Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഡാനിൽ ഖുബ്ബൂസ് വിപ്ലവം

വിദേശരംഗം  / കെ. ഉബൈദുള്ള
sudans-bread-protests-and-president-omar-bashir സുഡാനിൽ പെട്ടെന്നു പൊട്ടിപ്പുറപ്പെട്ട രാജ്യവ്യാപക പ്രക്ഷോഭം പ്രസിഡന്റ് ഉമർ അൽ ബഷീറിന്റെ ഭരണത്തിനെതിരായ വെല്ലുവിളിയായി വളർന്നുകൊണ്ടിരിക്കുന്നു. ഏതാനും വർഷംമുൻപ് ഉത്തരാഫ്രിക്കയിലും പശ്ചിമേഷ്യയിലും വീശിയടിച്ച ജനരോഷക്കൊടുങ്കാറ്റുമായി ഇതു താരതമ്യം ചെയ്യപ്പെടുന്നു

അറബ് രാജ്യങ്ങളിലെ ജനങ്ങളുടെ മുഖ്യഭക്ഷണമായ ഒരുതരം ഗോതമ്പുറൊട്ടിയാണ് ഖുബ്ബൂസ്. ഗൾഫ് ബന്ധംകാരണം കേരളീയർക്കും ഇത് അപരിചിതമല്ല. ആഫ്രിക്കയിലെ അറബ് രാജ്യമായ സുഡാനിൽ ഖുബ്ബൂസ് ഇപ്പോൾ ഒരു വലിയ പ്രക്ഷോഭത്തിന്റെ കേന്ദ്രബിന്ദുവായിത്തീർ ന്നിരിക്കുന്നു.  

അവിടെ ഖുബ്ബൂസിന്റെ വില പെട്ടെന്നു ക്രമാതീതമായി വർധിച്ചു. ജനങ്ങൾ ക്ഷുഭിതരായി. തുടർന്നു രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായ പ്രക്ഷോഭം പ്രസിഡന്റ് ഉമർ ഹസ്സൻ അഹമ്മദ് അൽ ബഷീറിന്റെ ഭരണത്തിനെതിരായ വെല്ലുവിളിയായി വളർന്നുകൊണ്ടിരിക്കുന്നു. 

ചിലർ ഇതിനെ ഖുബ്ബൂസ് വിപ്ളവമെന്നു പോലും വിളിക്കുന്നുണ്ട്. എന്നാൽ, ജനങ്ങളെ കൂട്ടത്തോടെ തെരുവിൽ ഇറക്കിയിരിക്കുന്നതു ഖുബ്ബൂസ് ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ അമിതമായ വിലക്കയറ്റം മാത്രമല്ലെന്നതാണ് വാസ്തവം. മുപ്പതു വർഷത്തോളമായി തുടരുന്ന ബഷീറിന്റെ ദുർഭരണം അവസാനിക്കുന്നതിനുവേണ്ടിയുള്ള സമരം കൂടിയാണിത്. 

ഏതാനും വർഷംമുൻപ് ഉത്തരാഫ്രിക്കയിലും പശ്ചിമേഷ്യയിലും വീശിയടിച്ച ജനരോഷക്കൊടുങ്കാറ്റിന്റെ തുടർച്ചയായിപ്പോലും ഇതിനെ കാണുന്നവരുണ്ട്. തുനീസിയയിൽ സൈനൽ ആബിദീൻ ബിൻ അലി, ഇൗജിപ്തിൽ ഹുസ്നി മുബാറക്ക്, ലിബിയയിൽ മുഅമ്മർ ഗദ്ദാഫി, യെമനിൽ അലി അബ്ദുല്ല സാലിഹ് എന്നിവരുടെ ദീർഘകാലത്തെ ഏകാധിപത്യത്തിനു തിരശ്ശീല വീണത് അങ്ങനെയായിരുന്നു. 

അവരുടേതിൽനിന്ന് ഒട്ടും വ്യത്യസ്തമല്ല ബഷീറിന്റെയും ഭരണം. അവരുടെ ഗതി തന്നെയായിരിക്കുമോ ബഷീറിനെയും കാത്തിരിക്കുന്നത് ? അടുത്ത ദിവസങ്ങളിൽ എന്തു സംഭവിക്കും എന്നതിനെ ആശ്രയിച്ചിരിക്കും അതിനുളള മറുപടി. 

പ്രക്ഷോഭകാരികൾ പൊലീസുമായും പട്ടാളവുമായി ഏറ്റുമുട്ടിയതിന്റെ ഫലമായി ഇതിനകം 19 പേർ മരിച്ചുവെന്നു ഗവൺമെന്റ് തന്നെ സമ്മതിക്കുന്നു. പക്ഷേ, മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷനലിന്റെ കണക്കു പ്രകാരം മരണസംഖ്യ 37. ആയിരത്തോളമാളുകൾ അറസ്റ്റിലായി. 

വടക്കു കിഴക്കൻ ആഫ്രിക്കയിൽ ചെങ്കടൽ തീരത്തു കിടക്കുന്ന സുഡാൻ ഇതിനുമുൻപും പല തവണ ലോകശ്രദ്ധയാകർഷിക്കുകയുണ്ടായി.  എല്ലാം തെറ്റായ കാരണങ്ങളാലായിരുന്നുവെന്നുമാത്രം. 1956ൽ ബ്രിട്ടനിൽനിന്നു സ്വതന്ത്രമായി രണ്ടു വർഷമായപ്പോഴേക്കും പട്ടാളം അധികാരം പിടിച്ചടക്കി. തുടർന്നും ഒന്നിലേറെ തവണ പട്ടാളത്തിന്റെ ഇടപെടലുണ്ടായി. കേണലായിരുന്ന ബഷീർ 1989ൽ അധികാരത്തിൽ എത്തിയതും പട്ടാള വിപ്ളവത്തിലൂടെയായിരുന്നു.

അൽഖായിദ ഭീകര സംഘവും അതിന്റെ നേതാവ് ഉസാമ ബിൻ ലാദനും അഫ്ഗാനിസ്ഥാനിൽ താലിബാന്റെ സംരക്ഷണത്തിലാകുന്നതിനുമുൻപ് അവർക്ക് അഭയം നൽകിയതു സുഡാനാണ്.  അതിന്റെ പേരിൽ 1998ൽ അമേരിക്കയുടെ മിസൈൽ ആക്രമണത്തെ നേരിടേണ്ടിവന്നു. ഇരുപതു വർഷത്തോളം യുഎസ് സാമ്പത്തിക ഉപരോധത്തിനും വിധേയമായി. 2017 ഒക്ടോബറിലാണ് ഉപരോധം പിൻവലിക്കപ്പെട്ടത്. 

അതിനിടയിൽ  2011ൽ രാജ്യത്തിന്റെ തെക്കൻ മേഖല (ഏതാണ്ടു നാലിലൊരു ഭാഗം) വേറിട്ടുപോവുകയും ദക്ഷിണ സുഡാൻ എന്ന പേരിൽ സ്വതന്ത്ര രാജ്യമാവുകയുംചെയ്തു. അതോടെ സുഡാന്റെ എണ്ണ നിക്ഷേപങ്ങളുടെ മുക്കാൽ ഭാഗവും കൈവിട്ടുപോയി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. 

ജനങ്ങളിൽ പകുതിയിലേറെപേരും ദാരിദ്ര്യരേഖയ്്ക്കു താഴെയാണെന്നാണ് കണക്ക്. അവശ്യ സാധനങ്ങളുടെ വില കുതിച്ചുകയറിക്കൊണ്ടിരിക്കുന്നു. വിദേശനാണയകമ്മി കാരണം ജീവൻ രക്ഷാ ഒൗഷധങ്ങൾപോലും ഇറക്കുമതി ചെയ്യാനാവുന്നില്ല. വിദേശ കടബാധ്യത വർധിച്ചുകൊണ്ടിരിക്കുന്നു. 

സഹായത്തിനുവേണ്ടി രാജ്യാന്തര നാണയ നിധിയെയും (എെഎംഎഫ്) ലോകബാങ്കിനെയും സമീപിച്ചപ്പോൾ അവർ കർശനമായ നിബന്ധനകൾ മുന്നോട്ടുവച്ചു. ഇന്ധനത്തിനും ഭക്ഷ്യസാധനങ്ങൾക്കും നൽകിവരുന്ന സബ്സിഡി വെട്ടിക്കുറക്കണം എന്നതായിരുന്നു അവയിലൊന്ന്്. അങ്ങനെ ഗോതമ്പിനുള്ള സബ്സിഡി കുറച്ചപ്പോഴാണ് ഖുബ്ബൂസിന്റെ വില മൂന്നുമടങ്ങായി വർധിച്ചതും അതു താങ്ങാനാവാതെ ജനങ്ങൾ പ്രക്ഷോഭം തുടങ്ങിയതും.    

ഇതിനെല്ലാം ഉത്തരവാദി 29 വർഷമായി രാജ്യം ഭരിക്കുന്ന എഴുപത്തഞ്ചുകാരൻ ബഷീറാണെന്നാണ് പരക്കേയുള്ള ആരോപണം. 1989ൽ പ്രസിഡന്റ്  സാദിഖ് അൽ മെഹദിയെ പുറത്താക്കി ഭരണം പിടിച്ചെടുക്കിയ ബഷീർ പിന്നീടു പല തവണ തിരഞ്ഞെടുപ്പിൽ മൽസരിക്കുകയും വൻഭൂരിപക്ഷത്തോടെ ജയിക്കുകയും ചെയ്തു. എല്ലാ  തിരഞ്ഞെടുപ്പുകളും പ്രഹസനമായിരുന്നുവെന്നുമാത്രം.

എതിർപ്പ് പ്രകടിപ്പിച്ചവരെ അദ്ദേഹം അടിച്ചമർത്തി. 2015ൽ നടന്ന ഏറ്റവും ഒടുവിലത്തെ തിരഞ്ഞെടുപ്പ് മിക്ക പ്രതിപക്ഷ കക്ഷികളും ബഹിഷ്ക്കരിക്കുകയായിരുന്നു.  2020ൽ നടക്കുന്ന അടുത്ത തിരഞ്ഞെടുപ്പിലും തങ്ങളുടെ സ്ഥാനാർഥി ബഷീറായിരിക്കുമെന്നാണ് ഭരണകക്ഷിയായ നാഷനൽ കോൺഗ്രസ് പാർട്ടി (എൻസിപി) പ്രഖ്യാപിച്ചിരുന്നത്. അപ്പോഴാണ് പുതിയ സമരത്തിന്റെ തുടക്കം.   

വടക്കുകിഴക്കൻ സുഡാനിൽ നൈൽനദീ തീരത്തുള്ള  അത്ബാറ എന്ന ചെറുനഗരത്തിലാണ്  ഇക്കഴിഞ്ഞ ഡിസംബർ 19ന് ആദ്യമായി ജനങ്ങൾ തെരുവിലിറങ്ങിയത്. തലസ്ഥാന നഗരമായ  ഖാർത്തൂം ഉൾപ്പെടെയുള്ള പല നഗരങ്ങളിലേക്കും സമരം വ്യാപിക്കാൻ താമസമുണ്ടായില്ല. ഖാർത്തൂമിലെ എൻസിപി ആസ്ഥാനത്തിനു പ്രകടനക്കാർ തീവച്ചു. 

പ്രസിഡന്റിന്റെ കൊട്ടാരത്തിനുനേരെ മുന്നേറിയ സമരക്കാരെ പൊലീസും പട്ടാളവും തടഞ്ഞപ്പോൾ സമരക്കാർ അവരുമായി ഏറ്റുമുട്ടി. 

അധ്യാപകരും വിദ്യാർഥികളും ഡോക്ടർമാരും എൻജിനീയർമാരും അഭിഭാഷകരും മറ്റും ഉൾപ്പെടുന്ന ഒരു സംഘടനയാണ് സമരത്തിനു നേതൃത്വം നൽകുന്നത്. മിക്ക പ്രതിപക്ഷ കക്ഷികളും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സമരത്തിന്റെ നേതൃനിരയിൽ അവരില്ല. സുഡാൻ ഇന്നത്തെ സ്ഥിതിയിലായിത്തീർന്നതിൽ പ്രതിപക്ഷത്തിനും ഉത്തരവാദിത്തമുണ്ടെന്നാണത്രേ സമരക്കാരുടെ അഭിപായം. 

സുഡാനിലെ ജനങ്ങളിൽ വലിയൊരു വിഭാഗം ഇങ്ങനെ പ്രസിഡന്റ് ബഷീറിനെ താഴെയിറക്കാൻ നോക്കുമ്പോൾ രാജ്യാന്തരതലത്തിൽ മറ്റൊരു കൂട്ടർ അദ്ദേഹത്തെ പിടികൂടി നിയമത്തിന്റെ മുൻപാകെ കൊണ്ടുവരാനുള്ള ദൃഢനിശ്ചയത്തിലാണ്. പശ്ചിമ സുഡാനിലെ ദാർഫുർ പ്രവിശ്യയിൽ 2003 മുതൽ ഏതാനും വർഷം നീണ്ടുനിന്നവംശീയ കലാപത്തിൽ ബഷീറിനു മുഖ്യപങ്കുണ്ടായിരുന്നുവെന്നാണ് ആരോപണം. അതിന്റെ പേരിൽ രാജ്യാന്തര ക്രിമിനൽ കോടതി (എെസിസി) അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ട് ഇപ്പോൾ പത്തു വർഷമാവുന്നു.

അറബ് വംശജരും ആഫ്രിക്കൻ വംശജരും തമ്മിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സംഘർഷം കലാപമായി മാറുകയായിരുന്നു. രണ്ടു ലക്ഷം മുതൽ നാലു ലക്ഷംവരെ പേർ കൊല്ലപ്പെട്ടുവെന്നാണ് യുഎൻ കണക്ക്. 25 ലക്ഷം പേർ അഭയാർഥികളായി. ബഷീർ അറബ് വംശജരുടെ പക്ഷം ചേരുകയും ആഫ്രിക്കൻ വംശജർക്കെതിരായ ആക്രമണങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്തുവെന്നാണ് ആരോപണം. 

യുദ്ധക്കുറ്റം, വംശഹത്യ, മനുഷ്യരാശിക്കെതിരായ പാതകങ്ങൾ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന ഗുരുതരമായ കുറ്റങ്ങളാണ്  ബ്ഷീറിന്റെ മേൽ ഐസിസി ചുമത്തിയിട്ടുള്ളത്. അധികാരത്തിലിരിക്കുന്ന ഒരു രാഷ്ട്രനേതാവിനെതിരെ എെസിസി ഇത്തരമമൊരു നടപടിയെടുക്കുന്നത് ഇതാദ്യമാണ്. അറസ്റ്റ് ഭയന്നു ബഷീർ ഇപ്പോൾ അധികമൊന്നും വിദേശയാത്രകൾ നടത്താറില്ല.   

പത്തു വർഷത്തോളം അദ്ദേഹത്തിന് ഐസിസിയുടെ പിടിയിൽ പെടാതിരിക്കാൻ കഴിഞ്ഞു. അതിനിടയിലാണ് സ്വന്തം നാട്ടിൽ അദ്ദേഹത്തിനെതിരെ അഭൂതപൂർവമായവെല്ലുവിളി ഉയർന്നിരിക്കുന്നത്.