Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രസീലിലും ഒരു ട്രംപ്

 വിദേശരംഗം  / കെ. ഉബൈദുള്ള
videsarangam-column-new-president-in-brazil-following-trump-policies (പുതിയ പ്രസിഡന്റ് സ്ഥാനമേൽക്കുന്നതോടെ അഴിമതി വിമുക്തവും സുരക്ഷിതവുമായ ഒരു പുതിയ ബ്രസീൽ ഉണ്ടാകുന്നതു കാണാൻ കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ അനുയായികൾ. അതേസമയം, അദ്ദേഹത്തിന്റെ നയപരിപാടികൾ രാജ്യത്തെ അപകടത്തിലേക്കു നയിക്കൂകയേയുള്ളൂവെന്നു കരുതുന്നവരും ഏറെയാണ്)

ജനാധിപത്യത്തേക്കാൾ ഭേദം പട്ടാളഭരണമാണെന്നു കരുതുന്നവർ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. പരിഹാസം ഭയന്ന് അവരതു തുറന്നു പറയാറില്ലെന്നുമാത്രം. എന്നാൽ, തുറന്നു പറയുകയും തന്റെ നാട്ടിൽ പട്ടാളം ഭരിച്ചിരുന്ന "നല്ല നാളുകളു'ടെ ഒാർമകൾ അയവിറക്കുകയും ചെയ്യുന്ന  ഒരാളുണ്ട്. അദ്ദേഹമാണ് ബ്രസീലിന്റെ അടുത്ത പ്രസിഡന്റ് ജയ്ർ ബോൽസൊനാറോ എന്ന അറുപത്തിമൂന്നുകാരൻ. 

മറ്റു ചില കാരണങ്ങളാൽ തെക്കെ അമേരിക്കയിലെ ഡോണൾഡ് ട്രംപായും ഇദ്ദേഹം അറിയപ്പെടുന്നു. സുപ്രധാന കാര്യങ്ങളിലുളള നിലപാടുകളും നയങ്ങളും പ്രസംഗരീതിയും വിവാദ പ്രസ്താവനകളുമെല്ലാം മിക്കവാറും ട്രംപിന്റേതുപോലെതന്നെ. കുറ്റകൃത്യങ്ങൾ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ താൻ പൊലീസിനെ കയറൂരിവിടുമെന്നു പറയുന്ന ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുടെർട്ടുമായും അദ്ദേഹം താരതമ്യം ചെയ്യപ്പെടുന്നു.

jair-bolsonaro ജയ്ർ ബോൽസൊനാറോ

തീവ്രവലതുപക്ഷ സോഷ്യൽ ലിബറൽ പാർട്ടി നേതാവായ ബോൽസൊനാറോ ഇക്കഴിഞ്ഞ ഞായറാഴ്ച (ഒക്ടോബർ 28) നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നേടിയതു വ്യക്തമായ വിജയമാണ്. ബ്രസീലിൽ 13 വർഷം ഭരണം നടത്തിയ ഇടതുപക്ഷത്തിന്റെഅപചയവും തീവ്രവലതുപക്ഷത്തിന്റെ അപ്രതീക്ഷിത മുന്നേറ്റവും അത് അടയാളപ്പെടുത്തുന്നു. തെക്കെ അമേരിക്കയിൽ വിസ്തീർണത്തിലും ജനസംഖ്യയിലും ഒന്നാം സ്ഥാനത്തു നിൽക്കുന്ന ബ്രസീൽ ഇതോടെ വീണ്ടും ലോകശ്രദ്ധയ്ക്കു പാത്രമാകുന്നു.  തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഒക്ടോബർ ഏഴിനു  നടന്നപ്പോൾ 13 സ്ഥാനാർഥികളിൽ ഏറ്റവും മുന്നിൽ ബോൽസൊനാറോവായിരുന്നു. പക്ഷേ, ജയിക്കാൻ ആവശ്യമായ 50 ശതമാനം വോട്ടുകൾ കിട്ടിയില്ല. രണ്ടാം റൗണ്ടിൽ ഇടതുപക്ഷ വർക്കേഴ്സ് പാർട്ടിയുടെ സ്ഥാനാർഥി ഫെർണാണ്ടോ ഹദ്ദാദുമായി നേരിട്ട് ഏറ്റുമുട്ടുകയും 55 ശതമാനം വോട്ടുകൾ നേടി വിജയിക്കുകയുംചെയ്തു. 

രണ്ടു ദശകക്കാലം (1964-1985) സൈനിക സ്വേഛാധിപത്യം അനുഭവിക്കേണ്ടിവന്ന നാടാണ് ബ്രസീൽ. പട്ടാളഭരണം അവസാനിച്ച ശേഷവും ജനാധിപത്യത്തിനു ശക്തിപ്രാപിക്കാൻ കഴിഞ്ഞിരുന്നില്ല. ഉളളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് വലുതായിക്കൊണ്ടിരുന്നു. ആ പശ്ചാത്തലത്തിലായിരുന്നു വർക്കേഴ്സ് പാർട്ടിയുടെയുടെ ആഗമനം. പാർട്ടിയുടെ സ്ഥാപക നേതാവായ ലൂയിസ് ഇനാസിയോ ലൂല ഡ സിൽവ 2003 ൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ബ്രസീലിൽ ഇടതുപക്ഷം ആദ്യമായി അധികാരത്തിലെത്തിയത്. ജനങ്ങൾക്കിടയിലെ ദാരിദ്ര്യം അകറ്റാൻ അദ്ദേഹം ധീരമായ പരിപാടികൾ ആവിഷ്ക്കരിക്കുകയും അവ നടപ്പാക്കുന്നതിൽ ഏറെക്കുറെ വിജയിക്കുകയും ചെയ്തു.  രണ്ടു തവണയായി എട്ടു വർഷമാണ് ലൂല ബ്രസീലിനെ നയിച്ചത്്. ലോകത്തിലെ ഏറ്റവും ജനസമ്മതനായ നേതാവ് എന്നു 2009ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞതു അദ്ദേഹത്തെക്കുറിച്ചായിരുന്നു. 

ലൂല 2011ൽ സ്ഥാനമൊഴിഞ്ഞ ശേഷവും ബ്രസീലിന്റെ ഭരണം വർക്കേഴ്സ് പാർട്ടിയുടെ കരങ്ങളിൽതന്നെതുടർന്നു. അദ്ദേഹത്തിന്റെ വൈസ്പ്രസിഡന്റായിരുന്ന ദിൽമ റുസ്സേൽഫ് എന്ന വനിത പുതിയ പ്രസിഡന്റായി.  പക്ഷേ, 2014ൽ അവർ  രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ഗുരുതരമായ വെല്ലുവിളികളെ നേരിടേണ്ടിവന്നു. പാർലമെന്റിൽ കുറ്റവിചാരണയ്ക്കു വിധേയയാവുകയും 2016ൽ അധികാരത്തിൽനിന്നു പുറത്താവുകയും ചെയ്തു. അതിനിടിയിൽ ഉയർന്നുവന്ന അഴിമതിയാരോപണങ്ങൾക്ക് ഒടുവിൽ ലൂലയും ഇരയായി. കീഴ്ക്കോടതി വിധിച്ച ഒൻപതു വർഷത്തെ തടവുശിക്ഷ സുപ്രീം കോടതി 12 വർഷമായി വർധിപ്പിച്ചു. ഇക്കഴിഞ്ഞ ഏപ്രിൽ ഏഴു മുതൽ ജയിലിലാണ് ലൂല.  അപ്പോഴും ലൂലയുടെ ജനസമ്മതി ഭദ്രമായി നിൽക്കുകയായിരുന്നു. അതുകണ്ട വർക്കേഴ്സ് പാർട്ടി ഇൗ തിരഞ്ഞെടുപ്പിലും അദ്ദേഹത്തെത്തന്നെ സ്ഥാനാർഥിയാക്കി. പക്ഷ, തിരഞ്ഞെടുപ്പ് കമ്മിഷൻ സമ്മതിച്ചില്ല. ആദ്യഘട്ട പോളിങ്ങിനു ഒരുമാസം മാത്രം ബാക്കിയുളളപ്പോൾ വർക്കേഴ്സ് പാർട്ടിക്കു പുതിയ സ്ഥാനാർഥിയെ കണ്ടെത്തേണ്ടിവന്നു. 

lula-prez ലൂയിസ് ഇനാസിയോ ലൂല ഡ സിൽവ

ലൂലയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന ഹദ്ദാദ് പ്രസിഡന്റ് സ്ഥാനാർഥിയായത് അങ്ങനെയാണ്. പശ്ചിമേഷ്യയിലെ ലെബനനിൽനിന്നു ബ്രസീലിൽ കുടിയേറിയ ദമ്പതികളുടെ മകനാണ് ഹദ്ദാദ്. സാവോപോളോയെന്ന വൻനഗരത്തിലെ മേയറും മന്ത്രിയുമായിരുന്നുവെങ്കിലും ദേശീയ തലത്തിൽ അധികമൊന്നും അറിയപ്പെട്ടിരുന്നില്ല. ബൊൽസൊറാനോയ്ക്ക് അദ്ദേഹത്തെ എളുപ്പത്തിൽ തോൽപ്പിക്കാനായി. ഇടതുപക്ഷത്തിന്റെ 13 വർഷത്തെ ഭരണത്തിനുശേഷം ജനം എന്തുകൊണ്ട് ഒരു തീവ്രവലതുപക്ഷക്കാരനെ തിരഞ്ഞെടുത്തുവെന്ന ചോദ്യത്തിനു ലഭിക്കുന്ന മറുപടി ഇതാണ് : ജനം ഒരു മാറ്റത്തിനുവേണ്ടി ആഗ്രഹിക്കുകയായിരുന്നു. അത്രയും ഗുരുതരമാണ് ബ്രസീലിലെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക രംഗങ്ങളിൽ ഇപ്പോൾ അനുഭവപ്പെട്ടുവരുന്ന പ്രശ്നങ്ങൾ.

ജനങ്ങളിൽ 12 ശതമാനത്തിലേറെ പേർക്കു തൊഴിലില്ല. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തെയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. അക്രമങ്ങളും കുറ്റകൃത്യങ്ങളും പെരുകിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ വർഷം മാത്രം കൊല്ലപ്പെട്ടതു അറുപതിനായിരത്തിലേറെ പേരാണ്. അമേരിക്കയിലെ കൊലപാതക നിരക്കിന്റെ അഞ്ചിരട്ടിയാണിത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ബോൽസൊനാറോയ്ക്കുതന്നെ കത്തിക്കുത്തേറ്റു. അതു കാരണം ആഴ്ചകളോളം പൊതുരംഗത്തുനിന്നു മാറിനിൽക്കേണ്ടിവന്നു. വോട്ടുചെയ്യാനെത്തിയതു പടച്ചട്ടയണിഞ്ഞാണ്. പിൻവാതിലിലൂടെയാണ് വന്നതും പോയതും. 

കഴിഞ്ഞ രണ്ടു വർഷമായി ബ്രസീലിൽനിന്നുണ്ടായ വാർത്തകളിൽ മിക്കതും അഴിമതിയെക്കുറിച്ചുള്ളതാണ്. ലൂലതന്നെ അറസ്്റ്റിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തതു ബ്രസീലിനെമാത്രമല്ല, ലോകത്തെതന്നെ ഞെട്ടിച്ചു. ലൂല തുടങ്ങിവച്ച സാമ്പത്തിക-സാമൂഹിക പരിഷ്ക്കാരങ്ങളിൽ വിറളിപൂണ്ട തൽപ്പരകക്ഷികൾ അദ്ദേഹത്തെ കേസിൽ കുടുക്കിയതാണെന്നാണ് വർക്കേഴ്സ് പാർട്ടി  വാദിക്കുന്നത്. ജുഡീഷ്യറിയും പട്ടാളവും അതിൽ പങ്കാളിയായതായും അവർ ആരോപിക്കുന്നു. 

എന്നാൽ, അഴിമതിയുടെ നീരാളിപ്പിടിത്തത്തിൽ രാജ്യം വീർപ്പുമുട്ടുകയാണെന്ന വസ്തുത ആരും നിഷേധിക്കുന്നില്ല. ബിസിനസ് രാജാക്കന്മാരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ വേറെയും ഒട്ടേറെ പേർക്കെതിരെ പ്രോസിക്യൂഷൻ നടപടികളുണ്ടായി. ദിൽമ റുസ്സേൽഫ്  അധികാരത്തിൽനിന്നു പുറത്തായതിനെ തുടർന്നു രണ്ടു വർഷമായി പ്രസിഡന്റ് പദവിയിലിരിക്കുന്ന വലതുപക്ഷ എംഡിപി പാർട്ടി നേതാവ് മിച്ചൽ ടെമറും ഇക്കൂട്ടത്തിൽപ്പെടുന്നു. അഴിമതിയും അക്രമവും താൻ അവസാനിക്കുമെന്ന പ്രതിജ്ഞയോടെയാണ് ബോൽസൊനാറോ തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയത്. അതിനുവേണ്ടി താൻ ഏതറ്റംവരെയും പോകാൻ മടിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കിക്കൊണ്ടിരുന്നു. ജനം അതിൽ ആകൃഷ്ടരായി. താരതമ്യേന അപ്രശസ്തനായിരുന്നിട്ടും അദ്ദേഹത്തിന് ഒരവസരം നൽകാൻ അവർ തയാറായി. 

മൂന്നു ദശങ്ങളായി രാഷ്ട്രീയ രംഗത്തു പ്രവർത്തിക്കുന്ന ആളാണ് ബോൽസൊനാറോ. അതിനുമുൻപ് പട്ടാളത്തിൽ ക്യാപ്റ്റനായിരുന്നു. പട്ടാളത്തിന്റെ ഭരണകാലത്തു അവരുമായി സഹകരിക്കുകയും ചെയ്തു. പിന്നീടു പല പാർട്ടികളിലും കയറിയിറങ്ങിയശേഷമാണ് സോഷ്യൽ ലിബറൽ പാർട്ടിയുടെ നേതാവായത്. അതിനിടയിൽ പാർലമെന്റിലേക്കു പല തവണ തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും നിയമനിർമാണ രംഗത്തുകാര്യമായ സംഭാവനകളൊന്നും നൽകാൻ കഴിഞ്ഞിരുന്നില്ല. ജനുവരി ഒന്നിനു ബോൽസൊനാറോ അധികാരം ഏൽക്കുന്നതോടെ അഴിമതി വിമുക്തവും സുരക്ഷിതവുമായ ഒരു പുതിയ ബ്രസീൽ ഉണ്ടാകുന്നതു കാണാൻ കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ അനുയായികൾ. അതേസമയം, അദ്ദേഹത്തിന്റെ നയപരിപാടികൾ രാജ്യത്തെ അപകടത്തിലേക്കു നയിക്കൂകയേയുള്ളൂവെന്നു കരുതുന്നവരും ഏറെയുണ്ട്. 

ജയ്ർ ബോൽസൊനാറോ ജയ്ർ ബോൽസൊനാറോ

അക്രമങ്ങളും കുറ്റകൃത്യങ്ങളും അവസാനിപ്പിക്കാനായി പൊലീസിന് അനിയന്ത്രിതമായ അധികാരങ്ങൾ നൽകണമെന്നാണ് ബോൽസൊനാറോയുടെ അഭിപ്രായം. കൃത്യനിർവഹണത്തിനിടയിൽ പൊലീസുകാർ ആരെയെങ്കിലും വെടിവച്ചുകൊന്നാൽ അവർക്കെതിരെ നടപടിയുണ്ടാകാൻ പാടില്ലെന്നും അവർക്കു പാരിതോഷികം നൽകുകയാണു വേണ്ടതെന്നും അദ്ദേഹം വാദിക്കുന്നു. സ്ത്രീകൾ, കറുത്തവർഗക്കാർ, ഭിന്നലിംഗക്കാർ, അന്യനാട്ടുകാർ എന്നിവരോടുള്ള ബോൽസൊനാറോയുടെ സമീപനവും കർക്കശമാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെപ്പോലെഅദ്ദേഹം പല തവണ സ്ത്രീകളെ ഇടിച്ചു താഴ്ത്തി സംസാരിച്ചതായും ആരോപണമുണ്ട്. 

മാധ്യമ വിമർശനങ്ങളെ ട്രംപിനെപ്പോലെ വ്യാജവാർത്തയെന്നു മുദ്രകുത്തി തള്ളിക്കളയുന്നു. ജനങ്ങൾ തോക്കു കൊണ്ടുനടക്കുന്നതിൽ നിയന്ത്രണമൊന്നും പാടില്ലെന്ന കാര്യത്തിലും ഭിന്നാഭിപ്രായമില്ല.  പട്ടാളഭരണകാലത്തു സംഭവിച്ചതുപോലെ സാമ്പത്തിക വികസനത്തിന്റെ പേരിൽ ബ്രസീലിന്റെ പരിസ്ഥിതിപരമായ പരിഗണനകൾ അടിയറ വയ്ക്കപ്പെടുമോയെന്ന ആശങ്കയും പരക്കേ ഉയർന്നിട്ടുണ്ട്. ലോകത്തിൽവച്ചേറ്റവും വലിയ മഴക്കാടുകളാണ് ബ്രസീലിൽ ആമസോൺ നദീതീരങ്ങളിലുള്ളത്. അതീവ ശ്രദ്ധയോടെ സംരംക്ഷിക്കപ്പെടുന്ന അവ തടിക്കച്ചവടത്തിനും ഖനനത്തിനും ജലവൈദ്യുതി പദ്ധതികൾക്കുമായി തുറന്നുകൊടുക്കാനാണ് ബോൽസൊനാറോയുടെ പരിപാടി. 

ആമസോൺ മഴക്കാടുകളുടെ നാശം ആഗോള കാലാവസ്ഥയെത്തന്നെ ബാധിക്കാനിടയുണ്ട്. ഇക്കാരണത്തിൽ ലോകമൊട്ടുക്കുമുള്ള പരിസ്ഥിതിസംരക്ഷണ പ്രവർത്തകരും ബോൽസൊനാറോയുടെ തിരഞ്ഞെടുപ്പ് വിജയത്തിൽ ആശങ്കാകുലരാണ്. അവരെയൊന്നും താൻ ഗൗനിക്കുന്നില്ലെന്നു ബോൽസൊനാറോ പല തവണ വ്യക്തമാക്കുകയുമുണ്ടായി.കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടിയിൽനിന്നു ബ്രസീലിനെ പിൻവലിക്കാനും പുതിയ പ്രസിഡന്റ് ഉദ്ദേശിക്കുന്നു. ഇവിടെയും ഡോണൾഡ് ട്രംപിന്റെ കാലടിപ്പാടുകളെ പിന്തുടരുകയാണ് അദ്ദേഹം. 

Donald-Trump

തന്റെ ഗവൺമെന്റിൽ പ്രമുഖ സ്ഥാനം വഹിക്കുന്നതു സൈന്യത്തിലെ ജനറൽമാരോ മുൻ ജനറൽമാരോ ആയിരിക്കുമെന്നു ബോൽസനാറോ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുളളതും അത്തരമൊരാളാണ്.  കാലക്രമത്തിൽ രാജ്യഭരണം പൂർണമായിത്തന്നെ അദ്ദേഹം പട്ടാളത്തെ ഏൽപ്പിക്കുമോയെന്നു ഭയപ്പെടുന്നവരും ബ്രസീലിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.