Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രാൻസിനെ വിറപ്പിച്ച മഞ്ഞ വിപ്ളവം

വിദേശരംഗം  / കെ. ഉബൈദുള്ള
yellow-revolution-crisis-in-france (ഫ്രാൻസിലെ സമരത്തിനു നേതാക്കളുണ്ടായിരുന്നില്ല. മുഖ്യധാരാ രാഷ്ട്രീയ കക്ഷികളോ തൊഴിലാളി യൂണിയനുകളോ സമരക്കാരെ പരസ്യമായി പിന്തുണയ്ക്കാൻ മുന്നോട്ടുവന്നതുമില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ് ഒാരോരുത്തരും മഞ്ഞമേൽക്കുപ്പായം അണിഞ്ഞ് ആവേശപൂർവം തെരുവിലിറങ്ങുകയായിരുന്നു)

ഇമ്മാനുവൽ മക്രോൺ ഫ്രാൻസിന്റെ പ്രസിഡന്റായി അധികാരം ഏറ്റെടുത്തിട്ട് ഒന്നര വർഷം ആയതേയുള്ളൂ. അപ്പോഴേക്കും അദ്ദേഹം രാജിവയ്ക്കണമെന്ന ആവശ്യം ഉയർന്നു. മഞ്ഞമേൽക്കുപ്പായമണിഞ്ഞ ആയിരക്കണക്കിനാളുകൾ രാജ്യതലസ്ഥാനമായ പാരിസിലും മറ്റു പല നഗരങ്ങളിലുമായി കഴിഞ്ഞ മൂന്നു ശനിയാഴ്ചകളായി പ്രക്ഷോഭം നടത്തിവരുന്നു. അടിക്കടി വളർന്നുകൊണ്ടിരിക്കുന്ന മക്രോൺ വിരുദ്ധ വികാരമാണ് അതു സാക്ഷ്യപ്പെടുത്തുന്നത്. 

പ്രക്ഷോഭങ്ങളും അവയോടനുബന്ധിച്ചുള്ള അക്രമങ്ങളും പാരിസിന് അജ്ഞാതമല്ല. എന്നാൽ, ഇക്കഴിഞ്ഞ ശനിയാഴ്ച (ഡിസംബർ ഒന്ന്) നടന്ന അക്രമങ്ങൾ ഒരു പതിറ്റാണ്ടിലേറെക്കാലമായി ഫ്രാൻസിൽ ആരും കണ്ടില്ലാത്തവിധത്തിൽ അത്രയും ഭീകരമായിരുന്നു. മക്രോൺ അപ്പോൾ നാട്ടിലുണ്ടായിരുന്നില്ല. തെക്കെ അമേരിക്കയിൽ അർജന്റീനയിലെ ബ്യൂനസ് എെറിസിൽ ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുകയായിരുന്നു. തിരിച്ചെത്തിയ അദ്ദേഹം തലസ്ഥാന നഗരിയിലെ നാശനഷ്ടങ്ങൾ നേരിൽ കണ്ടു ഞെട്ടി.   

emmanuel-macron

ഡീസലിന്റെയും പെട്രോളിന്റെയും വില ഗവൺമെന്റ് ഗണ്യമായ തോതിൽ വർധിപ്പിച്ചതിനെ തുടർന്നാണ്് ആദ്യമായി നവംബർ 17 ശനിയാഴ്ച പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പ്രകടനക്കാർ ധരിച്ചവേഷം ഇതൊരു സാധാരണ സമരമല്ലെന്നു തുടക്കംമുതൽക്കേ വ്യക്തമാക്കുകയുംചെയ്തു. അവർ ഉന്നയിക്കുന്ന പ്രശ്നത്തിന്റെ ഗൗരവം ജനങ്ങളുടെ മനസ്സിൽ ആഴത്തിൽ പതിയാനും അതു കാരണമായി.  

ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും അപകട സാധ്യതയുള്ള ജോലികൾ ചെയ്യുന്ന തൊഴിലാളികളും രാത്രിയിൽ ട്രാഫിക് നിയന്ത്രിക്കുന്ന പൊലീസുകാരും അവരുടെ സാന്നിധ്യം മറ്റുള്ളവർക്ക് എളുപ്പത്തിൽ തിരിച്ചറിയാനായി മഞ്ഞനിറത്തിലുള്ള തിളങ്ങുന്ന മേൽക്കുപ്പായം അണിയുന്ന പതിവുണ്ട്. ഫ്രാൻസിൽ എല്ലാ വാഹനങ്ങളിലും അത്തരം കുപ്പായം കരുതിയിരിക്കണമെന്നതു നിർബന്ധവുമാണ്. 

അപകടമുണ്ടാകുന്ന സന്ദർഭങ്ങളിൽ വാഹനങ്ങളിൽനിന്നു പുറത്തിറങ്ങി നിൽക്കുന്നവർ അതു ധരിച്ചിരിക്കണമെന്നും നിയമം അനുശാസിക്കുന്നു. അതണിഞ്ഞായിരുന്നു കഴിഞ്ഞ മൂന്നു ശനിയാഴ്ചകളിലെയും  മക്രോൺ വിരുദ്ധ പ്രക്ഷോഭകാരികളുടെ പ്രകടനങ്ങൾ. 

FRANCE-PROTESTS-CLEANUP

പൊലീസുമായുള്ള ഏറ്റുമുട്ടലുകളും അക്രമങ്ങളും ഉണ്ടായിരുന്നുവെങ്കിലും ആദ്യത്തെ രണ്ടു ശനിയാഴ്ചകളിലെയും പ്രകടനങ്ങൾ ഗവൺമെന്റിനെപിടിച്ചുകുലുക്കിയിരുന്നില്ല. എന്നാൽ, ഇക്കഴിഞ്ഞ ശനിയാഴ്ച പെട്ടെന്നു സ്ഥിതിഗതികൾ മാറി. പ്രകടനക്കാരിൽ ചിലർ പൊലീസിനെ ആക്രമിക്കുകയും വാഹനങ്ങൾക്കും കടകൾക്കും തീവയ്ക്കുകയും ചെയ്തു. ഒട്ടേറെ കടകൾ കൊള്ളയടിക്കപ്പെട്ടു. 

പാരിസ് നഗര ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ഷാംസ്  എലീസിയിലെ ദേശീയ പൈതൃകമായ ആർക് ദെ ട്രയംഫിനും (വിജയകവാടം) അതിനകത്തെ അമൂല്യമായ പ്രതിമകൾക്കും സമരക്കാർ സാരമായ കേടുവരുത്തി. ഫ്രഞ്ച് ചരിത്രത്തിലെ ഒട്ടേറെ അവിസ്മരണീയ സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ചകവാടത്തിന്റെ ചുവരുകളിൽ അവർ കറുത്ത ചായംകൊണ്ട് "മക്രോൺ രാജിവയ്ക്കുക' എന്നെഴുതിവച്ചു. 

FRANCE-PROTESTS-CLEANUP

തെരുവുകളിൽ അഴിഞ്ഞാടിയ മുഖംമൂടി ധാരികളായസമരക്കാരുടെ നേരെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും ഉപയോഗിക്കുകയുണ്ടായി. നാട്ടിൽ തിരിച്ചെത്തിയ ഉടനെ പ്രസിഡന്റ് മക്രോൺ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യം പോലും ആലോചിക്കാതിരുന്നില്ല.  ഫ്രാൻസിൽ ഇതിനു മുൻപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതു 2015 നവംബറിൽ പാരിസിലുണ്ടായ ഭീകരാക്രമണത്തെ തുടർന്നായിരുന്നു.  അതു പല തവണ നീട്ടിയതിനുശേഷം കഴിഞ്ഞ നവംബറിലാണ് അവസാനിച്ചത്. 

ഇന്ധന വിലക്കയറ്റത്തിനെതിരായ ജനരോഷം പ്രക്ഷോഭമായി മാറിയത് ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. ഇൗ വർഷംമാത്രം പല തവണയായി ഡീസലിനു 23 ശതമാനവും പെട്രോളിനു 14 ശതമാനവുമാണ് വിലകൂടിയത്. രാജ്യാന്തര വിപണിയിൽ എണ്ണവില വർധിച്ചതായിരുന്നു ഇതിനു ഗവൺമെന്റ് പറഞ്ഞ കാരണം. അതിനു നിമിത്തമായത് എണ്ണ കയറ്റുമതി രാജ്യങ്ങൾ ഉൽപാദനം കുറച്ചതും ഇറാന്റെ എണ്ണ വ്യവസായത്തെ അവതാളത്തിലാക്കുന്ന വിധത്തിൽ അമേരിക്ക ആ രാജ്യത്തിനെതിരെ ഏർപ്പെടുത്തിയ ഉപരോധവും.ഇതൊന്നും തങ്ങളുടെ നിയന്ത്രണത്തിൽ ഉൾപ്പെടുന്നകാര്യങ്ങളല്ലെന്നു ഗവൺമെന്റ് വിശദീകരിക്കുകയുമുണ്ടായി.  

എന്നാൽ, ഇതോടൊപ്പം  പരിസ്ഥിതി സംരക്ഷണ നയത്തിന്റെ ഭാഗമായുള്ള ഇന്ധന നികുതി ജനുവരിയോട വർധിപ്പിക്കാനും ഗവൺമെന്റ് തീരുമാനിച്ചു. ഹരിത നികുതി എന്നറിയപ്പെടുന്ന ഇതു മക്രോണിന്റെ മുൻഗാമിയായ സോഷ്യലിസ്റ്റ് പ്രസിഡന്റ് ഫ്രാൻസ്വാ ഒലോൻദിന്റെ ഭരണകാലം മുതൽക്കേ നിലവിലുള്ളതാണ്. 

ആഗോളതപനം നിയന്ത്രിക്കാനായി അന്തരീക്ഷത്തിലേക്കുള്ള കാർബൺ വാതക ബഹിർഗമനം കുറക്കുക, അതിനു സഹായകമാകുന്ന വിധത്തിൽ ഡീസലും പെട്രോളും പോലുള്ള ഫോസ്സിൽ ഇന്ധനത്തിന്റെ ഉപയോഗം ചുരുക്കുക, ഇലക്ട്രിക് കാർ ഉപയോഗിക്കാൻ ജനങ്ങളെ പ്രോൽസാഹിപ്പിക്കുക- ഇതാണ് ഗവൺമെന്റിന്റെ ലക്ഷ്യം. ഡീസൽ വാഹനങ്ങൾ 2040 ആകുന്നതോടെ നിരോധിക്കാനും പരിപാടിയുണ്ട്. 

FRANCE-PROTESTS-CLEANUP

പുതിയ വിലക്കയറ്റം ജനങ്ങളെ, വിശേഷിച്ച്, സാധാരണക്കാരെ വല്ലാതെ പിടിച്ചുലച്ചു. ഫ്രാൻസിലെ മോട്ടോർ വാഹനങ്ങൾ അധികവും ഡീസൽ ഉപയോഗിക്കുന്നവയാണ്. റെയിൽവേ മിക്കവാറും നഗരങ്ങളെയും പട്ടണങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന വിധത്തിലുള്ളതായതിനാൽ ഗ്രാമവാസികൾക്കു കാര്യമായ പ്രയോജനമില്ല. അവർ ഗതാഗതത്തിനു മുഖ്യമായി മോട്ടോർ വാഹനങ്ങളെത്തന്നെ ആശ്രയിക്കുന്നു. ഇൗ പശ്ചാത്തലത്തിലാണ് ഇന്ധനവിലക്കയറ്റം ജനങ്ങളെ പെട്ടെന്നു രോഷാകുലരാക്കിയത്.   

പ്രക്ഷോഭം സംഘടിപ്പിച്ചത് ആരാണെന്ന് ഇതുവരെ അറിവായിട്ടില്ല. സമരത്തിനു വ്യക്തമായ നേതൃത്വവുമില്ല. മുഖ്യധാരാ രാഷ്ട്രീയ കക്ഷികളോ തൊഴിലാളിയൂണിയനുകളോ സമരക്കാരെ പരസ്യമായി പിന്തുണയ്ക്കാൻ മുന്നോട്ടുവന്നതുമില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ്   ഒാരോരുത്തരും മഞ്ഞമേൽക്കുപ്പായം അണിഞ്ഞ് ആവേശപൂർവം തെരുവിലിറങ്ങുകയായിരുന്നു. സമരത്തിനു വ്യക്തമായ നേതൃത്വം ഇല്ലാതിരുന്നത് അവർക്കിടയിലേക്കു കുഴപ്പക്കാർ നുഴഞ്ഞുകയറാൻ ഇടയാക്കി. അവരാണ് ഇക്കഴിഞ്ഞ ശനിയാഴ്ചയിലെ അക്രമങ്ങൾ അഴിച്ചുവിട്ടതെന്നും പറയപ്പെടുന്നു. വലതുപക്ഷത്തും ഇടതുപക്ഷത്തുമുള്ള തീവ്രവാദി സംഘടനകളെയാണ് ഗവൺമെന്റ് ഇതിനുകുറ്റപ്പെടുത്തിയത്.      

സമരക്കാരുടെ പ്രതിനിധികളും രാഷ്ട്രീയകക്ഷികളുടെ നേതാക്കളുമായി പ്രധാനമന്ത്രി എഡ്വേഡ് ഫിലിപ് അടിയന്തര ചർച്ചകളിൽ ഏർപ്പെട്ടു. തുടർന്നു ഹരിതനികുതി വർധന ആറു മാസത്തേക്കു നിർത്തിവയ്ക്കുകയും ചെയ്തു. കഴിഞ്ഞ വർഷം മേയിൽ പ്രസിഡന്റായി സ്ഥാനമേറ്റതു മുതൽ മക്രോൺ നടപ്പാക്കിവരുന്ന സാമ്പത്തിക നയങ്ങളെ സംബന്ധിച്ച വിവാദങ്ങളും ഇൗ സംഭവങ്ങളുടെ പശ്ചാത്തലത്തിലുണ്ട്. അദ്ദേഹത്തിന്റെ നയങ്ങൾ പാവപ്പെട്ടവരെയും സാധാരണക്കാരെയും പിഴിയുകയുംപണക്കാരെ സുഖിപ്പിക്കുകയും ചെയ്യുന്ന വിധത്തിലുള്ളതാണെന്ന് ആരോപിക്കപ്പെടുന്നു. 

പണക്കാരുടെ പ്രസിഡന്റ് എന്നാണ് പലരും അദ്ദേഹത്തെ വിളിക്കുന്നത്. ധനികരെ സഹായിക്കുന്ന വിധത്തിൽ സ്വത്തുനികുതി വെട്ടിക്കുറച്ചതായിരുന്നു ഇതിനൊരു കാരണം. അതേസമയം, ഫ്രാൻസിലെ സാമ്പത്തിക രംഗത്തു വർഷങ്ങളായി നിലനിൽക്കുന്ന മുരടിപ്പ് അവസാനിപ്പിക്കാനും വർധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്കു പരിഹാരം കണ്ടെത്താനുമാണ് താൻ ശ്രമിക്കുന്നതെന്നു പറഞ്ഞ് മക്രോൺ തന്റെ നയപരിപാടികളെ ന്യായീകരിക്കുന്നു.

മക്രോൺ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതു തന്നെ അദ്ദേഹത്തിന്റെ നയപരിപാടികളിലുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ പിൻബലത്തിലായിരുന്നില്ല. മാറിമാറി രാജ്യം ഭരിച്ചിരുന്ന രണ്ടു മുഖ്യ കക്ഷികളായ റിപ്പബ്ളിക്കൻ പാർട്ടിയുടെയും സോഷ്യലിസ്റ്റ് പാർട്ടിയുടെയും അപചയം അദ്ദേഹത്തിന്റെ വിജയത്തിനു വഴിയൊരുക്കുകയായിരുന്നു. 

yellow-revolution-crisis-in-france

തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിൽ മുന്നിലെത്തിയ മക്രോണിനെ രണ്ടാം റൗണ്ടിൽ വിജയിപ്പിക്കേണ്ടത് ഇൗ കക്ഷികളുടെയും ആവശ്യമായിത്തീർന്നു. ഇല്ലെങ്കിൽ തീവ്രവലതുപക്ഷ കക്ഷിയായ നാഷനൽ ഫ്രണ്ടിന്റെ നേതാവ്  മരീൻ ലെ പെൻ യൂറോപ്പിലെ ഇൗ മുൻനിര രാജ്യത്തിന്റെ സാരഥിയാവുമായിരുന്നു. 

പ്രസിഡന്റ് ഒലോൻദിന്റെ കീഴിൽ ആദ്യം സാമ്പത്തിക ഉപദേഷ്ടാവും പിന്നീട് ധനമന്ത്രിയും ആയിരുന്നു മക്രോൺ. 2014ൽ ധനമന്ത്രിയാകുന്നതുവരെ ഫ്രഞ്ച് രാഷ്ട്രീയത്തിൽ മിക്കവാറും അജ്ഞാതനുമായിരുന്നു. തിരഞ്ഞെടുപ്പിലൊന്നും മൽസരിച്ചിരുന്നില്ല. പുതിയൊരു പാർട്ടിയുണ്ടാക്കിയ ശേഷമാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഗോദയിൽ  ഇറങ്ങിയതും.ഒന്നര വർഷം കഴിഞ്ഞപ്പോഴേക്കും ജനരോഷത്തിന്റെ രൂക്ഷത നേരിടേണ്ടിവന്നു.