Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെല്ലുവിളികളെ വെല്ലുവിളിച്ച് ഒരു സ്റ്റൈലിസ്റ്റ് ; സമാന്തയുടെ പ്രിയങ്കരി

Amala Mathew അമല മാത്യു, സമാന്ത

കേരളത്തിലെ ഒട്ടുമിക്ക പെണ്‍കുട്ടികളെയും പോലെ അമലയെയും നഴ്സിംഗ് പഠനത്തിന് അയയ്ക്കാനായിരുന്നു വീട്ടുകാരുടെ താൽപര്യം. എന്നാൽ തന്റെ സേവന മേഖല അതല്ല എന്ന് തിരിച്ചറിഞ്ഞ ആ പെൺകുട്ടി ഫാഷൻ ഡിസൈനിങ് പഠനത്തിലേക്കു തിരിഞ്ഞു. ഇഷ്ട മേഖലയിലേക്കു തിരിയാൻ അമല കാണിച്ച ആർജവം ഇന്ന് ഫാഷൻ മേഖലയ്ക്കു സമ്മാനിച്ചത് അതിപ്രഗത്ഭയായ ഒരു സ്റ്റൈലിസ്റ്റിനെയാണ്. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ആസ്വാദകർ കണ്ടു കൊതിച്ച സ്റ്റൈലുകളുടെ പിന്നിൽ അമല മാത്യു എന്ന ഫാഷൻ ഡിസൈനറാണ്. പ്രമുഖ ഫാഷൻ ഡിസൈനറായ ദീപാലി നൂറിന്റെയും, ടാന്യ എൽഡേഡിന്റെയും അസിസ്റ്റന്റായുള്ള പ്രവർത്തി പരിചയം ഫീൽഡിൽ ആഴത്തിലുള്ള അറിവ് നേടാൻ സഹായകമായെന്ന് അമല പറയുന്നു.

സിനിമയിൽ ഓരോ രംഗങ്ങളുടെയും ഭാവത്തിന് അനുയോജ്യമായ വസ്ത്രങ്ങളും സ്റ്റൈലും പ്രത്യേകം ചിട്ടപ്പെടുത്തേണ്ടതുണ്ട്. ഒരു സിനിമയുടെ വിജയത്തിൽ അത്ര ചെറുതല്ലാത്ത പങ്ക് കോസ്റ്റ്യും സ്റ്റൈൽ ഡിസൈനർമാർക്ക് അവകാശപ്പെട്ടതാണ്. 'തെരി' എന്ന തമിഴ് ചിത്രത്തിലെ സമാന്തയെ ഓർമ്മയില്ലേ? സമാന്തയുടെ വസ്ത്രങ്ങൾ ഒരുക്കിയതിനു പിന്നിലും അമലയാണ്. ബാംഗ്ലൂർ ഡേയ്സിന്റെ തമിഴ് ചിത്രം ബാംഗ്ലൂർ നാട്ട്കളിലെ എല്ലാ കഥാപാത്രങ്ങളെയും അണിയിച്ചൊരുക്കിയതിനു പിന്നിലും അമലയുണ്ട്. 'A.Aa' എന്ന തെലുങ്ക് ചിത്രത്തിൽ നിതിൻ, സമാന്ത, നദിയ മൊയ്തു, അനുപമ, ശ്രീനിവാസ് അവസരലു, റാവു രമേഷ്, അനന്യ തുടങ്ങി പ്രധാന ആൺ–പെൺ കഥാപാത്രങ്ങൾക്കായി വേഷവിധാനങ്ങൾ ഒരുക്കുന്നതിലും ഈ കോസ്റ്റ്യൂം ഡിസൈനറുടെ പങ്ക് ചെറുതല്ല. അമല തന്റെ സിനിമ അനുഭവങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവെക്കുന്നു.

amala സിനിമയുടെ കഥ, ഏതൊക്കെ കഥാപാത്രങ്ങൾക്കാണ് നമ്മൾ കോസ്റ്റ്യും ചെയ്യേണ്ടത്, ആ കഥാപാത്രങ്ങളുടെ സ്വഭാവം, മൂഡ്, അങ്ങനെ ആ കഥാപാത്രത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഒരു കോസ്റ്റ്യൂം ഡിസൈനർ അറിഞ്ഞിരിക്കണം...

സിനിമ സെറ്റിലെ അനുഭവങ്ങൾ

'A.Aa' യുടെ സെറ്റാണ് എനിക്ക് ഏറ്റവും രസകരമായ അനുഭവങ്ങൾ സമ്മാനിച്ച സെറ്റുകളിൽ ഒന്ന്. ‍‍ഡയറക്ടർ ത്രിവിക്രം ശ്രീനിവാസ് സാർ, സമാന്ത, അനുപമ, അനന്യ തുടങ്ങി സെറ്റിലുള്ള എല്ലാവരും നല്ല കമ്പനിയായിരുന്നു. വളരെ ജോളിയായി വർക്ക് ചെയ്യാൻ കഴിഞ്ഞു. ത്രിവിക്രം സാർ എന്നെ എപ്പോഴും കളിയാക്കുന്ന ഒരു കാര്യമുണ്ടായിരുന്നു. ചൂടുള്ളതു കുടിക്കാൻ ഇഷ്ടമല്ലാത്തതിനാൽ എന്തു കുടിച്ചാലും ഞാൻ ഊതിയാണ് കുടിക്കാറുള്ളത്. ഇതു ശ്രദ്ധിച്ച ത്രിവിക്രം സാർ പറയും ചെറിയ കുട്ടികൾ പാലു കുടിക്കുന്നതു പോലെയാണ് ഞാനുമെന്ന്. മുഖക്കുരു മാറാനുള്ള പൊടിക്കൈകളൊക്കെ സെറ്റിൽവെച്ചു സമാന്ത പറഞ്ഞു തന്നിട്ടുണ്ട്. ഒന്നിച്ചുള്ള തെലുങ്ക് ക്ലാസുകളും ഒക്കെയായി മൊത്തത്തിൽ ജോളിയായിരുന്നു 'A.Aa' യുടെ ഷൂട്ടിംഗ് സെറ്റുകൾ.

കഥാപാത്രങ്ങൾക്കനുസരിച്ചായിരിക്കണം സ്റ്റൈലിങ്

സിനിമയുടെ കഥ, ഏതൊക്കെ കഥാപാത്രങ്ങൾക്കാണ് നമ്മൾ കോസ്റ്റ്യും ചെയ്യേണ്ടത്, ആ കഥാപാത്രങ്ങളുടെ സ്വഭാവം, മൂഡ്, അങ്ങനെ ആ കഥാപാത്രത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഒരു കോസ്റ്റ്യൂം ഡിസൈനർ അറിഞ്ഞിരിക്കണം. കഥാപാത്രത്തിന്റെ ഓരോ സീനിലുമുള്ള ഭാവങ്ങൾ വ്യക്തമായി മനസ്സിലാക്കണം. പാവപ്പെട്ട ഒരാളാണ് കഥയിലെങ്കില്‍ കോസ്റ്റ്യൂം അതിന് അനുയോജ്യമായിരിക്കണം. കഥാപാത്രങ്ങളെക്കുറിച്ചു വ്യക്തമായ ധാരണ കിട്ടികഴിഞ്ഞാൽ സ്റ്റൈൽ അതിനനുസരിച്ചു തീരുമാനിക്കാം. 

amala-1 സമയം കിട്ടുന്നതിനനുസരിച്ച് മോഡലിങ്ങിലും അഭിനയത്തിലുമൊക്കെ കൈവയ്ക്കാറുണ്ട്. എ.ഒ സ്മിത്ത് ഇന്ത്യ വനിതാദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ വിഡിയോയിൽ അഭിനയിക്കാനും എനിക്കുവേണ്ടി തന്നെ കോസ്റ്റ്യൂം ഡിസൈൻ ചെയ്യാനും സാധിച്ചിട്ടുണ്ട്...

കളർ ആണ് കോസ്റ്റ്യൂമിൽ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന ഘടകം. ഓരോ സീനിലും കഥാപാത്രത്തിന്റെ ബാക്ക് ഗ്രൗണ്ട് ശ്രദ്ധിക്കണം. ബാക്ക് ഗ്രൗണ്ടിന്റെ നിറം, പ്രധാന കഥാപാത്രങ്ങളുടെ കൂടെ ഓരോ സീനിലും വരുന്ന മറ്റു കഥാപാത്രങ്ങളുടെ കോസ്റ്റ്യൂമിന്റെ നിറം ഇവയൊക്കെ ശ്രദ്ധിച്ചുവേണം പ്രധാന കഥാപാത്രങ്ങളുടെ കോസ്റ്റ്യൂം തിരഞ്ഞെടുക്കാൻ. ഓരോ സീനിനും ഓരോ രീതിയിലുള്ള പ്രാധാന്യമായിരിക്കും ഉണ്ടായിരിക്കുക. ഉദാഹരണത്തിന് ഒരു പാട്ടുസീൻ ആണെങ്കിൽ കഥാപാത്രങ്ങളെ എടുത്തുകാണിക്കാൻ കഴിയുന്ന തരത്തിലുള്ള വേഷങ്ങളാണ് വേണ്ടത്. അത് ബാക്ക്ഗ്രൗണ്ടുമായി ചേർന്നു പോകുന്നതായിരിക്കണം.  

അഭിനയം, മോഡലിങ്

സമയം കിട്ടുന്നതിനനുസരിച്ച് മോഡലിങ്ങിലും അഭിനയത്തിലുമൊക്കെ കൈവയ്ക്കാറുണ്ട്. എ.ഒ സ്മിത്ത് ഇന്ത്യ വനിതാദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ വിഡിയോയിൽ അഭിനയിക്കാനും എനിക്കുവേണ്ടി തന്നെ കോസ്റ്റ്യൂം ഡിസൈൻ ചെയ്യാനും സാധിച്ചിട്ടുണ്ട്. ഞാൻ ഫിറ്റനസിന് പ്രാധാന്യം കൊടുക്കുന്ന ഒരു മോഡല്‍ കൂടിയാണ്. ഏതു ജോലിക്കും ശാരീരികമായ ആരോഗ്യം പ്രധാനമാണ്. മോഡൽ എന്നു പറയുമ്പോൾ തന്നെ ഞാനൊരു ഫിറ്റ്നസ് മോഡലാണ്. കേരളത്തിൽ ഫിറ്റ്നസ് മേഖലയിൽ സ്ത്രീ മോഡലുകളുടെ എണ്ണം വളരെ കുറവാണല്ലോ.

amala-2 ചെറുപ്പം മുതൽ തന്നെ സ്പോർട്സിൽ സജീവമായിരുന്നു. സ്പോർട്സിനോടുള്ള താൽപര്യം എന്റെ രക്തത്തിൽ തന്നെ ഉണ്ടെന്നു പറയാം...

അമല എന്ന കായികതാരം

ചെറുപ്പം മുതൽ തന്നെ സ്പോർട്സിൽ സജീവമായിരുന്നു. സ്പോർട്സിനോടുള്ള താൽപര്യം എന്റെ രക്തത്തിൽ തന്നെ ഉണ്ടെന്നു പറയാം. സ്പോർട്സ് ഹോസ്റ്റലിൽ നിന്നാണു പഠിച്ചത്. രണ്ടു പ്രാവശ്യം കേരളത്തെ പ്രതിനിധീകരിച്ച് ബാസ്ക്കറ്റ് ബോൾ കളിച്ചിട്ടുണ്ട്. പിന്നീട് ‍ഞാൻ കിക്ക് ബോക്സിങ് പരിശീലിച്ചു. ഒരു വർഷമായി കിക്ക് ബോക്സിങ് ഇൻസ്ട്രക്ടറായി ജോലി ചെയ്യുന്നു.    

വെല്ലുവിളികളെയും സാഹസങ്ങളെയും സ്നേഹിക്കുന്ന ഈ സ്റ്റൈലിസ്റ്റ് ഓരോ നിമിഷവും കാത്തിരിക്കുകയാണ്. കൂടുതൽ വെല്ലുവിളികൾ നിറഞ്ഞ അവസരങ്ങൾക്കായി...

Read more: Glitz n Glamour, Trending

Register for : Miss Millennial Beauty Contest 2017