Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെക്സിറ്റിന് ഒരു ബലിയാട്

വിദേശരംഗം  / കെ. ഉബൈദുള്ള
theresa-may-lost-big-on-her-brexit-deal-vote (ബ്രെക്സിറ്റ് ഹിതപരിശോധനയിലെ തീരുമാനം നടപ്പാക്കുന്നതു സംബന്ധിച്ച പ്രശ്നങ്ങളുമായി രണ്ടര വർഷമായി മല്ലിടുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. ഒടുവിൽ, അവർ കൊണ്ടുവന്ന കരാർ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ പാർലമെന്റ് തള്ളിക്കളഞ്ഞു)

 രണ്ടര വർഷംമുൻപ്  ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാനുള്ള വാതിൽ തെരേസ മേയ്ക്കു തുറന്നു കൊടുത്തതു ബ്രെക്സിറ്റ്  ആയിരുന്നു. അതായത്  യൂറോപ്യൻ യൂണിയൻ (ഇയു) വിട്ടുപോകാനുള്ള ബ്രിട്ടന്റെ തീരുമാനം. ഇപ്പോൾ  പുറത്തേക്കുള്ള വാതിലും ബ്രെക്സിറ്റ് തന്നെ മേയുടെ മുന്നിൽ തുറന്നിടുകയാണ്. 

ബ്രെക്സിറ്റ് തീരുമാനം നടപ്പാക്കുന്നതു സംബന്ധിച്ച് ഇയു നേതാക്കളുമായി മേയ് ഉണ്ടാക്കിയ കരാർ ബ്രിട്ടീഷ് പാർലമെന്റ് (പൊതുജനസഭ) ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ജനുവരി 15) വൻഭൂരിപക്ഷത്തോടെ തള്ളിക്കളഞ്ഞു. 650 അംഗ സഭയിലെ 202 പേർ കരാറിനെ അനുകൂലിച്ചപ്പോൾ എതിർത്തതു 432 പേർ. 

വ്യത്യാസം 230. ഇത്രയും വലിയ പരാജയം ആധുനിക ബ്രിട്ടീഷ് പാർലമെന്റ് ചരിത്രത്തിൽ മുൻപൊരു ഗവൺമെന്റിനും നേരിട്ടിട്ടില്ല. മേയുടെ കൺസർവേറ്റീവ് പാർട്ടിയിലെ അംഗങ്ങളിൽ 118 പേരും എതിർത്തു വോട്ടുചെയ്തു. 

theresa-may3

നേരത്തെതന്നെ മേയ്ക്കു പാർലമെന്റിൽ കേവല ഭൂരിപക്ഷമുണ്ടായിരുന്നില്ല. ഡമോക്രാറ്റിക്യൂണിയനിസ്റ്റ് പാർട്ടി (ഡിയുപി) എന്ന പ്രാദേശിക കക്ഷിയുടെ പിന്തുണയിൽ നേരിയ ഭൂരിപക്ഷത്തോടെ ഭരിക്കുകയായിരുന്നു. ബ്രെക്സിറ്റ് കരാർ കാര്യത്തിൽ അവരും ഇടഞ്ഞു എതിർത്തുവോട്ടു ചെയ്തു. 

നേരത്തെ പ്രഭുസഭയും മേയുടെ ബ്രെക്സിറ്റ്് കരാർ തള്ളിക്കളയുകയാണ് ചെയ്തത്. 152 പേർ അനുകൂലിച്ചപ്പോൾ 321 പേർ എതിർത്തു. വ്യത്യാസം 169.

ഏതെങ്കിലും സുപ്രധാന വിഷയത്തിൽ പാർലമെന്റിൽ പരാജയം നേരിട്ടാൽ പ്രധാനമന്ത്രി രാജിവയക്കുന്ന കീഴ്‌വഴക്കമുണ്ട്. മേയ് രാജിവയ്ക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെടുകയുമുണ്ടായി. എന്നാൽ, രാജിവയ്ക്കില്ലെന്നും താൻ തുടങ്ങിവച്ച ദൗത്യം താൻതന്നെ പൂർത്തിയാക്കുമെന്നുമുള്ള നിലപാടിലാണ് മേയ്. 

അതുകാരണം, ചൊവ്വാഴ്ച രാത്രിതന്നെ അവർക്കെതിരെ പതിപക്ഷ ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ  അവിശ്വാസപ്രമേയം അവതരിപ്പിച്ചു. എന്നാൽ, ബ്രെക്സിറ്റ് കരാറിനെ എതിർത്തവരിൽ എല്ലാവരും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കാനിടയില്ല. 

ഏതായാലും, അവിശ്വാസ പ്രമേയം പാസ്സാകുന്നപക്ഷം അതിന്റെയും ഫലം പ്രധാനമന്ത്രിയുടെ രാജിക്കുവേണ്ടിയുള്ള മുറവിളിയായിരിക്കും. ഭരണകക്ഷിയിലെ തന്നെ മറ്റൊരാളോ പ്രതിപക്ഷനേതാവോ പ്രധാനമന്ത്രിയാകാൻ അതോടെ വഴിതെളിയും. 

വെറും ഒന്നര വർഷത്തിനിടയിൽ രണ്ടാമതൊരു ഇടക്കാല പാർലമെന്റ് തിരഞ്ഞെടുപ്പ്കൂടി നടക്കാനുളള സാധ്യതയുമുണ്ട്. പുതിയ തിരഞ്ഞെടുപ്പ് വേണമെന്നാണ് ലേബർ പാർട്ടി ആവശ്യപ്പെടുന്നതും. സഭയിലെ മൂന്നിൽ രണ്ട് അംഗങ്ങൾ പിന്തുയ്ക്കുകയാണെങ്കിൽ തുടർന്നുള്ള 25 ദിവസങ്ങൾക്കകം പുതിയ തിരഞ്ഞെടുപ്പ് നടക്കും. അതിലൂടെ അടുത്ത പ്രധാനമന്ത്രിയാകാൻ കച്ചകെട്ടിയിരിക്കുകയാണ് ലേബർ പാർട്ടിനേതാവ്  ജെറമി കോർബിൻ.

പാർലമെന്റിൽ ഉണ്ടായ വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ ഇയു നേതാക്കളുമായി വീണ്ടും ചർച്ച നടത്തുക, പരിഷ്ക്കരിച്ച കരാറുമായി വീണ്ടും പാർലമെന്റിനെ സമീപിക്കക-ഇങ്ങനെയൊരു വഴിയും മേയുടെ മുന്നിൽ തുറന്നുകിടപ്പുണ്ട്. പക്ഷേ, അത് ഏതാനും ദിവസങ്ങൾക്കകം നടക്കണം. കാരണം, ബ്രിട്ടൻ ഇയുവിൽനിന്നു പുറത്തുപോകാൻ തീരുമാനിച്ചിട്ടുള്ളത് അടുത്ത മാസം 29നാണ്. അവശേഷിക്കുന്നതു കഷ്ടിച്ച് രണ്ടര മാസം.

brexit1

അതിനകം പുതിയ കരാർ ഉണ്ടായില്ലെങ്കിൽ കരാറിന്റെ അടിസ്ഥാനത്തിൽ അല്ലാതെതന്നെ ബ്രിട്ടൻ ഇയു വിട്ടുപോകേണ്ടിവരും. അതിന്റെ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്നു വിദഗ്ദ്ധർ കണക്കുകൂട്ടിക്കൊണ്ടിരിക്കുന്നതേയൂള്ളൂ. 

എങ്കിലും, ബ്രിട്ടനും ബ്രിട്ടീഷുകാർക്കും ഏറെ നഷ്ടം സംഭവിക്കേണ്ടിവരുമെന്ന കാര്യത്തിൽ അധികമാർക്കുംസംശയമില്ല. ഇതൊന്നും ബ്രെക്സിറ്റ് വാദികൾ മുൻകൂട്ടി കണ്ടിരുന്നില്ലെന്നതും വ്യക്തമായി വരുന്നു. 

മറ്റൊരു സാധ്യത കൂടി സജീവമായി ചർച്ചചെയ്യപ്പെടുന്നുണ്ട്. ബ്രെക്സിറ്റ് (ബ്രിട്ടന്റെ എക്സിറ്റ് അഥവാ പുറത്തുപോകൽ) സംബന്ധിച്ച് രണ്ടാമതൊരു ഹിതപരിശോധനകൂടി നടത്തുകയെന്നതാണത്. ബ്രെക്സിറ്റ് തീരുമാനിക്കപ്പെട്ടത് 2016 ജൂൺ 23നു നടന്ന ഹിതപരിശോധനയിലായിരുന്നു. അതിന്റെ അനന്തര ഫലങ്ങളെപ്പറ്റി അന്ന് ജനങ്ങൾക്കു വ്യക്തമായ പിടിപാടുണ്ടായിരുന്നില്ല. വെറും നാലുശതമാനത്തിന്റെ ഭൂരിപക്ഷത്തിലാണ് തീരുമാനമുണ്ടായതും.

തീരുമാനം നടപ്പാക്കുന്ന കാര്യത്തിലുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഒരു പുനർവിചിന്തനത്തിനു ജനങ്ങൾക്ക് അവസരം നൽകണമെന്ന  അഭിപ്രായത്തിനു പിന്തുണ വർധിച്ചുവരുന്നു. മുൻപ്രധാനമന്ത്രിമാരായ ടോണി ബ്‌ളെയർ, ഗോർഡൻ ബ്രൗൺ  എന്നിവരും ഇങ്ങനെ വാദിക്കുന്നവരിലുണ്ട്. 

ഹിതപരിശോധനയിലെ തീരുമാനം നടപ്പാക്കുന്നതു സംബന്ധിച്ച പ്രശ്നങ്ങളുടെ സങ്കീർണതകളുമായി കെട്ടിമറിയുകയായിരുന്നു 2016 ജൂലൈ മുതൽ പ്രധാനമന്ത്രി മേയ്. ബ്രെക്സിറ്റിന് എതിരായിരുന്ന പ്രധാനമന്ത്രി ഡേവിഡ് കാമറൺ രാജിവച്ച ഒഴിവിലാണ് അവർ ഭരണം ഏറ്റെടുത്തത്. ബ്രെക്സിറ്റ് അനുകൂലിയായിരുന്നില്ലെങ്കിലും അതു നടപ്പാക്കുന്നത് അവരുടെ ചുമതലയായി. 

അതിനുവേണ്ടി ഇയു നേതാക്കളെ കണ്ടു സംസാരിക്കാൻ അവർക്കു 21 തവണ ബസ്സൽസിലേക്കു പോകേണ്ടിവന്നു. ഇയുവിന്റെ ആസ്ഥാനമാണ് ബെൽജിയത്തിന്റെ തലസ്ഥാനം കൂടിയായ ബ്രസ്സൽസ്. 

ഇൗ ചർച്ചകളെ തുടർന്നു രൂപംകൊണ്ട കരാറാണ് അംഗീകാരത്തിനുവേണ്ടി മേയ് പാർലമെന്റിൽ സമർപ്പിച്ചത്. ഇയുവിൽനിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം സംബന്ധിച്ച നടപടിക്രമങ്ങൾ വിവരിക്കുന്ന 585 പേജുള്ള രേഖയും ഭാവിയിലെ ബന്ധങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന 14 പേജുള്ള രാഷ്ട്രീയ പ്രഖ്യാപനവും അതിൽ ഉൾപ്പെടുന്നു.   

theresa-may1

പിന്മാറ്റ രേഖയിലെ പല വ്യവസ്ഥകളും ബ്രെക്സിറ്റ് തീരുമാനത്തിന്റെ അന്തസ്സത്തയ്ക്കുതന്നെ വിരുദ്ധമാണെന്നാണ് ഭരണകക്ഷിയിലെതന്നെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഇയു വിട്ടുപോയാലുംചില കാര്യങ്ങളിൽ ബ്രിട്ടൻ കുറച്ചുകാലത്തേക്ക് ഇയുവിന്റെ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും  വിധേയമായിരിക്കുമെന്നതും വിമർശിക്കപ്പെടുന്നു. ഇതിന്റെയെല്ലാം പേരിൽ ഏതാനും മന്ത്രിമാർ നേരത്തെ രാജിവയ്ക്കുകയുമുണ്ടായി. 

കൺസർവേറ്റീവ് പാർട്ടിയുടെ നേതൃത്വത്തിൽനിന്നു മേയെ പുറത്താക്കാനുളള നീക്കങ്ങളും നടന്നു. എങ്കിലും, കഴിഞ്ഞ മാസം മേയ് വിശ്വാസവോട്ടു തേടിയപ്പോൾ പാർട്ടിയിലെ ഭൂരിപക്ഷം എംപിമാരും അവരെ പിന്തുണയ്ക്കുയാണ് ചെയ്തത്. എന്നാൽ. അവരിൽ കുറേപേർ ഇപ്പോൾ പാർലമെന്റിൽ പ്രധാനമന്ത്രിയെ കൈവിട്ടു. 

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക കൂട്ടായ്മയായ 28 അംഗ ഇയുവിലെ ഏറ്റവും വലിയ അംഗരാജ്യങ്ങളിൽ ഒന്നാണ് ബ്രിട്ടൻ എന്ന ഗ്രേറ്റ് ബ്രിട്ടൻ അഥവാ യുകെ (യുനൈറ്റഡ് കിംഗ്ഡം ഒാഫ് ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് നോർത്തേൺ അയർലൻഡ്). ഇയു അംഗത്വം കൊണ്ടു ബ്രിട്ടനു ഗുണത്തേക്കാളേറെ ദോഷമാണുണ്ടായതെന്ന അഭിപ്രായം നേരത്തെതന്നെ ബ്രിട്ടീഷുകാർക്കിടയിലുണ്ട്. 

ബ്രിട്ടന്റെ സമ്പത്തും സൗകര്യങ്ങളും അത്രയും സമ്പന്നമല്ലാത്ത മറ്റ് ഇയു രാജ്യങ്ങളുമായി പങ്കിടാൻ അവർക്കു താൽപര്യമില്ല. ഇയു വിട്ടുപോയാൽ ബ്രിട്ടന്റെ സ്ഥിതി കൂടുതൽ മെച്ചെപ്പെടുകയേയുളളൂവെന്നും അവർ കരുതുന്നു. 

ഇയുവിന്റെ നിയമങ്ങൾക്കു ബ്രിട്ടീഷ് പരമാധികാരം അടിയറ വയ്‌ക്കു കയാണെന്ന വിമർശനവും ഉയരുകയുണ്ടായി. ഇതെല്ലാമാണ് ബ്രെക്സിറ്റിനു വേണ്ടിയുളള മുറവിളിയായി വളർന്നത്.