Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെക്സിറ്റ് ചുഴിയിൽ ബ്രിട്ടൻ

 വിദേശരംഗം  / കെ. ഉബൈദുള്ള
political-struggles-in-great-Britain-after-brexit (യൂറോപ്യൻ യൂണിയൻ വിട്ടുപോകാനുള്ള ബ്രിട്ടന്റെ തീരുമാനം വൻ അബദ്ധമായിപ്പോയെന്ന അഭിപ്രായം ശക്തിപ്പെട്ടുവരുന്നു. ഇതേവിഷയത്തിൽ വീണ്ടുമൊരു ഹിതപരിശോധന നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇങ്ങനെ വാദിക്കുന്നവരിൽ മുൻ പ്രധാനമന്ത്രി ടോണി ബ്ളെയറും ഉൾപ്പെടുന്നു)

യൂറോപ്യൻ യൂണിയൻ വിട്ടുപോകാൻ ഏതാണ്ടു രണ്ടര വർഷംമുൻപ് ബ്രിട്ടീഷുകാർ തീരുമാനിച്ചത് അധികമൊന്നും ആലോചിച്ചു തലപുണ്ണാക്കാതെയാണ്. എന്നാൽ, ആ തീരുമാനം നടപ്പാക്കാനുളള സമയം അടുത്തുകൊണ്ടിരിക്കേ, അവരുടെ നേതാക്കൾക്കിടയിൽ തർക്കവും കലഹവും ആശങ്കകളും മൂർഛിച്ചുകൊണ്ടിരിക്കുന്നു.   പ്രധാനമന്ത്രി തെരേസ മേയുമായി ഇടഞ്ഞു രണ്ടു സീനിയർ മന്ത്രിമാരാണ് ഇതിന്റെ പേരിൽ ഇക്കഴിഞ്ഞ ജൂലൈയിൽ രാജിവച്ചത്. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ തന്നെ ഒരു വിഭാഗം എംപിമാർ പ്രധാനമന്ത്രിയെ പുറത്താക്കാനുളള ശ്രമവും നടത്തി. മൂന്നു മാസത്തിനുശേഷം അതെല്ലാം ആവർത്തിക്കുകയാണ്. രണ്ടു സീനിയർ മന്ത്രിമാർകൂടി രാജിവച്ചു. മറ്റു ചിലർകൂടി രാജിവയ്ക്കാൻ കാത്തിരിക്കുന്നു.

മേയ്ക്കു പകരം മറ്റൊരാളെ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവാക്കാനുളള ആലോചനയും നടന്നുവരുന്നു. തന്നെ പുറത്താക്കിയതുകൊണ്ടു പ്രശ്നംതീരില്ലെന്നു മേയും വ്യക്തമാക്കിയിട്ടുണ്ട്. ഗവൺമെന്റ് നിലം പതിക്കുയാണെങ്കിൽ ഒരുപക്ഷേ, ലേബർ പാർട്ടിയുടെ ഒരു ന്യൂനപക്ഷ മന്ത്രിസഭ  അധികാരം ഏറ്റെടുത്തേക്കാം. അല്ലെങ്കിൽ വീണ്ടുമൊരു ഇടക്കാല തിരഞ്ഞെടുപ്പിനുളള സാധ്യതയും പലരും പ്രവചിക്കുന്നു.

യൂറോപ്യൻ യൂണിയൻ (ഇയു) വിട്ടുപോകാനുള്ള തീരുമാനം നടപ്പാക്കാനുളള നടപടിക്രമങ്ങൾ സംബന്ധിച്ച് ബ്രിട്ടനിലെയും ഇയുവിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തമ്മിൽ ഒന്നര വർഷമായി കടുത്ത വിലപേശൽ നടന്നുവരികയായിരുന്നു. അവർ തയാറാക്കിയ 585 പേജുള്ള കരടുകരാർ ഇക്കഴിഞ്ഞ ബുധനാഴ്ച (നവംബർ 14) ക്യാബിനറ്റ്  അംഗീകരിച്ചു. പ്രധാനമന്ത്രി അതു പ്രസിദ്ധീകരണത്തിനു നൽകുകയും ചെയ്തു. അതോടെയാണ്  തർക്കം വീണ്ടും പൊട്ടിപ്പുറപ്പെട്ടത്. 

Theresa-May-brexit

ഇയു വിട്ടുപോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തിൽ ഇൗ കരാർ വെള്ളം ചേർക്കുകയാണെന്നും ഇത് അംഗീകരിച്ചാൽ അനിശ്ചിത കാലത്തേക്കു ഇയു നിയമങ്ങളും നിബന്ധനകളും ബ്രിട്ടൻ അനുസരിക്കേണ്ടിവരുമെന്നും വിമർശകർ പരാതിപ്പെടുന്നു. ബ്രെക്സിറ്റ് (ബ്രിട്ടന്റെ എക്സിറ്റ് അഥവാ പുറത്തുപോകൽ) തീരുമാനിക്കപ്പെട്ടതു 2016 ജൂൺ 23നു നടന്ന ഹിതപരിശോധനയിലൂടെയാണ്. പ്രധാനന്ത്രി അവതരിപ്പിച്ച കരടുകരാർ അതിന്റെ ലംഘനമാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ബ്രെക്സിറ്റ് തീരുമാനം വൻ അബദ്ധമായിപ്പോയെന്ന അഭിപ്രായം ശക്തിപ്പെടാനും പുതിയ സ്ഥിതിഗതികൾ കാരണമാവുകയാണ്. ഇതേവിഷയത്തിൽ വീണ്ടുമൊരു ഹിതപരിശോധന നടത്തണമെന്ന  ആവശ്യവും ഉയരുന്നുണ്ട്. ഇങ്ങനെ വാദിക്കുന്നവരിൽ മുൻ പ്രധാനമന്ത്രി ടോണി ബ്ളെയറും ഉൾപ്പെടുന്നു. 

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക കൂട്ടായ്മയായ 28 അംഗ ഇയുവിൽനിന്ന് ഇതിനുമുൻപ് ഒരു രാജ്യവും വിട്ടുപോയിട്ടില്ല. അതിനാൽ, പ്രശ്നത്തിന്റെ സങ്കീർണതകളോടൊപ്പം കീഴ്വഴക്കങ്ങളുടെ അഭാവവും ബന്ധപ്പെട്ടവരെ കുഴയ്ക്കുന്നു. എങ്കിലും,  എല്ലാ ഇയു അംഗ രാജ്യങ്ങളും 2009 ൽ ഒപ്പുവച്ച ലിസ്ബൺ ഉടമ്പടിയിൽ അംഗത്വം ഉപേക്ഷിക്കുന്നതു സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകൾ വിവരിച്ചിട്ടുണ്ട്. 

അതനുസരിച്ചുളള നടപടികൾ കഴിഞ്ഞ വർഷം മാർച്ച് 29നു തുടങ്ങി. അന്നുമുതൽ രണ്ടു വർഷം പൂർത്തിയാകുന്നതോടെ, (അടുത്ത വർഷം മാർച്ച് 29 മുതൽ) ബിട്ടൻ ഇയുവിൽ അംഗമല്ലാതാകും. അതിന് ഇനി കഷ്ടിച്ച് നാലു മാസമേ ബാക്കിയുള്ളൂ. നടപടിക്രമങ്ങൾ അതിനകം പൂർത്തിയായില്ലെങ്കിൽ എല്ലാ അംഗങ്ങളുടെയും സമ്മതത്തോടെ 2020 ഡിസംബർ 31 വരെയും ബ്രിട്ടനു വേണമെങ്കിൽഇയുവുമായി ബന്ധം തുടരാം. ഇത് ഒരു തവണകൂടി നീട്ടുകയും ചെയ്യാം.  21 മാസത്തെ ആ കാലയളവിൽ ഇയുവിന്റെ എല്ലാ നിയമങ്ങൾക്കും നിബന്ധനകൾക്കും ബ്രിട്ടൻ വിധേയമായിരിക്കും. അതേസമയം, ഇയു അംഗങ്ങൾക്കുളള അവകാശങ്ങളിൽ പലതും ബ്രിട്ടനു നഷ്ടപ്പെടുകയും ചെയ്യും. 

നാൽപത്തിയഞ്ച് വർഷം മുൻപാണ് ബ്രിട്ടൻ ഇയുവിൽ ചേർന്നത്്. അതുതന്നെ ദീർഘകാലം മടിച്ചുനിന്ന ശേഷമായിരുന്നു. അതിനു ശേഷമുണ്ടായ പല കൊടുക്കൽ വാങ്ങലുകളുടെയും ബാക്കിപത്രമായി ഒരു വൻതുക ബ്രിട്ടൻ ഇയുവിനു കൊടുത്തുതീർക്കാനുണ്ട്. ഇതു ചുരുങ്ങിയത് 39 ശതകോടി പൗണ്ട് വരുമെന്നു കണക്കാക്കപ്പെടുന്നു. ഇയു വിട്ടുപോകുന്നതുവരെയുള്ള വാർഷിക ബജറ്റ് വിഹിതവും നൽകണം.  ഇയു രാജ്യങ്ങളിലെ മൊത്തം 50 കോടി ജനങ്ങൾക്ക് ഒറ്റ രാജ്യത്തിലെന്നപോലെ എവിടെയും പോവുകയും ജോലിയെടുക്കുകയും താമസിക്കുകയും ചെയ്യാൻ നിലവിൽ സ്വാതന്ത്ര്യമുണ്ട്. ഇൗ പശ്ചാത്തലത്തിൽ പത്തുലക്ഷം  ബ്രിട്ടീഷുകാർ മറ്റ് ഇയു രാജ്യങ്ങളിലും ആ രാജ്യങ്ങളിൽനിന്നുള്ള 30 ലക്ഷത്തിലേറെപേർ ബ്രിട്ടനിലും താമസിച്ചുവരുന്നു. ഇവരുടെഭാവിയായിരുന്നു മറ്റൊരു സുപ്രധാന പ്രശ്നം.   ഇവർക്ക് അതതു രാജ്യങ്ങളിൽതന്നെ  തടുരാമെന്നാണ് കരടുകരാറിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, ഇയുവിനകത്തു നിലവിലുളളതുപോലെ ഒരു രാജ്യത്തുനിന്നു മറ്റൊരു രാജ്യത്തേക്കു മാറാൻ ബ്രിട്ടീഷുകാർക്കു പ്രയാസം നേരിടാൻ സാധ്യതയുണ്ട്. ഇയുവുമായുള്ള ബ്രിട്ടന്റെ കര അതിർത്തിയുടെ ഭാവിയെ ബ്രെക്സിറ്റ് ഏതുവിധത്തിലായിരിക്കും ബാധിക്കുകയെന്ന ആശങ്കയും നിലനിൽക്കുന്നു.

theresa-may

എെറിഷ് റിപ്പബ്ളിക്കുമായുള്ള  വടക്കൻ അയർലൻഡിന്റെ അതിർത്തിയാണ് ഇപ്പോൾ ഇയുവുമായുളള ബ്രിട്ടന്റെ ഒരേയൊരു കര അതിർത്തി. എെറിഷ് റിപ്പബ്ളിക്ക് സ്വതന്ത്ര രാജ്യമാണെങ്കിൽ വടക്കൻ അയർലൻഡ് ബ്രിട്ടന്റെ ഭാഗമാണ്. ഇരുരാജ്യങ്ങളും ഇയു അംഗങ്ങളായതിനാൽ അവയ്ക്കിടയിൽ അതിർത്തിയിൽ നിയന്ത്രണങ്ങളും ചെക്ക് പോസ്റ്റുകളുമില്ല. എന്നാൽ, ബ്രിട്ടൻ ഇയു വിടുന്നതോടെ ഇൗ സ്ഥിതിമാറും. എെറിഷ് റിപ്പബ്ളിക്കിലെയും വടക്കൻ അയർലൻഡിലെയും ജനങ്ങൾ തമ്മിലുള്ള വൈകാരിക ബന്ധങ്ങളെ ഇതു ബാധിക്കുകയും ചെയ്യും. ഇതു സംബന്ധിച്ച ആശങ്കളും നിലനിൽക്കുന്നു. 

പ്രധാനമന്ത്രി തെരേസ മേയ് ബ്രെക്സിറ്റ് അനുകൂലിയായിരുന്നില്ല. മുൻഗാമിയായ ഡേവിഡ് കാമറണിനെപ്പോലെ അവരും ബ്രിട്ടൻ ഇയു വിട്ടുപോകുന്നതിനെ എതിർക്കുകയായിരുന്നു. ഹിതപരിശോധനയിൽ ബ്രെക്സിറ്റ് അനുകൂല തീരുമാനമുണ്ടായതോടെ കാമറൺ രാജിവച്ച  ഒഴിവിലാണ് 2016 ജൂലൈയിൽ മേയ് പ്രധാനമന്ത്രിയായത്. അതിനുമുൻപ് കാമറണിന്റെ ഗവൺമെന്റിൽ ആഭ്യന്തരമന്ത്രിയായിരുന്നു. പ്രധാനമന്ത്രിയായ ശേഷം ഹിതപരിശോധനാഫലം നടപ്പിലാക്കേണ്ട ഉത്തരവാദിത്തം മേയുടെ ചമുതലയായി. അതവർ പൂർണമനസ്സോടെയല്ല  നിർവഹിക്കുന്നതെന്നാണ് കൺസർവേറ്റീവ് പാർട്ടിയിലെ ബ്രെക്സിറ്റ് തീവ്രവാദികളുടെ വിമർശനം. ബ്രിട്ടന്റെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കുമെന്നു പറയുന്ന മേയ്  ആ വാക്കു പാലിക്കാതെ ഇയുവിന്റെ നിയമങ്ങളിലും നിബന്ധനങ്ങളിലും ബ്രിട്ടനെ തളച്ചിടാൻ ശ്രമിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തുന്നു. മുൻ വിദേശമന്ത്രിയും മുൻ ലണ്ടൻ മേയറുമായ ബോറിസ് ജോൺസനാണ് ഇവരിൽ ഒരാൾ. ഇക്കഴിഞ്ഞ ജൂലൈയിൽ പ്രധാനമന്ത്രിക്കെതിരെ കലാപക്കൊടി ഉയർത്തി മന്ത്രിസ്ഥാനം രാജിവച്ചവരിൽ പ്രമുഖനും ഇദ്ദേഹമായിരുന്നു. മറ്റൊരാൾ ബ്രെക്സിറ്റ് ചർച്ചകൾക്കു മേൽനോട്ടം വഹിക്കാൻ മേയ് പ്രത്യേകമായി നിയമിച്ചിരുന്ന മന്ത്രി ഡേവിഡ് ഡേവിസും. അദ്ദേഹത്തിന്റെ ഒഴിവിൽ നിയമിതനായിരുന്ന മന്ത്രി ഡോമിനിക് റാബും ഇപ്പോൾ രാജിവച്ച സീനിയർ മന്ത്രിമാരിൽ ഉൾപ്പെടുന്നു. 

കരടു കരാറിന് അംഗീകാരം നൽകാൻ ഇയു നേതാക്കളുടെ ഉച്ചകോടി ഇൗ മാസം 25നു ഇയു ആസ്ഥാനമായ ബ്രസ്സൽസിൽ (ബൽജിയം) ചേരുന്നുണ്ട്. അതിനുശേഷം ബ്രിട്ടീഷ് പാർലമെന്റ്് (കോമൺസ്) കൂടി അംഗീകരിച്ചാൽ മാത്രമേ കരാർ നടപ്പാക്കാൻ സാധ്യമാവുകയുള്ളൂ. പക്ഷേ, കൺസർവേറ്റീവ് പാർട്ടിക്കു പാർലമെന്റിൽ ഭൂരിപക്ഷമില്ല. വടക്കൻ അയർലൻഡിലെ പ്രാദേശിക കക്ഷിയായ ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയുടെ (ഡിയുപി) പിന്തുണയോടെയാണ് തെരേസ മേയ് ഭരിക്കുന്നത്. രണ്ടു വർഷം മുൻപ് മേയ് മേയ് പ്രധാനമന്ത്രിയാകുമ്പോൾ അവരുടെ പാർട്ടിക്കു നേരിയ ഭൂരിപക്ഷമെങ്കിലും ഉണ്ടായിരുന്നു. ഭൂരിപക്ഷം വർധിപ്പിക്കാൻ കഴിഞ്ഞ വർഷം ജൂണിൽ അവർ നടത്തിയ ഇടക്കാല തിരഞ്ഞെടുപ്പ് പാളിപ്പോവുകയാണ് ചെയ്തത്. ഉള്ള ഭൂരിപക്ഷവും നഷ്ടമായി.  അങ്ങനെയാണ് ഡിയുപിയുമായ സഖ്യത്തിലെത്തിയത്. എന്നാൽ, വടക്കൻ അയർലൻഡിനും എെറിഷ് റിപ്പബ്ളിക്കിനും ഇടയിലുള്ള അതിർത്തിയുടെ ഭാവിയെ സംബന്ധിച്ച തർക്കം കാരണം ഡിയുപിയും ഇടഞ്ഞുനിൽക്കുകയാണ്.   

david-cameron-

കൺസർവേറ്റീവ് പാർട്ടിയിലെ ബ്രെക്സിറ്റ് കടുംപിടിത്തക്കാർ പ്രധാനമന്ത്രിയെ മറിച്ചിടുമോ എന്നാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്. പാർട്ടിയിൽ വിശ്വാസവോട്ടു തേടണമെന്ന ആവശ്യത്തിന്റെ രൂപത്തിലായിരിക്കും അതിന്റെ തുടക്കം. അതിനു പാർട്ടിയിലെ മൊത്തം എംപിമാരുടെ 15 ശതമാനത്തിന്റെ (48 പേരുടെ) പിന്തുണയുണ്ടായാൽ മതി. എന്നാൽ, അവിശ്വാസം രേഖപ്പെടുത്താൻ മൊത്തം അംഗങ്ങളിൽ (316) ഭൂരിപക്ഷത്തിന്റെ  (159) പിന്തുണവേണം. 

അത്രയുംപേർ പ്രധാനമന്ത്രിക്കെതിരെ അണിനിരക്കുമോ ? ഇയുവും ബ്രിട്ടനും കൂടിയുണ്ടാക്കിയ കരടുകരാർ പാർലമെന്റ് തള്ളിക്കളയുയാണെങ്കിൽ എന്തു സംഭവിക്കും ? കരാറൊന്നുമില്ലാതെ തന്നെ ഇയു വിട്ടുപോകാൻ ബ്രിട്ടൻ നിർബന്ധിതമാകുമോ ? അതിന്റെ പ്രത്യാഘാതങ്ങൾ എന്തായിരിക്കും ? ഇങ്ങനെയുള്ള പല ചോദ്യങ്ങൾക്കും മുന്നിലാണ് ഇപ്പോൾ ആറരക്കോടിയിലേറെ ബ്രിട്ടീഷുകാർ