Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദമാകുന്ന വ്യാപാരങ്ങൾ

വിദേശരംഗം  / കെ. ഉബൈദുള്ള
America-china-trade-war (കൂടുതൽ ഗുരുതരമായ മറ്റൊരു ആരോപണംകൂടി ഇപ്പോൾ ശക്തമായി ഉയർന്നിരിക്കുകയാണ്. ടെലികോം നെറ്റ്വർക്കിങ് ഉപകരണങ്ങളും സ്മാർട്ഫോണുകളും നിർമിക്കുന്ന ചൈനീസ് കമ്പനികൾ അവരുടെ ഗവൺമെന്റും സൈന്യവും നടത്തുന്ന ചാരപ്പണിയിൽ സഹകരിക്കുന്നുവെന്നാണ് ആരോപണം)

ചൈനയിലെ ടെലികോം വ്യവസായ രംഗത്തെ രാജകുമാരിയായ മെങ് വാൻസൂയെ സംബന്ധിച്ചിടത്തോളം ബിസിനസ് ആവശ്യാർഥമുളള ഒരു സാധാരണ യാത്രയായിരുന്നു അത്. ടെലികമ്യൂണിക്കേഷൻ ഉപകരണങ്ങളും സ്മാർട്ഫോണുകളും നിർമിക്കുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ വാവെയുടെ(huawei) ചീഫ് ഫിനാൻഷ്യൽ ഓഫീസറാണ് അവർ. ചൈനയുടെ ഭാഗമായ ഹോങ്കോങ്ങിൽനിന്ന് ഇക്കഴിഞ്ഞ ഡിസംബർ ഒന്നു ശനിയാഴ്ച മെക്സിക്കോയിലേക്കു പുറപ്പെട്ട  മെങ് യാത്രാമധ്യേ കാനഡയിലെ വാൻകുവറിലിറങ്ങി. വിമാനത്താവളത്തിൽ തുടർയാത്രയ്ക്കുള്ള ഫ്ളൈറ്റ് കാത്തിരിക്കുകയായിരുന്നു.അപ്പോഴാണ് കനേഡിയൻ പൊലീസ് സംഘമെത്തി അമേരിക്കയിൽനിന്നുള്ള വാറന്റ് കാട്ടി അവരെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്. ജാമ്യംകിട്ടുന്നതുവരെ പതിനൊന്നു ദിവസം അവർക്കു തടങ്കലിൽ കഴിയേണ്ടിവന്നു. അമേരിക്കയും ചൈനയും തമ്മിൽ നടന്നുവരുന്ന വ്യാപാര യുദ്ധം ഈ സംഭവത്തോടെ പെട്ടെന്നു പുതിയൊരു വഴിയിലേക്കും തലത്തിലേക്കും കടന്നു. അഭൂതപൂർവമായ ഇൗ സംഭവത്തിന്റെ അനന്തരഫലങ്ങൾ എന്തായിരിക്കുമെന്ന ആശങ്കയിലാണ് രാജ്യാന്തര ബിസിനസ് രംഗം. പല രാജ്യങ്ങളിലും ഒാഹരി വിപണിയിലുണ്ടായ ഇടിവ് അതിനു സാക്ഷ്യം വഹിക്കുന്നു. 

jinping-trump

അടുത്ത കാലത്താണ് വാവെയ് അമേരിക്കയിലെ ആപ്പിളിനെ കടത്തിവെട്ടി സ്മാർട്ഫോൺ നിർമാണത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനത്തെത്തിയത്. ദക്ഷിണ കൊറിയയിലെ സാംസങ്ങിനെയും പിന്നിലാക്കി ഒന്നാംസ്ഥാനം നേടുകയാണത്രേ ലക്ഷ്യം. അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിലും ചുക്കാൻ പിടിക്കുന്നവരിൽഒരാളായിരുന്നു നാൽപ്പത്താറുകാരിയായ മെങ് വാൻസൂ.  ചൈനയിലെ ഷെൻസൻ  ആസ്ഥാനമായി 1987 മുതൽ പ്രവർത്തിച്ചുവരുന്ന കമ്പനിയുടെ സ്ഥാപകനായ റെൻ സെങ്ഫെയുടെ മൂത്തമകളായ ഇവർക്കു കമ്പനിയുടെ ഡപ്യൂട്ടി ചെയർപേഴ്സൺ എന്ന സ്ഥാനവുമുണ്ട്. സമീപ ഭാവിയിൽ കമ്പനിയുടെ മേധാവിയാകാനുള്ള സാധ്യതയുമുണ്ടായിരുന്നു.  ഇറാനെതിരായ യുഎസ് ഉപരോധം ലംഘിച്ചുകൊണ്ട് അമേരിക്കൻ ടെലികോം ഉൽപന്ന ഘടകങ്ങൾ ഇറാനു മറിച്ചുവിറ്റുവെന്നതാണ് മെങ്ങിനെതിരായ കേസ്. അതിന്റെ വിചാരണയ്ക്കായി അവരെ തങ്ങൾക്കു കൈമാറണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. അതു സംബന്ധിച്ച തീരുമാനമുണ്ടാകാൻ പക്ഷേ, കുറേ സമയമെടുക്കും. അമേരിക്കയിലെ കോടതി കുറ്റവാളിയായി വിധിച്ചാൽ പരമാവധി 30 വർഷമാണ്രേത ജയിൽശിക്ഷ. 

trump

ഇത്രയും ഉന്നത പദവിയുള്ള ഒരു വ്യക്തി അമേരിക്കയുടെ ഇറാൻ ഉപരോധത്തിന്റെ പേരിൽ  അറസ്റ്റ് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. എന്നാൽ,ഇറാൻ ഉപരോധം മാത്രമല്ല, ഇതിന്റെ പിന്നിലെന്നാണ് പൊതുവിൽ അനുമാനിക്കപ്പെടുന്നത്. യുഎസ്-ചൈന വ്യാപാരയുദ്ധത്തിന്റെ രൂക്ഷതയും സങ്കീർണതയും ഇതിൽ പ്രതിഫലിക്കുന്നു. വാവെയ് കമ്പനിക്കു ചൈനീസ് ഭരണകൂടവുമായും സൈന്യവുമായും ബന്ധമുണ്ടെന്നും അവരുടെ ചാരപ്പണിക്കു കമ്പനി സൗകര്യം  ചെയ്തു കൊടുക്കുകയാണെന്നുമുള്ള  ആരോപണവും ഇതിനോടു ചേർത്തുവായിക്കപ്പെടുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലും വാവെയ് വിൽക്കുന്ന ടെലിംകോം നെറ്റ്വർക്കിങ് ഉപകരണങ്ങളിലും മൊബൈൽ ഫോണുകളിലും അതിനുള്ള സംവിധാനങ്ങൾ ഒളിപ്പിച്ചുവയ്ക്കുകയാണത്രേ. കമ്പനിയുടെ സ്ഥാപകനായ റെൻ സെങ്ഫീ മുൻപ് ചൈനീസ് സൈന്യത്തിലെ എൻജിനീയറായിരുന്നു. വാവെയ്ക്കു ചൈനീസ് ഗവൺമെന്റുമായും സൈന്യവുമായും ബന്ധമുണ്ടെന്നതിനു തെളിവായി പലരും ചൂണ്ടിക്കാട്ടുന്നത് ഇതാണ്. ഒരു ബന്ധവുമില്ലെന്നു വാവെയും ചൈനീസ് ഗവൺമെന്റ്ും സൈന്യവും ആണയിട്ടുപറയുന്നു. 

xi-jingping

ഏതായാലും, മെങ്ങിന്റെ അറസ്റ്റിനെതിരെ ചൈന പ്രതികരിച്ചതു കടുത്ത രോഷത്തോടെയാണ്. ഇതു തെമ്മാടിത്തമാണെന്നുവരെ ചൈനീസ് മാധ്യമങ്ങൾ തുറന്നടിച്ചു. മെങ്ങിനെ ഉടൻ നിരുപാധികമായി വിട്ടയക്കണമെന്നു ഗവൺമെന്റ് ആവശ്യപ്പെടുകയും ഇല്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നു മുന്നറിയപ്പ് നൽകുകയുംചെയ്തു. കാനഡയുടെയും അമേരിക്കയുടെയും അംബാസ്സഡർമാരെ ചൈന വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിക്കുകയുമുണ്ടായി. പ്രതികാര നടപടിയെന്ന നിലയിൽ തങ്ങൾ അറസ്റ്റിലാകുമോയെന്ന ഭീതിയിലാണത്രേ  ചൈനയിൽ ജോലിചെയ്യുന്ന അമേരിക്കക്കാർ. കഴിഞ്ഞ ദിവസം കാനഡയുടെ ഒരു മുൻ നയതന്ത്രജ്ഞൻ ചൈനയിൽ അറസ്റ്റിലായതു ചൈനയിലെ കാനഡക്കാരെയും ആശങ്കയിലാക്കുന്നു. 

us-china

മെങ് വാൻസൂ അറസ്റ്റ്ചെയ്യപ്പെട്ട സമയമാണ് ഏറ്റവും ദുരൂഹമായിരിക്കുന്നത്. വാൻകുവറിൽ സംഭവം നടക്കുമ്പോൾ ആയിരക്കണക്കിനു കിലോമീറ്റർ അകലെ തെക്കെ അമേരിക്കയിൽ അർജന്റീനയിലെ ബ്യൂനസ് എെറിസിൽ യുഎസ് പ്രസിഡന്റ്  ഡോണൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനോടൊപ്പം വിരുന്നിലായിരുന്നു. ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. യുഎസ്-ചൈന വ്യാപാരയുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ചായിരുന്നു അവരുടെ ചർച്ച. മൂന്നുമാസത്തേക്കു വെടിനിർത്താനും അതിനുള്ളിൽ പ്രശ്നം ഒത്തുതീർപ്പിലെത്തിക്കാനുമായിരുന്നു തീരുമാനം. അതിനിടയിലാണ് ആ തീരുമാനത്തെ അട്ടിമറിക്കുന്ന വിധത്തിലുളള സംഭവം. മെങ് അറസ്റ്റ് ചെയ്യപ്പെട്ട വിവരം പുറത്തുവന്നത് അഞ്ചാം ദിവസം ബുധനാഴ്ചയാണ്. അവരുടെതന്നെ അപേക്ഷയനുസരിച്ച് വാൻകൂവറിലെ കോടതി വാർത്താവിലക്ക് ഏർപ്പെടുത്തുകയായിരുന്നു. എന്നാൽ, സംഭവം നടക്കുന്നതിനുമുൻപ്തന്നെ തനിക്കു വിവരം കിട്ടിയിരുന്നുവെന്നു യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ട്രംപിനെ അറിയിച്ചിരുന്നുവോ ? വിവരം ചൈനീസ് പ്രസിഡന്റിൽനിന്നു മറച്ചുവച്ചാണോ  അദ്ദേഹവുമായി ട്രംപ് വിരുന്നും ചർച്ചയും തുടർന്നത് ?

Donald-Trump-and-Xi-Jinping

മെങ് ലംഘിച്ചതായി ആരോപിക്കപ്പെടുന്ന അമേരിക്കയുടെ ഇറാൻ ഉപരോധം പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകാലത്ത് ഏർപ്പെടുത്തിയതാണ്. അതിനുശേഷം ഒബാമയുടെ ഭരണത്തിൽതന്നെയാണ് ഇറാനുമായി ഒത്തുതീർപ്പുണ്ടാവുകയും ഉപരോധം പിൻവലിക്കപ്പെടുകയും ചെയ്തത്. എന്നാൽ, ആ കരാർ ട്രംപ് റദ്ദാക്കുകയും ഇറാനെതിരായ ഉപരോധം പുനഃസ്ഥാപിക്കുകയും ചെയ്തു. യുഎസ് സാങ്കേതികവിദ്യയും ഉപകരണങ്ങളും ഉപയോഗിച്ച് നിർമിച്ച ഉൽപ്പന്നങ്ങൾ വാവെയ് അതിന്റെ ഉപസ്ഥാപനമായ സ്കൈകോമിലൂടെ 2009നും 2014നും ഇടയിൽ ഇറാനു വിറ്റുവെന്നും അതിനു മെങ് കൂട്ടുനിന്നുവെന്നുമാണ് ആരോപണം. ഹോങ്കോങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൈകോമിനു വാവെയുമായി ബന്ധമില്ലെന്നും അതൊരു സ്വതന്ത്ര സ്ഥാപനമാണെന്നുമാണത്രേ ബാങ്കുകളെ  മെങ് ധരിപ്പിച്ചിരുന്നത്. ഇതിന്റെ പേരിൽ യുഎസ് അധികൃതർ തനിക്കെതിരെ വലവീശുമെന്നു മെങ്തന്നെ ഭയപ്പെട്ടിരുന്നതായും സൂചനകളുണ്ട്. അവരുടെ മകൻ പഠിക്കുന്നതു അമേരിക്കയിൽ ബോസ്റ്റണിലെ ഒരു സ്കൂളിലാണ്. എന്നാൽ, ഒരു വർഷത്തിലേറെയായി മെങ് അമേരിക്കയിൽ കാലുകുത്തിയിരുന്നില്ല.   

donald-trump

ചൈനയിൽ ടെലിംകോം ഉപകരണ നിർമാണത്തിൽ വാവെയുമായി ഏറ്റവും കടുത്ത മൽസരത്തിലുള്ള സെഡ്ടിഇ എന്ന കമ്പനി നേരത്തെതന്നെ അമേരിക്കയുടെ രോഷത്തിന് ഇരയാവുകയുണ്ടായി. അമേരിക്കയിൽനിന്ന് ഇറക്കുമതിചെയ്ത ഘടകങ്ങൾ ഉപയോഗിച്ചു നിർമിച്ച ടെലികോം ഉപകരണങ്ങൾ ഇറാനുപുറമെ ഉത്തരകൊറിയയ്ക്കും വിറ്റുവെന്നും അങ്ങനെ യുഎസ് ഉപരോധം ലംഘിച്ചുവെന്നുമായിരുന്നു അവർക്കെതിരായ ആരോപണം. ശിക്ഷയായി സെഡ്ടിഇ 100 കോടി ഡോളർ പിഴയടക്കേണ്ടിവന്നു. അമേരിക്കൻ കംപ്യൂട്ടർ ചിപ്പുകൾ സെഡ്ടിഇക്കു കയറ്റുമതിചെയ്യുന്നതു നിരോധിക്കപ്പെടുകയും ചെയ്തു. അതോടെ സെഡ്ടിഇയുടെ പ്രവർത്തനങ്ങൾ മാസങ്ങളോളം സ്തംഭനത്തിലായി. അതേസമയം അതുമായി ബന്ധപ്പെട്ട വ്യക്തികൾക്കെതിരെ നടപടിയൊന്നും ഉണ്ടായതുമില്ല. 

videsarangam-china-pak (7)

ഇക്കഴിഞ്ഞ ഏപ്രിലിൽ ട്രംപ് ചൈനയ്ക്കെതിരെ വ്യാപാരയുദ്ധം പ്രഖ്യാപിച്ചപ്പോൾ ഏറ്റവുമധികം ചർച്ചാവിഷയമായത് ആ രാജ്യവുമായുള്ള അമേരിക്കയുടെ വ്യാപാരക്കമ്മിയായിരുന്നു. യുഎസ് ഉൽപന്നങ്ങളുടെ ഇറക്കുമതി കുറക്കുന്ന വിധത്തിൽ അവയുടെ മേൽ ചൈന അമിതമായ തോതിൽ ചുങ്കം ചുമത്തുന്നുവെന്നായിരുന്നു ട്രംപിന്റെ വിമർശനം. പ്രതികാര നടപടിയെന്ന നിലയിൽ അദ്ദേഹം അമേരിക്ക ഇറക്കുമതിചെയ്യുന്ന ചൈനീസ് ഉൽപ്പന്നങ്ങളുടെ മേൽ ചുങ്കം വർധിപ്പിക്കാൻ തുടങ്ങി. സമാനമായ നടപടികൾ ചൈനയും കൈക്കൊണ്ടതോടെ വ്യാപാര യുദ്ധം രൂക്ഷമാവുകയും ഇരു രാജ്യങ്ങളും അതിന്റെ  പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരികയുംചെയ്തു. അതിന്റെ പശ്ചാത്തലത്തിലായിരുന്നു ബ്യൂനസ് എെറിസിലെ ട്രംപ്-ഷി ചർച്ച. അമേരിക്കയുടെ ബൗദ്ധിക സ്വത്ത് ചൈന വ്യാപകമായ തോതിൽ അപഹരിക്കുന്നുവെന്ന ആരോപണവും ട്രംപ് നേരത്തെതന്നെ ഉന്നയിക്കുകയുണ്ടായി. ചൈനയിൽ പ്രവർത്തിക്കുന്ന യുഎസ് കമ്പനികളിൽ നിർബന്ധംചെലുത്തി ചൈനക്കാർ യുഎസ് സാങ്കേതികവിദ്യ തട്ടിയെടുക്കുകയാണത്രേ. 

America-china-trade-war

കൂടുതൽ ഗുരുതരമായ മറ്റൊരു ആരോപണംകൂടി ഇപ്പോൾ ശക്തമായി ഉയർന്നിരിക്കുകയാണ്. ടെലികോം നെറ്റ്വർക്കിങ് ഉപകരണങ്ങളും സ്മാർട്ഫോണുകളും നിർമിക്കുന്ന ചൈനീസ് കമ്പനികൾ അവരുടെ ഗവൺമെന്റും സൈന്യവും നടത്തുന്ന ചാരപ്പണിയിൽ സഹകരിക്കുന്നുവെന്നാണ് ആരോപണം. അവരുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന രാജ്യങ്ങളിലെ വിവരങ്ങൾ ചോർത്തിയെടുത്തു ബന്ധപ്പെട്ടവർക്ക് എത്തിച്ചുകൊടുക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ആ ഉൽപ്പന്നങ്ങളിൽ രഹസ്യമായി തിരുകിവയ്ക്കുകയാണത്രേ. ഇക്കാരണത്താൽ രാജ്യസുരക്ഷ മുൻനിർത്തി പല രാജ്യങ്ങളും ചൈനീസ് ടെലികോം ഉപകരണങ്ങൾ തങ്ങളുടെ നെറ്റ്വർക്കുകളിൽ ഉപയോഗിക്കാൻ ഭയപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. ചില രാജ്യങ്ങൾ അത്തരം ഉപകരണങ്ങളുടെ ഇറക്കുമതി നിർത്താനും തീരുമാനിച്ചിട്ടുണ്ടത്രേ. ഇൗ പ്രശ്നങ്ങളെല്ലാം സജീവമായി ചർച്ചചെയ്യപ്പെടാൻ മെങ് വാൻസൂയുടെ അറസ്റ്റ് കാരണമായിത്തീരുന്നു. അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാരയുദ്ധത്തോടൊപ്പം ടെലികോം സാങ്കേതിക വിദ്യയിൽ ലോകത്തു മേധവിത്തം നേടാനുള്ള അവരുടെ തീവ്രമായ മൽസരവും ഇൗ സംഭവങ്ങളിൽ പ്രതിഫലിക്കുന്നു