Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിക്കൂട്ടിൽ ന്യായാധിപൻ

വിദേശരംഗം  / കെ. ഉബൈദുള്ള
brett-kavanaugh-christine അമേരിക്കയിൽ സുപ്രീംകോടതി ജഡ്ജിപദം ഏറ്റെടുക്കാൻ കാത്തുനിൽക്കുന്ന ആൾ ലൈംഗികാപവാദത്തിൽ. കോൺഗ്രസ് ഇടക്കാല തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കേ രാഷ്ട്രീയ രംഗത്തു കോളിളക്കം...

മദ്ധ്യവയസ്ക്കരായ ഒരു ജഡ്ജിയും ഒരു വനിതാ പ്രഫസറും രണ്ടാഴ്ചയായി അമേരിക്കക്കാരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. ഇവർക്കിടയിലുള്ള പ്രശ്നം പ്രഫസറുടെ കുട്ടിക്കാലത്തു നടന്നതായി ആരോപിക്കപ്പെടുന്ന മാനഭംഗശ്രമമാണ്. പക്ഷേ, അതൊരു രാഷ്ട്രീയ പ്രശ്നമായി മാറി, രാഷ്ട്രീയത്തിന്റെ ഉന്നതതലങ്ങളിൽപ്പോലും കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.  

അടുത്തമാസം നടക്കാനിരിക്കുന്ന  കോൺഗ്രസ് ഇടക്കാല തിരഞ്ഞെടുപ്പിന് ഇതോടെ പെട്ടെന്നു വീറും വാശിയും കൂടി. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രാഷ്ട്രീയ ഭാവിയെപ്പോലും ബാധിക്കുന്നതായിരിക്കും ഒരുപക്ഷേ ഇൗ തിരഞ്ഞെടുപ്പിന്റെ ഫലം. ഇക്കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിൽ (സെപ്റ്റംബർ 27, 28) ടിവിയിൽ കണ്ടത് അത്യസാധാരണമായ ഒരു നാടകത്തിലെ ഏറ്റവും വികാര തീവ്രമായ മുഹൂർത്തങ്ങളായിരുന്നു.  യുഎസ് സുപ്രീംകോടതിയിൽ അടുത്തുതന്നെ ഉണ്ടാകാൻ പോകുന്ന ഒഴിവിലേക്ക് ബ്രെറ്റ് കെവനോ എന്ന അൻപത്തിമൂന്നുകാരനെ ജൂലൈ മധ്യത്തിൽ ട്രംപ് നോമിനേറ്റ് ചെയ്തോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. 

രാജ്യതലസ്ഥാനമായ വാഷിങ്ടൺ സ്ഥിതിചെയ്യുന്ന ഡിസ്ട്രിക് ഒാഫ് കൊളംബിയയിലെ ഫെഡറൽ അപ്പീൽ കോടതി ജഡ്ജിയാണ് കെവനോ. ട്രംപിന്റെ സുഹൃത്തും ട്രംപിനെപ്പോലെ വലതുപക്ഷ ചിന്താഗതിക്കാരനുമാണ്. മുൻപ് പ്രസിഡന്റ് ബിൽ ക്ളിന്റനെതിരായ ലൈംഗികാപവാദത്തെക്കുറിച്ച് അന്വേഷണം നടത്തിയ സ്പെഷ്യൽ കൗൺസൽ കെന്നത്ത് സ്റ്റാറിന്റെ സ്റ്റാഫ് അംഗങ്ങളിൽ ഒരാളായിരുന്നു. പ്രസിഡന്റ് ജോർജ് ഡ്ബ്ലിയു. ബുഷിന്റെ ഭരണകാലത്തു വൈറ്റ് ഹൗസിലും പ്രവർത്തിക്കുകയുണ്ടായി. സുപ്രീകോടതിയിലെ ജഡ്ജിയാകാൻ യോഗ്യൻ.  

bret

ക്യാബിനറ്റ് അംഗങ്ങളെപ്പോലെ സുപ്രീംകോടതി ജഡ്ജിമാരും ചുമതലയേൽക്കുന്നതിനുമുൻപ് സെനററ്റിന്റെ അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്. കോൺഗ്രസിന്റെ ഉപരിസഭയായ സെനറ്റിൽ ട്രംപിന്റെ റിപ്പബ്ളിക്കൻ പാർട്ടിക്കു 51-49 ഭൂരിപക്ഷമുള്ളതിനാൽ അതൊരു പ്രശ്നമാകുമെന്ന് ആരും കരുതിയിരുന്നില്ല. നിയമനം വിവാദപരമല്ലെങ്കിൽ പാർട്ടി ബന്ധങ്ങൾക്ക് അതീതമായിത്തന്നെ അംഗങ്ങൾ വോട്ടുചെയ്യുന്നതും അപൂർവമല്ല.  

അതിനാൽ, സുപ്രീംകോടതിയിലെ ഒൻപതു ജഡ്ജിമാരിൽ ഒരാളായി സ്ഥാനമേൽക്കാൻ കെവനോ ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് പാലോ ആൽട്ടോ സർവകലാശാലയിൽ മനഃശാസ്ത്രം പഠിപ്പിക്കുന്ന ഡോ. ക്രിസ്റ്റീൻ ബ്ളേസി ഫോഡ് എന്ന വനിതാ പ്രഫസർ അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണവുമായി മുന്നോട്ടുവന്നത്.  

മൂന്നര പതിറ്റാണ്ടുകൾക്കുമുൻപ്്, സ്കൂളിൽ പഠിക്കുമ്പോൾ (കെവനോയ്ക്കു പതിനേഴും തനിക്കു പതിനഞ്ചും വയസ്സായിരുന്നപ്പോൾ) കെവനോ തന്നെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. അൻപത്തിയൊന്നുകാരിയായ ഫോഡ് വിവാഹിതയും രണ്ടു മക്കളുടെ മാതാവുമാണ്. മുപ്പതു വർഷംമുൻപ് നടന്ന ഒരു സമാന സംഭവമാണ് പെട്ടെന്നു പലരുടെയും ഒാർമയിലെത്തിയത്. 

സുപ്രീംകോടതിയിലേക്കു നോമിനേറ്റ് ചെയ്യപ്പെട്ട ഒരു ജഡ്ജിക്കെതിരെയായിരുന്നു അന്നും ആരോപണം. അദ്ദേഹം (ക്ളാരൻസ് തോമസ്) ജോലിചെയ്തിരുന്ന ഒാഫീസിൽ താൻ പ്രവർത്തിക്കുമ്പോൾ ലൈംഗികച്ചുവയുള്ള വാക്കുകളിലൂടെയും ചേഷ്ടകളിലൂടെയും അദ്ദേഹം തന്നെ നിരന്തരമായി ശല്യപ്പെടുത്തിക്കൊണ്ടിരുന്നുവെന്നായിരുന്നു അനിതാ ഹിൽ എന്ന അഭിഭാഷകയുടെ പരാതി. 

അനിതയെ സെനറ്റ് വിളിച്ചുവരുത്തുകയും അവർക്കു പറയാനുള്ളതു കേൾക്കുകയും ചെയ്തു. പക്ഷേ, അനിതയുടെ ആരോപണത്തിൽ കഴമ്പുള്ളതായി സെനറ്റർമാർക്കു ബോധ്യപ്പെട്ടില്ല. ക്ളാരൻസ് തോമസിന്റെ നിയമനം സെനറ്റ് അംഗീകരിച്ചു. എല്ലാവരുടെയും ഒാർമകളിൽനിന്ന്് ആ സംഭവം മാഞ്ഞുപോവുകയും ചെയ്തു. 

പക്ഷേ, ഇന്നത്തെ അന്തരീക്ഷം അന്നത്തെപ്പോലെയല്ല. പല രംഗങ്ങളിലും സ്്ത്രീകൾ അനുഭവിച്ചുവരുന്ന ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും മറ്റെന്നത്തേക്കാളും വ്യാപകമായും തീവ്രമായും ലോകമൊട്ടുക്കും ചർച്ചചെയ്യപ്പെടുന്ന കാലമാണിത്. നീതിക്കുവേണ്ടി സ്ത്രീകൾ ഉച്ചത്തിൽ ശബ്ദമുയർത്തുന്നു. വർഷങ്ങൾക്കുമുൻപ് നടന്ന സംഭവങ്ങൾപോലും ഒാർത്തെടുത്ത് അവർ നടപടികൾ ആവശ്യപ്പെടുന്നു. 

തങ്ങൾ ഇരകളായിരുന്നുവെന്നു തുറന്നുപറയാനും സ്വന്തം പേരുവിവരങ്ങൾ വെളിപ്പെടുത്താനും മാധ്യമങ്ങളുമായി സംസാരിക്കാനും അവർക്കു മടിയില്ല. മുൻകാലങ്ങളിൽ കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നുമുള്ള പ്രതികൂല പ്രതികരണം ഭയന്നു മിക്കവരും മിണ്ടാതിരുന്ന സ്ഥിതിയിൽനിന്നു വ്യത്യസ്താണിത്. 

അമേരിക്കയിൽതന്നെ കഴിഞ്ഞ വർഷം പെട്ടെന്നു ശക്തി പ്രാപിക്കാൻ തുടങ്ങിയ മീ റ്റൂ പ്രസ്ഥാനം ഇൗ രംഗത്തുണ്ടാക്കിയ മാറ്റം പ്രത്യേകിച്ചു ശ്രദ്ധേയമാണ്. ഹാർവി വെയിൻസ്റ്റെയിൻ (66) എന്ന ഹോളിവുഡ്സിനിമാനിർമാതാവ് വർഷങ്ങൾക്കുമുൻപ് ബലാൽസംഗം ചെയ്യുകയോ ലൈംഗികമായി ശല്യപ്പെടുത്തുകയോ ചെയ്തിരുന്നുവെന്നു ചില നടിമാർ ആരോപണം ഉന്നയിച്ചതോടെയായിരുന്നു അതിന്റെ തുടക്കം. 

കഴിഞ്ഞ 30 വർഷങ്ങൾക്കിടയിൽ വെയിൻസ്റ്റെയിനിൽനിന്നു ശാരീരികമോ മാനസികമോ ആയ സമാന പീഢനങ്ങൾ തങ്ങൾക്കും അനുഭവിക്കേണ്ടി വന്നതായി മറ്റ് എൺപതോളം പേരും ഏറ്റുപറഞ്ഞു. ആൻജലിന ജോളി, ഉമ തർമൻ, ഗ്വിന്നത്ത് പാൽട്രോവ്, ജെന്നിഫർ ലോറൻസ്, ആഷ്ലി ജൂഡ്്, കെയ്റ്റ് ബെക്കിൻസേൽ, സൽമ ഹായെക് തുടങ്ങിയ ലോകപ്രശസ്ത നടിമാരും ഇവരിൽഉൾപ്പെടുന്നു. വെയിൻസ്റ്റെയിൻ ആരോപണങ്ങൾ നിഷേധിച്ചുവെങ്കിലും ഇക്കഴിഞ്ഞ മേയിൽ അറസ്റ്റിലായി. ഇപ്പോൾ ജാമ്യത്തിലാണ്. 

ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളിലും പ്രമുഖ വ്യക്തികൾക്കെതിരെ ലൈംഗികാരോപണങ്ങൾ പരസ്യമായി ഉന്നയിക്കാൻ മീ റ്റൂ പ്രസ്ഥാനം സത്രീകൾക്ക് അഭൂതപൂർവമായ  ധൈര്യം പകർന്നു. അമേരിക്കയിലെ കെവനോ-ഫോഡ് വിവാദം ഇൗ പശ്ചാത്തലത്തിലും വിലയിരുത്തപ്പെടുന്നു. ഇതിനിടയിൽതന്നെ മറ്റു രണ്ടു സ്ത്രീകൾകൂടി കെവനോയ്ക്കെതിരെ ലൈംഗികാരോപണവുമായി മുന്നോട്ടുവരികയും ചെയതു.

നിയുക്ത ജഡ്ജിക്കെതിരായ ആരോപണം നിസ്സാരമാക്കി തള്ളിക്കളയാൻ സെനറ്റിനു കഴിയുമായിരുന്നില്ല. ഫോഡിനെ സെനറ്റ് വിളിപ്പിച്ചു. ആദ്യം കേന്ദ്ര കുറ്റാന്വേഷണ വിഭാഗം (എഫ്ബിഎെ) അന്വേഷണം നടത്തണമെന്നും അതിനു ശേഷം താൻ മൊഴിനൽകാമെന്നും പരാതിക്കാരി നിർദേശിച്ചുവെങ്കിലും സെനറ്റ് ചെവിക്കൊണ്ടില്ല. 

അങ്ങനെയാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച (സെപ്റ്റംബർ 27)  സെനറ്റിന്റെ ജുഡീഷ്യറി കമ്മിറ്റിയുടെ മുൻപാകെ ഫോഡ് ഹാജരായത്. അവർ പറഞ്ഞതിന്റെ ചുരുക്കം ഏതാണ്ട് ഇങ്ങനെയാണ് : സ്കൂൾ കുട്ടികളുടെ ഒരു പാർട്ടിയിൽവച്ച് കുടിച്ചുമത്തനായ കെവനോ തന്നെ ഒരു മുറിയിലാക്കി ബലാൽസംഗം ചെയ്യാൻ ശ്രമിച്ചു, തന്റെ നിലവിളി പുറത്തു കേൾക്കാതിരിക്കാൻ മുഖം അടക്കിപ്പിടിച്ചു, തനിക്കു ശ്വാസം മുട്ടുകയും മരിച്ചുപോകുമെന്നു ഭയപ്പെടുകയും ചെയ്തു, കെവനോയും ഒപ്പമുണ്ടായിരുന്ന മാർക്ക് ജഡ്ജ് എന്ന കുട്ടിയും കൂടി തന്റെ വെപ്രാളം കണ്ടുകുടുകുടെ പൊട്ടിച്ചിരിച്ചു, ആ സംഭവത്തിന്റെ ഭീകരമായ ഒാർമകൾ പിന്നീടൊരിക്കലും തന്നെ വിട്ടുപോയില്ല. 

christine-blasey-ford

തുടർന്നു മൊഴിനൽകിയ കെവനോ ആരോപണം തീർത്തും നിഷേധിക്കുകയാണ് ചെയ്തത്. മാത്രമല്ല, ഇതിന്റെ പിന്നിൽ ഡമോക്രാറ്റിക് പാർട്ടിയുടെ കൈകളാണുള്ളതെന്നു കുറ്റപ്പെടുത്തുകയും ചെയ്തു. ക്ളിന്റനുവേണ്ടി അവർ തന്നോടു പ്രതികാരം ചെയ്യുകയാണെന്നു പറയാനും അദ്ദേഹം മടിച്ചില്ല. 

സുപ്രീംകോടതി ജഡ്ജിപദം ഏറ്റെടുക്കാൻ കാത്തുനിൽക്കുന്ന ഒരാൾ ഇങ്ങനെ ഒരു സാധാരണരാഷ്ട്രീയക്കാരനെപ്പോലെ നിയന്ത്രണംവിട്ട് സംസാരിച്ചതു പൊതുവിൽ അൽഭുതമാണുളവാക്കിയത്. അതേസമയം, ഫോഡിന്റെ സംസാരം തികച്ചും അന്തസ്സുറ്റ രീതിയിലും അനുകമ്പ പിടിച്ചുപറ്റുന്ന വിധത്തിലുമായിരുന്നു. 

സുപ്രീംകോടതിയിൽ സേവനം ചെയ്യാൻ കെവനോ അർഹനാണോയെന്നു തീരുമാനിക്കേണ്ടതു തന്റെ ഉത്തരവാദിത്തമല്ലെന്നും സത്യം പറയുക മാത്രമാണ് തന്റെ ഉത്തരവാദിത്തമെന്നും ഫോഡ് പറഞ്ഞതു സെനറ്റ് കമ്മിറ്റി അംഗങ്ങൾ ചെവികൂർപ്പിച്ചുകേട്ടു. ആ വീട്ടമ്മയുടെ ശബ്ദം പലപ്പോഴും ഇടറിയിരുന്നു. എന്നിട്ടും, റിപ്പബ്ളിക്കന്മാർക്കു ഭൂരിപക്ഷമുള്ള സെനറ്റ് കമ്മിറ്റി ഒടുവിൽ തീരുമാനിച്ചതു കെവനോയെ പിന്തുണയ്ക്കാനും അദ്ദേഹത്തിന്റെ നിയമനം അംഗീകരിക്കണമെന്നു  സെനറ്റിനോടു ശുപാർശ ചെയ്യാനുമാണ്. പക്ഷേ, എഫ്ബിഎെ അന്വേഷണം നടത്താതെ നിയമനം അംഗീകരിക്കുന്നതു തങ്ങൾക്കു ദോഷം ചെയ്യുമെന്നു റിപ്പബ്ളിക്കൻ പാർട്ടിയിൽതന്നെ വീണ്ടുവിചാരമുണ്ടായി.

നവംബർ ആറിനു നടക്കുന്ന കോൺഗ്രസ് ഇടക്കാല തിരഞ്ഞെടുപ്പിൽ വനിതാ വോട്ടർമാർ കൂട്ടത്തോടെ തങ്ങൾക്കെതിരെ തിരിയാൻ ഇതു കാരണമായിത്തീരുമോ എന്നാണ് അവരുടെ ഭയം. പ്രസിഡന്റ് ട്രംപിനും അതു ബോധ്യമായി. എഫ്ബിഎെ അന്വേഷണം നടപ്പില്ലെന്നു പറഞ്ഞിരുന്ന അദ്ദേഹം ഉടൻതന്നെ അതിന് ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

കെവനോയൊടൊപ്പം ഉണ്ടായിരുന്നുവെന്നു ഫോഡ് പറയുന്ന മാർക്ക് ജഡ്ജുമായും കെവനോയ്ക്കെതിരെ ആരോപണം ഉന്നയിച്ച മറ്റു രണ്ടു സ്ത്രീകളുമായും എഫ്ബിഎെ ബന്ധപ്പെട്ടു കഴിഞ്ഞു. എഫ്ബിഎെ അന്വേഷണത്തിന്റെ ഫലം എന്തായിരിക്കുമെന്ന ചോദ്യമാണ് എല്ലാവരുടെയും മനസ്സിൽ. അതിനിടയിൽ, ട്രംപിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം തന്നെ നിർണായകമായ കോൺഗ്രസ് ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തടുത്തുവരുന്നു. ഉദ്വേഗം മുറ്റിനിൽക്കുന്ന നാളുകളാണ് അമേരിക്കയെ കാത്തിരിക്കുന്നത്്.