Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

15 കോടിക്കു മുന്നിലും മുട്ടുമടക്കിയില്ല, ഈ നടനാണ് യഥാർഥ സൂപ്പർ സ്റ്റാർ!

Sushanth Singh Rajput സുശാന്ത് സിങ് രജ്പുത്

ഈ ക്രീം ഉപയോഗിച്ചുനോക്കൂ ഒരൊറ്റയാഴ്ച െകാണ്ട് മുഖത്തെ പാടുകളെല്ലാം നീങ്ങി സുന്ദരമായ മുഖം സ്വന്തമാക്കാം. പരസ്യങ്ങളിലൂടെ മോഡലുകളും താരങ്ങളുമൊക്കെ നമ്മെ മനംമയക്കുമ്പോൾ പിന്നെ മറുത്തൊന്നും ചിന്തിക്കാതെ എത്ര പണം ചിലവായാലും കുഴപ്പമില്ല, സംഗതി സ്വന്തമാക്കുക തന്നെ എ​ന്നായിരിക്കും ലക്ഷ്യം. എന്നാൽ ഇവയിലേറെയും നാം ആഗ്രഹിക്കുന്ന ഫലം നൽകാറില്ലെന്നതും വാസ്തവമാണ്, പക്ഷേ അതു മനസ്സിലാക്കി ഉത്തരവാദിത്തപരമായി നീങ്ങുന്ന എത്ര താരങ്ങൾ നമുക്കുണ്ട്? എന്തായാലും ബോളിവു‍ഡ് താരം സുശാന്ത് സിങ് രജ്പുത് അത്തരത്തിലൊരാളാണ്. കോടികളുടെ പരസ്യക്കരാർ മുന്നിൽ വന്നിട്ടും കൂസലില്ലാതെ തട്ടിനീക്കിയിരിക്കുകയാണ് സുശാന്ത്. 

കങ്കണ റണൗട്ടിനും രൺബീർ കപൂറിനും ആമിർ ഖാനുമൊപ്പം ഇതാ ഫെയർനസ് ക്രീമുകളിൽ അഭിനയിക്കാനില്ലെന്ന പ്രഖ്യാപനവുമായി സുശാന്തും രംഗത്തെത്തിയിരിക്കുകയാണ്. ഒന്നും രണ്ടുമല്ല പതിനഞ്ചു കോടിയുടെ കരാർ നിരസിച്ചാണ് താരം ഫെയർനസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കുന്നില്ലെന്ന തീരുമാനം അറിയിച്ചത്. ആറു പരസ്യങ്ങളടക്കം മൂന്നുവർഷം നീണ്ട കരാറാണ് ഇതിലൂടെ സുശാന്ത് വേണ്ടെന്നു വച്ചത്. എന്തുകൊണ്ടാണ് താൻ ഇത്തരം ഒരു സമീപനം സ്വീകരിക്കാൻ തീരുമാനിച്ചതെന്നതിനും സുശാന്തിനു വ്യക്തമായ മറുപടിയുണ്ട്.

'' ഉത്തരവാദിത്തമുള്ള അഭിനേതാക്കൾ എന്ന നിലയ്ക്ക് തെറ്റായ സന്ദേശം നൽകാതിരിക്കുക എന്നത് നമ്മുടെ ജോലിയാണ്. ഒരു സ്കിൻ ടോണിൽ നിന്നും മറ്റൊരു സ്കിൻ ടോണിലേക്കു മാറ്റം കിട്ടുമെന്ന തരത്തിലുള്ള ആശയത്തെ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത്. ''- സുശാന്തിന്റെ പ്രസ്താവന കേട്ടു ബോളിവുഡിലെ പല താരങ്ങളുടെയും ഞെട്ടൽ ഇതുവരെയും വിട്ടിട്ടില്ലെന്നാണ് കേൾക്കുന്നത്. 

പണത്തിനു വേണ്ടി അടിസ്ഥാന രഹിതമായ ആശയങ്ങൾക്കു വേണ്ടി സ്ക്രീനിനു മുന്നിൽ തെളിയാൻ തിടുക്കം കൂട്ടുന്നവർക്കെല്ലാം ഒരു കനത്ത പ്രഹരം നൽകിയിരിക്കുകയാണ് സുശാന്ത് ഇതിലൂടെ. നിറമല്ല സൗന്ദര്യത്തിന്റെ അളവുകോൽ എന്ന ചിന്താഗതി സ്വീകരിക്കാൻ ഇനിയും വൈകരുതെന്ന സന്ദേശം കൂടിയാണ് സുശാന്ത് നൽകുന്നത്. എന്തായാലും സമൂഹമാധ്യമത്തിലാകെ സുശാന്തിനിപ്പോൾ അഭിനന്ദന പ്രവാഹമാണ്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam