Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും കിടിലൻ ലുക്കിൽ, സംശയമില്ല റെഡ് കാർപറ്റിന്റെ റാണി ഐശ്വര്യ തന്നെ !

Aishwarya Rai കാൻ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപറ്റിൽ ചുവടുവെക്കുന്ന ഐശ്വര്യ റായ്

റെഡ് കാർപറ്റിലെ തന്റെ അവസാന ദിവസവും എന്നത്തെയുംപോലെ ഐശ്വര്യ ഗംഭീരമാക്കി. കഴിഞ്ഞ ദിവസം നീലനിറത്തിലുള്ള സിൻഡ്രല ഗൗണിൽ രാജകുമാരിയെ അനുസ്മരിപ്പിക്കും വിധത്തിലാണ് ഐശ്വര്യ അവതരിച്ചതെങ്കിൽ ഇക്കുറി അതിനേക്കാളൽപം കൂടി മനോഹരമായ ലുക്കിലാണ് താരം എത്തിയത്. ചുവപ്പു പരവതാനിയോട് ഇണങ്ങി നിൽക്കും വിധത്തിലുളള കടുംചുവപ്പു നിറമുള്ള ഗൗൺ ധരിച്ചാണ് ആഷ് വന്നത്. ലേയേ‍ഡ് സ്കർട്ടുകള്‍ക്കു സമാനമായ ഓഫ്ഷോൾഡർ ഗൗണിൽ ഒരു പാവക്കുട്ടിയെപ്പോൽ തോന്നിക്കുന്നതായിരുന്നു ആഷിന്റെ ലുക്ക്. 

aiswarya-1

മു‌ടിയിഴകൾ വിടർത്തിയിട്ട് ഡയമണ്ട് ഇയർ റിങ്സ് ഇട്ട്  റൂബി ലിപ്സും ഹെവി ഐലാഷവുമൊക്കെയായി ക്ലാസി മേക്അപ്പിലാണ് ഐശ്വര്യ അവതരിച്ചത്. മകൾ ആരാധ്യയ്ക്കൊപ്പമാണ് ആഷ് ഇത്തവണ കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയത്. അതുകൊണ്ടുതന്നെ മുമ്പത്തെ കാൻ ഫെസ്റ്റിവലുകളേക്കാൾ ആഷിന് ഒരൽപം സ്പെഷൽ കൂടിയാകും ഇത്തവണത്തേത്. റെഡ് കാർപറ്റിലേക്ക് ഒരുങ്ങി എത്തുന്നതിനു തൊട്ടുമുമ്പുവരെ മകൾക്കൊപ്പം നിൽക്കുന്ന ഐശ്വര്യയുടെ ഫോട്ടോകളും വിഡിയോകളുമൊക്കെ വൈറലായിട്ടുണ്ട്. 

aiswarya-3

കഴിഞ്ഞ പതിനഞ്ചു വർഷവും കാനിൽ തന്റേതായ ഫാഷൻ സിഗ്നേച്ചർ പതിപ്പിക്കാൻ കഴിഞ്ഞ താരമാണ് ഐശ്വര്യ. ചിലപ്പോഴൊക്കെ ഐശ്വര്യയുടെ ഫാഷൻ തിരഞ്ഞെടുപ്പുകൾ പാളിയപ്പോഴും ആരാധകർ അവരെ കൈവിട്ടില്ല. 2003ൽ ഒരു നിയോൺ ഗ്രീൻ സാരിയും പിങ് ഗൗണും ധരിച്ചപ്പോഴാണ് ആഷ് ഏറ്റവുമധികം പഴികൾ കേട്ടത്. 2012ൽ കുഞ്ഞുണ്ടായതിനെത്തുടർന്ന് അൽപം വണ്ണംവച്ച് കാനിൽ എത്തിയപ്പോഴും ആഷിനെ പലരും കുറ്റപ്പെടുത്തി. 

aiswarya-2

എന്തായാലും ഇത്തവണത്തെ കാനിൽ ഐശ്വര്യയുടെ കുറവുകൾ നോക്കി നടന്നവർക്ക് വായടയ്ക്കാം, കാരണം അത്രത്തോളം എലഗന്റ് ലുക്കിലാണ് താരം റെഡ് കാർപറ്റിൽ ചുവടുവച്ചത്. ഇത്തവണ തന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളിലൊന്നായ ദേവദാസ് എന്ന ചിത്രവും ഐശ്വര്യ കാനിൽ പ്രദർശിപ്പിക്കുന്നുണ്ട്.  2012ലാണ് ആദ്യമായി ഐശ്വര്യ കാനിന്റെ സാന്നിധ്യമായെത്തുന്നത്.

aiswarya-4

കാൻ ഫിലിം ഫെസ്റ്റിവലിന്റെ മൂന്നും നാലും ദിനങ്ങളിലാണ് പ്രശസ്ത മേക്അപ് ബ്രാൻഡായ ലോറിയൽ പാരീസിനു വേണ്ടി ആഷിന്റെ ഫാഷൻ ആരാധകർക്കു മുന്നിലെത്തിയത്. ആദ്യത്തെ രണ്ടു ദിനങ്ങളിൽ ദീപിക പദുക്കോൺ ആയിരുന്നു ലോറിയലിനു വേണ്ടി ചുവടു വച്ചതെങ്കിൽ അഞ്ചും ആറും ദിനങ്ങളിൽ ചുവപ്പു പരവതാനിയെ വിസ്മയിപ്പിക്കാനെത്തുന്നത് നടി സോനം കപൂറാണ്.