Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകടപാതയിൽ ശ്രീലങ്ക

വിദേശരംഗം  / കെ. ഉബൈദുള്ള
sirisena-rajapaksa-wickremesinghe വിക്രമസിംഗെയെ സിരിസേന പുറത്താക്കിയത് അധികമാരെയും അദ്ഭുതപ്പെടുത്തുന്നില്ല. കാരണം, അവർ തമ്മിലുള്ള ബന്ധം അത്രമേൽ വഷളായി വരികയായിരുന്നു. എന്നാൽ രാജപക്ഷെയെ സിരിസേന പ്രധാനമന്ത്രിയാക്കിയത് തികച്ചും അപ്രതീക്ഷിതമാണ്. കാരണം, 2015ൽ സിരിസേനയെയും വിക്രമസിംഗെയെയും തമ്മിൽ ഒന്നിപ്പിച്ചതുതന്നെ രാജപക്ഷെയോടുളള എതിർപ്പായിരുന്നു..

രാഷ്ട്രീയത്തിൽ സ്ഥിരം മിത്രങ്ങളും സ്ഥിരം ശത്രുക്കളും ഇല്ലെന്നത് അമിതമായ ആവർത്തനംമൂലം വിരസമായിത്തീർന്ന ഒരു പഴയ ചൊല്ലാണ്. പക്ഷേ, പരമസത്യം. തെളിവിനു ദൂരെയെങ്ങും നോക്കേണ്ടതില്ല. നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയിലേക്കു നോക്കിയാൽമതി. വിരുദ്ധ കക്ഷിക്കാരായിരുന്നിട്ടും മൂന്നു വർഷം മുൻപ് മൈത്രിപാല സിരിസേനയും റനിൽ വിക്രമസിംഗെയും കൈകോർത്തത് അന്നത്തെ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയെ താഴെയിറക്കാനായിരുന്നു. അതിലവർ വിജയിക്കുകയും സിരിസേന പ്രസിഡന്റും വിക്രമസിംഗെ പ്രധാനമന്ത്രിയുമാവുകയുംചെയ്തു. 

ഇപ്പോൾ സംഭവിച്ചിരിക്കുന്നത് അന്നാരും സങ്കൽപ്പിക്കാതിരുന്നതാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച (ഒക്ടോബർ 26) വിക്രമസിംഗെയെ സിരിസേന പുറത്താക്കുകയും പുതിയൊരു പ്രധാനമന്ത്രിയെ അവരോധിക്കുകയും ചെയ്തു. അതു മറ്റാരുമല്ല, മഹിന്ദ രാജപക്ഷെ !

Mahinda Rajapaksa

"സ്വേഛാധിപതിയും അഴിമതിക്കാരനുമായ' രാജപക്ഷെയെ താൻ നിയമത്തിന്റെ മുൻപാകെ കൊണ്ടുവരുമെന്നു വോട്ടർമാർക്കു നൽകിയിരുന്ന വാഗ്ദാനം സിരിസേന പെട്ടെന്നു വിഴുങ്ങി. അതിന്റെ അനന്തരഫലങ്ങളാണ് കഴിഞ്ഞ ചില ദിവസങ്ങളായി ശ്രീലങ്കയെ അടിമുടി ഇളക്കിമറിച്ചുകൊണ്ടിരിക്കുന്നത്. തെരുവു യുദ്ധത്തിനുള്ള സാധ്യത പോലും ആരും തള്ളിക്കളയുന്നില്ല. ആ വിധത്തിലാണ് സംഘർഷം മൂർഛിച്ചുകൊണ്ടിരിക്കുന്നത്. 

സിരിസേന നയിക്കുന്ന യുനൈറ്റഡ് പീപ്പീൾസ് ഫ്രീഡം അലയൻസും (യുപിഎഫ്എ) വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനൽ പാർട്ടിയും (യുഎൻപി) ഉൾപ്പെടുന്ന സഖ്യമായിരുന്നു മൂന്നു വർഷമായി ഭരണത്തിൽ. അതിൽനിന്നു യുപിഎഫ്പിയെ പിൻവലിക്കുകയാണ് സിരിസേന ആദ്യം ചെയ്തത്. വിക്രമസിംഗെയെ പ്രധാനമന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കിയത് അതിനു ശേഷമാണ്. 

പ്രധാനമന്ത്രിയെന്ന നിലയിൽ വിക്രമസിംഗെയ്ക്കു നൽകിയിരുന്ന സുരക്ഷാസംവിധാനം സിരിസേന പിൻവലിച്ചു. പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയിൽ നിന്നു ഞായറാഴ്ച ഉച്ചയ്ക്കകം ഒഴിയണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇല്ലെങ്കിൽ ബലംപ്രയോഗിച്ചു പുറത്താക്കുമെന്നു രാജപക്ഷെയുടെ അനുകൂലികളിൽനിന്നു ഭീഷണിയുമുണ്ടായി. 

sirisena

എന്തുചെയ്യാനും മടിക്കാത്തവരെന്ന കുപ്രസിദ്ധി നേടിയവർ രാജപക്ഷെയുടെ കൂട്ടത്തിലുണ്ട്. ഗവൺമെന്റ് ഉടമയിലുളള രണ്ടു ടിവി ചാനലുകളുടെ നിയന്ത്രണം ഇതിനകം അവർ പിടിച്ചെടുത്തുകഴിഞ്ഞു. വിക്രമസിംഗെ ഗവൺമെന്റിലെ മന്ത്രിമാർ അവരുടെ ഒാഫീസിൽ പ്രവേശിക്കുന്നത് ഇവർ തടയുന്നു.

പെട്രോളിയം മന്ത്രിയായ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ അർജുന രണതുംഗെയെ അങ്ങനെ തടയാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ അംഗരക്ഷകൻ വെടിവയ്ക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. രണതുംഗെയും  അംഗരക്ഷകനും അറസ്റ്റിലായി. പ്രശ്നം കൈവിട്ടുപോയേക്കാമെന്നതിന്റെ വ്യക്തമായ സൂചനയാണിത്. 

പ്രധാനമന്ത്രിയുടെ വസതി വിട്ടുപോകാൻ വിക്രമസിംഗെ വിസമ്മതിക്കുന്നു. താൻതന്നെയാണ് ഇപ്പോഴും പ്രധാനമന്ത്രിയെന്നും  തന്നെ പുറത്താക്കാൻ പ്രസിഡന്റിനു അധികാരമില്ലെന്നുമുളള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം. പ്രധാനമന്ത്രിയായി തുടരാൻ തനിക്കു അർഹതയുണ്ടോയെന്നു തീരുമാനിക്കേണ്ടതു പ്രസിഡന്റല്ലെന്നും പാർലമെന്റാണെന്നും അദ്ദേഹം വാദിക്കുന്നു. 

Ranil-Wickramasinghe

അതിനുവേണ്ടി പാർലമെന്റ് അടിയന്തരമായി വിളിച്ചുകൂട്ടണമെന്നു  സ്പീക്കറോട് വിക്രമസിംഗെ ആവശ്യപ്പെടുകയുംചെയ്തു. സ്പീക്കർ കാരു ജയസൂര്യ പ്രധാനമന്ത്രിയുടെ പാർട്ടിക്കാരനാണ്. 225 അംഗ പാർലമെന്റിൽ തന്റെ പാർട്ടിക്കു 106 സീറ്റുകളുള്ളതിനാൽ ന്യൂനപക്ഷ കക്ഷികളുടെ പിന്തുണയോടെ വിശ്വാസ വോട്ടുനേടാൻ തനിക്കാവുമെന്നാണ് വിക്രമസിംഗെ പ്രതീക്ഷിക്കുന്നത്.  സിരിസേന നയിക്കുന്ന യുപിഎഫ്എയ്ക്കും രാജപക്ഷെയുടെ കക്ഷിക്കുംകൂടി 100ൽ താഴെ സീറ്റുകളേയുള്ളൂ. 

സാധാരണഗതിയിൽ ബജറ്റ് ചർച്ചയ്ക്കുവേണ്ടി നവംബർ ആറിനു പാർലമെന്റ് സമ്മേളിക്കേണ്ടതായിരുന്നു. പാർലമെന്റിന്റെ അടിയന്തര സമ്മേളനം വിളിച്ചുകൂട്ടണമെന്നു വിക്രമസിംഗെ ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെ പ്രസിഡന്റ് ഇടപെടുകയും പാർലമെന്റ് നവംബർ 16 വരേയ്ക്കു പ്രൊറോഗ് ചെയ്യുകയുംചെയ്തു. 

അപ്പോഴേക്കും പാർലമെന്റിലെ കക്ഷിനിലയിൽ തങ്ങൾക്കനുകൂലമായ മാറ്റം സംഭവിക്കുമെന്ന് ഒരുപക്ഷേ സിരിസേന കരുതുന്നുണ്ടാവാം. കാലുവാരലും ചാക്കിട്ടുപിടിത്തവും നടക്കാനിടയുണ്ട് എന്നർഥം. ഇപ്പാൾതന്നെ യുഎൻപിയിലെ ചില എംപിമാരെ അവർ സ്വാധീനിച്ചുകഴിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. കൂട്ടത്തോടെയുള്ള കൂറൂമാറ്റത്തിനു പല തവണ സാക്ഷ്യം വഹിച്ച  ചരിത്രമാണ് ശ്രീലങ്ക പാർലമെന്റിനുള്ളത്

പ്രധാനമന്ത്രിയെ പുറത്താക്കാൻ പ്രസിഡന്റിന് അധികാരമുണ്ടോ ഇല്ലയോ എന്നതു സംബന്ധിച്ച ചർച്ചകൾക്കും ഇതിനിടയിൽ ചൂടുപിടിക്കുകയാണ്. 2015ൽ സിരിസേന പ്രസിഡന്റും വിക്രമസിംഗെ പ്രധാനമന്ത്രിയുമായ ശേഷം പ്രസിഡന്റിന്റെ അധികാരം വെട്ടിക്കുറക്കുന്ന വിധത്തിൽ ഭരണഘടന ഭേദഗതിചെയ്യുകയുണ്ടായി. മഹിന്ദ രാജപക്ഷെ പ്രസിഡന്റായിരുന്ന കാലത്ത് (2005-2015) പ്രസിഡന്റിനുണ്ടായിരുന്ന അധികാരങ്ങൾ ഏകാധിപത്യപരമായിരുന്നുവെന്ന വിലയിരുത്തിലിന്റെ അടിസ്ഥാനത്തിലായിരുന്നു അത്.

പാർലമെന്റിൽ അംഗമല്ലാതാവുകയോ പാർലമെന്റിന്റെ വിശ്വാസം നഷ്ടപ്പെടുകയോ ചെയ്താൽ പ്രധാനമന്ത്രിയെ പുറത്താക്കാമെന്നാണ് ആ ഭേദഗതിയിൽ പറയുന്നതെന്നു വിക്രമസിംഗെ ചൂണ്ടിക്കാട്ടുന്നു. അതിനാലാണ്  സിരിസേനയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം  വാദിക്കുന്നത്. അർഹതയുള്ളതെന്നു കരുതുന്ന ആരെയും പ്രധാനമന്ത്രിയായി നിയമിക്കാൻ പസിഡന്റിന് അധികാരമുണ്ടെന്ന് അതേ ഭേദഗതിയിൽ പറയുന്നത് ഇതിനു മറുപടിയായി സിരിസേനാപക്ഷക്കാർ എടുത്തുകാട്ടുന്നു. 

വിക്രമസിംഗെയെ സിരിസേന പുറത്താക്കിയത് അധികമാരെയും അൽഭുതപ്പെടുത്തുന്നില്ല. കാരണം, അവർ തമ്മിലുള്ള ബന്ധം അത്രമേൽ വഷളായി വരികയായിരുന്നു. എന്നാൽ രാജപക്ഷെയെ സിരിസേന  പ്രധാനമന്ത്രിയാക്കിയത് തികച്ചും അപ്രതീക്ഷിതമാണ്. കാരണം, 2015ൽ സിരിസേനയെയും വിക്രമസിംഗെയെയും തമ്മിൽ ഒന്നിപ്പിച്ചതുതന്നെ രാജപക്ഷെയോടുളള എതിർപ്പായിരുന്നു. അവർ പ്രതിനിധീകരിക്കുന്ന പാർട്ടികൾ (ശ്രീലങ്ക ഫ്രീഡം പാർട്ടിയും യുനൈറ്റഡ് നാഷനൽ പാർട്ടിയും) തമ്മിലുളള പരമ്പരാഗത ശത്രുത അതിനു തടസ്സമായില്ല. 

ശ്രീലങ്ക ഫ്രീഡം പാർട്ടിയുടെ (എസ്എൽഎഫ്പി) നേതാവായിരുന്നു രാജപക്ഷെ. 2015ൽ മൂന്നാം തവണയും പ്രസിഡന്റാകാൻ അദ്ദേഹം തയാറായപ്പോൾ സിരിസേനയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് എതിർത്തു. രാജപക്ഷെയുടെ ആരോഗ്യമന്ത്രിയും പാർട്ടിയുടെ ജനറൽ സെക്രട്ടറിയുമായിരുന്നു സിരിസേന. രാജപക്ഷെയ്ക്കെതിരെ അദ്ദേഹം മൽസര രംഗത്തിറങ്ങിയപ്പോൾ വിക്രമസിംഗെയും യുഎൻപിയും പിന്താങ്ങി. 

മുഖ്യമായും അവരുടെ പിൻബലത്തോടെയാണ് അദ്ദേഹം ജയിച്ചതും. തുടർന്നു നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ അവരുടെ സഖ്യം വിജയം ആവർത്തിക്കുകയും വിക്രമസിംഗെ നാലാം തവണയും ശ്രീലങ്കയുടെ പ്രധാനമന്ത്രിയാവുകയുംചെയ്തു. പക്ഷേ, അവർക്കിടയിൽ അസ്വാരസ്യങ്ങളും തർക്കങ്ങളും തലപൊക്കാൻ പിന്നെ അധികനാൾ വേണ്ടിവന്നില്ല. സഖ്യം നിലനിൽക്കേതന്നെ, ഇക്കഴിഞ്ഞ ഫെബ്രുവരിയിലെ  പ്രാദേശിക തിരഞ്ഞെടുപ്പിൽ അവർ മൽസരിച്ചതു വേവ്വേറെയായിട്ടാണ്. ഇരുപക്ഷക്കാരും പരസ്പരം ചെളിവാരിയെറിയുകയും പരസ്യമായി അഴിമതിയാരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. 

തിരഞ്ഞെടുപ്പിലെ ദയനീയ പരാജയമായിരുന്നു അതിന്റെ ഫലം. നാടൊട്ടുക്കുമുള്ള തദ്ദേശ സ്വയംഭരണ സമിതികളിൽ ഏതാണ്ടു മൂന്നിൽ രണ്ടു ഭാഗത്തിന്റെ നിയന്ത്രണം രാജപക്ഷെയുടെ പുതിയ പാർട്ടിയായ ശ്രീലങ്ക പൊതുജന പെരമുന  (എസ്എൽ പിപി) പിടിച്ചെടുത്തു. 

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു വിക്രമസിംഗെ പ്രധാനമന്ത്രിസ്ഥാനം ഒഴിയണമെന്നു സിരിസേന ആവശ്യപ്പെട്ടതായി ആ ദിവസങ്ങളിൽതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. സ്വന്തം പാർട്ടിക്കാരനായ ഒരാളെ പ്രധാനമന്ത്രിയാക്കാൻ  അദ്ദേഹം ശ്രമിക്കുകയാണെന്നും അഭ്യൂഹങ്ങളുണ്ടായി. പക്ഷേ, അതു രാജപക്ഷെയായിരിക്കുമെന്ന് ആരും കരുതിയിരുന്നില്ല. 

ഏപ്രിലിൽ വിക്രമസിംഗെയെ കുറ്റവിചാരണ (ഇംപീച്ച്) ചെയ്യാനുള്ള ശ്രമവും നടന്നു. അതിന്റെ പിന്നിൽ സിരിസേനയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. അതു സംബന്ധിച്ച് പ്രമേയം പാർലമെന്റ് തള്ളിക്കളയുകയായിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് വിക്രമസിംഗെയ്ക്ക് എതിരെ സിരിസേന ഉന്നയിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ വഷളായതിന് ഉത്തരവാദി വിക്രമസിംഗെയാണെന്നും വൻതോതിലുള്ള അഴിമതിക്ക് അദ്ദേഹം കൂട്ടുനിന്നുവെന്നും സിരിസേന കുറ്റപ്പെടുത്തുന്നു. തന്നെ വധിക്കാൻ ഗൂഡാലോചന നടന്നുവെന്നും അതിൽ ഒരു മന്ത്രിക്കു പങ്കുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. അതിനെപ്പറ്റി  വേണ്ടവിധത്തിൽ അന്വേഷിക്കാൻ വിക്രമസിംഗെ തയാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. 

രാജപക്ഷെ അധികാരത്തിൽ തിരിച്ചെത്തുന്നതിൽ രാജ്യാന്തര സമൂഹം പൊതുവിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കാൽ നൂറ്റാണ്ടു നീണ്ടുനിന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിച്ചതു രാജപക്ഷെയാണ്. പക്ഷേ, അതിനിടയിൽ അദ്ദേഹം ഗുരുതരമായ മനുഷ്യാവകാശ ധ്വംസനങ്ങൾക്കു നേതൃത്വം നൽകിയെന്നാണ് പരക്കേയുള്ള വിമർശനം. 

രാജപക്ഷെയുടെ പുനരാഗമനവും അദ്ദേഹവുമായുള്ള സിരിസേനയുടെ പുതിയ കൂട്ടുകെട്ടും ഇന്ത്യക്കു പ്രത്യേകിച്ചും ഉൽക്കണ്ഠയ്ക്കു കാരണമാകുന്നു. രാജപക്ഷെയുടെ ഭരണകാലത്താണ് ശ്രീലങ്കയിൽ ചൈന വ്യാപകമായ സ്വാധീനം ഉറപ്പിച്ചത്. വിക്രമസിംഗെയുടെ ഭരണത്തിൽ ഇന്ത്യ-ശ്രീലങ്ക ബന്ധം വീണ്ടും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുകയായിരുന്നു. അതിനിടയിലാണ് പുതിയ സംഭവവികാസം.