Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കയിലെ രണ്ടാംതരം പൗരന്മാർ?

വിദേശരംഗം  / കെ. ഉബൈദുള്ള
x-default 35 ലക്ഷം വരുന്ന പോർട്ടോറിക്കോ നിവാസികൾ അമേരിക്കയിലെ രണ്ടാംതരം പൗരന്മാരായിട്ടാണ് പരിഗണിക്കപ്പെടുന്നതെന്ന് അവിടത്തെ ഗവർണർതന്നെ കുറ്റപ്പെടുത്തുന്നു..

പോർട്ടോറിക്കോ എന്ന അമേരിക്കൻ ദ്വീപിനെപ്പറ്റി അമേരിക്കക്കാർക്കുതന്നെ അധികമൊന്നും അറിഞ്ഞുകൂടാ. കരീബിയൻ കടലിൽ ക്യൂബയുടെ സമീപ പ്രദേശത്തു കിടക്കുന്ന അത് അമേരിക്കയുടെ ഭാഗമാണെന്ന്് അറിയുന്നവർപോലും അമേരിക്കയിലെ ജനങ്ങളിൽ പകുതിയിൽ കൂടുതൽ ഇല്ലെന്നാണ് അടുത്തകാലത്തുനടന്ന ഒരു സർവേ നൽകിയ വിവരം. എങ്കിലും, അമേരിക്കയിൽ ഇപ്പോൾ പൊട്ടിപ്പുറപ്പെട്ടിട്ടുള്ള ഒരു പുതിയ വിവാദം പോർട്ടോറിക്കോയെക്കുറിച്ചാണ്. 

അവിടെ കഴിഞ്ഞ വർഷം ഇതേ മാസമുണ്ടായ കൊടുങ്കാറ്റും അതു സൃഷ്ടിച്ച  നാശനഷ്ടങ്ങളുമാണ് വിവാദത്തിന്റെ കേന്ദ്രബിന്ദു.  ലോകത്തിന്റെ പലഭാഗങ്ങളിലും കൊടുങ്കാറ്റും പേമാരിയും പ്രളയവും ദുരിതം വിതച്ചുകൊണ്ടിരിക്കുന്നതിനിടയിൽതന്നെ ഇത്തരമൊരു വിവാദം പൊട്ടിപ്പുറപ്പെടുകയും അതിൽ അമേരിക്കൻ പ്രസിഡന്റ്പോലും പങ്കാളിയാവുകയും ചെയ്യുന്നതുകണ്ട് അമേരിക്കയ്്ക്കകത്തും പുറത്തും പലരും അമ്പരക്കുന്നു.     

പോർട്ടോറിക്കോയ്ക്ക് അമേരിക്കയിലുള്ള സ്ഥാനം വീണ്ടും സജീവ ചർച്ചാവിഷയമാകാനും ഇൗ വിവാദം കാരണമായിരിക്കുകയാണ്. പോർട്ടോറിക്കോ നിവാസികൾ  (ഏതാണ്ട് 35 ലക്ഷം പേർ) രണ്ടാംതരം പൗരന്മാരായിട്ടാണ് പരിഗണിക്കപ്പെടുന്നതെന്ന്  അവിടത്തെ ഗവർണർതന്നെ പരസ്യമായി പരാതിപ്പെട്ടിരിക്കുന്നതു ചർച്ചയ്്്ക്കു കൊഴുപ്പ് കൂട്ടുന്നു. 

ഗവർണർ റിക്കാർഡോ റോസ്സല്ലോയുടെ അഭിപ്രായത്തിൽ പോർട്ടോറിക്കോയുടെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമമായിരുന്നു കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വീശിയടിച്ച മരിയയെന്നു പേരായ കൊടുങ്കാറ്റും തുടർന്നുണ്ടായ കെടുതികളും.  മൂവായിരത്തോളം ആളുകൾ മരിക്കുകയും 100 ശതകോടി ഡോളറിന്റെ നാശനഷ്ടങ്ങളുണ്ടാവുകയുംചെയ്തു. 

puerto-rico-hurricane-maria

ദ്വീപിലുടനീളം വീടുകളും മറ്റു കെട്ടിടങ്ങളും തകരുകയും വൈദ്യുതി ലൈനുകളും മൊബൈൽ ഫോൺ ടവറുകളും  കടപുഴകി വീഴുകയും ചെയ്തു. ശുദ്ധജല വിതരണം അവതാളത്തിലായി. വൈദ്യുതി പൂർണമായി പുനഃസ്ഥാപിക്കാനായതുതന്നെ ഇക്കഴിഞ്ഞ മാസമാണ്. ജനങ്ങളുടെ പുനരധിവാസം ഇനിയും പൂർത്തിയായിട്ടുമില്ല. 

മരിയയ്ക്ക് ഏതാനും ആഴ്ചകൾ മുൻപായിരുന്നു അമേരിക്കയിലെ തന്നെ ടെക്സസിൽ ഹാർവിയെന്നു പേരായ കൊടുങ്കാറ്റിന്റെ ആക്രമണം. രണ്ടു ദിവസത്തിനകം പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭാര്യ മെലാനിയേയോടൊപ്പം ടെക്സസ് സന്ദർശിച്ചു. എന്നാൽ, അവർ പോർട്ടോറിക്കോയിലെത്തിയത് മരിയപോയി രണ്ടാഴ്ച കഴിഞ്ഞപ്പോഴായിരുന്നു. അതുതന്നെ വിവേചനമെന്ന പേരിൽ വിമർശിക്കപ്പെടുകയുണ്ടായി. 

അമേരിക്കയിലെതന്നെ കിഴക്കൻ തീരത്തു 2005ൽ കത്രീന കൊടുങ്കാറ്റ് സൃഷ്ടിച്ച വ്യാപകമായ നാശനഷ്ടങ്ങൾ അനുസ്മരിച്ചുകൊണ്ടായിരുന്നു പോർട്ടോറിക്കോയിലെ ട്രംപിന്റെ പ്രസംഗം. പോർട്ടോറിക്കോ നിവാസികളെ ആശ്വസിപ്പിക്കാനെന്നോണം അവിടത്തെ സ്ഥിതി അത്രയും  ഗൂരുതരമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു. 

കത്രീനയുടെ കാര്യത്തിൽ അന്നത്തെ പ്രസിഡന്റ് ജോർജ് ഡബ്ളിയു. ബുഷ് പ്രതികരിച്ചരീതിയും ട്രംപിന്റേതിൽനിന്ന് ഏറെ വ്യത്യസ്തമായിരുന്നില്ല. കത്രീന സംഹാര താണ്ഡവമാടുമ്പോൾ ബുഷ് ടെക്സസിലെ തന്റെ റാഞ്ചിൽ വിശ്രമത്തിലായിരുന്നു. ദിവസങ്ങൾക്കു ശേഷമായിരുന്നു  ദുരന്തബാധിത പ്രദേശത്തെ അദ്ദേഹത്തിന്റെ സന്ദർശനം. 

ട്രംപ് പോർട്ടോറിക്കോ സന്ദർശിക്കുമ്പോൾ കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം പരമാവധി പതിനാറാണെന്നായിരുന്നു റിപ്പോർട്ടുകൾ. പിന്നീടത് 64 ആയി. ഏറ്റവുമൊടുവിൽ ഇൗയിടെ ഗവർണർ പ്രസിദ്ധീകരിച്ച കണക്കുകളനുസരിച്ച് മരണസംഖ്യ 2975.   

ഇൗ കണക്കു പുറത്തുവന്ന ഉടൻതന്നെ ട്രംപ് ട്വിറ്ററിലൂടെ പ്രതികരിച്ചത് രോഷത്തോടെയാണ്. 16 എന്നു പറഞ്ഞിരുന്നത് മൂവായിരമായത്് എന്തു ചെപ്പടിവിദ്യയിലൂടെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പ്രായാധിക്യം മൂലം മരിച്ചവരെക്കൂടി കൊടുങ്കാറ്റിന്റെ നാശനഷ്ടക്കണക്കിൽ ഉൾപ്പെടുത്തിയതാണോയെന്ന് അദ്ദേഹം സംശയം പ്രകടിപ്പിക്കുകയുംചെയ്തു. പ്രശ്നത്തിൽ രാഷ്ട്രീയം കലർത്താനും ട്രംപ് മടിച്ചില്ല. പോർട്ടോറിക്കോയുടെ പുനർനിർമാണത്തിനുവേണ്ടി താൻ ദശകോടിക്കണക്കിനു ഡോളറുകൾ 

സംഭരിക്കുമ്പോൾ തന്നെ പരമാവധി മോശമായി ചിത്രീകരിക്കാനായി എതിരാളികൾ, അതായത് ഡമോക്രാറ്റിക് പാർട്ടിക്കാർ തട്ടിക്കൂട്ടിയുണ്ടാക്കിയതാണ് പുതിയ കണക്കെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇതിൽ ഡമോക്രാറ്റുകൾക്കു പങ്കുള്ളതായി ട്രംപിന്റെ റിപ്പബ്ളിക്കൻ പാർട്ടിയിലെതന്നെ പല പ്രമുഖരും വിശ്വസിക്കുന്നില്ല. താൻ ആവശ്യപ്പെട്ടതനുസരിച്ച് ജോര്ജ് വാഷിങ്ടൺ സർവകലാശാലയിലെ റിസർച്ചർമാർ നടത്തിയ അന്വേഷണത്തിന്റെ ഫലമാണ് പുതിയ കണക്കെന്നു പോർട്ടോറിക്കോ ഗവർണർ വിശദീകരിച്ചിട്ടുമുണ്ട്. 

ട്രംപ് പരാമർശിക്കുന്ന ആദ്യ കണക്ക് കൊടുങ്കാറ്റിന്റെ നേരിട്ടുള്ള ആക്രമണത്തിൽ മരിച്ചവരുടെ സംഖ്യയാണ്. തുടർന്നുള്ള ദിവസങ്ങളിൽ പരുക്കുമൂലവും പൊട്ടിവീണ ഇലക്ട്രിക് കമ്പികളിൽനിന്നു ഷോക്കേറ്റും ചികിൽസാ സൗകര്യങ്ങളുടെ അഭാവത്തിൽ രോഗംമൂർഛിച്ചും മരിച്ചവരുടെ വിവരങ്ങൾകൂടി ഉൾപ്പെടുത്തിയാണ് അന്തിമ കണക്ക് തയാറാക്കിയതെന്നു ഗവർണർ ചൂണ്ടിക്കാട്ടുന്നു.  

പക്ഷേ, തന്റെ ഗവൺമെന്റ് പോർട്ടോറിക്കോയിലെ ജനങ്ങളെ വേണ്ടതുപോലെ സഹായിച്ചില്ലെന്ന കുറ്റപ്പെടുത്തലായിട്ടാണ് ഇതിനെ ട്രംപ് കാണുന്നത്. മാത്രമല്ല, കത്രീനകാരണം മരിച്ചവരേക്കാൾ കൂടുതലാളുകൾ മരിയകാരണം മരിച്ചുവെന്നു വിശ്വസിക്കാനും അദ്ദേഹത്തിനു കഴിയുന്നില്ല.

ഇൗ സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തിലാണ് അമേരിക്കയിൽ പോർട്ടോറിക്കോയയ്ക്കുള്ള സ്ഥാനവും അവിടത്തെ ജനങ്ങൾ രണ്ടാംതരം പൗരന്മാരായി കണക്കാക്കപ്പെടുകയാണെന്ന ആരോപണവും ചർച്ചാവിഷയമായിരിക്കുന്നത്. 9104 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള പോർട്ടോറിക്കോ 120 വർഷമായി അമേരിക്കയുടെ ഭാഗമാണെങ്കിലും ആ രാജ്യത്തിലെ 50 സംസ്ഥാനങ്ങളിൽ അതിനു സ്ഥാനമില്ലെന്നതാണ് വാസ്തവം. 

തെക്കെ അമേരിക്കയിലെ ഒട്ടേറെ രാജ്യങ്ങളെയും കരീബിയൻ കടലിലെ പല ദ്വീപുകളെയും പോലെ പോർട്ടോ റിക്കോയും സ്പെയിനിന്റെ അധീനത്തിലായിരുന്നു. അമേരിക്കയുമായുളള യുദ്ധത്തിൽ തോറ്റ സ്പെയിനു അതിന്റെ കോളണികളിൽ പലതും അമേരിക്കയ്ക്കു വിട്ടുകൊടുക്കേണ്ടിവന്നു. അക്കൂട്ടത്തിൽ ഒന്നായിരുന്നു പോർട്ടോറിക്കോ. 

Donald Trump

അങ്ങനെ 1898ൽ പോർട്ടോറിക്കോ അമേരിക്കയുടെ ഭാഗമാവുകയും അവിടത്തെ ജനങ്ങൾക്കു യുഎസ് പൗരത്വം ലഭിക്കുകയും ചെയ്തു. പക്ഷേ, പോർട്ടോറിക്കോയ്ക്കു സംസ്ഥാനപദവി കിട്ടിയില്ല. അവിടെ താമസിക്കുന്നവർക്കു യുഎസ് പാസ്പോർട്ടിന് അർഹതയുണ്ടെങ്കിലും അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടവകാശമില്ല. പ്രസിഡന്റിനെ അന്തിമമായി തിരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളജിലും പോർട്ടോറിക്കോയ്ക്കു പ്രാതിനിധ്യമില്ല. 

യുഎസ് കോൺഗ്രസിന്റെ (പാർലമെന്റ്) രണ്ടു സഭകളിൽ ഒന്നായ പ്രതിനിധിസഭയിൽ പോർട്ടോറിക്കോയുടെ ഒരംഗമുണ്ട്. എന്നാൽ, സെനറ്റിൽ പ്രാതിനിധ്യമില്ല. പ്രതിനിധി സഭയിലെ അംഗത്തിനാണെങ്കിൽ പ്രസംഗിക്കാനല്ലാതെ വോട്ടുചെയ്യാൻ അവകാശവുമില്ല. ഇതെല്ലാമാണ് പോർട്ടോറിക്കോ നിവാസികൾ രണ്ടാം തരം പൗരന്മാരായി പരിഗണിക്കപ്പെടുകയാണെന്ന ആരോപണത്തിന്റെ പശ്ചാത്തലം.  ഇൗ പ്രശ്നത്തിനുളള പരിഹാരമെന്ന നിലയിൽ പോർട്ടോറിക്കോയിൽ 

വർഷങ്ങളായി സംസ്ഥാന പദവിക്കുവേണ്ടിയുള്ള മുറവിളിയും ഉയർന്നുകൊണ്ടിരിക്കുന്നുണ്ട്. അതേസമയം, സംസ്ഥാനപദവി ആവശ്യമില്ലെന്നും നിലവിലുളള സ്ഥിതിതന്നെ തുടരുകയാണു വേണ്ടതെന്നും വാദിക്കുന്നവരും കുറവല്ല. ജനസംഖ്യയുടെ കാര്യത്തിൽ അമേരിക്കയിലെ പല സംസ്ഥാനങ്ങളെക്കാളും മുന്നിലാണ് പോർട്ടോറിക്കോ.  പക്ഷേ, വേണ്ടത്ര സാമ്പത്തികശേഷിയില്ല. ആ നിലയിൽ കേന്ദ്രഭരണകൂടത്തിന്റെ സംരക്ഷണത്തിൽ ഇന്നത്തെപ്പോലെ കഴിയുകയാണ് ഭേദമെന്ന് അവർ വാദിക്കുന്നു. 

അമേരിക്കയിൽനിന്നു വേറിട്ടുപോയി പോർട്ടോറിക്കോ ഒരു സ്വതന്ത്ര രാജ്യമാകണമെന്നു വാദിക്കുന്ന ഒരു ചെറിയ വിഭാഗവും അവിടെയുണ്ട്. അതു നടക്കുന്ന കാര്യമല്ലെന്ന് അവർക്കുതന്നെ അറിയുകയുംചെയ്യാം.