Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരെയും ഭയപ്പെടാതെ പുടിൻ

വിദേശരംഗം  / കെ. ഉബൈദുള്ള
vladimir-putin (യുക്രെയിന്റെ ഭാഗമായ കൈ്രമിയ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ റഷ്യ അതിന്റെ പേരിൽ പാശ്ചാത്യശക്തികളുടെ ഉപരോധം നേരിട്ടുവരുന്നു. അതിനിടയിൽതന്നെ ഇപ്പോൾ അവരുമായും യുക്രെയിനുമായും വീണ്ടും ഏറ്റുമുട്ടി)

റഷ്യൻ പ്രസിഡന്റ് വ്ളാഡിമീർ പുടിനു പാശ്ചാത്യ ശക്തികളെ ഒട്ടും ഭയമില്ലെന്ന് ഒരിക്കൽകൂടി തെളിയുകയാണ്. നാലു വർഷംമുൻപ്തന്നെ ഇതു വ്യക്തമായിരുന്നു. അയൽരാജ്യമായ യുക്രെയിനിൽ  ഇടപെടുകയും യുക്രെയിന്റെ ഭാഗമായ കൈ്രമിയ അർധദ്വീപ് സ്വന്തമാക്കുകയുമാണ് അന്നു റഷ്യ ചെയ്തത്. 

അതിന്റെ പേരിൽ അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും സാമ്പത്തിക ഉപരോധങ്ങളെ നേരിടേണ്ടിവന്നു. അതു തുടർന്നുകൊണ്ടിരിക്കേതന്നെ  യുക്രെയിനുമായും അതിനെ അനുകൂലിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുമായും റഷ്യ  ഇപ്പോൾ വീണ്ടും  ഏറ്റുമുട്ടുകയാണ്.   

കരിങ്കടൽ ഭാഗത്ത് ഇക്കഴിഞ്ഞ ഞായറാഴ്ച (നവംബർ 25) യുക്രെയിൻ നാവിക സേനയുടെ മൂന്നു ചെറുകപ്പലുകൾ റഷ്യക്കാർ പിടിച്ചെടുത്തതാണ് ഏറ്റവും പുതിയ സംഭവവികാസം. അതിനുമുൻപ് ആ കപ്പലുകളുടെ നേരെ റഷ്യൻ നാവികസേന വെടിവയ്ക്കുകയുമുണ്ടായി. റഷ്യയുടെ ഒരു കപ്പൽ ഒരു യുക്രെയിൻ കപ്പലിൽ ഇടിച്ചു കേടുവരുത്തുകയും ചെയ്തു. ഏതാനം യുക്രെയിൻ സൈനികർക്കുപരുക്കേറ്റു. അവർ ഉൾപ്പെടെ രണ്ടു ഡസനോളം യുക്രെയിൻ സൈനികരെ റഷ്യക്കാർ പിടിച്ചുകൊണ്ടുപോയി കൈ്രമിയയിൽ തടവിലാക്കി. 

putin (4)

കരിങ്കടലിൽനിന്നു യുക്രെയിൻ തീരത്തുള്ള ആസോവ്് കടലിലേക്കു കടക്കാനുളള ഒരേയൊരു മാർഗമായ കെർച്ച് കടലിടുക്കിലായിരുന്നു സംഭവം. റഷ്യയെ കൈ്രമിയൻ അർധദ്വീപുമായുമായി ബന്ധിപ്പിക്കുന്ന 19 കിലോമീറ്റർ നീളമുള്ള ഒരു പാലം ഇൗ കടലിടുക്കിനു മുകളിൽ റഷ്യ പുതുതായി പണിതിട്ടുണ്ട്.  അതിനടിയിലൂടെ യുക്രെയിൻ കപ്പലുകൾ ആസോവ് കടലിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് റഷ്യൻ നാവിക സേന തടഞ്ഞത്. 

യുക്രെയിന്റെ കരിങ്കടൽതീര തുറമുഖമായ ഒഡേസ്സയിൽനിന്നു പുറപ്പെട്ട കപ്പലുകൾ ആസോവ് കടൽത്തീരത്തു സ്ഥിതിചെയ്യുന്ന  യുക്രെയിന്റെ തുറമുഖമായ മരിയുപോളിനെ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. അവ റഷ്യയുടെ സമുദ്രാതിർത്തി ലംഘിച്ചുവെന്നായിരുന്നു റഷ്യയുടെ ആരോപണം. യുക്രെയിൻ അതു നിഷേധിക്കുകയും ആ ഭാഗത്തെ സമുദ്ര ഗതാഗതത്തിനുള്ള അവകാശം റഷ്യക്കുള്ള അത്രതന്നെ തങ്ങൾക്കുമുണ്ടെന്നു ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. 

കെർച്ച് കടലിടുക്കിനു മുകളിലുള്ള പാലത്തിനടിയിൽ കപ്പലുകൾക്കു കടന്നുപോകാനുള്ള വിടവിൽ ഒരു കപ്പൽ വിലങ്ങനെ നിർത്തിയിട്ടാൽ പിന്നെ അതിലൂടെ മറ്റുകപ്പലുകൾക്കൊന്നും പോകാനാവില്ല. അങ്ങനെ ചെയ്താണ്രേത യുക്രെയിൻ കപ്പലുകളുടെ പ്രയാണം റഷ്യൻ നാവികസേന തടഞ്ഞത്. ഇൗ കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾ തടഞ്ഞുനിർത്തി പരിശോധിക്കുന്നതും റഷ്യ പതിവാക്കിയിരിക്കുകയാണെന്നു യുക്രെയിൻ കുറ്റപ്പെടുത്തുന്നു. 

ഇത്തരം സംഭവങ്ങൾ തുടർന്നാൽ യുക്രെയിന്റെ ആ ഭാഗത്തുനിന്നു കരിങ്കടലിലേക്കും തിരിച്ചുമുള്ള കപ്പൽഗതാഗതം അവതാളത്തിലാവുകയും  ആ പ്രദേശത്തെ വ്യവസായങ്ങളെ അതു പ്രതികൂലമായി ബാധിക്കുകയും ചെയ്യും. യുക്രെയിൻ-റഷ്യ തർക്കവും അതു മൂലമുണ്ടായ സംഘർഷാവസ്ഥയും കൂടുതൽ അപകടകരമായ പതനത്തിലെത്തുകയായിരിക്കും അതിന്റെ ഫലം.  

അതിനാൽ, കെർച്ച് കടലിടുക്കിലെ സംഭവത്തെ പാശ്ചാത്യലോകം മിക്കവാറും പൂർണമായിത്തന്നെ ശക്തമായി അപലപിച്ചിട്ടുണ്ട്. യുഎൻ രക്ഷാസമിതിതിങ്കളാഴ്ച അടിയന്തരയോഗം ചേർന്നപ്പോൾ യുഎസ് അംബാസ്സഡർ നിക്കി ഹേലി റഷ്യയെപ്പറ്റി സംസാരിച്ചതും  കടുത്ത ഭാഷയിലായിരുന്നു. തന്റെ ഗവൺമെന്റിന്റെ ഉന്നതതലത്തുനിന്നുള്ള അംഗീകാരത്തോടെയാണ്്  താൻ റഷ്യയെ കുറ്റപ്പെടുത്തുന്നതെന്ന് അവർ വ്യക്തമാക്കുകയുമുണ്ടായി. 

എന്നാൽ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സംസാരിച്ചതു വ്യത്യസ്ത രീതിയിലായിരുന്നു. സംഭവത്തെപ്പറ്റി അദ്ദേഹം പ്രതികരിച്ചതുതന്നെ ഒന്നര ദിവസം കഴിഞ്ഞശേഷമാണ്. മാധ്യമപ്രവർത്തകരോടു സംസാരിക്കവേ അദ്ദേഹം പറഞ്ഞത് ഇങ്ങനെ :  ""ഇതു ശരിയല്ല. എനിക്ക് ഒട്ടും സന്തോഷമില്ല. ഇരു ഭാഗത്തും സംഭവിച്ചുകൊണ്ടിരിക്കുന്നത് എനിക്കു നന്നായിത്തോന്നുന്നില്ല''

russia-uk

യഎസ് പ്രസിഡന്റിൽനിന്നു കൂടുതൽ ശക്തവും വ്യക്തവുമായ പ്രതികരണങ്ങൾ പ്രതീക്ഷിച്ചവരെ ഇതു നിരാശരാക്കിയതു സ്വാഭാവികം. അതേസമയം, റഷ്യയോടുള്ള ട്രംപിന്റെ സമീപനത്തിന്റെ പ്രത്യേകത മനസ്സിലാക്കിയവരെ ഇത് ഒട്ടും അൽഭുതപ്പെടുത്തിയുമില്ല.  അടുത്തുതന്നെ അർജന്റീനയിൽ ചേരുന്ന ജി-20 ഉച്ചകോടിയിൽ പുടിനും ട്രംപും തമ്മിൽ കാണുമ്പോൾ എന്തു സംഭവിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

സോവിയറ്റ് യൂണിയനിൽ ദീർഘകാലം  ഒന്നിച്ചുകഴിഞ്ഞ രാജ്യങ്ങളായിരുന്നു റഷ്യയും യുക്രെയിനും. സോവിയറ്റ് യൂണിയൻ ഛിന്നഭിന്നമായതിനെ തുടർന്നു സ്വതന്ത്ര രാജ്യങ്ങളായ ശേഷവും സുദൃഢ ബന്ധം തുടരുകയായിരുന്നു.  എന്നാൽ, യുക്രെയിനിൽ പാശ്ചാത്യാനുകൂലികളും റഷ്യൻ പക്ഷക്കാരും തമ്മിൽ വടംവലി തുടങ്ങിയതോടെ ബന്ധം ഉലയാനും തുടങ്ങി. 

യുക്രെയിനെ റഷ്യയുമായി കൂടുതൽ അടുപ്പിക്കുകയും അതിന്റെ നേതൃത്വത്തിലുള്ള ശാക്തികച്ചേരിയിൽ പങ്കാളിയാക്കുകയും ചെയ്യാനായിരുന്നു റഷ്യൻ പക്ഷക്കാരുടെ ശ്രമം. മറുപക്ഷം യൂറോപ്യൻ യൂണിയനിലും  പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയിലും യുക്രെയിൻ അംഗമാകുന്നതു സ്വപ്നം കാണുകയും ചെയ്തു. 

അവർ തമ്മിലുള്ള ഏറ്റുമുട്ടൽ 2014ൽ റഷ്യൻ അനുകൂലിയായ പ്രസിഡന്റ് വിക്ടർ യാനുക്കോവിച്ചിനെതിരായ പ്രക്ഷോഭത്തിലും അദ്ദേഹത്തിന്റെ പതനത്തിലുമാണ് കലാശിച്ചത്. യുക്രെയിന്റെ നിയന്ത്രണത്തിലായിരുന്ന കൈ്രമിയൻ അർധദ്വീപ് റഷ്യ സ്വന്തമാക്കിയത് അതിനെ തുടർന്നുണ്ടായ സംഘർഷാവസ്ഥയ്ക്കിടയിലാണ്. 

കൈ്രമിയയുടെ തെക്കുഭാഗത്തു കരിങ്കടൽതീരത്തുള്ള സെവാസ്റ്റപോളിലാണ് റഷ്യയുടെ ഇൗ മേഖലയിലെ സുപ്രധാന നാവികസേനാ താവളം സ്ഥിതിചെയ്യുന്നത്. സോവിയറ്റ് യൂണിയന്റെ കാലംമുതൽക്കേയുള്ളതാണ് അതിന്റെ സൈനികതന്ത്രപരമായ പ്രാധാന്യം. പിൽക്കാലത്തു യുക്രെയിനുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് അതിന്റെ നിയന്ത്രണം റഷ്യയുടെ കൈകളിൽ എത്തിച്ചേരുകയായിരുന്നു. 

എന്നാൽ, യുക്രെയിനിൽ പൊട്ടിപ്പുറപ്പെട്ട റഷ്യാവിരോധം സെവാസ്റ്റപോളിന്റെ ഭാവിയപ്പറ്റി റഷ്യക്ക് ആശങ്കയുണ്ടാകാൻ കാരണമായി. കൈ്രമിയയിലെ ഭൂരിപക്ഷവിഭാഗമായ റഷ്യൻ വംശജരിലൂടെയാണ് പുടിൻ അതിനു പരിഹാരം കണ്ടെത്തിയത്. കൈ്രമിയയെ റഷ്യയിൽ ലയിപ്പിക്കുന്നതു സംബന്ധിച്ച് അവർ ഹിതപരിശോധന നടത്തുകയും അനുകൂല വിധിയെഴുതുകയുംചെയ്തു. ആ വിധി നടപ്പാക്കാൻ പുടിൻ ഒട്ടും താമസിച്ചതുമില്ല. 

പ്രതിഷേധിക്കാനും റഷ്യക്കെതിരെ ശിക്ഷാനടപടികൾ കൈക്കൊള്ളാനും മാത്രമേ അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യശക്തികൾക്കു സാധ്യമായുള്ളൂ. റഷ്യക്കു വീറ്റോ അധികാരമുള്ളതിനാൽ യുഎൻ രക്ഷാസമിതിയിലൂടെ കാര്യമായി ഒന്നും ചെയ്യാനായില്ല. അമേരിക്കയും യൂറോപ്യൻ യൂണിയനും സ്വന്തം നിലയിൽ ഉപരോധം ഏർപ്പെടുത്തുകയും അതു റഷ്യയെ സാമ്പത്തികമായി ഞെരുക്കുകയും ചെയ്തു. വൻവ്യാവസായിക രാജ്യങ്ങളുടെ കൂട്ടായ്മായ ജി-8ൽനിന്നു മറ്റ് അംഗരാജ്യങ്ങളെല്ലാം കൂടി പുറത്താക്കയതും കൈ്രമിയ സംഭവത്തെതുടർന്നായിരുന്നു. 

putin-(2)

യുക്രെയിന്റെ കിഴക്കു ഭാഗത്തു റഷ്യയുമായി അതിർത്തിപങ്കെടുന്ന ഡോൺബോസ് പ്രദേശത്തു റഷ്യൻ അനുകൂലികൾ യുക്രെയിൻ സൈന്യവുമായി നാലു വർഷമായി പോരാട്ടത്തിലാണ്്. പതിനായിരത്തോളം പേർ ഇതിനകം മരിച്ചുകഴിഞ്ഞു. റഷ്യൻ വംശജർക്കു ഭൂരിപക്ഷമുള്ള ഇൗ പ്രദേശത്തെ റഷ്യയിൽ ലയിപ്പിക്കുകയാണ് വിമതരുടെ ഉദ്ദേശ്യം. അവരെ റഷ്യയും സൈന്യത്തെ പാശ്ചാത്യരാജ്യങ്ങളും സഹായിച്ചുവരുന്നു.

ഏതു നിമിഷവും കൂടുതൽ ഗുരുതരമാവുകയും തുറന്ന യുദ്ധത്തിനു കാരണമാവുകയും ചെയ്യാനിടയുള്ളതാണ് ഇൗ പ്രശ്നം. പക്ഷേ, അതു പരിഹരിക്കാൻ രാജ്യാന്തരതലത്തിൽ കാര്യമായ ശ്രമങ്ങളൊന്നുംതന്നെ നടക്കുന്നില്ല.