Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എന്റെ ശരീരം എന്റെ അഭിമാനമാണ്, വണ്ണം കുറച്ചിട്ടൊരു കിരീടവും വേണ്ട'

 Zoiey Smale സോയി സ്മെയ്‌ൽ

വയറൽപം ചാടിയിട്ടുണ്ടല്ലോ, ഡയറ്റിങ് ഒന്നും ചെയ്യുന്നില്ലല്ലേ?, നല്ല എക്സർസൈസ് ശീലമാക്കിക്കോളൂ സൈസ് സീറോ ശരീരം ഉറപ്പായും കിട്ടും.. വണ്ണമുള്ളവരെ കാണുമ്പോൾ വണ്ണം ഇല്ലാത്തവർ ഫ്രീയായി കൊടുക്കുന്ന ചില ഉപദേശങ്ങളാണിത്. പക്ഷേ അവ എത്രത്തോളം അലോസരപ്പെടുത്തുമെന്ന് അവർ ചിന്തിക്കുന്നേയില്ലെന്നതാണു സത്യം. ശരീര സൗന്ദര്യത്തേക്കാൾ പ്രാധാന്യം മനസ്സിന്റെ സൗന്ദര്യത്തിനാണെന്ന് ഇനി വരുന്ന തലമുറയെങ്കിലും പഠിച്ചു ശീലിച്ചിരുന്നെങ്കിൽ. അത്തരത്തില്‍ ആഗ്രഹിക്കുന്നവർക്കു മാതൃകയാവുകയാണ് മിസ് യുകെ 2017 ആയി തിരഞ്ഞെടുക്കപ്പെട്ട സോയി സ്മെയ്‌ൽ എന്ന സുന്ദരി. 

തന്റെ വണ്ണം കുറയ്ക്കണമെന്നു പറഞ്ഞ സൗന്ദര്യ മൽസര സംഘാടകർക്ക് ചുട്ടമറുപ‌ടി നൽകുക മാത്രമല്ല  തനിക്കു കിട്ടിയ കിരീടം തിരികെ നൽകുകയും െചയ്തു സോയി. കിരീടം തിരികെ നൽകുന്നതിന്റെ കാരണം വിശദീകരിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതുകയും െചയ്തു. സോയിയുടെ ഫേസ്ബുക് േപാസ്റ്റിലേക്ക്...

'' സൈസ് സീറോ ഗേൾസ് മാത്രമാണ് മാതൃകകൾ എന്നു ചിന്തിക്കുന്ന സൗന്ദര്യ മൽസര വേദികൾ ഇപ്പോഴും ഉണ്ടെന്നത് എന്നെ ഞെട്ടിക്കുകയാണ്. യഥാർഥ റാണിമാർ മറ്റുള്ളവരെ ശാക്തീകരിക്കുന്നവരും സമൂഹത്തെ സഹായിക്കുന്നവരും ബുദ്ധിമതികളുമാകും. 

പത്തു വർഷമായി ഈ ഇൻഡസ്ട്രിയിലുള്ള ആളെന്ന നിലയ്ക്ക് ഞാൻ പലതും കണ്ടിട്ടുണ്ട്, കൃത്യമായ ദിശാബോധമുള്ള യുവതികളോട് വിജയിക്കാനുള്ള ഏകവഴി മെലിഞ്ഞിരിക്കലാണെന്നു പറയുന്ന വേദികൾ. എട്ടുവർഷം മുമ്പുവരെ ഞാനും അത്തരത്തിലൊരു പെൺകുട്ടിയായിരുന്നു. കുറച്ചു കഴിക്കാന്‍ പറയുന്നതും ബിക്കിനിയിൽ പരേഡ് ചെയ്യാൻ പറയുന്നതും ഒരു ആണിന്റെ കൈകളിലിരുന്ന് അത്താഴം കഴിക്കാനുമൊക്കെ നിർബന്ധിക്കും.. എന്നാൽ ഞാനൊരു കാര്യം പറയട്ടെ, ഇതൊന്നുമല്ല ഒരു സൗന്ദര്യമല്‍സരം. ഞാൻ സൈസ് 10 ആയതിന്റെ പേരിൽ തടിച്ചവൾ എന്നു പേരുകേട്ടവളാണ്. ആരും എന്നെ സ്നേഹിക്കില്ലെന്നു വരെ തോന്നിയിരുന്നു. 

കഴിഞ്ഞ ദശകത്തില്‍ ഈ വേദികൾ വളരെയധികം മാറിയിട്ടുണ്ട്. ചാരിറ്റി വർക്കുകള്‍ ചെയ്യുകയും സ്വയം വിദ്യാസമ്പന്നരാവുകയും നന്നായി ഭക്ഷണം കഴിക്കുകയും ജീവിതം ആസ്വദിക്കുകയുെമാക്കെ ചെയ്യുന്ന റാണിമാരെ കാണുമ്പോൾ എനിക്കു സന്തോഷം തോന്നുന്നുണ്ട്. പക്ഷേ വിഷമിപ്പിക്കുന്ന കാര്യം എന്തെന്നാൽ ഇപ്പോഴും മെലിഞ്ഞിരുന്നാൽ മാത്രമേ സുന്ദരിയാകൂ എന്നു വിശ്വസിക്കുന്ന പേജന്റ് ഡയറക്ടേഴ്സ് ഉണ്ടെന്നതാണ്. 

വണ്ണം കുറയ്ക്കണമെന്നും ഇന്റർനാഷണൽ കോംപറ്റീഷനിൽ പങ്കെടുക്കാനായി ഡയറ്റിങ് ചെയ്യണമെന്നുമൊക്കെ പറഞ്ഞതോടെയാണ് ഞാൻ പിന്തിരിയാൻ തീരുമാനിച്ചത്. ഇതു ഭീരുത്വമാണെന്നു നിങ്ങളിൽ പലർക്കും തോന്നിയേക്കാം. എന്തായാലും ഞാൻ വിശ്വാസം അർപ്പിക്കാത്ത ഒരു പേജന്റിൽ എന്റെ മുഖം പ്രതിനിധീകരിക്കുന്നത് ശരിയായി തോന്നുന്നില്ല. ഞാനെന്റെ കിരീടം തിരികെ നല്‍കാൻ പോവുകയാണ്, ഒപ്പം പുതിയ ടൈറ്റിൽ ഹോൾഡറിന് എല്ലാ ഭാവുകങ്ങളും നേരുന്നു. 

ഞാനെന്നെ സ്നേഹിക്കുന്നുണ്ട്, ആർക്കു വേണ്ടിയും അതു മാറ്റാൻ പോകുന്നില്ല. ഇക്കഴിഞ്ഞ ഇരുപതു വർഷവും എന്റെ ശരീരം ഈ ഭൂമിയിൽ എന്നെ വഹിക്കുന്നുണ്ട്, ഞാനേറെ ഇഷ്ടപ്പെടുന്ന കരിയറിൽ മുന്നോ‌ട്ടു പോകാൻ അനുവദിക്കുന്നുണ്ട്, ഒരുകുഞ്ഞിനെ കൈക്കൊള്ളാനും എല്ലാ നല്ല കാര്യങ്ങൾക്കും കൂടെ നിൽക്കുന്നുണ്ട്. എന്റെ ശരീരം ഒരിക്കലും എനിക്കു മുന്നിൽ പിന്തിരിഞ്ഞിട്ടില്ല. ഞാൻ സൈസ് സീറോ ആണെന്നതുകൊണ്ടു മാത്രം ഒരു പേജന്റിന് എന്റെ കഴിവുകളെ ഉപയോഗിക്കാന്‍ കഴിയുന്നില്ലെങ്കിൽ അതവരുടെ നഷ്ടമാണ്.  

ഇന്റർനാഷണൽ കോംപറ്റീഷനു വേണ്ടി മൽസരിക്കാനൊരുങ്ങുന്ന സോയിയോടാണ് വിജയിക്കാനായി വണ്ണം കുറയ്ക്കാൻ സംഘാടകര്‍ ആവശ്യപ്പെട്ടത്. ഫൈനൽസിലെത്തുമ്പോഴേക്കും സോയിയെക്കൊണ്ടു കഴിയാവുന്ന അത്രയും വണ്ണം കുറയ്ക്കണമെന്നായിരുന്നു ഇന്റർനാഷണൽ ഡയറക്ടർ നൽകിയ നിർദ്ദേശം. എന്തായാലും സംഘാടകർക്കു മാത്രമല്ല ഇത്തരത്തിൽ ശരീര സൗന്ദര്യത്തിന്റെ പേരിൽ സുന്ദരിയെ വിലയിരുത്തുന്ന എല്ലാവർക്കുമുള്ള ചുട്ടമറുപടിയാണ് സോയി നൽകിയത്. സോയിയുടെ ധീരതയ്ക്ക് അഭിനന്ദന പ്രവാഹമാണ് ചുറ്റുനിന്നും.  സോയിയെപ്പോലുള്ള ധീരയായ പെൺകുട്ടികൾ ഇനിയും ഉയർന്നുവന്ന തങ്ങളുടെ ശബ്ദം ഉയർത്താൻ തയാറാകണമെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. 

Read more: Malayalam Lifestyle Magazine