Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരം തേടുന്ന കൊറിയൻ സമസ്യകൾ

വിദേശരംഗം  / കെ. ഉബൈദുള്ള
North Korea's leader Kim Jong Un (R) and South Korea's President Moon Jae-in (R) shaking hands at the Military Demarcation Line കൊറിയൻ അർദ്ധദ്വീപിൽ സമ്പൂർണ ആണവ നിരായുധീകരണം നടപ്പാക്കാൻ ഉത്തര കൊറിയ പ്രവർത്തിക്കുമെന്നാണ് സിംഗപ്പൂരിലെ കിം-ട്രംപ് ഉച്ചകോടിയിൽ തീരുമാനിച്ചിരുന്നത്. പക്ഷേ, മൂന്നു മാസത്തിനുശേഷവും അതു സംബന്ധിച്ച അവ്യക്തതയും ആശയക്കുഴപ്പവും അവശേഷിക്കുന്നു.

ആറു മാസങ്ങൾക്കിടയിൽ മൂന്ന് ഉച്ചകോടികൾ. കൊറിയൻ അർദ്ധദ്വീപിൽ സമാധാനമുണ്ടാക്കാൻ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേയ് ഇൻ നടത്തിവരുന്ന തീവ്രശ്രമങ്ങളിലെ സുപ്രധാന നാഴികക്കല്ലുകളാണിവ. ഇതൊരുപക്ഷേ, ഉച്ചകോടികളുടെ ചരിത്രത്തിൽതന്നെ ഒരപൂർവ സംഭവവികാസമാവാം. 

ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുമായുള്ള മൂണിന്റെ മൂന്നാമത്തെ ഉച്ചകോടിയായിരുന്നു ഇക്കഴിഞ്ഞ ചൊവ്വാഴ്ച (സെപ്റ്റംബർ 18) മുതൽക്കുള്ള മൂന്നു ദിവസങ്ങളിൽ. ആദ്യത്തെ രണ്ടെണ്ണം ഇരുകൊറിയകൾക്കുമിടയിലുളള സൈനിക വിമുക്ത മേഖലയിലായിരുന്നുവെങ്കിൽ മൂന്നാമത്തേത് ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോംഗ്യാങ്ങിലായിരുന്നു. 

Donald Trump - Kim Jong Un Summit

പതിനൊന്നു വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം പോംഗ്യാങ് സന്ദർശിക്കുന്ന ആദ്യത്തെ ദക്ഷിണ കൊറിയൻ പ്രസിഡന്റായിത്തീർന്നു അങ്ങനെ മൂൺ. അദ്ദേഹത്തിന്റെ രണ്ടു മുൻഗാമികൾ ഇതിനുമുൻപ് പ്യോംഗ്യാങ് സന്ദർശിച്ചിരുന്നുവെങ്കിലും  ഉത്തര കൊറിയയുടെ ഒരു ഭരണാധിപനും ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ കാലെടുത്തുവച്ചിട്ടില്ല. ആ ചരിത്രവും മാറ്റിയെഴുതപ്പെടാൻ പോവുകയാണ്. 

കിമ്മിനെ മൂൺ സോളിലേക്കു ക്ഷണിക്കുകയും അദ്ദേഹം ആ ക്ഷണം സ്വീകരിക്കുകയുംചെയ്തു. അതൊരുപക്ഷേ ഇൗ വർഷംതന്നെയുണ്ടാകുമെന്നും കിം പറയുന്നു. ആറു മാസംമുൻപ് വരെ ഇതൊന്നും ആർക്കും സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ല. കിമ്മും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ ജൂൺ 12നു സിംഗപ്പൂരിൽ നടന്ന ഉച്ചകോടിയും അത്തരത്തിലുള്ളതായിരുന്നു. രണ്ടാമതൊരു കിം-ട്രംപ് ഉച്ചകോടിക്കുളള ആലോചനയും ഇപ്പോൾ നടന്നുവരുന്നു.  കാരണം, ഇരു കൊറിയകളും തമ്മിലുള്ള ഇടപെടിലൂടെ മാത്രം കൊറിയൻ അർദ്ധദ്വീപിൽ സമാധാനം ഉരിത്തിരിഞ്ഞുവരില്ല. അതിന് അമേരിക്കയുടെ പങ്കാളിത്തംകൂടി വേണം. 

Kim Jong Un and Moon Jae-in

അതിനുവേണ്ടിയുള്ള ഇടനിലക്കാരൻ എന്നനിലയിൽകൂടി പ്രവർത്തിക്കുകയാണ്  മൂൺ ജേയ് ഇൻ. യുഎൻ പൊതുസഭാ സമ്മേളനത്തിൽ സംബന്ധിക്കാൻ ന്യൂയോർക്കിൽ എത്തുന്ന അദ്ദേഹം അവിടെവച്ച് ട്രംപിനെ കാണുകയും തന്റെ പ്യോംഗ്യാങ് യാത്രയുടെ വിശദവിവരങ്ങൾ ട്രംപിനെ ധരിപ്പിക്കുകയും ചെയ്യും. ട്രംപിനു നൽകാൻ കിമ്മിന്റെ ഒരു രഹസ്യസന്ദേശവും മൂണിന്റെ പക്കലുണ്ടത്രേ. ഇതോടെ കൊറിയൻ പ്രശ്നത്തിന്റെ പന്തു വീണ്ടും അമേരിക്കയുടെ കോർട്ടിലെത്തുന്നു.

മൂൺ നിർവഹിക്കുന്ന റോളിനു കിം എത്രമാത്രം വില കൽപ്പിക്കുന്നുവെന്നതിനു തെളിവായിരുന്നു മൂണിനു പ്യോംഗ്യാങ്ങിൽ ലഭിച്ച ഉൗഷ്മള സ്വീകരണം. ഉത്തര കൊറിയയുടെ നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ഏഴു വർഷങ്ങളിൽ ഒരിക്കൽ പോലും വിദേശാതിഥിയെ സ്വീകരിക്കാൻ കിം വിമാനത്താവളത്തിൽ എത്തിയിരുന്നില്ല. എന്നാൽ മൂണിനെയും പത്നിയെയും പ്യോംഗ്യാങ്ങിലെ സുനാൻ വിമാനത്താവളത്തിൽ സ്വീകരിച്ചത് കിമ്മും പത്നിയും ചേർന്നാണ്. 

പിന്നീട് ഒരു തുറന്നകാറിൽ അവരെ അദ്ദേഹം നഗരത്തിലൂടെ ആനയിക്കുകയും ജനങ്ങളുടെ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങാൻ അവസരമുണ്ടാക്കിക്കൊടുക്കുകയും ചെയ്തു. ചൈനയുമായുളള അതിർത്തിയിൽ സ്ഥിതിചെയ്യുന്നതും ഇരു കൊറിയക്കാരും ശ്രേഷ്ഠമായി കരുതുന്നതുമായ പെയ്ക്തു അഗ്നിപർവതം അവരോടൊപ്പം സന്ദർശിക്കാനും  കിം സമയം കണ്ടെത്തി. 

സുപ്രധാനമായ ചില തീരുമാനങ്ങൾക്കും പ്രഖ്യാപനങ്ങൾക്കും ഇൗ ഉച്ചകോടി സാക്ഷ്യം വഹിച്ചു. 2032ലെ ഒളിംപിക്സിന് ഒന്നിച്ച് ആതിഥ്യമരുളാൻ ഇരുകൊറിയകളും സംയുക്തശ്രമം നടത്തുകയും അതിൽ ഒറ്റ ടീമായി പങ്കെടുക്കുകയും ചെയ്യുക, രണ്ടു രാജ്യങ്ങളും തമ്മിൽ റയിൽവഴിയും  റോഡ്വഴിയുമുള്ള ഗതാഗത ബന്ധങ്ങൾ സ്ഥാപിക്കുക, വിനോദസഞ്ചാരത്തിനു സൗകര്യമുണ്ടാക്കുക, അതിർത്തിയിലെ സൈനിക സംഘർഷത്തിൽ അയവുവരുത്താൻ നടപടിയെടുക്കുക  എന്നിവ ഇൗ തീരുമാനങ്ങളിൽ ഉൾപ്പെടുന്നു. 

ഉത്തര കൊറിയയുടെ തെക്കൻ അതിർത്തിക്കടുത്ത് ഇരു കൊറിയകളുടെയും സംയുക്ത സംരംഭമെന്ന നിലയിൽ പ്രവർത്തിച്ചിരുന്ന കെയിസോങ് വ്യവസായ പാർക്ക് വീണ്ടും തുറക്കുന്ന കാര്യവും കിം-മൂൺ ഉച്ചകോടിയിൽ ചർച്ചചെയ്യപ്പെടുകയുണ്ടായി. 2014ൽ പ്രവർത്തനം ആരംഭിച്ച അതിൽനിന്ന്്  2016ൽ ദക്ഷിണ കൊറിയ പിൻവാങ്ങുകയായിരുന്നു. ഉത്തര കൊറിയയുടെ ആണവ, മിസൈൽ പരീക്ഷണങ്ങളിൽ പ്രതിഷേധിച്ചായിരുന്നു ആ നടപടി. പാർക്ക് വീണ്ടും തുറക്കുന്നത് ഉത്തര കൊറിയയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്.  

എന്നാൽ, ലോകം പൊതുവിൽ പ്യോംഗ്യാങ്ങിലേക്ക് ഉറ്റുനോക്കിയത് ഇതൊന്നും അറിയാനല്ല, ആണവ നിരായുധീകരണ കാര്യത്തിൽ ഉത്തര കൊറിയ ഇപ്പോൾ എവിടെ നിൽക്കുന്നുവെന്നു മനസ്സിലാക്കാനായിരുന്നു. കൊറിയൻ അർദ്ധദ്വീപിൽ സമ്പൂർണ ആണവ നിരായുധീകരണം നടപ്പാക്കാൻ ഉത്തര കൊറിയ പ്രവർത്തിക്കുമെന്നാണ് സിംഗപ്പൂരിലെ കിം-ട്രംപ് ഉച്ചകോടിയിൽ തീരുമാനിച്ചിരുന്നത്. പക്ഷേ, മൂന്നു മാസത്തിനുശേഷവും അതു സംബന്ധിച്ച അവ്യക്തതയും ആശയക്കുഴപ്പവും അവശേഷിക്കുന്നു. 

Trump Kim Summit

ഉത്തര കൊറിയയുടെ ഒരു മുഖ്യ മിസൈൽ പരീക്ഷണകേന്ദ്രം പൊളിച്ചുനീക്കാൻ തയാറാണെന്നു പ്യോംഗ്യാങ് ഉച്ചകോടിയിൽ മൂണിനു കിം ഉറപ്പുനൽകിയതാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുളള ഒരു പുതിയ കാൽവയ്പ്. തങ്ങളുടെ ഏക ന്യൂക്ളിയർ കോംപ്ളക്സ് അടച്ചുപൂട്ടാമെന്നും കിം അറിയിക്കുകയുണ്ടായി. പക്ഷേ അതു നടപ്പാകണമെങ്കിൽ അമേരിക്ക അനുകൂലസാഹചര്യമുണ്ടാക്കണമെന്ന നിർബന്ധവും കിമ്മിനുണ്ട്. 

അമേരിക്ക എന്തു ചെയ്യണമെന്നാണ് ഉദ്ദേശിക്കുന്നതെന്നു കിം വിശദീകരിക്കുകയുണ്ടായില്ല. എന്നാൽ, ആണവ, മിസൈൽ പരീക്ഷണങ്ങളുടെ പേരിൽ ഉത്തര കൊറിയയ്ക്കെതിരെ   ഏർപ്പെടുത്തിയ ഉപരോധങ്ങൾ പിൻവലിക്കാൻ തുടങ്ങണമെന്നാണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമാണ്. ഇതിനുമുൻപും ഇക്കാര്യം ഉത്തര കൊറിയ പലതവണ ഉന്നയിക്കുകയുണ്ടായി. 

ആണവ നിർമാർജനം എന്നതിന്റെ യുഎസ് നിർവചനവും ഉത്തര കൊറിയൻ നിർവചനവും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നതാണ് വാസ്തവം. ഉത്തര കൊറിയ അതിന്റെ എല്ലാ ആണവ പരീക്ഷണങ്ങളും മിസൈൽ വിക്ഷേപണങ്ങളും അവസാനിപ്പിക്കുക, നിർമിച്ചുകഴിഞ്ഞ ആണവ ബോംബുകളും മിസൈലുകളും നിഷ്ക്രിയമാക്കുക, അവ വീണ്ടും നിർമിക്കാനാവില്ലെന്ന് ഉറപ്പുവരുത്തുക, രാജ്യാന്തര വിദഗദ്ധരുടെ പരിശോധനയിലൂടെ ഇതെല്ലാം തിട്ടപ്പെടുത്തുക-ഇത്രയും കാര്യങ്ങൾ അടങ്ങിയതാണ് അമേരിക്കയുടെ നിർവചനം. ഉപരോധങ്ങൾ പിൻവലിക്കുന്നത് അതിനുശേഷം മാത്രമായിരിക്കുമെന്നും അമേരിക്ക നിഷ്ക്കർഷിക്കുന്നു. 

അതേസമയം, കിമ്മിനെ സംബന്ധിച്ചിടത്തോളം കൊറിയൻ അർദ്ധദ്വീപിനെ ആണവ വിമുക്തമാക്കുകയെന്നതിനു കുറേക്കൂടി വിശാലമായ അർഥമാണുളളത്.  അതനുസരിച്ച്, ഉത്തര കൊറിയയുടെ  മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും ആണവ പരീക്ഷണ കേന്ദ്രങ്ങളും നിഷ്ക്രിയമാക്കിയാൽമാത്രം പോരാ. ദക്ഷിണ കൊറിയയ്ക്ക് അമേരിക്ക  നൽകി വരുന്ന ആണവ സംരക്ഷണം അവസാനിക്കുകയും വേണം.

ഉത്തര കൊറിയയിൽനിന്നുള്ള ആക്രമണ ഭീഷണി ചെറുക്കാനെന്നപേരിൽ 28,500 യുഎസ് ഭടന്മാരെ അമേരിക്ക ദക്ഷിണ കൊറിയയിൽ നിർത്തിയിട്ടുണ്ട്. അവരുടെ പക്കലുള്ള അത്യാധുനിക ആയുധങ്ങളിൽ ആണവ ബോംബുകളും ഉണ്ടെന്നു കരുതപ്പെടുന്നു. ഇൗ ഭടന്മാരെ പിൻവലിക്കുക, അമേരിക്കയും ദക്ഷിണ കൊറിയയും നടത്തിവരുന്ന സംയുക്ത സൈനികാഭ്യാസം നിർത്തലാക്കുക എന്നീ കാര്യങ്ങളും ആണവ നിരായുധീകരണത്തിന്റെ പരിധിയിൽവരുമെന്ന് ഉത്തര കൊറിയ വാദിക്കുന്നു. 

പക്ഷേ, ഇതിനെക്കുറിച്ചൊന്നും സിംഗപ്പൂരിലെ കിം-ട്രംപ് ഉച്ചകോടിയിൽ വിശദമായ ചർച്ചകൾ നടന്നുവോയെന്നു സംശയമാണ്. ആവശ്യമായ മുന്നൊരുക്കങ്ങൾ ഇല്ലാതെ  നടത്തിയ ആ ഉച്ചകോടിയിൽ അത്തരമൊരു സമഗ്ര ചർച്ചയ്ക്ക് അവസരവുമുണ്ടായിരുന്നില്ല. ട്രംപും കിമ്മും  ഒപ്പുവച്ച കരാറിൽ ഇതു സംബന്ധിച്ച് വ്യക്തമായ പരാമർശവുമില്ല. 

കൊറിയൻ അർദ്ധദ്വീപിൽ പൂർണമായ ആണവ നിരായുധീകരണം നടപ്പാക്കാൻ ഉത്തര കൊറിയ പ്രവർത്തിക്കുമെന്നു കരാറിൽ ഒഴുക്കൻ മട്ടിൽ പറയുകമാത്രമാണ് ചെയ്തിട്ടുള്ളത്്. അതിന്റെ സ്വാഭാവികമായ അനന്തരഫലമാണ് ഇപ്പോഴത്തെ ആശയക്കുഴപ്പവും അഭിപ്രായ വ്യത്യാസവുമെന്നു പല നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും ആണവ പരീക്ഷണ കേന്ദ്രങ്ങളും ഒന്നൊന്നായി പൂട്ടിക്കൊണ്ട് തങ്ങൾ ആണവ നിരായുധീകരണം പടിപടിയായി നടപ്പാക്കിവരികയാണെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നത്. ഉത്തര കൊറിയൻ രാഷ്ട്രസ്ഥാനപത്തിന്റെ എഴുപതാം വാർഷിത്തോടനുബന്ധിച്ച് സെപ്റ്റംബർ ഒൻപതിനു പ്യോംഗ്യാങ്ങിൽ നടന്ന സൈനിക പരേഡിലൂടെ ഇക്കാര്യം അമേരിക്കയെ മറ്റൊരു വിധത്തിൽ ബോധ്യപ്പെടുത്താനും ഉത്തര കൊറിയ ശ്രമിക്കുകയുണ്ടായി. 

അവരുടെ പക്കലുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (എെസിബിഎം) പരേഡിൽ പ്രദർശിപ്പിക്കുകയുണ്ടായില്ല. ആണവ ബോംബുമായി അമേരിക്കയെവരെ ആക്രമിക്കാൻ കഴിയുന്ന വിധത്തിൽ അത്രയും ദൂരം സഞ്ചരിക്കുന്ന അത്തരം മിസൈലുകൾ തയാറായിക്കഴിഞ്ഞുവെന്നാണ് ഉത്തര കൊറിയ നേരത്തെ അവകാശപ്പെട്ടിരുന്നത്. ട്രംപിനെ പ്രകോപിക്കാതിരിക്കാൻ കൂടിയാണ് പരേഡിൽ എെസിബിഎം പ്രദർശിപ്പിക്കാതിരുന്നതെന്നും വ്യാഖ്യാനിക്കപ്പെടുന്നു. എന്നാൽ, ട്രംപ് സംതൃപ്തനല്ല. 

ആണവ നിരായുധീകരണ കാര്യത്തിൽ ഉത്തര കൊറിയ എത്രമാത്രം മുന്നോട്ടു പോയിട്ടുണ്ടന്ന് തിട്ടപ്പെടുത്താൻ അവരുടെ ആണവായുധങ്ങളുടെയും ആണവ പരീക്ഷണകേന്ദ്രങ്ങളുടെയും  പട്ടിക അമേരിക്ക ആവശ്യപ്പെട്ടിരുന്നു. അവ നിഷ്ക്രിയമാക്കുന്നതിനുള്ള ടൈംടേബിളും ആവശ്യപ്പെടുകയുണ്ടായി. പക്ഷേ ഉത്തര കൊറിയ അവ നൽകിയില്ല. 

ആണവ, മിസൈൽ പരിപാടി ഉത്തര കൊറിയ നിർബാധം തുടരുന്നുവെന്നാണ് യുഎൻ രക്ഷാസമിതി നിയോഗിച്ച വിദഗ്ധാന്വേഷണ സമിതി ഒാഗസ്റ്റിൽ റിപ്പോർട്ട്് ചെയ്തിരുന്നത്.  രക്ഷാസമിതി ഏർപ്പെടുത്തിയ ഉപരോധങ്ങളെ മറികടക്കുന്ന വ്യാപാര ഇടപാടുകൾ അവർ രഹസ്യമായി നടത്തിവരികയാണെന്നും ഇൗ റിപ്പോർട്ടിൽ പറയുന്നു. ചൈനയും റഷ്യയും ഉപരോധത്തിൽ അയവു വരുത്തുകയാണെന്ന റിപ്പോർട്ടുകളും ട്രംപിനെ രോഷം കൊള്ളിച്ചു.

കഴിഞ്ഞ മാസം തുടർചർച്ചകൾക്കുവേണ്ടി പ്യോംഗ്യാങ്ങിലേക്കു പോകാൻ ഒരുങ്ങിയ തന്റെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെ  അവസാന മണിക്കൂറിൽ അതിൽനിന്നു വിലക്കിക്കൊണ്ടാണ് ട്രംപ് പ്രതികരിച്ചത്. എങ്കിലും ട്രംപ് നിരാശനായിട്ടില്ല. കിമ്മിനെ അനുനയിപ്പിച്ചുകൊണ്ടു മുന്നോട്ടുപോകാൻതന്നെയാണ് തൽക്കാലം അദ്ദേഹത്തിന്റെ തീരുമാനം.  ഇടയ്ക്കിടെ കിമ്മിനെ പ്രശംസിക്കാനും മടികാണിക്കുന്നില്ല. രണ്ടാമതൊരു ഉച്ചകോടികൂടിയാവാമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്്.ഒരു വർഷം മുൻപത്തേതിൽനിന്നു  തീർത്തും വ്യത്യസ്തമാണ് ഇൗ സമീപനം. 

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ യുഎൻ പൊതുസഭയിൽ ചെയ്ത പ്രസംഗത്തിലാണ് അദ്ദേഹം കിം ജോങ് ഉന്നിനെ ചെറിയ റോക്കറ്റ്മാൻ എന്നു പരിഹസിക്കുകയും ഉത്തര കൊറിയയെ ചുട്ടുചാമ്പലാക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നത്.