Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്രകലയുടെ ആത്മീയ ഭാവം

swami (ഇടത്) പ്രബുദ്ധകേരളം പത്രാധിപർ സ്വാമി നന്ദാത്മജാനന്ദ താൻ വരച്ച ചിത്രങ്ങൾക്കൊപ്പം. (വലത്) പുറനാട്ടുക ശ്രീരാമകൃഷ്ണ മഠം അധ്യക്ഷൻ സ്വാമി സദ്ഭവാനന്ദ ചിത്രരചനയ്ക്കിടയിൽ. ചിത്രങ്ങൾ: ഉണ്ണി കോട്ടയ്ക്കൽ

വാക്കായിരുന്നു വിവേകാനന്ദ സ്വാമികളുടെ വരം.

ഉന്നത ചിന്തയുടെ മൂശയിലുരുക്കിയ വാക്കുകളുടെ ഉൾക്കനത്തിലാണ് സ്വാമിജി വിശ്വത്തോടു വേദാന്തം പറഞ്ഞത്. ആ വരത്തിനു വരകളുടെ ഭാഷ്യം ചമയ്ക്കുകയാണു അതേ താവഴിയിലെരണ്ടു സന്ന്യാസിമാർ. ചെറിയൊരു വരയുടെ അകലം പോലുമില്ല ഇരുവരുടെയും ക്യാൻവാസുകൾ തമ്മിൽ!

ഒരാൾ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷൻ സ്വാമി സദ്ഭവാനന്ദ. രണ്ടാമൻ ആശ്രമത്തിന്റെ മലയാളം പ്രസിദ്ധീകരണമായ പ്രബുദ്ധകേരളത്തിന്റെ പത്രാധിപർ സ്വാമി നന്ദാത്മജാനന്ദ. ഫൈൻ ആർട്സ് സ്ഥാപനങ്ങളിൽ പരിശീലനം ലഭിച്ച ചിത്രകാരൻമാരാണ് ഇരുവരും.

1989ൽ രാമകൃഷ്ണ മഠത്തിൽ  ചേർന്നു സന്ന്യാസ ജീവിതം തുടങ്ങിയ സ്വാമി സദ്ഭവാനന്ദയെ കാത്തിരുന്നത് വിലമതിക്കാനാവാത്ത ഒരു നിയോഗമായിരുന്നു. ദക്ഷിണേശ്വരത്തെ കാളീക്ഷേത്രത്തിൽ പൂജാരിയായിരിക്കെ ശ്രീ രാമകൃഷ്ണപരമഹംസന്റെ മുറിയിലെ ചുമരുകളെ അലങ്കരിച്ചിരുന്ന പെയിൻറിങ്ങുകൾ പുനഃസൃഷ്ടിക്കണം.

1994 ൽ, ശ്രീരാമകൃഷ്ണ മഠത്തിന്റെ ആസ്ഥാനമായ കൊൽക്കത്തയിലെ ബേലൂർ മഠത്തിൽ മ്യൂസിയം സ്ഥാപിക്കാൻ തീരുമാനിച്ചു. ദക്ഷിണേശ്വരം ക്ഷേത്രത്തിലെ പൂജാരിയായിരിക്കെ  ശ്രീരാമകൃഷ്ണപരമഹംസൻ സ്വന്തം മുറിയിലെ ചുമരിൽത്തൂക്കി  പൂജിച്ചിരുന്ന ശ്രീകൃഷ്ണൻ, ധ്രുവൻ, പ്രഹ്ളാദൻ, എന്നീ ചിത്രങ്ങൾ മ്യൂസിയത്തിലേക്കു കിട്ടാൻ ശ്രമിച്ചിരുന്നു. പക്ഷേ, അതു നടന്നില്ല. 

ഇതോടെ ചിത്രങ്ങൾ വീണ്ടും വരപ്പിക്കാൻ മഠം അധികൃതർ തീരുമാനിച്ചു.  അക്കാലത്ത് സന്യാസ പരിശീലനവുമായി ബേലൂർ മഠത്തിലായിരുന്നു സ്വാമി സദ്ഭവാനന്ദ മിഷന്റെ ബാലപ്രസിദ്ധീകരണങ്ങൾക്കും മറ്റുമായി ചിത്രങ്ങൾ വരച്ചിരുന്നു. ഇത് അറിയാമായിരുന്ന മുതിർന്ന സ്വാമിമാരാണ് ആ ചുമതല എൽപ്പിച്ചത്. ചിത്രങ്ങളുടെ ഫോട്ടോ നോക്കിയാണ് അതു വീണ്ടും വരച്ചത്. തനിമ ചോരാതെ സ്വാമി പകർത്തിയ ചിത്രങ്ങൾ അങ്ങനെ ബേലൂർ മഠത്തിലെ മ്യൂസിയത്തിൽ ചിരപ്രതിഷ്ഠ നേടി.

തലശേരി ഫൈൻ ആർട്സ് സ്കൂൾ ഓഫ് ആർട്സിൽ നിന്നാണ് സ്വാമി ചിത്രകലയിൽ പരിശീലനം നേടിയത്. 2008 മുതൽ 16 വരെ പ്രബുദ്ധ കേരളത്തിന്റെ പത്രാധിപരായിരുന്നു. ഓയിൽ കളറിൽ സ്വാമി വരച്ച സ്വാമി വിവേകാനന്ദന്റെ ചിത്രത്തിന്റെ ഇതിനകം പല പ്രിൻറുകളിറങ്ങിയിട്ടുണ്ട്. പല പസിദ്ധീകരണങ്ങളുടെയും മുഖചിത്രമായും ഇത് ഉപയോഗിക്കപ്പട്ടു. മിഷന്റേതല്ലാത്ത ബാല പ്രസിദ്ധികരണങ്ങൾക്കും സ്വാമി എഴുത്തും ചിത്രമെഴുത്തും നിർവഹിച്ചു.  ഫൊട്ടോഗ്രാഫർ കൂടിയായ സ്വാമി സദ്ഭവാനന്ദ ഹിമാലയൻ പര്യടനങ്ങൾക്കിടെ അപൂർവ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്.

2015 ലാണ് പുറനാട്ടുകര ആശ്രമത്തിന്റെ അധ്യക്ഷനായി ചുമതലയേറ്റത്. ഇതിനായി പ്രബുദ്ധ കേരളത്തിന്റെ ചുമതല ഒഴിഞ്ഞപ്പോൾ എത്തിയ പകരക്കാരനാണ് സ്വാമി നന്ദാത്മജാനന്ദ.

തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ നിന്നാണ് സ്വാമി നന്ദാത്മജാനന്ദ ചിത്രരചന പരിശീലിച്ചത്. 2004 ൽ രാമകൃഷ്ണ മിഷനിൽ ചേർന്നു.

വാണീ ചിത്രപൂജ

ഭക്തിസാന്ദ്രമായ കീർത്തനങ്ങൾ കേട്ടുകൊണ്ടു അതിനനുസൃതമായി ചിത്രം ചമയ്ക്കുന്നതിൽ വൈദഗ്ധ്യമുണ്ട് സ്വാമിക്ക്. സംഗീതവും വർണങ്ങളും സമന്വയിപ്പിച്ചു നടത്തുന്ന ഈ അർച്ചനയ്ക്ക് സ്വാമി വിളിക്കുന്ന പേരാണ് വാണീചിത്ര പൂജ. ആധ്യാത്മിക സമ്മേളനങ്ങളുടെയും മറ്റും വേദികളിൽ ഇങ്ങനെ ചിത്രം വരച്ചിട്ടണ്ട്.

മുൻപിലിരിക്കുന്ന മുഖത്തെ മിനിട്ടുകൾകൊണ്ട് ക്യാൻവാസിലേക്ക് പകർത്തുന്ന പതിവുമുണ്ട്  സ്വാമിക്ക്. സമ്മേളനങ്ങൾക്കിടയിലും മറ്റും വേദി പങ്കിട്ട, എഴുത്തുകാരായ   സി.രാധാകൃഷ്ണൻ, സുഗത കുമാരി, എം. മുകുന്ദൻ തുടങ്ങിയവരൊക്കെ  സ്വാമിക്കു മുഖം കൊടുത്തവരാണ്.

‘‘ തിരുവനന്തപുരത്തെ പഠനകാലം പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. ലോക പ്രശസ്ത ശിൽപി കൂടിയായ എൻ.എൻ. റിംസൺറെ കീഴിലായിരുന്നു പരിശീലനം. വിദ്യാർഥികളെ ഒരു ദിവസം പുറത്തേക്കു വിടുന്ന പതിവുണ്ടായിരുന്നു അവിടെ. നഗരം നടന്നു കണ്ട് ഫീൽഡിൽ നിന്നു വരയിക്കുന്ന ചിത്രവുമായി വരണം. ജീവിതങ്ങൾ അടുത്തറിയാൻ സഹായിച്ചൊരു കാലമായിരുന്നു അത്. – സ്വാമി ഓർക്കുന്നു.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ തൊട്ടടുത്തായിരുന്ന കേരള സ്റ്റേറ്റ് ലൈബ്രറി. ഇവിടെ നിന്നു കിട്ടിയ ഒരു പുസ്തകമാണ് അധ്യാത്മിക ജീവിതത്തിലേക്ക് വഴി തുറന്നത്. പുറനാട്ടുകര ആശ്രമം മുൻമേധാവി മൃഢാനന്ദസ്വാമി കഠോപനിഷത്തിന് എഴുതിയ വ്യാഖ്യാനമായിരുന്നു അത്. 

ചിത്രകലാ വിദ്യാർഥി അങ്ങനെ രാമകൃഷ്ണ മഠത്തിലെത്തി. കവികൂടിയായ സ്വാമി എഡിറ്റ് ചെയ്ത പ്രശസ്തരുടെ ഗീതാ വ്യാഖ്യാനം അടുത്തിടയാണ് പ്രസിദ്ധീകരിച്ചത്.

രാമകൃഷ്ണ മഠത്തിന്റെ മുൻ പ്രസിഡന്റായിരുന്ന രംഗനാഥാനന്ദ സ്വാമിയിൽ നിന്നാണ് ദീക്ഷ ലഭിച്ചത്. എഴുത്തിലൂടെ സാധ്യമാവുന്ന ആധ്യാത്മിക പ്രവർത്തനം വരകൾക്കും വഴങ്ങുമെന്ന്  യുവസന്യാസിയെ ഓർമിപ്പിച്ചത് അദ്ദേഹമായിരുന്നു.  ചിത്രംവര തുടരാനുള്ള പ്രോത്സാഹനമായിരുന്നു അത്.

തൊട്ടടുത്ത മുറികളിൽ താമസം. ഓഫിസുകളും അടുത്തടുത്തു തന്നെ. പക്ഷേ, ചിത്രരചനയിൽ രണ്ടുപേരുടെയും ശൈലികളും രചനാ സങ്കേതവും വിഭിന്നമാണ്. പക്ഷേ ലക്ഷ്യം ഒന്നുതന്നെ: ശ്രീ രാമകൃഷ്ണ– വിവേകാനന്ദ സന്ദേശങ്ങളുടെ പ്രചാരണം വർണങ്ങളിലൂടെ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.