Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കയിൽ വിദ്വേഷത്തിന്റെ രാഷ്ട്രീയം

 വിദേശരംഗം  / കെ. ഉബൈദുള്ള
അമേരിക്കയിൽ വിദ്വേഷത്തിന്റെ രാഷ്ട്രീയം (അര നൂറ്റാണ്ടുമുൻപ് നടന്ന ദാരുണ സംഭവങ്ങൾ വീണ്ടും ഒാർമിപ്പിക്കുന്ന വിധത്തിൽ വെറുപ്പും വിദ്വേഷവും പകയും ഏറ്റവും തീവ്രമായ രൂപത്തിൽ തിരിച്ചെത്തിയിരിക്കുകയാണോ ഇപ്പോൾ യുഎസ് രാഷ്ട്രീയത്തിൽ ? )

അമേരിക്കയുടെ പ്രസിഡന്റാകുമായിരുന്ന റോബർട്ട് കെന്നഡിയും നൊബേൽ സമാധാന സമ്മാനം നേടിയ പൗരാവകാശ നേതാവ് ഡോ. മാർടിൻ ലൂതർ കിങ് ജൂനിയറും കൊലചെയ്യപ്പെട്ടത് ഒരേ വർഷമാണ്-1968ൽ. ആധുനിക യുഎസ് ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ വർഷമായിരുന്നു അത്്. വധിക്കപ്പെട്ട പ്രസിഡന്റ് ജോൺ കെന്നഡിയുടെ സഹോദരനും അദ്ദേഹത്തന്റെ കീഴിൽ അറ്റോർണി ജനറലുമായിരുന്നു റോബർട്ട് കെന്നഡി.  

അര നൂറ്റാണ്ടു മുൻപു നടന്ന ആ സംഭവങ്ങൾ അമേരിക്കക്കാരുടെ ഒാർമകളിൽ  ഇന്നും അഗാധമായഞെട്ടലുണ്ടാക്കുന്നു. പല കാരണങ്ങളാൽ അടിമുടി കലുഷവും പ്രക്ഷുബ്ധവും അക്രമാസക്തവുമായിരുന്നു അന്നത്തെ യുഎസ് രാഷ്ട്രീയം. അതിന്റെ പരിണിത ഫലങ്ങളായിരുന്നു റോബർട്ട് കെന്നഡിയുടെയും മാർട്ടിൻ ലൂതർ കിങ്ങിന്റെയും ദാരുണമായ അന്ത്യം. 

അതെല്ലാം വീണ്ടും ഒാർമിപ്പിക്കുന്ന വിധത്തിൽ വെറുപ്പും വിദ്വേഷവും പകയും ഏറ്റവും തീവ്രമായ രൂപത്തിൽ തിരിച്ചെത്തിയിരിക്കുകയാണോ  ഇപ്പോൾ അമേരിക്കയിൽ ? രണ്ടു മുൻ പ്രസിഡന്റുമാരും അവരുടെ ഭാര്യമാരും ഉൾപ്പെടെയുള്ള ചില പ്രമുഖരെ തേടി ഇക്കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിൽ (ഒക്ടോബർ 24, 25) തപാൽ ബോംബുകൾ എത്തിയ സംഭവങ്ങൾ ഉന്നയിക്കുന്നത് അങ്ങനെയൊരു ചോദ്യമാണ്.  

trump-obama

പൈപ്പും വയറുകളും കൊണ്ടുണ്ടാക്കിയ നാടൻ ബാംബ് തടിച്ച കടലാസുകൊണ്ടുള്ള കവറിനകത്തുവച്ചു, കവർ പ്ളാസ്റ്റിക് റാപ്പർ ഉപയോഗിച്ചു ഭദ്രമായി അടക്കിപ്പൊതിഞ്ഞിരിക്കുകയായിരുന്നു. മുൻ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേലും താമസിക്കുന്ന വാഷിങടണിലെ വസതിയിലാണ് ബുധനാഴ്ച ഒബാമയുടെ മേൽവിലാസത്തിലുള്ള ബോംബ് പാർസൽ എത്തിയത്. 

അന്നുതന്നെ അതുപോലുള്ള ഒരു പാർസൽ മറ്റൊരു മുൻപ്രസിഡന്റായ ബിൽ ക്ളിന്റനും ഭാര്യ ഹിലരി ക്ളിന്റനും താമസിക്കുന്ന ന്യൂയോർക്കിലെ വസതിയിലുമെത്തി. മുൻ സ്റ്റേറ്റ് സെക്രട്ടറി കൂടിയായ ഹിലരി അപ്പോൾ അവിടെയുണ്ടായിരുന്നില്ല. 

മുൻ പ്രസിഡന്റുമാർക്കുള്ള സുരക്ഷാ സംവിധാനം അനുസരിച്ച് അവരുടെ വസതികളിലേക്കുള്ള തപാൽ ഉരുപ്പടികൾ ആദ്യംസെക്യൂരിറ്റി ഉദ്യോഗസ്ഥർ തുറന്നുപരിശോധിക്കും. അതിനുശേഷമേ കൈമാറുകയുളളൂ. ആ പരിശോധനയിലാണ് കവറുകളിൽ ബോംബുകൾ കണ്ടെത്തിയത്. അമേരിക്കയുടെ രണ്ടു മുൻരാഷ്ട്രത്തലവന്മാർക്ക്  ഒരേ ദിവസം സംഭവിക്കുമായിരുന്ന അത്യാഹിതം അന്ത്യഘട്ടത്തിൽ ഒഴിവായത് അങ്ങനെയാണ്. 

ഒബാമയുടെ ഭരണത്തിൽ ചാരവിഭാഗം (സിഎെഎ) തലവനായിരുന്ന ജോൺ ബ്രെന്നൻ, അറ്റോർണി ജനറലായിരുന്ന എറിക് ഹോൾഡർ, കലിഫോർണിയയിൽ നിന്നുള്ള ഡമോക്രാറ്റിക് പാർട്ടിക്കാരിയായ കോൺഗ്രസ് (പാർലമെന്റ്) അംഗം മാക്സിം വാട്ടേഴ്സ് എന്നിവരുടെ മേൽവിലാസത്തിലുള്ളതായിരുന്നു മറ്റു മൂന്നു തപാൽ ബോംബുകൾ. ബ്രെന്നനുള്ളതു സിഎൻഎൻ ടിവി ചാനലിന്റെ ന്യൂയോർക്ക് ബ്യൂറോയുടെ തപാൽമുറിയിലാണ് കണ്ടെത്തിയത്. 

trump-hillary-reuters

സിഎൻഎൻ ബ്യൂറോ പ്രവർത്തിക്കുന്ന ടൈം വാർണർ സെന്റർ കെട്ടിടത്തിൽനിന്ന് ഉടൻതന്നെ ആളുകളെ മുഴുവൻ ഒഴിപ്പിച്ചു. ചാനലിന്റെ ന്യൂയോർക്ക് ബ്യൂറോയുടെ പ്രവർത്തനം പെട്ടെന്നു മുടങ്ങുകയുംചെയ്തു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുളള ട്രംപ് ഇന്റർനാഷനൽ ഹോട്ടലിന് അടുത്താണ് ഇൗ കെട്ടിടം. 

ഒബാമയുടെ കീഴിൽ വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡൻ, ഹോളിവുഡ് സിനിമാനടൻ റോബർട്ട് ഡി നീറോ എന്നിവരുടെ മേൽവിലാസത്തിലായിരുന്നു വ്യാഴാഴ്ച എത്തിയ ബോംബ് പാർസലുകൾ. നേരത്തെ, തിങ്കളാഴ്ചതന്നെ കോടീശ്വരൻ ജോർജ് സോറോസിന്റെ ന്യൂയോർക്കിലെ വസതിയിലെ തപാൽപെട്ടിയിലും സമാനമായ പാർസൽ കണ്ടെത്തുകയുണ്ടായി. ഹംഗറി വംശജനും പ്രമുഖ 

ബിസിനസുകാരനുമായ സോറോസ് ഉൾപ്പെടെയുള്ള എല്ലാ വ്യക്തികളും ഒന്നുകിൽ ഡമോക്രാറ്റിക് പാർട്ടിക്കാരോ പാർട്ടി അനുഭാവികളോ അല്ലെങ്കിൽ അവരുമായി ബന്ധമുളളവരോ ആണ്. 

ഇവരിൽ പലരെയും പ്രസിഡന്റ് ട്രംപ് പല കാരണങ്ങളാൽ രൂക്ഷമായി വിമർശിച്ചുവരികയായിരുന്നു. ട്രംപ് പതിവായി ഇടിച്ചുതാഴ്ത്തിപ്പറഞ്ഞുകൊണ്ടിരുന്ന മാധ്യമങ്ങളിൽ സിഎൻഎൻ ടിവി ചാനലും ഉൾപ്പെടുന്നു. ഇൗ പശ്ചാത്തലത്തിലാണ് തപാൽ ബോംബുകളെ  പലരും നോക്കിക്കാണുന്നത്. 

തപാൽ ബോംബ് സംഭവങ്ങൾ അമേരിക്കയിൽ ഇതാദ്യമല്ല. ടെഡ് കാസിൻസ്കിയെന്ന കിറുക്കനായ ഗണിത ശാസ്ത്ര പ്രഫസർ 1978 മുതൽ 17 വർഷമാണ് പലർക്കുമായി തപാൽ ബോംബുകൾ അയച്ചു കൊണ്ടിരുന്നത്. പൊലീസ് അയാളെ കണ്ടെത്തിയതു 1995ൽ. അതിനകം മൂന്നുപേർ മരിക്കുകയും 23 പേർക്കു പരുക്കേൽക്കുകയുംചെയ്തു. 

trump-hillary

വികലമനസ്ക്കാരനായ മറ്റൊരു ശാസ്ത്രജ്ഞൻ (മൈക്രോബയോളജിസ്റ്റ് ബ്രൂസ് എെവിൻസ്) തപാലിലൂടെ രോഗബീജങ്ങൾ പരത്തിയത് ഏഴു വർഷമായിരുന്നു. ആന്താക്സ് രോഗാണുക്കൾ പൊടിരൂപത്തിലാക്കി കടലാസ്സിൽ തേച്ചുപിടിപ്പിച്ചു കവറിലാക്കി പലർക്കും അയക്കുകയായിരുന്നു അയാൾ. 

2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണം സൃഷ്ടിച്ച വിഭ്രാന്തിയിൽ ജനങ്ങൾ വിറങ്ങലിച്ചു നിൽക്കേയായിരുന്നു ഇതിന്റെ തുടക്കം. അഞ്ചുപേർ മരിച്ചു.  2008ൽ പൊലീസ് തേടിയെത്തുന്നതിനുമുൻപ് അയാൾ ആത്മഹത്യചെയ്തു. 

ഇതിലൊന്നും പക്ഷേ, രാഷ്ട്രീയത്തിന്റെ ഒരംശവും ഉണ്ടായിരുന്നില്ല. എന്നാൽ, പുതിയ തപാൽ ബോംബ്സംഭവങ്ങൾ വിശകലനം ചെയ്യപ്പെടുന്നത് അമേരിക്കയെഇപ്പോൾ പിടികൂടിയിരിക്കുന്ന അപകടകരമായ രാഷ്ട്രീയധ്രുവീകരണത്തിന്റെ പശ്ചാത്തലത്തിലാണ്. ഏതാണ്ടു രണ്ടു വർഷമായി രാജ്യം ഭരിക്കുന്ന പ്രസിഡന്റ് ട്രംപ് തന്നെയാണ് ഇൗ സ്ഥിതിവിശേഷത്തിനു മുഖ്യഉത്തരവാദിയെന്നും ആരോപിക്കപ്പെടുന്നു.

രാഷ്ട്രീയ പ്രവർത്തന പരിചയമില്ലാതെ, പണക്കൊഴുപ്പിന്റെ മാത്രം പിൻബലത്തോടെ പൊതുരംഗത്തു പ്രവേശനം നേടിയ ആളാണ് എഴുപത്തിരണ്ടുകാരനായ ട്രംപ്. മൂന്നു വർഷം മുൻപ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ മുന്നോട്ടുവന്നതുമുതൽക്കേ അദ്ദേഹം സംസാരിക്കുന്നതു വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും ഭാഷയിലാണെന്നാണ് പൊതുവിലുള്ള ആരോപണം.  

obama-trump-845

തന്റെ എതിർസ്ഥാനാർഥിയായിരുന്ന ഹിലരി ക്ളിന്റനെ തുറുങ്കിലിടയ്ക്കണമെന്നു പൊതുവേദികളിൽ ട്രംപ്ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരുന്നത് ഇതിനുദാഹരണമാണ്്. ഇപ്പോഴും അതവസാനിപ്പിച്ചിട്ടില്ല. കോൺഗ്രസിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന റിപ്പബ്ളിക്കൻ സ്ഥാനാർഥികൾക്കുവേണ്ടി നാടുനീളെ സഞ്ചരിച്ചു പ്രസംഗിക്കുകയാണ് ട്രംപ്. രാഷ്ട്രത്തലവന്റെ പദവിക്കു നിരക്കാത്ത രീതിയിൽ എതിരാളികളെ അദ്ദേഹം മോശമായ വിധത്തിൽ പരിഹസിക്കുകയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്യുന്നു. ട്രംപിന്റെ വാക്കുകൾ അനുയായികളെ അക്രമത്തിനു പ്രോൽസാഹിപ്പിക്കുന്ന വിധത്തിലുള്ളതാണെന്നും ആക്ഷേപമുണ്ട്. 

മുഖ്യധാരാ മാധ്യമങ്ങളുമായി പ്രസിഡന്റ് കടുത്ത ശത്രുതയിൽ കഴിയുന്നതും അമേരിക്കയുടെ സമീപകാല ചരിത്രത്തിൽ ആദ്യമാണ്്. മാധ്യമ വിമർശനങ്ങളെ മുഴുവൻ വ്യാജവാർത്തകൾ എന്നു പറഞ്ഞ് അദ്ദേഹം തള്ളിക്കളയുന്നു. അതിലൂടെ അദ്ദേഹം മാധ്യമങ്ങളുടെ വിശ്വാസ്യതയെ നിരന്തരമായി ഇടിച്ചുതാഴ്ത്താനുളള ശ്രമത്തിലുമാണ്. 

മാധ്യമ പ്രവർത്തകരെ പൊതുവിൽ ജനദ്രോഹികളെന്നു മുദ്രകുത്താനും ട്രംപ് മടിക്കുന്നില്ല. മാധ്യമങ്ങൾക്കെതിരായ അക്രമങ്ങൾക്ക് ഇതു വഴിയൊരുക്കുമെന്നു പലരും ചൂണ്ടിക്കാട്ടിയിരുന്നു. സിഎൻഎൻ ചാനലിന്റെ ന്യൂയോർക്ക് ബ്യൂറോയിൽ തപാൽബോംബ് എത്തിയതു  പ്രത്യേകിച്ചും ഇൗ പശ്ചാത്തലത്തിലാണ് വിശകലനം ചെയ്യപ്പെടുന്നത്.  

ബ്രിട്ടനിലെ പ്രമുഖ പത്രമായ ഗാർഡിയന്റെ റിപ്പോർട്ടറെ ട്രംപിന്റെ പാർട്ടിക്കാരനായ ഒരു കോൺഗ്രസ് അംഗം പരസ്യമായി കൈയേറ്റം ചെയ്ത് ഇൗയിടെയാണ്. അതിനെ ട്രംപ് അപലപിക്കുകയും സംഭവത്തിൽ ദഃഖം പ്രകടിപ്പിക്കുകയും ചെയ്യുമെന്നു പലരും കരുതി. എന്നാൽ, അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും അക്രമിയെ അഭിനന്ദിക്കുകയുമാണ് ചെയ്തത്. 

ഒബാമയുടെയും ക്ലിന്റന്റയെും വസതികളിൽ തപാൽ ബോംബ് എത്തിയ വിവരം കിട്ടിയ ഉടൻതന്നെ ട്രംപ് അതിനെ അപലപിക്കുകയുണ്ടായി. എല്ലാവരും ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകത ഉൗന്നിപ്പറയുകയുംചെയ്തു. അവസരത്തിനൊത്തുട്രംപ് ഉയരുന്നുവെന്ന തോന്നലാണ് അതുണ്ടാക്കിയത്.

donald-trump

എന്നാൽ, അപകടം സംഭവിക്കുമായിരുന്ന രണ്ടു മുൻ പ്രസിഡന്റുമാർ ഉൾപ്പെടെ ആരുടെയും പേരെടുത്തു പറഞ്ഞില്ല അദ്ദേഹം. രാഷ്ട്രത്തലവൻ എന്നനിലയിൽ അവരെ ഫോണിൽ വിളിച്ച് ദുഃഖം പ്രകടിക്കാൻ ശ്രമിച്ചുമില്ല. ട്രംപിന്റെ രീതി അറിയുന്ന ആരെയും അത് അദ്ഭുതപ്പെടുത്തിയുമില്ല.

മണിക്കൂറുകൾക്കകം, അദ്ദേഹം തന്റെ രാഷട്രീയ പ്രതിയോഗികൾക്കെതിരായ വാക് പോര് പുനരാരംഭിക്കുകയും ചെയ്തു. വസ്തുതകൾവളച്ചൊടിച്ചുകൊണ്ട് മാധ്യമങ്ങൾ തനിക്കെതിരെ കുപ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. അമേരിക്കയിലെ രാഷ്ട്രീയാന്തരീക്ഷം ഇത്രയും കലുഷമാകാൻ കാരണം അവരാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നവംബർ ആറിലെ കോൺഗ്രസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഇത് എങ്ങനെ പ്രതിഫലിക്കുമെന്നാണ് എല്ലാവരും ഉദ്വേഗപൂർവം ഉറ്റുനോക്കുന്നത്.