത്തോട് അടുക്കുമ്പോൾ

വിദേശരംഗം  / കെ. ഉബൈദുള്ള
Syria-attack

നാലു ലക്ഷത്തിലേറെ പേരുടെ മരണത്തിനിടയാക്കി ഏഴു വർഷമായി സിറിയയിൽ നടന്നുവരുന്ന ആഭ്യന്തരയുദ്ധം അവസാനിക്കാൻ പോവുകയാണ്. പക്ഷേ, നല്ലകാര്യമെന്നു കരുതി ആശ്വസിക്കാൻ വരട്ടെ. ലോകത്തെ മുഴുവൻ നടുക്കുന്ന ഒരു കൂട്ടക്കൊലയുടെ അകമ്പടിയോടെയായിരിക്കും ഒരുപക്ഷേ യുദ്ധത്തിന്റെ അന്ത്യം. 

വടക്കു പടിഞ്ഞാറൻ സിറിയയിലെ ഇദ്ലിബ് പ്രവിശ്യ തിരിച്ചുപിടിച്ചുകൊണ്ട് യുദ്ധത്തിലെ അന്തിമവിജയം ആഘോഷിക്കാൻ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ സൈന്യം തയാറായി നിൽക്കുകയാണ്. അഭൂതപൂർവമായ ചോരച്ചൊരിച്ചലിനു കളമൊരുങ്ങുകയാണെന്ന ഭീതിയിൽ ഇദ്ലിബിലെ മുപ്പതു ലക്ഷത്തോളം ജനങ്ങൾ വിറപൂണ്ടിരിക്കുന്നു. 

അസദിന്റെ ഭരണത്തിനെതിരെ 2011 മാർച്ചിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭമാണ് ഏതാനും മാസങ്ങൾക്കകം ആഭ്യന്തര യുദ്ധമായി മാറിയത്. അതിന്റെ ഫലമായി രാജ്യം മിക്കവാറും തകർന്നു പ്രേതഭൂമിപോലെയായി. ജനങ്ങളിൽ പകുതിയിലേറെപേർ (ഏതാണ്ട് ഒന്നേകാൽ കോടി) സ്വന്തം വീടുകളിൽനിന്നു പിഴുതെറിയപ്പെട്ടു. അവരിൽ 50 ലക്ഷം പേർ മറുനാടുകളിൽ അഭയം തേടിയപ്പോൾ അതിലുമേറെ പേർ സിറിയക്കകത്തുതന്നെ പരക്കംപായുന്ന ഗതികേടിലായി.  

ഇത്രയേറെ മാനുഷിക ദുരന്തരങ്ങൾക്കുശേഷവും യുദ്ധം സമാപിക്കാൻ പോകുന്നത് അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ നേടിയെടുക്കാനാവാതെയാണ്. അസദിന്റെ ഏകാധിപത്യം അവസാനിക്കുന്നതിനെക്കുറിച്ചു സിറിയയ്ക്കകത്തും പുറത്തും  പലർക്കുമുണ്ടായിരുന്ന സ്വപ്നങ്ങൾക്കു  തിരശ്ശീല വീഴാൻ പോവുന്നു. ലോകമെങ്ങും ഏകാധിപതികൾക്ക് ഇതു നവോന്മേഷം പകരുമ്പോൾ ജനാധിപത്യവാദികൾ ദുഖിതരുംനിരാശരുമായിത്തീരുന്നു. 

രാജ്യത്തിന്റെ പലഭാഗങ്ങളും അസദ് വിരുദ്ധസേനകൾ പടിച്ചടക്കുകയുണ്ടായി. സിറിയയിലെ ഏറ്റവും വലിയ നഗരമായ അലപ്പോ, തലസ്ഥാനമായ ദമസ്ക്കസിനു സമീപമുള്ള കിഴക്കൻ ഗൂത്ത, അസദ് വിരുദ്ധ പ്രക്ഷോഭത്തിനു തുടക്കംകുറിച്ച ദറാ, മറ്റു പ്രധാന നഗരങ്ങളായ ആഫ്രിൻ, ഹോം, റഖ, മായദിൻ എന്നിവ ഇക്കൂട്ടത്തിൽപ്പെടുന്നു. പക്ഷേ, കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ മുഖ്യമായും റഷ്യൻ സഹായത്തോടെ അവ ഒന്നൊന്നായി അസദ് തിരിച്ചുപിടിച്ചു.

Syria-War

അവശേഷിക്കുന്ന ഒരേയൊരു സുപ്രധാന പ്രദേശമാണ് രാജ്യത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തുകിടക്കുന്ന ഇദ്ലിബ് പ്രവിശ്യ. വിസ്തീർണം 6,000 ചതുരശ്ര കിലോമീറ്റർ. കേരളത്തിന്റെ ആറിലൊന്നിലും ചെറിയ സ്ഥലം. അതും തിരിച്ചുപിടിക്കാനായി അസദിന്റെ പട്ടാളം സർവസന്നാഹങ്ങളുമായി അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്നു. അവരെ സഹായിക്കാനായി റഷ്യൻ വ്യോമസേനയും നാവികസേനയും ഒരുങ്ങിനിൽക്കുന്നുണ്ട്. ഇതോടനുബന്ധിച്ച് സിറിയൻ തീരത്തെ മെഡിറ്ററേനിയൻ കടലിൽ ഒട്ടേറെ യുദ്ധക്കപ്പലുകളും പോർ വിമാനങ്ങളും പങ്കെടുത്ത സൈനികാഭ്യാസവും റഷ്യ ഇൗയിടെ നടത്തുകയുണ്ടായി. 

ഇറാന്റെ ഭടന്മാരും സിറിയൻ സൈന്യത്തോടൊപ്പം തയാറായി നിൽക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.ലെബനനിലെ ഇറാൻ അനുകൂല,  സായുധ സംഘടനയായ ഹിസ്ബുല്ലയും അസദിനെ സഹായിച്ചുകൊണ്ട് സിറിയയിൽ പ്രവർത്തിക്കുന്നതായി നേരത്തെതന്നെ ആരോപണമുണ്ട്. ഇദ്ലിബിൽ താവളമടിച്ചിട്ടുളള അസദ് വിരുദ്ധ പോരാളികളെതുരത്തുകയാണ് ഇവരുടെയെല്ലാം ലക്ഷ്യം. 

ഇദ്ലിബിലെ അസദ് വിരുദ്ധ പോരാളികൾ പതിനായിരം മുതൽ മുപ്പതിനായിരം വരെപേർ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവരിൽ ഭൂരിപക്ഷവും ജിഹാദിസ്റ്റുകൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന മതാധിഷ്ഠിത തീവ്രവാദി സംഘങ്ങളിൽപ്പെടുന്നവരാണ്. എത്രയും വേഗം കീഴടങ്ങണമെന്നും അല്ലെങ്കിൽ അതിശക്തമായ ആക്രമണത്തെ നേരിടേണ്ടിവരുമെന്നുമാണ് അസദിന്റെ ഗവൺമെന്റും റഷ്യയും അവർക്കു മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ജനങ്ങൾ കൂട്ടത്തോടെ കൊല്ലപ്പെടുമെന്ന കാരണത്താൽ റഷ്യ ആക്രമിക്കാൻ മടിച്ചേക്കുമെന്ന ധൈര്യത്തിൽ അവർ കീഴടങ്ങാൻ വിസമ്മതിക്കുകയും ചെയ്യുന്നു. 

അസദ് സേനയും എതിരാളികളും  അന്യോന്യം രാസായുധങ്ങൾ ഉപയോഗിക്കാനിടയുണ്ടെന്ന ഭീതിയും നിലനിൽക്കുകയാണ്. സിറിയൻ ആഭ്യന്തര യുദ്ധത്തിൽ ഇതിനുമുൻപും രാസായുധങ്ങൾ പ്രയോഗിക്കപ്പെട്ടതായി ആരോപണമുണ്ട്. ഇൗ സാഹചര്യത്തിൽ ഇദ്ലിബിലെ  30 ലക്ഷത്തോളം ജനങ്ങളുടെ ഭീതിയും പരിഭ്രാന്തിയും ഉൗഹിക്കാവുന്നതേയുള്ളൂ.  

അവരിൽ പകുതിയോളംപേർ നേരത്തെതന്നെ അവിടെയുള്ളവരാണെങ്കിൽ മറ്റുള്ളവരെല്ലാം സിറിയയുടെ ഇതര ഭാഗങ്ങളിലെ യുദ്ധത്തിനിടയിൽ  ഉള്ളതെല്ലാം ഇട്ടെറിഞ്ഞ്  ജീവനുംകൊണ്ട് ഒാടി രക്ഷതേടിയെത്തിയവരാണ്. വന്ന സ്ഥലങ്ങളിലേക്കു തന്നെ തിരിച്ചുപോകാൻ അവർക്കാവില്ല. അത്രയും ദുരിതപൂർമാണ് അവിടങ്ങളിലെ സ്ഥിതി. 

തുർക്കിയുമായി അതിർത്തിപങ്കിടുന്ന പ്രദേശമായതിനാൽ തുർക്കിയിലേക്കു രക്ഷപ്പെടാനാകുമായിരുന്നു. എന്നാൽ, തുർക്കി അധികൃതർ അതിർത്തി അടച്ചതിനാൽ അതും അസാധ്യമായി. തുർക്കിയിൽ ഇപ്പോൾതന്നെ 35 ലക്ഷം സിറിയൻ അഭയാർഥികളുണ്ട്. അതു മൂലമുള്ള പ്രയാസങ്ങൾ അനുഭവിച്ചുവരുന്ന തുർക്കി ഇനിയും അഭയാർഥികളെ സ്വീകരിക്കാൻ വിസമ്മതിക്കുന്നു. 

Protest-against-bombing-in-Syria

തുർക്കി ഉൾപ്പെടെ പല രാജ്യങ്ങളും അസദിന്റെ പതനത്തിനുവേണ്ടി ആഗ്രഹിച്ചവരും മതതീവ്രവാദികളല്ലാത്ത അസദ് വിരുദ്ധരെ സഹായിച്ചുകൊണ്ടിരുന്നവരുമാണ്. അമേരിക്കയെപ്പോലുളള പാശ്ചാത്യ രാജ്യങ്ങളും ഇക്കൂട്ടത്തിൽപ്പെടുന്നു. അവരുടെയെല്ലാം സിറിയൻ നയത്തിന്റെ പരാജയത്തിനാണ് ഇദ്ലിബ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. 

അറബ് വസന്തം എന്ന പേരിൽ പിന്നീട് അറിയപ്പെടാൻ തുടങ്ങിയ ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു 2011ൽസിറിയയിൽ അസദിനെതിനെതിരെ പൊട്ടിപ്പുറപ്പെട്ട സമരം. ആദ്യം തുനീസ്യയിലും പിന്നീടുഇൗജിപ്തിലുമുണ്ടായ സമാന പ്രക്ഷോഭത്തിന്റെ വിജയം സിറിയക്കാരെയും തെരുവിലിറങ്ങാൻ പ്രേരിപ്പിക്കുകയായിരുന്നു. നിഷ്ഠുരമായ വിധത്തിലാണ്  അസദ് അവരെ നേരിട്ടത്. പ്രക്ഷോഭം ആഭ്യന്തരയുദ്ധമായി മാറുകയും പല രാജ്യങ്ങളും അസദ്വിരുദ്ധ സേനകളെ പിന്തുണയ്ക്കാൻ തുടങ്ങുകയും ചെയ്തത്അതിനെതുടർന്നാണ്. 

എന്നാൽ, സിറിയക്കാരല്ലാത്ത ചില പ്രബല ശക്തികളുടെ താൽപര്യങ്ങൾ തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലിനും ക്രമേണസിറിയ വേദിയായിത്തീർന്നു. വിമതർക്കിടിൽതന്നെയുള്ള അനൈക്യവും ഇസ്ലാമിക് സ്റ്റേറ്റ്്  പോലുളള മതാധിഷ്ഠിത തീവ്രവാദികളുടെ സാന്നിധ്യവും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കി. റഷ്യയും ഇറാനും സഹായത്തിനെത്തിയതോടെ അസദിന്്   എതിരാളികളുടെ മുന്നേറ്റത്തെ ഫലപ്രദമായി ചെറുത്തുനിൽക്കാനാവുകയും ചെയ്തു.  

അസദിനെ റഷ്യ സഹായിക്കുമെന്നതു പ്രതീക്ഷിക്കാവുന്നതായിരുന്നു. അസദിന്റെ പിതാവായ ഹാഫിസ് അൽ അസദിന്റെ കാലംമുതൽ സിറിയയ്ക്കു സോവിയറ്റ് യൂണിയനുമായുണ്ടായിരുന്ന സുദൃഡ ബന്ധമാണ് ഇപ്പോൾ വ്ളാഡിമീർ പുടിന്റെ റഷ്യയുമായും തുടർന്നുവരുന്നത്. മധ്യപൂർവദേശത്തു റഷ്യയുമായി സൈനിക സഖ്യമുള്ള ഒരേയൊരു രാജ്യമാണ് സിറിയ. അവിടെ മെഡിറ്ററേനിയൻ കടൽത്തീരത്തുളള താർത്തസിലാണ് റഷ്യയുടെ ഒരു സുപ്രധാന നാവികസേനാ താവളം സ്ഥിതിചെയ്യുന്നതും. യുഎസ് പിന്തുണയുള്ള വിമതരുടെ കൈകളിൽ സിറിയ എത്തിപ്പെടുന്നതോടെ ഇതു നഷ്ടപ്പെടുന്നതു റഷ്യക്കു ചിന്തിപ്പിക്കാൻ പോലും വയ്യ. 

ഇസ്ലാമിക വിപ്്ളവത്തിനുശേഷമുള്ള ഇറാനുമായും സിറിയയ്ക്കു സുദൃഡബന്ധമാണുള്ളത്. സദ്ദാം ഹൂസൈന്റെ ഇറാഖുമായി ഇറാൻ എട്ടുവർഷം (1980-1988) യുദ്ധത്തിലായിരുന്നപ്പോൾ ഇറാനെ പിന്തുണച്ച ഒരേയൊരു അറബ് രാജ്യം ഹാഫിസ് അൽ അസദിന്റെ സിറിയയായിരുന്നു. ബഷാർ അൽ അസദിനെ അട്ടിമറിക്കാൻ അമേരിക്കയും മറ്റും ശ്രമിക്കുന്നപ്പതു തങ്ങളെ   ക്ഷീണിപ്പിക്കാനുളള ഉദ്ദേശ്യത്തോടു കൂടിയാണെന്നും ഇറാൻ കരുതുന്നു. സിറിയൻ ആഭ്യന്തരയുദ്ധത്തിൽ റഷ്യയോടൊപ്പംഇറാനും അസദിനെ സഹായിക്കുന്നതിന്റെ പശ്ചാത്തലം ഇതാണ്.  

അസദ് പുറത്തുപോകണമെന്ന് ഏറ്റവും ശക്തമായി ആവശ്യപ്പെടുകയായിരുന്നു സിറിയയുടെ വടക്കു ഭാഗത്തെ  അതിർത്തിപങ്കിടുന്ന തുർക്കി.  എന്നാൽ, അസദിന്റെ പതനത്തിനു ശേഷമുളള സിറിയയിലെ സ്ഥിതിഗതികൾ തങ്ങൾക്ക്  എത്രത്തോളം ഗുണകരമാകുമെന്ന കാര്യത്തിൽ  തുർക്കി പ്രസിഡന്റ് തയ്യിപ് റസിപ് എർദൊഗാൻ  സംശയാലുവായിരിക്കുകയാണത്രേ. തുർക്കിയുടെ കണ്ണിലെ കരടായ സിറിയൻ കുർദുകളെ അമേരിക്ക സഹായിക്കുന്നതാണ് ഇതിനൊരു കാരണം. മറ്റു ചില കാരണങ്ങളാൽ തുർക്കി അമേരിക്കയുമായി ഇടയുകയും റഷ്യയുമായി അടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നതും ഇതിന്റെ പശ്ചാത്തലത്തിലുണ്ട്. 

അസദിനെ താഴെയിറക്കുന്നതിനേക്കാളധികം സിറിയയുടെ ഭാവി നിർണയിക്കുന്ന കാര്യത്തിൽ റഷ്യയുമായും ഇറാനുമായും സഹകരിച്ചു പ്രവർത്തിക്കുന്നതിലാണ് തുർക്കിക്ക്  ഇപ്പോൾ താൽപര്യം. റഷ്യയ്്ക്കടുത്തുള്ള കസഖ്സ്ഥാനിലെ അസ്താനയിൽ ഇൗ വെളളിയാഴ്ച (സെപ്റ്റംബർ ഏഴ്) റഷ്യ, ഇറാൻ, തുർക്കി എന്നിവയുടെ നേതാക്കൾ തമ്മിൽ നടക്കാൻ പോകുന്ന ഉച്ചകോടി ഇതിനുദാഹരണമാണ്. 

putin

സിറിയയുടെ കാര്യത്തിൽ അമേരിക്കയ്ക്കു മുൻപുണ്ടായിരുന്നത്ര താൽപര്യം ഇപ്പോഴില്ലെന്നും വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. അസദിനു റഷ്യൻ പ്രസിഡന്റ് വ്ളാഡിമീർ പുടിനിൽനിന്നു കിട്ടുന്നതു പോലുള്ള ഉദാരമായ സഹായം  അസദ്വിരുദ്ധർക്കു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൽനിന്നു കിട്ടുന്നില്ല. 

എങ്കിലും, ഇദ്ലിബിൽ അസദ് സൈന്യം രാസായുധം പ്രയോഗിക്കുകയാണെങ്കിൽ നോക്കിനിൽക്കില്ലെന്നു ട്രംപ് പ്രഖ്യാപിച്ചിരിക്കുകയാണ്. 2017 ഏപ്രിലിൽ ഇദ്ലിബ് പ്രവിശ്യയിലെതന്നെ ഖാൻ ഷെയ്ക്കൂൻ പട്ടണത്തിൽ നടന്ന രാസായുധ പ്രയോഗം ഇൗ സന്ദർഭത്തിൽ ഒാർമിക്കപ്പെടുന്നു. വിഷവാതകം ശ്വസിച്ചും ശ്വാസംമുട്ടിയും ഒട്ടേറെ കുട്ടികൾ ഉൾപ്പെടെ എൺപതിലേറെ പേർ മരിച്ചു.  

രാസാക്രമണം നടത്തിയ സിറിയൻ വിമാനങ്ങൾ പുറപ്പെട്ടതെന്നു സംശയിക്കപ്പെടുന്ന വ്യോമസേനാ താവളത്തിനു നേരെ മിസൈൽ ആക്രമണം നടത്തിക്കൊണ്ടാണ് ട്രംപ് ഇതിനോടു പ്രതികരിച്ചത്. സിറിയയുടെ ഒട്ടേറെ  വിമാനങ്ങളും മറ്റുപകരണങ്ങളും തകരുകയും ആറുപേർ മരിക്കുകയും ചെയ്തു. 

സമാനമായ സംഭവം ഇക്കഴിഞ്ഞ ഏപ്രിലിലുമുണ്ടായി. ദമസ്ക്കസിനു സമീപമുള്ള ദൂമയിൽ സിവിലിയന്മാരുടെ നേർക്കു അസദ് സൈന്യം രാസായുധം പ്രയോഗിച്ചുവെന്നായിരുന്നു ആരോപണം. തിരിച്ചടിയായി സിറിയയുടെ രാസായുധ സംഭരണശാലകളെന്നു സംശയിക്കുന്ന കെട്ടിടങ്ങൾക്കെതിരെ നടന്ന മിസൈൽ ആക്രമണത്തിൽ അമേരിക്കയോടൊപ്പം ബ്രിട്ടനും ഫ്രാൻസും ചേർന്നു.

ഇദ്ലിബിൽ രാസായുധം പ്രയോഗിക്കാൻ ഒരുങ്ങിനിൽക്കുന്നത് തങ്ങളല്ലെന്നും എതിരാളികളാണെന്നും അസദിന്റെ സൈന്യം അവകാശപ്പെടുന്നതും ഇതിനോടു ചേർത്തുവായിക്കാം. തങ്ങൾക്കെതിരെ അമേരിക്കയുടെ മിസൈൽ ആക്രമണത്തിനു സാഹചര്യമൊരുക്കുകയാണ് അവരുടെ ഉദ്ദേശ്യമെന്നും സൈന്യം കുറ്റപ്പെടുത്തുന്നു. ഇദ്ലിബിലെ ജനങ്ങൾ ഭയാക്രാന്തരായിരിക്കാൻ ഇതും കാരണമായിത്തീരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.