Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂറോപ്പിലെ പുകഞ്ഞ കൊള്ളി

വിദേശരംഗം  / കെ. ഉബൈദുള്ള
viktor-orban ദശകങ്ങളായി യൂറോപ്പ് ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ ലംഘനമാണ് ഹംഗറിയിൽ നടക്കുന്നതെന്ന ആരോപണം ശക്തിപ്പെട്ടുവരുന്നു. ഇക്കാരണത്താൽ ഹംഗറിക്കെതിരെ ശിക്ഷാനടപടി കൈക്കൊള്ളാൻ തീരുമാനിച്ചിരിക്കുകയാണ് യൂറോപ്യൻ പാർലമെന്റ്്്

യൂറോപ്യൻ രാജ്യമായ ഹംഗറിയിൽ അനധികൃത കുടിയേറ്റക്കാരെയും അഭയാർഥികളെയും സഹായിക്കുന്നതും അവർക്ക് അഭിഭാഷകർ നിയമോപദേശം നൽകുന്നതുപോലും ജയിൽ ശിക്ഷ കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ്. ഇക്കഴിഞ്ഞ ജൂണിൽ നിലവിൽവന്ന ഒരു നിയമത്തിൽ പറയുന്നതാണിത്. 

കുടിയേറ്റക്കാർക്കും അഭയാർഥികൾക്കും ന്യൂനപക്ഷങ്ങൾക്കും എതിരെ ഹംഗറിയിൽ നടന്നുവരുന്ന പ്രചാരണത്തിനു ഗവൺമെന്റ്തന്നെ ചുക്കാൻ പിടിക്കുന്നു. അന്യമത-സംസ്ക്കാരങ്ങൾക്കെതിരായ വിഷമയമായ വിദ്വേഷമാണ് അന്തരീക്ഷത്തിൽ. മാധ്യമ സ്വാതന്ത്ര്യവും ജുഡീഷ്യറിയുടെയും തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെയും  നിഷ്പക്ഷതയും ഹംഗറിയിൽ കടുത്ത വെല്ലുവിളികളെ നേരിടുന്നു. ഇതിനെല്ലാം പുറമെ ഭരണതലത്തിൽ നടന്നുവരുന്ന അഭൂതപൂർവമായ അഴിമതികളെക്കുറിച്ചുള്ള കഥകളും പ്രചരിക്കുകയാണ്. 

ഇതൊന്നും യൂറോപ്പിൽ പതിവുള്ളതല്ല. ദശകങ്ങളായി യൂറോപ്പ് ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ ലംഘനമാണ് ഹംഗറിയിൽ നടക്കുന്നതെന്ന ആരോപണം ശക്തിപ്പെട്ടുവരുന്നു. ഇക്കാരണത്താൽ ഹംഗറിക്കെതിരെ ശിക്ഷാനടപടി കൈക്കൊള്ളാൻ തീരുമാനിച്ചിരിക്കുകയാണ് യൂറോപ്യൻ പാർലമെന്റ്്്. 

ഇരുപത്തെട്ട് രാജ്യങ്ങൾ അംഗങ്ങളായ യൂറോപ്യൻ യൂണിയന്റെ (ഇയു) നിയമനിർമാണ സഭയാണ് 751 അംഗ യൂറോപ്യൻ പാർലമെന്റ്. അതിന്റെ ചരിത്രത്തിൽ ഇതുപോലൊരു സംഭവം മുൻപൊരിക്കലും ഉണ്ടായിട്ടില്ല. ഇതിനെല്ലാം ഉത്തരവാദി മുഖ്യമായും ഒരാളാണ്-എട്ടുവർഷമായി ഹംഗറിയിൽ അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രി വിക്ടർ ഒാർബൻ എന്ന അമ്പത്തഞ്ചുകാരൻ. ഇക്കഴിഞ്ഞ ഏപ്രിലിൽ അദ്ദേഹത്തിന്റെ ഫിഡെസ് പാർട്ടി വീണ്ടും അധികാരത്തിലെത്തിയത്. 

വൻഭൂരിപക്ഷത്തോടെയാണ്. മുൻപും നാലു വർഷം (1998-2002) ഒാർബൻ പ്രധാനമന്ത്രിയായിരുന്നു. ആദ്യ തവണ പ്രധാനമന്ത്രിയാകുമ്പോൾ പ്രായം വെറും 35. യൂറോപ്പിലെ ഏറ്റവും അപകടകാരിയായ വ്യക്തിയെന്നു അമേരിക്കയിലെ അറ്റ്ലാന്റിക് മാസിക ഒരിക്കൽ വിശേഷിപ്പിച്ചത് ഇദ്ദേഹത്തെയാണ്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമീർ പുടിന്റെ കൂട്ടുകാരനായ നിയോഫാഷിസ്റ്റ് എന്നു വിഖ്യാത യുഎസ് സെനറ്റർ ജോൺ മക്കയിനും വിളിക്കുകയുണ്ടായി. 

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേഷ്ടാവായിരുന്ന സ്റ്റീവ് ബാന്നൻ ഒാർബനെപ്പറ്റി പറഞ്ഞതു ട്രംപിനെക്കാളും മുൻപ് രംഗത്തെത്തിയ ട്രംപ് എന്നായിരുന്നു. സങ്കുചിത ദേശീയത, കുടിയേറ്റക്കാരോടും അഭയാർഥികളോടുമുള്ള കർശന നിലപാട് തുടങ്ങിയ കാര്യങ്ങളിൽ ഒാർബനും ട്രംപും തമ്മിൽ വ്യത്യാസമില്ല എന്നർഥം. യൂറോപ്പിലെ മിക്ക തീവ്രവലതുപക്ഷ നേതാക്കളെയും പോലെ ഒാർബനും ട്രംപുമായി ഉറ്റ സൗഹൃദം പുലർത്തിവരുന്നു.  

അദ്ദേഹത്തിന്റെ ഫിഡെസ് പാർട്ടിയെപ്പോലുള്ള തീവ്രവലതുപക്ഷ കക്ഷികളുടെ പെട്ടെന്നുളള വളർച്ച സമകാലിക യൂറോപ്യൻ രാഷ്ട്രീയത്തിലെ ഗുരുതരമായ ഒരു സംഭവവികാസമാണ്. ഇവയിൽ ചിലതു ഭരണത്തിലെത്തുകയും മറ്റു ചിലതു മുഖ്യധാരാകക്ഷികൾക്കെതിരെ ശക്തമായ വെല്ലുവിളി ഉയർത്താൻ കഴിയുന്ന വിധത്തിൽ ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് വിജയങ്ങൾ നേടുകയും ചെയ്തു. ഏറ്റവുമൊടുവിൽ ഇൗയിടെ സ്വീഡനിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഫലവും ചൂണ്ടിക്കാട്ടുന്നത് ഇൗ പ്രവണതയാണ്. 

പരമ്പരാഗത ലിബറൽ യൂറോപ്യൻ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരെ ഇത് അസ്വസ്ഥരും ഉൽക്കണ്ഠാകുലരുമാക്കുന്നു. ഹംഗറിക്കെതിരായ യൂറോപ്യൻ പാർലമെന്റിന്റെ അഭൂതപൂർവമായ നടപടിയിൽ പ്രതിഫലിക്കുന്നതും ഇൗ ആശങ്കകളാണ്. ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ സമ്മേളിച്ച  യൂറോപ്യൻ പാർലമെന്റ് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് (സെപ്്റ്റംബർ 12) ഹംഗറിക്കെതിരെ അച്ചടക്ക നടപടി കൈക്കൊള്ളാൻ തീരുമാനിച്ചത്. യൂറോപ്യൻ യൂണിയനിലെ ഹംഗറിയുടെ വോട്ടവകാശം താൽക്കാലികമായി റദ്ദാക്കുന്നതിലായിരിക്കും ഒരുപക്ഷേ നടപടികൾ അവസാനിക്കുക.   

ഇതു സംബന്ധിച്ച് നെതർലൻഡ്സിലെ ഗ്രീൻസ് പാർട്ടി നേതാവ് ജൂഡിത് സാർഗന്റീനി അവതരിപ്പിച്ച പ്രമേയത്തെ  197 അംഗങ്ങൾ എതിർത്തപ്പോൾ 448 അംഗങ്ങൾ അനുകൂലിക്കുകയായിരുന്നു. 48 അംഗങ്ങൾ വോട്ടെടുപ്പിൽനിന്നു മാറിനിന്നു. ആവശ്യമായ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെതന്നെ പ്രമേയം പാസ്സായി. 

european-union

പക്ഷേ, തീരുമാനം നടപ്പാകണമെങ്കിൽ യൂറോപ്യൻ യൂണിയനിലെ എല്ലാ 28 അംഗ രാജ്യങ്ങൾക്കും തുല്യപ്രാതിനിധ്യമുള്ള  നിർവാഹകസമിതിയായ യൂറോപ്യൻ കമ്മിഷൻ  അത് എെകകണഠ്യേന അംഗീകരിക്കേണ്ടതുണ്ട്. അതെളുപ്പമല്ല. കാരണം സമീപരാജ്യമായ പോളണ്ട് ഇക്കാര്യത്തിൽ ഹംഗറിയുടെ പക്ഷത്താണ്. അവർ വീറ്റോ ചെയ്താൽ കമ്മിഷനു നടപടിയെടുക്കാനാവില്ല.  

ഹംഗറിയിലെപ്പോലെ പോളണ്ടിലും ഭരണത്തിലുളളതു തീവ്രവലതുപക്ഷക്കാരാണ്. ഹംഗറിക്കെതിരെ ഉന്നയിക്കപ്പെടുന്നതുപോലുള്ള ആരോപണങ്ങൾ പോളണ്ടിനെതിരെയുമുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ യൂറോപ്യൻ യൂണിയന്റെ പ്രതിക്കൂട്ടിലാണ് പോളണ്ടും. ഹംഗറിയും പോളണ്ടും മുൻപ് സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലും കമ്യൂണിസ്റ്റ് ഭരണത്തിലുമായിരുന്നു. പാശ്ചാത്യശക്തികൾക്കെതിരെ സോവിയറ്റ് നേതൃത്വത്തിൽ രൂപംകൊണ്ട വാഴ്സോ സൈനിക സഖ്യത്തിൽ അംഗങ്ങളുമായിരുന്നു അവർ. 

അക്കാലത്തു, 1956ൽ,  ജനാധിപത്യാവകാശങ്ങൾക്കും പൗരസ്വാതന്ത്ര്യത്തിനുംവേണ്ടി ഹംഗറിയിലെ ജനങ്ങൾ പെട്ടെന്ന് ഉണർന്നെഴുന്നേറ്റത് ഇന്നും ഒാർമിക്കപ്പെടുന്നു. സോവിയറ്റ് പട്ടാളം അതിർത്തികടന്നെത്തി പ്രക്ഷോഭം അടിച്ചമർത്തി. ഒട്ടേറെ പേർ കൊല്ലപ്പെടുകയും ജയിലിലാവുകയും ചെയ്തു. 

ഹംഗേറിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവും പ്രധാനമന്ത്രിയുമായിരുന്ന ഇമ്രെ നാഗി പോലും പ്രക്ഷോഭത്തെ  അനുകൂലിച്ചുവെന്നപേരിൽ അറസ്റ്റിലായി. രാജ്യദ്രോഹിയെന്ന മുദ്രകുത്തി അദ്ദേഹത്തെ വധിക്കുകയുംചെയ്തു.  കിഴക്കൻ യൂറോപ്പിലെ മുൻ സോവിയററ്റ് ആശ്രിത  അംഗരാജ്യങ്ങളിലെപ്പോലെ ഹംഗറിയിലും പോളണ്ടിലും ജനാധിപത്യം നടപ്പായിട്ട് രണ്ടു ദശകങ്ങൾ കഴിഞ്ഞതേയുള്ളൂ.  ഇരു രാജ്യങ്ങൾക്കും ഇയുവിൽ അംഗത്വം ലഭിച്ചതു 2004ൽ. 

ജനാധിപത്യം, നിയമ വാഴ്ച, മാധ്യമ സ്വാതന്ത്യം, നിഷ്പക്ഷ ജുഡീഷ്യറി, ഭരണസുതാര്യത എന്നിവ സംബന്ധിച്ച  എല്ലാ യൂറോപ്യൻ മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. പതിനാലു വർഷം കഴിഞ്ഞപ്പോഴേക്കും അതേ കാര്യങ്ങളുടെ പേരിൽ രണ്ടു രാജ്യങ്ങളും ഇയുവുമായി ഇടയാൻ തുടങ്ങുകയും ചെയ്തു. ഇന്നത്തെ സ്ഥിതിയിലായിരുന്നുവെങ്കിൽ അന്നു ഹംഗറിക്കോ പോളണ്ടിനോ ഇയുവിൽ പ്രവേശനം കിട്ടുമായിരുന്നില്ല.   

hungary-eu

മൂന്നു വർഷംമുൻപ് മധ്യപൂർവദേശത്തുനിന്നു പെട്ടെന്നുണ്ടായ അഭൂതപൂർവമായ അഭയാർഥിപ്രവാഹത്തെ ഒാർബൻ നേരിട്ടരീതിയാണ് യൂറോപ്യൻ യൂണിയനുമായുള്ള ഹംഗറിയുടെ ബന്ധം ഏറ്റവും ശക്തമായി പിടിച്ചുലച്ചത്. എല്ലാ അംഗരാജ്യങ്ങളും അഭയാർഥി സംരക്ഷണത്തിന്റെ ഭാരം ഏറ്റെടുക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ക്വോട്ട നിശ്ചയിച്ചതിനെ ഹംഗറി എതിർത്തു. 

മാത്രമല്ല, അതിർത്തിയിൽ മുള്ളുകമ്പികൊണ്ടു വേലികെട്ടുകയും കാവലിനു പട്ടാളത്തെ ഏർപ്പെടുത്തുകയുംചെയ്തു. ജർമനിയെപ്പോലുളള രാജ്യങ്ങൾക്ക് ഉദ്ദേശിച്ചതിനേക്കാൾ കൂടുതൽ അഭയാർഥികളെ ഏറ്റെടുക്കേണ്ടിവന്നു. അഭയാർഥികളുടെ നേരെ ഹംഗറി മുഖം തിരിച്ചതിനു മുഖ്യ കാരണം സാമ്പത്തികമായിരുന്നില്ല, മതപരമായിരുന്നു. ഒാർബനെപ്പോലുള്ളവർ അക്കാര്യം തുറന്നുപറയുകയും ജനങ്ങളിൽ അന്യമതഭീതി വളർത്താൻ ശ്രമിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ 

ഏപ്രിലിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടി മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടിയതും അങ്ങനെയായിരുന്നു. തിരഞ്ഞെടുപ്പിൽ ജയിക്കാനായി യൂറോപ്പിനു പരിചിതമല്ലാത്ത മറ്റു ചില ഹീനതന്ത്രങ്ങളും ഒാർബൻ പയറ്റിയതായി ആരോപണമുണ്ട്. ഭരണകക്ഷിക്കു പ്രയോജനം ലഭിക്കുന്ന വിധത്തിൽ നിയോജക മണ്ഡലങ്ങളുടെ പുനർനിർണയം നടത്തിയതും പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാനായി വ്യാജ പ്രതിപക്ഷ പാർട്ടികളെ രംഗത്തിറക്കിയതും ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 

സ്വതന്ത്രമായി പ്രവർത്തിക്കുകയും ഗവൺമെന്റിനെ വിമർശിക്കുകയും ചെയ്തിരുന്ന മാധ്യമങ്ങളിൽ പലതും ഒാർബനെ അനുകൂലിക്കുന്ന വൻ വ്യവസായികൾ സ്വന്തമാക്കിയതോടെ മാധ്യമ സ്വാതന്ത്ര്യം അവതാളത്തിലായി. ഭരണഘടനാകോടതി ഉൾപ്പെടെയുള്ള ഉന്നത നീതിന്യായപീഠങ്ങളിൽ ഒാർബൻ തന്റെ ആജ്ഞാനുവർത്തികളെ തിരുകിക്കയറ്റിയതായും പരാതിയുണ്ട്്്. 

അഴിമതിയുടെ കാര്യത്തിൽ യൂറോപ്പിലെ മുൻനിര രാജ്യങ്ങളിൽ ഒന്നായിട്ടാണ് ഹംഗറി ഇപ്പോൾ അറിയപ്പെടുന്നത്. ഭരണകക്ഷിയുമായി ബന്ധമുള്ളവർ ആ നിലയിലുളള അവരുടെ സ്വാധീനം ഉപയോഗിച്ച് പൊതുമുതൽ സ്വന്തമാക്കുകയാണെന്നാണ് പരക്കേയുളള ആക്ഷേപം. ഇക്കൂട്ടത്തിൽ ഒരു ഗുണഭോക്താവ് പ്രധാനമന്ത്രിയുടെ മകളുടെ ഭർത്താവാണെന്നും ആരോപണമുണ്ട്. 

ഹംഗറിക്കെതിരെ ശിക്ഷാനടപടിയെടുക്കാനുളള യൂറോപ്യൻ പാർലമെന്റിന്റെ തീരുമാനം ഇൗ പശ്ചാത്തലത്തിലാണ്്. പക്ഷേ, പ്രധാനമന്ത്രി ഒാർബനു കൂസലില്ല. ഹംഗറിയുടെ പരമാധികാരത്തിന്റെ മേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഇതിനെതിരെ യൂറോപ്യൻ നീതിന്യായ കോടതിയിൽ കേസ് കൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്.