കൃഷ്ണനായി കൃഷ്ണപ്രഭ എത്തുന്നു

കൃഷ്ണപ്രഭ

നടി കൃഷ്ണപ്രഭ കുറച്ചു തിരക്കിലാണിപ്പോൾ, എന്നുകരുതി സിനിമയാണെന്നു കരുതരുതേ. കുട്ടിക്കാലം മുതൽക്കേ കൃഷ്ണപ്രഭയുടെ ജീവന്റെ ജീവനായിരുന്ന നൃത്തത്തിൽ ഒരു പുതിയ പരീക്ഷണം ചെയ്യാൻ പോകുന്നതിന്റെ തയ്യാറെടുപ്പിലാണ് താരം. പേരിനെ അന്വർഥമാക്കും വിധത്തിൽ കൃഷ്ണനായി അരങ്ങിലെത്തുകയാണ് കൃഷ്ണപ്രഭ, സിനിമയിലല്ല ഒരു ക്ലാസിക്കൽ ഡാൻസ് ഡ്രാമയിലൂടെയാണെന്നു മാത്രം.

രാധാമാധവം എന്ന പേരിൽ പ്രേക്ഷകരിലേക്കെത്തുന്ന ക്ലാസിക്കൽ ഡാൻസ് ഡ്രാമ സംവിധാനം ചെയ്യുന്നത് നടികൂടിയായ ഗായത്രിയാണ്. രാധാമാധവത്തെക്കുറിച്ച് ഗായത്രി പറയുന്നു'' നാലു നൃത്തരൂപങ്ങളെ സമന്വയിപ്പിച്ചു കൊണ്ടുള്ള ക്ലാസിക്കൽ ഡാൻസ് ഡ്രാമയാണ് രാധാമാധവം. ദക്ഷിണേന്ത്യൻ നൃത്തരൂപങ്ങളായ ഭരതനാട്യം, കഥകളി, മോഹിനിയാട്ടം, കുച്ചിപ്പുടി എ​ന്നിവയിലൂടെ രാധാകൃഷ്ണപ്രണയത്തെ വർണ്ണിക്കുകയാണ് രാധാമാധവത്തിന്റെ ലക്ഷ്യം. ഇതിൽ കൃഷ്ണനായാണ് കൃഷ്ണപ്രഭ എത്തുന്നത്, ബാക്കി വരുന്നവരെല്ലാം യുവജനോൽസവ വേദികളിലെ തിളങ്ങുന്ന താരങ്ങളാണ്.

വെറുതെ ഒരു ക്ലാസിക്കൽ ഡാൻസ് ഡ്രാമ അവതരിപ്പിക്കുക എന്നതിലുപരി വ്യക്തമായ ഒരു ആശയവും രാധാമാധവത്തിനുണ്ടെന്നു പറയുന്നു ഗായത്രി. ജുഗൽബന്ദി ഫോർമാറ്റിൽ അവതരിപ്പിക്കുന്ന രാധാമാധവം പറഞ്ഞുവെക്കുന്നത് ബന്ധങ്ങളുടെ ഊഷ്മളത കൂടിയാണ്. പ്രായം പോലും ഒരു മാനദണ്ഡമാകാതെ പ്രണയിച്ച കൃഷ്ണനും രാധയും തന്നെയാണ് അതിന് ഏറ്റവും മികച്ചതും. ഒപ്പം ഉള്ളിലുള്ള ഈശ്വരാംശത്തെ തിരിച്ചറിയുക എന്നതു കൂടിയാണ് രാധാമാധവം ലക്ഷ്യം വെക്കുന്നത്.

ഈശ്വരചിന്ത മതസ്ഥാപനങ്ങളിൽ‍ അധിഷ്ഠിതമല്ല, നമ്മുടെ ഉള്ളിൽ തന്നെയുണ്ടെന്ന തിരിച്ചറിയലാണ് ആദ്യം വേണ്ടതെന്നു പറയുന്നു ഗായത്രി, അതു തന്നെയാണ് രാധാമാധവത്തിൽ ഉടനീളം വരച്ചു കാണിക്കുന്നതും. സാഹിത്യഭാഗം മുഴുവനും ഗീതാഗോവിന്ദത്തിൽ നിന്നും സ്വാതിതിരുനാൾ കൃതിയിലും അധിഷ്ഠിതമാണ്, ഒപ്പം രാജീവ് ആലുങ്കലിന്റെ വരികളുമുണ്ട്. വിങ്സ് ഓഫ് ഫയർ എ​ന്ന സൊസൈറ്റിയാണ് രാധാമാധവത്തിന്റെ നിർമാണം നിർവഹിക്കുന്നത്.

കൃഷ്ണനാകാൻ പോകുന്നതിന്റെ എക്സൈറ്റ്മെന്റ് മുഴുവൻ കൃഷ്ണപ്രഭയുടെ വാക്കുകളിലുണ്ട്. ക്ലാസിക്കൽ ഡാൻസ് ചെറുപ്പം മുതൽക്കേ പഠിച്ചുവരുന്ന ആൾ എന്ന നിലയ്ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ടെങ്കിലും അതിനേക്കാളൊക്കെ തയ്യാറെടുപ്പുകൾ രാധാമാധവത്തിനു വേണ്ടതുണ്ട്. ഇടയ്ക്കൊരു കാലത്ത് ക്ലാസിക്കൽ നൃത്ത രൂപങ്ങളോടു വലിയ പ്രിയമില്ലാത്തൊരു സമൂഹമായിരുന്നു ഇവിടെയുണ്ടായിരുന്നത്, എന്നാൽ ഇപ്പോൾ അതിനു മാറ്റം വന്നു. അതുകൊണ്ടു കൂടിയാണ് വ്യത്യസ്തമായി ശാസ്ത്രീയ നൃത്തരൂപങ്ങളെ കോർത്തിണക്കി ഡ്രാമ ചെയ്യുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ആവേശം തോന്നിയതും.

നൃത്തത്തെയും സിനിമയെയും പ്രണയിച്ചു കഴിയുന്ന കൃഷ്ണപ്രഭയ്ക്ക് ഇപ്പോൾ വിവാഹം കഴിക്കാനും പദ്ധതിയില്ല. നൃത്തം ചെയ്യുന്നുവെന്നു കരുതി സിനിമയെ പൂർണമായി വിട്ടിട്ടൊന്നുമില്ല കൃഷ്ണപ്രഭ, രണ്ടും കൂട്ടിമുട്ടാതെ ബാലന്‍സ് ചെയ്തുകൊണ്ടുപാകാറാണ് പതിവ്. ഹണിബീ ടു ആണ് കൃഷ്ണപ്രഭയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം, തീരമാണ് പുറത്തിറങ്ങാനിരിക്കുന്നത്.

Read More: Glitz n Glamour, Celebrity Life