Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എത്തിനോക്കുന്ന അത്യാഹിതങ്ങൾ

വിദേശരംഗം  / കെ. ഉബൈദുള്ള
climate-change-c

‘‘നമ്മൾ അപകടത്തിലാണ്.  നമ്മളെല്ലാവരുംകൂടി എന്തുകൊണ്ടാണ് ഇത്രയും മന്ദഗതിയിൽ നീങ്ങുന്നതെന്നു, തെറ്റായ ദിശയിലേക്കു പോലും നീങ്ങുന്നതെന്നു മനസ്സിലാക്കാൻ പ്രയാസമായിരിക്കുന്നു’’

ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ അന്റോണിയോ ഗ്യുട്ടറസിന്റെ നിരാശ നിറഞ്ഞ ഇൗ വാക്കുകൾ കാലാവസ്ഥാ വ്യതിയാനത്തോടുളള ലോകരാജ്യങ്ങളുടെ സമീപനത്തെക്കുറിച്ചായിരുന്നു. യൂറോപ്പിൽ പോളണ്ടിലെ കാറ്റൊവിസിൽ യുഎൻ ആഭിമുഖ്യത്തിൽ ഡിസംബർ മൂന്നുമുതൽ രണ്ടാഴ്ച നടന്ന രാജ്യാന്തര കാലാവസ്ഥാ സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

അതേവേദിയിൽതന്നെ, ലോകപ്രശസ്ത പ്രകൃതി സംരക്ഷണവാദി ഡേവിഡ് ആറ്റൻബറോ നൽകിയ മുന്നറിയിപ്പും വ്യത്യസ്തമായിരുന്നില്ല. മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള സിനിമ (ഗാന്ധി) സംവിധാനം ചെയ്ത റിച്ചഡ് ആറ്റൻബറോയുടെ സഹോദരൻകൂടിയാണ് ഇദ്ദേഹം. ആയിരക്കണക്കിനു വർഷങ്ങൾക്കിടയിൽ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് കാലാവസ്ഥാ വ്യതിയാനമെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു.  നാഗരികതയുടെ തകർച്ചയും പ്രകൃതിയുടെ നാശവുമായിരിക്കും അതിന്റെ ഫലവുമെന്ന് ഒാർമിപ്പിക്കുകയും ചെയ്തു.   

CHINA-AFRICA-SUMMIT ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ അന്റോണിയോ ഗ്യുട്ടറസ്

വൻ ചുഴലിക്കാറ്റുകളും മഹാപ്രളയങ്ങളും ഉണ്ടാക്കുന്ന വിധത്തിലുള്ള കാലാവസ്ഥാ വ്യതിയാനവും അതിനു കാരണമാകുന്ന ആഗോള താപനവും ഫലപ്രദമായി തടയാൻ എന്തു നടപടികൾ കൈക്കൊള്ളണം ? അതു സംബന്ധിച്ച ചർച്ചകളാണ് നടന്നുവരുന്നത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച രാജ്യാന്തര സമിതി (എെപിസിസി) തയാറാക്കിയ റിപ്പോർട്ട് അതിനിടയിൽ ഇക്കഴിഞ്ഞ ഒക്ടോബറിൽ പുറത്തുവന്നു.  കാലാവസ്ഥയെപ്പറ്റി ഏറ്റവും ആധികാരികമായി സംസാരിക്കാൻ അർഹതയുളള ശാസ്ത്രജ്ഞർ അടങ്ങിയതാണ് ഇൗ സമിതി. അവരുടെ റിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പുകളും ഭീതിജനകമാണ്. 

അമേരിക്കയിലെ 13 കേന്ദ്ര ഏജൻസികൾ നടത്തിയ കാലാവസ്ഥാ പഠനത്തിന്റെ റിപ്പോർട്ട് പുറത്തുവന്നത് അതിന്റെ പിന്നാലെ നവംബറിലായിരുന്നു. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന നാശനഷ്ടങ്ങളുടെ ആഴവും വ്യാപ്തിയും അഭൂതപൂർവമായ വരൾച്ച, ചുഴലിക്കാറ്റ്, കാട്ടുതീ എന്നിവയിലൂടെ ഇപ്പോൾതന്നെ അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന്് അതിൽ ചൂണ്ടിക്കാട്ടുന്നു.  

അതിനിടയിൽതന്നെയാണ് അമേരിക്കയിലെ കലിഫോർണിയയിൽ ഇൗ നൂറ്റാണ്ടിലെ ഏറ്റവും വലിയതെന്നു വിശേഷിപ്പിക്കപ്പെടുന്ന കാട്ടുതീയുണ്ടായത്. ദിവസങ്ങളോളം ആളിപ്പടർന്നുകൊണ്ടിരുന്ന തീയിൽ എൺപതിലേറെപേർ മരിക്കുകയും അഞ്ഞൂറിലേറെ പേരെ കാണാതാവുകയും ചെയ്തു. വീടുകൾ ഉൾപ്പെടെ ഒട്ടേറെ കെട്ടിടങ്ങൾ ചാമ്പലായി. കാലാവസ്ഥാ വ്യതിയാനംതന്നെയാണ് അതിനും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

volcanic-eruption

ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും ഇൗ വർഷം അഭൂതപൂർവമായ വിധത്തിലുള്ള പ്രകൃതി ദുരന്തങ്ങളുണ്ടായി. വെള്ളപ്പൊക്കം, കടലാക്രമണം, ജലക്ഷാമം, വരൾച്ച, കൃഷിനാശം, ചുഴലിക്കാറ്റ്്, ചൂടുകാറ്റ്്  തുടങ്ങിയ ഇൗ പ്രതിഭാസങ്ങളെല്ലാം കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ മൂലം സംഭവിക്കാവുന്നതാണെന്നും വ്യക്തമായിക്കഴിഞ്ഞു.   

അത്യുഷ്ണം കാരണം ഉത്തര ധ്രുവത്തിലെ ഹിമക്കട്ടകൾ ഉരുകുന്നതു സമുദ്രങ്ങളിലെ ജലവിതാനം ഭീമാകാരമായ വിധത്തിൽ ഉയരാൻ ഇടയാക്കുമെന്ന കാര്യത്തിൽ ഇപ്പോൾ ആർക്കും സംശയമില്ല. സമുദ്രവിതാനത്തിൽനിന്ന് അധികമൊന്നും ഉയരത്തിലല്ലാതെ സ്ഥിതിചെയ്യുന്ന ചില തീരപ്രദേശങ്ങളും ദ്വീപുകളും കടലിലെ വേലിയേറ്റത്തിൽ മുങ്ങിപ്പോയേക്കാം. അന്തരീക്ഷ വായുവും ജലസ്രോതസ്സുകളും മലിനമാകുന്നതോടെ രോഗങ്ങൾ പടർന്നുപിടിക്കാനും സാധ്യതയുണ്ട്്. 

ഇൗ സംഭവങ്ങളുടെയും മുന്നറിയിപ്പുകളുടെയുമെല്ലാം പശ്ചാത്തലത്തിലായിരുന്നു പോളണ്ടിലെ രാജ്യാന്തര കാലാവസ്ഥാ സമ്മേളനം. 24 വർഷമായി ഡിസംബറിൽ വിവിധ രാജ്യങ്ങളിൽ ഇൗ സമ്മേളനം നടന്നുവരുന്നു. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു 2015ൽ പാരിസിൽ നടന്ന 21ാമതു സമ്മേളനം. 195 രാജ്യങ്ങളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ അവിടെ രൂപംകൊണ്ട ഉടമ്പടി ഭൂമിയുടെ രക്ഷയ്ക്കുവേണ്ടി തയാറാക്കിയ എക്കാലത്തെയും സുപ്രധാന രേഖയായി എണ്ണപ്പെടുന്നു. 

ആഗോള താപനിലയുടെ ശരാശരി വർധന  വ്യവസായ കാലഘട്ടത്തിനു മുൻപുളള അളവിൽനിന്നു രണ്ടു ഡിഗ്രി സെൽഷ്യൽസിൽ താഴെയായി ഇൗ നൂറ്റാണ്ട് അവസാനിക്കുന്നതിനു മുൻപ് പരിമിതപ്പെടുത്തണമെന്നു പാരിസ് ഉടമ്പടി നിർദ്ദേശിക്കുന്നു. യൂറോപ്പിൽ വ്യവസായ വിപ്ളവം തുടങ്ങിയ 1850 മുതൽക്കുളള വർഷങ്ങളെയാണ് വ്യവസായ കാലഘട്ടം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 

താപനിലയുടെ ശരാശരി വർധന 1.5 ഡിഗ്രിക്കു താഴെ നിർത്തണമെന്നതാണ് ആത്യന്തിക ലക്ഷ്യമെന്നും  ഉടമ്പടിയിൽ പറയുന്നുണ്ട്. ഏറ്റവുമധികം കാർബൺ പുറത്തുവിടുന്ന കൽക്കരി, പെട്രോൾ, ഡീസൽ തുടങ്ങിയ ജൈവ  ഇന്ധനങ്ങളുടെ ഉപയോഗം ഇതിനുവേണ്ടി പടിപടിയായി കുറച്ചുകൊണ്ടുവരണം.  ഉടമ്പടിയിൽ ഒപ്പുവച്ച എല്ലാ രാജ്യങ്ങൾക്കും ഇതിനു ബാധ്യതയുണ്ട്. 

paris-summit

പാരിസ് ഉടമ്പടി പ്രാബല്യത്തിൽ വരുന്നതു 2020ലാണ്. അതു നടപ്പാക്കുന്നത് എങ്ങനെ വേണമെന്നതായിരുന്നുഇക്കഴിഞ്ഞ സമ്മേളനത്തിലെ മുഖ്യ ചർച്ചാവിഷയം. സുദീർഘവും ചൂടുപിടിച്ചതുമായ വാദപ്രതിവാദങ്ങൾക്കു  ശേഷം അതിനുള്ള നിയമങ്ങളും ചട്ടങ്ങളും തയാറാവുകയുംചെയ്തു. 

കാർബൺ ഡയോക്സൈഡ് പോലുള്ള ഹരിതഗ്രഹ വാതകങ്ങൾ അമിതമായ തോതിൽ അന്തരീക്ഷത്തിലേക്കു തള്ളപ്പെടുന്നതുകൊണ്ടാണ് ആഗോള താപനവും അതിലൂടെ കാലാവസ്ഥാ മാറ്റവും ഉണ്ടാകുന്നത്. ഇത് അധികവും സംഭവിക്കുന്നതാകട്ടെ കൽക്കരി, എണ്ണ, പ്രകൃതി വാതകം എന്നിവ പോലുളള ജൈവ ഇന്ധനങ്ങൾ കത്തിക്കുമ്പോഴും. കാർബൺ ഡയോക്സൈഡ് വൻതോതിൽ ആഗിരണം ചെയ്യുന്ന വനങ്ങൾ നശിപ്പിക്കപ്പെടുമ്പോഴും ഇങ്ങനെ സംഭവിക്കുന്നു. 

കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിൽ തങ്ങിനിൽക്കുകയും ഭൂമിയിൽനിന്നുള്ള ചൂടിനെ ബഹിരാകാശത്തിലേക്കു കടന്നുപോകാൻ അനുവദിക്കാതെ തടഞ്ഞുനിർത്തുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള കാർബൺ ബഹിർഗമനത്തിന് ഉത്തരവാദികളായ രാജ്യങ്ങൾ അതു സംബന്ധിച്ച് വിശദമായ കണക്കുകൾ സൂക്ഷിക്കണമെന്നും പോളണ്ടിൽ തീരുമാനമായി. ആവശ്യമായി വന്നാൽ അത്തരം കണക്കുകൾ പരിശോധനയ്ക്കു വിധേയമാക്കാനും സമ്മതിക്കേണ്ടിവരും. 

kerala-rains-floods

എന്നാൽ, ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യൽസിനുതാഴെയായി പരിമിതപ്പെടുത്തിയാൽപോലും രക്ഷയില്ലെന്നു രാജ്യാന്തര കാലാവസ്ഥാ സമിതിയുടെ റിപ്പോർട്ടിലുള്ള മുന്നറിയിപ്പ് തർക്കത്തിനിടയാക്കി. പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞർ അടങ്ങിയ സമിതിയുടെ നിഗമനം സ്വാഗതം ചെയ്യുന്ന പ്രമേയത്തെ അമേരിക്കയും റഷ്യയും സൗദി അറേബ്യയും കുവൈത്തും എതിർത്തു. സമിതിയുടെ നിഗമനം സ്വാഗതം ചെയ്യുന്നുവെന്നതിനു പകരം സമ്മേളനത്തിന്റെ ശ്രദ്ധയിൽപ്പെട്ടുവെന്ന മാറ്റത്തോടെയാണ് പ്രമേയം പാസ്സായത്. 

പാരിസ് ഉടമ്പടിയുണ്ടായ സമയത്തു ലോകരാജ്യങ്ങൾക്കിടയിൽ കാലാവസ്ഥാകാര്യത്തിൽ ഉണ്ടായിരുന്ന ഉൽസാഹത്തിനും താൽപര്യത്തിനും കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടയിൽ മങ്ങലേറ്റുവെന്നതും ദുഃഖകരമായ വസ്തുതയാണ്. ശരാശരി താപനിലയിൽ വർധനയുണ്ടായത് ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 

പാരിസ് ഉടമ്പടിയിൽനിന്ന് അമേരിക്ക പിന്മാറുകയാണെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ വർഷം ജൂണിൽ പ്രഖ്യാപിച്ചതുതന്നെ ഉടമ്പടിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു. ഏറ്റവുമധികം കാർബൺ പുറത്തുവിടുന്ന രാജ്യമാണ് അമേരിക്ക. 

ജൈവ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കുന്നതോടെ അമേരിക്കയിൽ ഒട്ടേറെ വ്യവസായ ശാലകൾ പൂട്ടേണ്ടിവരുമെന്നാണ് ട്രംപ് കരുതുന്നത്. ഇതുമൂലം 2025നകം 27 ലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്നും രാജ്യത്തിനു കോടിക്കണക്കിനു ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നും അദ്ദേഹം വാദിക്കുന്നു. 

CLIMATE-CHANGE-ACCORD-PARIS

കൽക്കരി കത്തിക്കുന്നതിലൂടെയാണ് ഏറ്റവുമധികം കാർബൺ ഡയോക്സൈഡ് ബഹിർഗമിക്കുന്നത്. അതു നിയന്ത്രിക്കണമെന്നു പറയുന്നതു കൽക്കരി വ്യവസായവുമായി ബന്ധപ്പെട്ടവരെ അങ്കലാപ്പിലാക്കുന്നു. കൽക്കരി ഖനികളും കമ്പനികളും  സ്ഥിതിചെയ്യുന്ന യുഎസ് സംസ്ഥാനങ്ങൾ ട്രംപിന്റെ ആരാധകരുടെ കോട്ടകളാണ്. അവരെ  പിണക്കാൻ ട്രംപിനു താൽപര്യമില്ല. കാലാവസ്ഥാ ശാസ്ത്രംതന്നെ ഒരു തട്ടിപ്പാണെന്നു ട്രംപ് മുൻപൊരിക്കൽ പറഞ്ഞതും പലരും ഒാർമിക്കുന്നു.  

തെക്കെ അമേരിക്കയിലെ ബ്രസീലിൽ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജയിർ ബോൾസനാറോയും ട്രംപിന്റെ മാർഗം പിന്തുടരുമോയെന്നു പലരും ഭയപ്പെടുകയാണ്.  പലകാര്യങ്ങളിലുമുളള നിലപാടുകളിലെ സാമ്യം കാരണം അദ്ദേഹം ഇപ്പോൾതന്നെ അറിയപ്പെടുന്നതു ബ്രസീലിലെ ട്രംപായിട്ടാണ്.

കാർബൺ ഡയോക്സൈഡ് വൻതോതിൽ ആഗിരണം ചെയ്യുന്ന വിശാലമായ മഴക്കാടുകളുടെ നാടാണ് ബ്രസീൽ. ആഗോള താപനത്തിനു ശമനമുണ്ടാക്കുന്നതിൽ ബ്രസീൽ അങ്ങനെ ഗണ്യമായ പങ്കുവഹിക്കുന്നു.  എന്നാൽ, സാമ്പത്തിക വികസനത്തിന്റെ പേരിൽ ഖനനത്തിനും തടിവ്യവസായത്തിനുമായി കാടുകൾ തുറന്നുകൊടുക്കാനാണ്രേത ബോൾസൊനാറോ ഉദ്ദേശിക്കുന്നത്.  

അടുത്ത വർഷത്തെ രാജ്യാന്തര കാലാവസ്ഥാ സമ്മേളനത്തിന്  ആതിഥ്യം വഹിക്കേണ്ടിയിരുന്നത് ബ്രസീലായിരുന്നു.  എന്നാൽ, ബോൾസൊനാറോ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ അതു വേണ്ടെന്നു വച്ചു. പകരം തെക്കെ അമേരിക്കയിലെതന്നെ ചിലിയിൽ നടത്താനാണ് പുതിയ തീരുമാനം.

കാലാവസ്ഥാ വ്യതിയാന കാര്യത്തിൽ ഇവരിൽനിന്നെല്ലാം വേറിട്ടുനിൽക്കുന്നയാളാണ് ഫ്രാൻസിലെ പ്രസിഡന്റ് ഇമ്മാന്വൽ മക്രോൺ. പാരിസ് ഉടമ്പടിയെ അദ്ദേഹം ശക്തമായി പിന്താങ്ങുന്നു. അതിൽ നിന്നു പിൻവാങ്ങാൻ ട്രംപ് തീരുമാനിച്ചപ്പോൾ അദ്ദേഹത്തെ അനുനയിപ്പിക്കാൻ ഏറ്റവും ശ്രമിച്ചതും മക്രോണായിരുന്നു. 

Trump-Macron

കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനുള്ള യജ്ഞത്തിലെ ഫ്രാൻസിന്റെ പങ്കെന്ന നിലയിലാണ് ഇൗയിടെ അദ്ദേഹം ഡീസലിനും പെട്രോളിനും നികുതി വർധിപ്പിച്ചത്.  അവയുടെ വില വർധിപ്പിച്ചതിനു പുറമെ ഇതുകൂടിയായപ്പോൾ ജനങ്ങൾ ക്ഷുഭിതരായി. മഞ്ഞ മേൽക്കുപ്പായമണിഞ്ഞ് ശനിയാഴ്ചകളിൽ അവർ നടത്തിയ പ്രക്ഷോഭം അക്രമാസക്തമാവുകയും ചെയ്തു. 

നികുതി പിൻവലിക്കാൻ മക്രോൺ നിർബന്ധിതനായി. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിൽ ജനാധിപത്യ രാജ്യങ്ങളിലെ ഗവൺമെന്റുകൾ അഭിമുഖീകരിക്കാനിടയുള്ള പ്രശ്നങ്ങളിലേക്ക് ഇൗ സംഭവം വിരൽചൂണ്ടുന്നു.       

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.