Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ചൈന, രണ്ടു രീതികൾ

വിദേശരംഗം  / കെ. ഉബൈദുള്ള
reclaiming-taiwan-using-military-force-xi-jinping-warned (ചൈനയുമായുള്ള പുനരേകീകരണത്തിനു ശേഷം ഹോങ്കോങ്ങിൽ ജനാധിപത്യവും പൗരസ്വാതന്ത്ര്യവും ഭീഷണി നേരിടുകയാണെന്നാണ് പരക്കേയുള്ള പരാതി. അതിന്റെ പേരിൽ അവിടെ പ്രക്ഷോഭങ്ങൾ നടക്കുകയുമുണ്ടായി. അതിനാൽ, "ഒരു ചൈന, രണ്ടു വ്യവസ്ഥകൾ' എന്ന ആശയവും ഹോങ്കോങ് മോഡലും തയ്വാൻകാരെ ഒട്ടും ആകർഷിക്കുന്നില്ല)

തയ്വാൻ ചൈനയുടെ ഭാഗമാണ്; ആ വസ്തുത മാറ്റിമറിക്കാൻ ആരു വിചാരിച്ചാലും നടക്കില്ല. സ്വതന്ത്ര രാജ്യമാകാമെന്നു തായ്വാൻ ഒരിക്കലും മോഹിക്കുകയും വേണ്ട; ചൈനയുമായി തയ്വാനെ കൂട്ടിച്ചേർക്കുകതന്നെ ചെയ്യും; അതിനുവേണ്ടി ബലപ്രയോഗം നടത്തേണ്ടിവരികയാണെങ്കിൽ അതിനും മടിക്കില്ല-ഇതായിരുന്നു ഇക്കഴിഞ്ഞ ബുധനാഴ്ച (ജനുവരി രണ്ട്) ബെയ്ജിങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ചെയ്ത പ്രസംഗത്തിന്റെ ചുരുക്കം. 

തയ്വാൻ ചൈനയിൽനിന്നു വേറിട്ടുപോയിട്ട് എഴുപതു വർഷമാകാൻ പോവുകയാണ്. അതിനിടയിൽ ബലപ്രയോഗത്തിലൂടെയും അല്ലാതെയും അതിനെ വീണ്ടെടുക്കാൻ ചൈന നടത്തിയ ശ്രമങ്ങൾ എങ്ങുമെത്തിയില്ല. അങ്ങനെയിരിക്കേയാണ് പ്രത്യേക പ്രകോപനം ഒന്നുമില്ലാതെയുള്ള ചൈനീസ് നേതാവിന്റെ താക്കീത്. ഏതായാലും ഇതോടെ ചൈനയുടെ തയ്വാൻ പ്രശ്നം വീണ്ടും സജീവ ചർച്ചാവിഷയമാവുന്നു.  

ചൈനീസ് വൻകരയിൽ നിന്നു 180 കിലോമീറ്റർ മാത്രം അകലെ കിടക്കുകയാണ് ഒരു ദ്വീപും ഏതാനും കൊച്ചു ദ്വീപുകളും അടങ്ങുന്ന  ഇൗ 36,197 ചതുരശ്ര കിലോമീറ്റർ പ്രദേശം. ചൈനയുടെ കണ്ണിൽ അതു വേർപിരിഞ്ഞുപോയ ഒരു ചൈനീസ് പ്രവിശ്യമാത്രം. എന്നാൽ, 1949 മുതൽ തയ്വാൻ ഫലത്തിൽ പ്രവർത്തിച്ചുവരുന്നത് ഒരു സ്വതന്ത്ര രാജ്യമായിട്ടാണ്. 

ഇതുവരെ  ചൈനയിൽനിന്ന് ഒൗപചാരികമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അവിടത്തെ രണ്ടേകാൽ കോടിയിലേറെ  ജനങ്ങളിൽ വലിയൊരു വിഭാഗം അങ്ങനെ ആഗ്രഹിക്കുന്നു. അതിനുവേണ്ടി വാദിക്കുന്ന പാർട്ടിയുടെ നേതാവാണ് രണ്ടു വർഷമായിഅവിടെ അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് സായ് ഇങ്‌വെൻ. തായ്വാനിലെ ആദ്യത്തെ വനിതാ പ്രസിഡന്റുകൂടിയാണിവർ.  

ചൈനീസ് പ്രസിഡന്റ് തന്റെ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങൾ അന്നുതന്നെ സായ് തള്ളിക്കളഞ്ഞു. അതിന്റെ തലേന്നു പുതുവർഷാരംഭത്തോട് അനുബന്ധിച്ച് ചെയ്ത പ്രസംഗത്തിലും അവർ തന്റെ നിലപാടു വ്യക്തമാക്കിയിരുന്നു. "റിപ്പബ്ളിക്ക് ഒാഫ് ചൈന'യുടെ  അസ്തിത്വം ഒരു 

reclaiming-taiwan-using-military-force-xi-jinping-warned ഷി ചിൻപിങ്

യാഥാർഥ്യമാണെന്ന കാര്യം ചൈന ഉൾക്കൊള്ളണമെന്നാണ് അവർ ആവശ്യപ്പെട്ടത്.  ‘റിപ്പബ്ളിക്ക് ഒാഫ് ചൈന’  എന്നതു തയ്വാൻ സ്വയം വിളിക്കുന്ന പേരാണ്. സ്വതന്ത്ര രാജ്യമെന്ന ധ്വനിയോടുകൂടിയുള്ള ആ പേരു പക്ഷേ ചൈന അംഗീരിക്കുന്നില്ല. അവർ "ചൈനീസ് തായ്പെ' എന്നു വിളിക്കുന്നു. (തയ്വാന്റെ തലസ്ഥാനമാണ് തായ്പെ). ചൈനയുടെ സമ്മർദ്ദം കാരണം ഒളിംപിക്സ് ഉൾപ്പെടെയുളള രാജ്യാന്തര വേദികളിലും തയ്വാൻ ഇപ്പോൾ അറിയപ്പെടുന്നതു ചൈനീസ് തായ്പെ എന്നാണ്. 

സ്വാതന്ത്ര്യ പ്രഖ്യാപനമൊന്നും നടത്താതെതന്നെ ഇന്നത്തെപ്പോലെ വേറിട്ടുള്ള അസ്തിത്വം തുടരണമെന്നു വാദിക്കുന്നവരാണ് തയ്വാനിലെ മറ്റൊരു വലിയ വിഭാഗം. ചൈനയുമായി കൂടിച്ചേരാൻ ആഗ്രഹിക്കുന്നവരുമുണ്ട്. പക്ഷേ, അവർ ഏതാണ്ട് പത്തു ശതമാനം മാത്രമാണെന്ന്് അടുത്ത കാലത്തു നടന്ന ഒരു സർവേ വ്യക്തമാക്കുന്നു. ഇതിനർഥം ചൈനയുടെ ഭാഗമാകാൻ തയ്വാനിലെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും ഇഷ്ടമല്ലെന്നു തന്നെ.    

തയ്വാനിൽ അനേക വർഷങ്ങളായി ബഹുകക്ഷി ജനാധിപത്യവും പൗരസ്വാതന്ത്ര്യവുമുണ്ട്. അതൊന്നുമില്ലാത്ത ചൈനയിൽ ലയിക്കുന്നതുകൊണ്ട് തങ്ങൾക്ക് എന്തു പ്രയോജനം എന്നാണ് സ്വാതന്ത്ര്യവാദികളുടെയും നിലവിലുള്ള സ്ഥിതി തുടരണമെന്ന് ആഗ്രഹിക്കുന്നവരുടെയും ചോദ്യം. 

ഇതിനു മറുപടിയായി ഷി ചിൻപിങ് ഹോങ്കോങ്ങിനെ ചുണ്ടിക്കാണിക്കുന്നു. ഒന്നര നൂറ്റാണ്ടുകാലം ബ്രിട്ടന്റെ കോളണിയായിരുന്ന ഹോങ്കോങ് (2,755 ചതുരശ്ര കിലോമീറ്റർ) 1997ലാണ് ചൈനയ്ക്കു തിരിച്ചുകിട്ടിയത്. അങ്ങനെ അതു വീണ്ടും ചൈനയുടെ ഭാഗമായെങ്കിലും കഴിഞ്ഞ രണ്ടു ദശകങ്ങളായി അവിടെയുള്ളത് ചൈനയുടേതിൽനിന്നു വ്യത്യസ്തമായ രാഷ്ട്രീയ സമ്പ്രദായമാണ്. ഇതിനെ ചൈനീസ് നേതാക്കൾ "ഒരു ചൈന, രണ്ടു വ്യവസ്ഥകൾ' എന്നു വിളിക്കുന്നു.  

തയ്വാനും ഇൗ മാതൃക സ്വീകരിക്കാമെന്നാണ് ഷി ചിൻപിങ്ങ് വ്യക്തമാക്കിയിട്ടുള്ളത്. ചൈനയുമായുള്ള പുനരേകീകരണത്തിനുശേഷം തയ്വാനു ശാശ്വതസമാധാനവും അവിടെത്തെ ജനങ്ങൾക്കു സന്തോഷവും സമ്പൽസമൃദ്ധിയും ഉറപ്പിക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. സ്വകാര്യ സ്വത്തവകാശം, മതസ്വാതന്ത്ര്യം, ന്യായമായ മറ്റ് അവകാശങ്ങൾ എന്നിവയ്ക്കും തടസ്സമുണ്ടാവില്ലെന്ന്് അദ്ദേഹം ഉറപ്പുനൽകുന്നു. 

എന്നാൽ, ചൈനയുമായുള്ള പുനരേകീകരണത്തിനുശേഷം ഹോങ്കോങ്ങിൽ ജനാധിപത്യവും പൗരസ്വാതന്ത്ര്യവും ഭീഷണി നേരിടുകയാണെന്നാണ് പരക്കേയുള്ള പരാതി. അതിന്റെ പേരിൽ അവിടെ പ്രക്ഷോഭങ്ങൾ നടക്കുകയുമുണ്ടായി. അതിനാൽ, "ഒരു ചൈന, രണ്ടു വ്യവസ്ഥകൾ' എന്ന ആശയവും ഹോങ്കോങ് മോഡലും തയ്വാൻകാരെ ഒട്ടുംആകർഷിക്കുന്നില്ല.

സമാധാനപരമായ പുനരേകീകരണത്തിനു തയ്വാൻ സമ്മതിച്ചില്ലെങ്കിൽ എന്തു സംഭവിക്കും ? ബലപ്രയോഗം നടത്തേണ്ടിവരികയാണെങ്കിൽ അതിനും മടിക്കില്ലെന്ന ഷിയുടെ താക്കീത് ഒരു പക്ഷേ ആ ചോദ്യത്തിനുള്ള ഉത്തരമാകാമെന്നു കരുതുന്നവരുണ്ട്. എങ്കിലും അത്തരമൊരു നടപടി തൽക്കാലം ചൈനയുടെ പരിഗണനയിൽ ഇല്ലെന്ന അഭിപ്രായവും ശക്തമായി നിലനിൽക്കുന്നു. കാരണം, സൈനിക നടപടി ഒട്ടുംഎളുപ്പമാവില്ല. അതിന്റെ പ്രത്യാഘാതങ്ങൾ അതീവഗുരുതരമായിരിക്കുകയും ചെയ്യും. 

അറുപത്തൊൻപതു വർഷംമുൻപ് ബെയ്ജിങ്ങിൽമാവോ സെദുങ്ങിന്റെ നേതൃത്വത്തിലുളള കമ്യൂണിസ്റ്റ് വിപ്ളവകാരികൾ ഭരണം പിടിച്ചടക്കിയതോടെ തുടങ്ങിയതാണ് ഇൗ പ്രശ്നം. അതുവരെയുള്ള രണ്ടു പതിറ്റാണ്ടുകാലം ചൈന ഭരിച്ച ജനറൽ ച്യാങ് കെയ്ഷെക്ക് അനുയായികളോടും സൈന്യത്തോടുമൊപ്പം തയ്വാനിലേക്കു പാലായനം ചെയ്യുകയും അവിടെ തായ്പെ ആസ്ഥാനമായി ഭരണം തുടരുകയും ചെയ്തു. 

USA-TRUMP-TAIWAN-CHINA സായ് ഇങ്‌വെൻ

യഥാർഥ ചൈനീസ് ഗവൺമെന്റ് തന്റേതാണെന്നുംബെയ്ജിങ് ആസ്ഥാനമായുള്ള കമ്യൂണിസ്റ്റ് ഭരണകൂടം വ്യാജമാണെന്നുമാണ് ച്യാങ് അവകാശപ്പെട്ടത്. പാശ്ചാത്യ രാജ്യങ്ങൾ അതംഗീകരിക്കുകയും രാജ്യാന്തരവേദികളിലെല്ലാം ചൈനയെന്ന പേരിൽ തുടരാൻ തയ്വാനെ സഹായിക്കുകയും ചെയ്തു. യുഎൻ രക്ഷാസമിതിയിൽ ചൈനക്ക് അവകാശപ്പെട്ട സ്ഥിരാംഗത്വവും തയ്വാന്റെ കൈകളിലായി. 

മറ്റു പാശ്ചാത്യ രാജ്യങ്ങൾ പിന്നീട് ഒന്നൊന്നായി നിലപാടു മാറ്റിയശേഷവും അമേരിക്ക അതിനു വിസമ്മതിക്കുകയായിരുന്നു. 1979ൽ  അമേരിക്കയും ചൈനയെ അംഗീകരിച്ചതോടെ തയ്വാൻ മിക്കവാറും ഒറ്റപ്പെട്ടു. ഇപ്പോൾ അതുമായി നയതന്ത്രബന്ധം പുലർത്തുന്നത് ഇരുപതോളം രാജ്യങ്ങൾ മാത്രം.യുഎൻ രക്ഷാസമിതിയിലെ സീറ്റും ചൈനയ്ക്കായി ഒഴിഞ്ഞുകൊടുക്കേണ്ടിവന്നു.

എങ്കിലും, തയ്വാനെ അമേരിക്ക പൂർണമായി കൈയൊഴിച്ചതുമില്ല. അനൗദ്യോഗികമായി ഇപ്പോഴും നയതന്ത്രബന്ധം പുലർത്തിവരുന്നു. ചൈനയെ ചൊടിപ്പിക്കുന്ന വിധത്തിൽ ആയുധങ്ങൾനൽകുന്നുമുണ്ട്. ഡോണൾഡ് ട്രംപിന്റെ ഭരണത്തിൽ ബന്ധം കുറേക്കൂടി ഗാഢമാവുകയും ചെയ്തു.

ഇതൊന്നും തന്നെ ചൈനയും തയ്വാനും തമ്മിലുള്ള വ്യാപാരബന്ധത്തെ ബാധിക്കുന്നില്ലെന്നതാണ് ഏറ്റവും കൗതുകകരമായ വസ്തുത. തയ്വാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. ഒട്ടേറെ തയ്വാൻകാർ ചൈനയിലെ വ്യവസായങ്ങളിൽ മുതൽമുടക്കിയിട്ടുണ്ട്. ആളുകൾ  അങ്ങോട്ടുമിങ്ങോട്ടും യാത്രചെയ്തുകൊണ്ടിരിക്കുന്നു. ധാരാളം തയ്വാൻകാർ ചൈനയിൽ ജോലി ചെയ്യുന്നുമുണ്ട്. 

തയ്വാൻ വിഘടിച്ചു പോയതിനുശേഷമുള്ള ആദ്യ വർഷങ്ങളിൽ ഇതൊന്നും സങ്കൽപ്പിക്കാൻപോലും കഴിയുമായിരുന്നില്ല. തയ്വാനിലേക്കു ചൈനയിൽനിന്നു പീരങ്കിയുണ്ടകൾ ചീറിപ്പാഞ്ഞുകൊണ്ടിരുന്നു. ചൈനയുടെ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും ഭീഷണിപ്പെടുത്തുന്ന വിധത്തിൽ തായ്വാനെ വട്ടമിട്ടു പറക്കുന്നതും സാധാരണമായിരുന്നു. 

സമാധാനപരമായ പുനരേകീകരകണം എന്ന ആശയത്തിലാണു പിൽക്കാലത്തു ബെയ്ജിങ്ങിലെ നേതാക്കൾ  എത്തിച്ചേർന്നത്. അതു സംബന്ധിച്ച് ചർച്ചകൾ നടന്നുവരികയുമായിരുന്നു. 

എന്നാൽ, സ്വാതന്ത്ര പ്രഖ്യാപനത്തിനുവേണ്ടി വാദിക്കുന്ന ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി നേതാവ് സായ് ഇങ്വെൻ 2016ൽ പ്രസിഡന്റായി  തിരഞ്ഞെടുക്കപ്പെട്ടതോടെ ബന്ധം ഉലഞ്ഞു. ചർച്ചകളിൽനിന്നു ചൈന പിൻവാങ്ങി. രാജ്യാന്തര തലത്തിൽ തയ്വാനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങൾ പുനരാരംഭിക്കുകയും ചെയ്തു. 

Chinese President Xi Jinping

ഇൗ പശ്ചാത്തലത്തിലായിരുന്നു ഇക്കഴിഞ്ഞ നവംബറിൽ തയ്വാനിൽ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പ്. അതിൽ ഭരണകക്ഷിക്കു കനത്ത പരാജയം നേരിടുകയും ചൈനയുമായി രമ്യപ്പെടണമെന്നു വാദിക്കുന്ന കൂമിന്താങ് പാർട്ടി മുന്നേറികയും ചെയ്തു. ഭരണകക്ഷിയുടെ നേതൃസ്ഥാനത്തുനിന്നു രാജിവയ്ക്കാൻ പ്രസിഡന്റ് സായ് നിർബന്ധിതയായി.  പക്ഷേ, ചൈനയോടുള്ള അവരുടെ സമീപനത്തിൽ മാറ്റമൊന്നുമില്ല. 

അടുത്ത വർഷം പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുകയാണ്. പ്രാദേശിക തിരഞ്ഞെടുപ്പിൽ നേടിയ വിജയം അപ്പോൾ കൂമിന്താങ് പാർട്ടി ആവർത്തിക്കുകയാണെങ്കിൽ സ്വാഭാവികമായും ചൈന-തയ്വാൻ ബന്ധം മെച്ചപ്പെടുകയും ചെയ്യും