ഇൗ വൈറ്റ്ഹൗസിൽ എല്ലാം വിചിത്രം

പ്രസിഡന്റ് ഡോണൾഡ് ട്രംപ് അമേരിക്കയുടെ വഴിതെറ്റിക്കുകയും, ലോകത്തെ പൊതുവിൽതന്നെ അപകടത്തിൽ ചാടിക്കുകയുംചെയ്യും-ഇങ്ങനെയൊരു  മുന്നറിയിപ്പ് നൽകുകയാണ് ഒരു പുതിയ പുസ്തകം. എഴുപത്തിയൊന്നുകാരനായ യുഎസ് പ്രസിഡന്റിനെ ഇൗ പുസ്തകം നിർത്തിപ്പൊരിക്കുന്നു. അതു സംബന്ധിച്ച വിവാദങ്ങളുടെ പ്രളയമാണ് ഇപ്പോൾ അമേരിക്കയിൽ.  

അമേരിക്കയിലെ ഏറ്റവും പ്രശസ്ത പത്രപ്രവർത്തകരിൽ ഒരാളായ ബോബ് വുഡ്‌വാഡ് എഴുതിയ ഇൗ പുസ്തകം (ഫിയർ: ട്രംപ് ഇൻ ദ് വൈറ്റ് ഹൗസ്്) അടുത്ത ചൊവ്വാഴ്ച (സെപ്റ്റംബർ 11) പുറത്തിറങ്ങാനിരിക്കുന്നതേയുളളൂ. എങ്കിലും അതിലെ സ്ഫോടനാത്മകമായ ചില ഭാഗങ്ങൾ ഇതിനകം അമേരിക്കയിലെയും ബ്രിട്ടനിലെയും പ്രമുഖ മാധ്യമങ്ങളിൽ വരികയും ചൂടുപിടിച്ച ചർച്ചകൾക്കു വിഷയമാവുകയും ചെയ്തുകഴിഞ്ഞു.

ലോകോത്തര വൻശക്തിയുടെ നായകനായിരിക്കാൻ ഒട്ടും യോഗ്യനല്ലാത്ത ഒരു പ്രസിഡന്റിന്റെയും തികഞ്ഞ അരാജത്വം നടമാടുന്ന ഒരു ഭരണകൂടത്തിന്റെയം അന്ധാളിപ്പിക്കുന്ന ചിത്രമാണ് അവയിലൂടെ പ്രത്യക്ഷപ്പെടുന്നത്. സമാനമായ ഒരു പുസ്തകം (മൈക്കൽ വൂൾഫ്  എഴുതിയ ഫയർ ആൻഡ് ഫ്യൂറി : ഇൻസൈഡ്് ദ് ട്രംപ് വൈറ്റ് ഹൗസ്) ഇൗ വർഷം ജനുവരിയിൽ പുറത്തിറങ്ങുകയും കോളിളക്കം സൃഷ്ടിക്കുകയുമുണ്ടായി.

രാഷ്ട്രീയത്തിൽ അനുഭവപരിചയമില്ലാത്ത മുൻ റിയൽഎസ്റ്റേറ്റ്് ബിസിനസുകാരനായ കോടീശ്വരൻ ട്രംപിനു രാജ്യം ഭരിക്കാൻ ആവശ്യമായ  ബുദ്ധിപരമായ കഴിവും മാനസിക പക്വതയും ഉണ്ടോയെന്ന കാര്യത്തിൽ ഏറ്റവും അടുത്ത ചില സഹപ്രവർത്തകർക്കു പോലുമുള്ള സംശയമാണ് അതു വരച്ചുകാട്ടിയിരുന്നത്. 

വുഡ്‌വാഡിന്റെ പുസ്തകം  ആ സംശയം സ്ഥിരീകരിക്കുകമാത്രമല്ല, വൈറ്റ്ഹൗസിൽ എന്താണ് നടക്കുന്നതെന്നു ചിലപ്പോൾ ട്രംപ് അറിയുന്നുപോലുമില്ലെന്നു വെളിപ്പെടുത്തുകയുംചെയ്യുന്നു. പുസ്തകം എഴുതിയതു വുഡ്‌വാഡാണെന്നതുതന്നെ അതിൽ പറയുന്ന കാര്യങ്ങളുടെ ആധികാരികതയ്ക്കു സാക്ഷ്യംവഹിക്കുന്നു. 

നാലര പതിറ്റാണ്ടുകൾക്കുമുൻപ് അന്നത്തെ യുഎസ് പ്രസിഡന്റ് റിച്ചഡ് നിക്സനെ രാജിവയ്ക്കാൻ നിർബന്ധിതനാക്കിയ വാട്ടർഗേറ്റ് അപവാദം പുറത്തുകൊണ്ടുവന്നത് വുഡ്‌വാഡും സഹപ്രവർത്തകനായ കാൾ  ബേൺസ്റ്റീനുമായിരുന്നു. വാഷിങ്ടൺ പോസ്റ്റ് പത്രത്തിന്റെ റിപ്പോർട്ടർമാരായിരുന്നു ഇരുവരും. സത്യത്തോടുളള പ്രതിബദ്ധതയുടെയും അതിനു പ്രചോദനമേൽകുന്ന മാധ്യമധർമത്തിന്റെയും ഉജ്ജ്വല മാതൃകകളായിരുന്നു അവരുടെ റിപ്പോർട്ടുകൾ. 

അവയുടെ അടിസ്ഥാനത്തിലാണ് നിക്സനെ ഇംപീച്ച് ചെയ്തു പുറത്താക്കാൻ ശ്രമമുണ്ടായത്. അതിനുളള നടപടിക്രമങ്ങൾ തുടങ്ങുന്നതിനുമുൻപുതന്നെ 1974ൽ അദ്ദേഹം രാജിവച്ചു. പത്രപ്രവർത്തനത്തിനുള്ള ഏറ്റവും ഉന്നത യുഎസ് ബഹുമതിയായ പുലിറ്റ്സർ പ്രൈസിന് വുഡ്‌വാഡും ബേൺസീനും അർഹരായി.  ബിൽ ക്ളിന്റൻ, ജോർജ് ഡബ്ളിയു. ബുഷ്, ബറാക് ഒബാമ എന്നീ പ്രസിഡന്റുമാരുടെ കാലത്തെ വൈറ്റ്ഹൗസിനെക്കുറിച്ചുള്ള പുസ്തകങ്ങളിലൂടെ യുഎസ് സമകാലിക ചരിത്രരചനയിലും വുഡ്‌വാഡ് പേരെടുത്തു. 

ഇൗ പശ്ചാത്തലത്തിൽ ട്രംപിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകം ആധികാരികമായ ചരിത്രരേഖയായിത്തന്നെ പലരും കാണുന്നു. ബന്ധപ്പെട്ട ഒട്ടേറെ പേരുമായി നടത്തിയ നൂറുകണക്കിന്് അഭിമുഖങ്ങളുടെയും വിവിധ കേന്ദ്രങ്ങളിൽനിന്നുശേഖരിച്ച  രേഖകളുടെയും കുറിപ്പുകളുടെയും അടിസ്ഥാനത്തിലാണ് ഇതെഴുതിയതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. എങ്കിലും തന്നോടു സംസാരിക്കുകയും വിവരങ്ങൾ നൽകുകയുംചെയ്തവരുടെ പേരുവിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തുന്നില്ല. ട്രംപിന്റെ പ്രതികാര നടപടികളിൽനിന്ന് അവരെ രക്ഷിക്കുകയാണത്രേ ഉദ്ദേശ്യം.  

ട്രംപിന്റെ ചില തീരുമാനങ്ങൾ രാജ്യതാൽപര്യത്തിനു വിരുദ്ധമാണെന്ന ന്യായത്തിൽ ചില ഉദ്യാഗസ്ഥർ അനുസരിക്കാറില്ലെന്നതാണ് വുഡ്‌വാഡിന്റെ പുസ്തകത്തിലൂടെ വെളിപ്പെടുന്ന ഏറ്റവും അമ്പരപ്പിക്കുന്ന ഒരു വിവരം. വൈറ്റ്ഹൗസിൽ ട്രംപിന്റെ ഒപ്പിനുവേണ്ടി അദ്ദേഹത്തിന്റെ മേശപ്പുറത്ത് വയ്ക്കുന്ന രേഖകൾ മോഷ്ടിക്കപ്പെടാറുണ്ടായിരുന്നു. 

ഉദാഹരണത്തിന്്, അമേരിക്കയുടെ സഖ്യരാജ്യമായ ദക്ഷിണ കൊറിയയുമായുളള വ്യാപാര കരാറിൽനിന്നു പിന്മാറാൻ ട്രംപ്് തീരുമാനിക്കുകയും അതറിയിച്ച് ദക്ഷിണ കൊറിയൻ പ്രസിഡന്റിന് അയക്കാനുള്ള കത്ത് തയാറാക്കാൻ ഉത്തരവിടുകയും ചെയ്തു. 

ട്രംപിന്റെ ഒപ്പിനുവേണ്ടി കത്ത് അദ്ദേഹത്തിന്റെ മേശപ്പുറത്തെത്തി.  ട്രംപ് അതു കാണുന്നതുമുൻപ് അദ്ദേഹത്തിന്റെ അന്നത്തെ സാമ്പത്തികകാര്യ ഉപദേഷ്ടാവ് ഗാരി കോഹൻ അതെടുത്തുമാറ്റി. രാജ്യതാൽപര്യം മുൻനിർത്തിയാണ് താൻ അങ്ങനെ ചെയ്തതെന്നും ട്രംപ് അതറിയാൻ പോകുന്നില്ലെന്നും കോഹൻ ഒരു സഹപ്രവർത്തകനോടു പറഞ്ഞുവത്രേ. ഭാഗ്യവശാൽ കത്തിന്റെ കാര്യം ട്രംപ് പിന്നീട് ഒാർത്തുമില്ല.  

സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിനെ വധിക്കണമെന്നു ട്രംപ് ഒരിക്കൽ തന്റെ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിനോട് ഫോണിലൂടെ ആവശ്യപ്പെട്ടതായിരുന്നു മറ്റൊരു അസാധാരണ സംഭവം. ട്രംപിന്റെ സ്വഭാവമറിയുന്ന മാറ്റിസ് തടസ്സം പ്രകടിപ്പിച്ചില്ല. എങ്കിലും, ഇതു നടക്കാൻ പോകുന്നില്ലെന്ന് അപ്പോൾതന്നെ അദ്ദേഹം  തന്റെ സഹപ്രവർത്തകരോടു തുറന്നുപറഞ്ഞുവത്രേ. 

ദക്ഷിണ കൊറിയയിൽ അമേരിക്ക പട്ടാളത്തെ നിർത്തുകയും അതിനുവേണ്ടി പണം ചെലവാക്കുകയും ചെയ്യുന്നത് എന്തിനാണെന്നായിരുന്നു ഒരിക്കൽ മാറ്റിസിനോടുള്ള ട്രംപിന്റെ ചോദ്യം. മൂന്നാം ലോക മഹായുദ്ധം തടയാനെന്നു മാറ്റിസ് മറുപടിനൽകി. ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാനുള്ള പ്രസിഡന്റിന്റെ ജ്ഞാനം അഞ്ചാം ക്ളാസിലോ ആറാം ക്ളാസിലോ പഠിക്കുന്ന സ്കൂൾകുട്ടിയുടേതിനു തുല്യമാണെന്നു മാറ്റിസ് പിന്നീടു സഹപ്രവർത്തകരോട് പറഞ്ഞുവെന്നും വുഡ്‌വാഡ് എഴുതുന്നു. 

ട്രംപിന്റെ ചീഫ് ഒാഫ് സ്റ്റാഫായ ജോൺ കെല്ലി ഒരിക്കൽ പ്രസിഡന്റിനെ വിശേഷിപ്പിച്ചത് ഇഡിയറ്റ് എന്നായിരുന്നു. കെല്ലി ഇങ്ങനെ തുടർന്നുവത്രേ : എന്തെങ്കിലും കാര്യത്തെപ്പറ്റി അദ്ദേഹത്തെപ്പറ്റി പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതു വ്യഥാവ്യായാമമാണ്.....വല്ലാത്തൊരു സ്ഥിതിയിലാണ് നമ്മളെല്ലാം വന്നുപെട്ടിരിക്കുന്നത്. നമ്മൾ ഇവിടെ എന്തുചെയ്യുകയാണെന്നു പോലും എനിക്കറിയില്ല. ഇത്രയും ദുഷ്ക്കരമായ ഒരു ജോലി മുൻപൊരിക്കലും എനിക്ക് ഏറ്റെടുക്കേണ്ടിവന്നിട്ടില്ല. 

ട്രംപിനെ അദ്ദേഹത്തിന്റെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന റെക്സ് ടില്ലേഴ്സൻ മണ്ടൻ എന്നു വിളിച്ചതായി കഴിഞ്ഞ വർഷം ജൂലൈയിൽ പുറത്തുവന്ന വാർത്തയെ ഇതോർമിപ്പിക്കുന്നു. മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ടില്ലേഴസൻ  അതു നിഷേധിച്ചിരുന്നില്ല. മാസങ്ങൾ കഴിഞ്ഞപ്പോൾ ട്രംപ് അദ്ദേഹത്തെ പിരിച്ചുവിടുകയും ചെയ്തു. അറ്റോർണി ജനറൽ ജെഫ് സെഷൻസിനെ ട്രംപ് പരസ്യമായി മന്ദബുദ്ധിയെന്നു വിളിച്ചുവെന്നതാണ് വുഡ്വാഡിന്റെ പുസ്തകം നൽകുന്ന മറ്റൊരു വിവരം.

ട്രംപിനോടൊപ്പം ജോലിചെയ്യുന്നത് ഒരു കൊച്ചുകുട്ടി ആഗ്രഹിക്കുന്നതെന്താണെന്നു മനസ്സിലാക്കാൻ ശ്രമിക്കുന്നതുപോലെ ദുഷ്ക്കരമാണെന്നു വൈറ്റ്ഹൗസിലെ ഒരു മുൻ ഡപ്യൂട്ടി ഒാഫ് സ്റ്റാഫ് പറഞ്ഞതായി മൈക്കൽ വുൾഫ് തന്റെ പുസ്തകത്തിൽ എഴുതിയതും ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു. വൈറ്റ്ഹൗസിൽ പലപ്പോഴും ട്രംപ് പെരുമാറുന്നത് പിടിവാശിക്കാരനായ  ഒരു കൊച്ചുകുട്ടിയെപ്പോലെയാണെണന്നും അദ്ദേഹത്തെ തൃപ്തിപ്പെടുത്താൻ സഹപ്രവർത്തകരും കീഴുദ്യോഗസ്ഥരും പാടുപെടുകയാണെന്നും വുൾഫ് എഴുതുകയുണ്ടായി.  

വുൾഫിന്റെ പുസ്തകത്തെപ്പോലെ വുഡ്‌വാഡിന്റെ പുസ്തകവും കെട്ടുകഥയെന്നു പറഞ്ഞു തള്ളിക്കളയുകയാണ് ട്രംപ്. പുസ്തകത്തിനുവേണ്ടി വുഡ്‌വാഡ് ഒരിക്കലും താനുമായി സംസാരിച്ചിരുന്നില്ലെന്ന പരാതിയും ട്രംപിനുണ്ട്. തങ്ങളെ ഉദ്ധരിച്ചുകൊണ്ട് വുഡ്‌വാഡ് എഴുതിയ കാര്യങ്ങളൊന്നും തങ്ങൾ പറഞ്ഞതല്ലെന്നു വൈറ്റ്ഹൗസ് ചീഫ് ഒാഫ് സ്റ്റാഫ് ജോൺ കെല്ലിയും ട്രംപിന്റെ മുൻ സാമ്പത്തികകാര്യ ഉപദേഷ്ടാവ് ഗാരി കോഹനും പറയുന്നു.

അതേസമയം, സത്യമല്ലാതെ ഒന്നും താൻ എഴുതിയിട്ടില്ലെന്ന നിലപാടിൽ വുഡ്‌വാഡും ഉറച്ചുനിൽക്കുകയാണ്. ട്രംപുമായുള്ള അഭിമുഖത്തിനു താൻ പലതവണ ശ്രമിച്ചിരുന്നുവെന്നും അതു നടക്കാതെ പോയതു തന്റെ കുറ്റമല്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. 

ആരാണ് വുഡ്വാഡിനു വിവരങ്ങൾ നൽകിയതെന്ന അഭ്യൂഹങ്ങളുടെ പെരുമഴയാണ് കഴിഞ്ഞ ചില ദിവസങ്ങളായി അമേരിക്കയിൽ. അതിനിടയിലാണ് അതു താനാണെന്ന വെളിപ്പെടുത്തലുമായി ഒരാൾ ഇക്കഴിഞ്ഞ ബുധനാഴ്ച ന്യൂയോർക്ക് ടൈംസ് പത്രത്തിൽ ലേഖനമെഴുതിയത്. ട്രംപിന്റെ വികലമായ തീരുമാനങ്ങളിൽനിന്നു രാജ്യത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന  ഉന്നത വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് താനെന്നും അയാൾ അവകാശപ്പെടുന്നു. 

പ്രസിഡന്റിന് ഉചിതമായ വിധത്തിൽ തന്റെ കർത്തവ്യങ്ങൾ നിർവഹിക്കാൻ കഴിയാതെ വരുമ്പോൾ, വൈസ് പ്രസിഡന്റിനും ക്യാബിനറ്റ് അംഗങ്ങൾക്കുംകൂടി ഭൂരിപക്ഷവോട്ടിലൂടെ അദ്ദേഹത്തെ നീക്കം ചെയ്യാമെന്നു യുഎസ് ഭരണഘടനയിൽ പറയുന്നുണ്ട്. 25ാം ഭേദഗതിയെന്ന  പേരുള്ള  ഇൗ വ്യവസ്ഥ പക്ഷേ ഒരിക്കലും ഉപയോഗിക്കപ്പെട്ടിരുന്നില്ല. 

25ാം ഭേദഗതിയെക്കുറിച്ചുള്ള അടക്കിപ്പിടിച്ച സംസാരവും വൈറ്റ്ഹൗസിൽ നടന്നതായി ന്യൂയോർക്ക് ടൈംസിലെ ലേഖനം വെളിപ്പെടുത്തുന്നു. പ്രസിഡന്റിനെ പുറത്താക്കാനുള്ള കൊട്ടാര വിപ്ളവ ഗൂഡാലോചനയും വൈറ്റ്ഹൗസിൽ തുടങ്ങിക്കഴിഞ്ഞിരുന്നുവെന്നർഥം. 

ലേഖകന്റെ പേരു വെളിപ്പെടുത്താതെയാണ് പത്രം ലേഖനം പ്രസിദ്ധീകരിച്ചത്. വുഡ്‌വാഡിനെപ്പോലെ ന്യൂയോർക്ക് ടൈംസിനെയും ട്രംപ് രൂക്ഷമായി വിമർശിക്കുകയും ലേഖകന്റെ പേരു വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.  അയാൾ ആരാണെന്നും  വുഡ്‌വാഡിനു വിവരം നൽകിയത് ആരെല്ലാമാണെന്നും കണ്ടുപിടിക്കാനുളള അന്വേഷണത്തിനു ട്രംപ് ഉത്തരവിട്ടതായും റിപ്പോർട്ടുകളുണ്ട്. 

വുഡ്‌വാഡിനോടു സഹകരിച്ചവരിൽ വൈസ് പ്രസിഡന്റ് മൈക്ക് പെൻസുള്ളതായി ആരോപണമില്ല. എങ്കിലും കൗതുകകരമെന്നു പറയട്ടെ, നിഷേധവുമായി മുന്നോട്ടുവന്നവരിൽ അദ്ദേഹവുമുണ്ട്. ട്രംപ് പുറത്തുപോവുകയാണെങ്കിൽ അധികാരം ഏറ്റെടുക്കുന്നത് പെൻസായിരിക്കും. അതിനാൽ സംശയത്തിന്റെ സൂചിമുനകൾ തന്റെ നേരെ തിരിയാനിടയുണ്ടെന്ന തിരിച്ചറിവാകാം അദ്ദേഹത്തിന്റെ മുൻകൂട്ടിയുള്ള നിഷേധത്തിനു പിന്നിൽ.