Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിക്കിനിചിത്രത്തിന് വിമർശനം, ചുട്ടമറുപടിയുമായി നടി!

Kavita Kaushik കവിത കൗശിക്

പരസ്യങ്ങളിലെ മോഡലുകളിലെയും സിനിമകളിലെ താരസുന്ദരിമാരെയുംപോലെയാകണം എല്ലാ സ്ത്രീകളുടെയും ശരീരം എന്നു ധരിച്ചുവച്ചിരിക്കുന്നവരുണ്ട്. ചാടിയ വയറുള്ള, അരക്കെട്ട് ഒതുങ്ങിയതല്ലാത്ത, കവിളുകൾ ചാടിയ സ്ത്രീകളൊക്കെയും ഇത്തരക്കാർക്ക് സുന്ദരികളല്ലെന്നു മാത്രമല്ല അവരുടെ ആകാരവടിവില്ലായ്മയെ കുറ്റപ്പെടുത്തുകയും ചെയ്യും. എന്നാൽ‍ ഇതൊന്നും തങ്ങളെ തീരെ ബാധിക്കില്ലെന്നു പ്രഖ്യാപിച്ച് ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയും നിലപാടുകള്‍ പറയുകയും ചെയ്യുന്ന അപൂർവം ചില സ്ത്രീകളിൽ ഒരാളാണ് നടി കവിത കൗശിക്. ബിക്കിനിയിട്ട ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരിൽ ട്രോളുകൾക്കിരയായ കവിത ചുട്ടമറുപടിയാണ് അവര്‍ക്കു നൽകിയത്. 

ഭർത്താവിനൊപ്പം ഗോവയിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചതായിരുന്നു കവിത. ബീച്ചിൽ ബിക്കിനി ധരിച്ചു കിടക്കുന്ന ചിത്രം പങ്കുവച്ച് അധികംകഴിയുംമുമ്പേ വിമർശനങ്ങളുടെ ഒരുനിര തന്നെയാണെത്തിയത്. ബിക്കിനി ധരിച്ച കവിതയുടെ ശരീരം പ്രദർശിക്കപ്പെ‌ട്ടത് പലർക്കും അത്ര സുഖിച്ചില്ല, ഇനിയും ബിക്കിനി–സെക്സി ചിത്രങ്ങൾ പങ്കുവെക്കൂ എന്നു പറഞ്ഞ് ചിലർ കവിതയെ കളിയാക്കിയപ്പോൾ ഇന്ത്യൻ സംസ്കാരത്തിനു കളങ്കം വരുത്തുന്നതാണ് ഒരു സ്ത്രീയുടെ ഇത്തരത്തിലുള്ള പെരുമാറ്റമെന്നും പെർഫെക്റ്റ് ഷെയ്പ് അല്ലാത്തതുകൊണ്ട് കാണാൻ കൊള്ളില്ലെന്നുമൊക്കെ കമന്റുകൾ വന്നു. 

എന്നാൽ ഇതിനെല്ലാം ചുട്ടമറുപടിയെന്നോണം ബിക്കിനിയിട്ട മറ്റൊരു ചിത്രവും അതിനൊപ്പം ഒരു കുറിപ്പും പങ്കുവച്ചു കവിത. അതിങ്ങനെയായിരുന്നു..

'' ഇത് ബിക്കിനിയിടാൻ ആഗ്രഹിക്കുന്ന എന്നാൽ തങ്ങളുടെ കുറവുകളെയോർത്തു ലജ്ജിക്കുന്ന സ്ത്രീകൾക്കായുള്ളതാണ്, നമുക്കെല്ലാം അൽപം ഫാറ്റുണ്ട്, പാടുകളുണ്ട്, എന്തൊക്കെ ക്രീമുകൾ പുരട്ടിയാലും പോകാത്ത ബർത് മാർക്കുകളുണ്ട്. ‌

എന്നുകരുതി പെർഫെക്റ്റ് ഷെയ്പ് ആയ മോഡലുകളെ കള്ളനോട്ടം നോക്കി അവരെ വിമർശിക്കുകയാണോ ചെയ്യേണ്ടത്? അതോ ജിമ്മിൽ പോയി, ആരോഗ്യകരമായ ഡയറ്റ് പാലിച്ച്, നമ്മളാൽ കഴിയുന്ന ഫിറ്റ്ബോഡി സ്വായത്തമാക്കി കുറവുകളെയെല്ലാം സ്വീകരിച്ച്  അതുല്യവും സുന്ദരവുമായ ശരീരം സ്വന്തമാക്കി കടലിലേക്കു ചാടുകയോ? 

അവസാനത്തേതാണു നല്ലതെന്നാണ് എനിക്കു തോന്നുന്നത്. നിങ്ങളെ മറ്റൊന്നിനും തടുക്കാനാവില്ല. എല്ലാ സ്ത്രീകളും അവനവന്റേതായ രീതിയിൽ സുന്ദരിയും സെക്സിയുമൊക്കെയാണ്. പരസ്പരം പിന്തുണച്ച് ശക്തയാവുകയാണു വേണ്ടത്.''

ഇതായിരുന്നു കവിതയുടെ കുറിപ്പ്. ഇതുപങ്കുവച്ചതോടുകൂടി ചിലർ കവിതയ്ക്കു പിന്തുണയുമായി എത്തുകയും ചെയ്തു. മറ്റുനടിമാരെപ്പോലെ കുറവുകളെയെല്ലാം ഫോട്ടോഷോപ്പിലൂടെ നീക്കം ചെയ്ത് പെർഫെക്റ്റ് ബോഡിയാണെന്നു പ്രദർശിപ്പിക്കുന്നതിനു പകരം തന്റെ ശരീരം എങ്ങനെയാണോ അതിനെ അതുപോലെ തന്നെ സ്വീകരിക്കുകയും ബിക്കിനിചിത്രം പങ്കുവെക്കുകയും ചെയ്ത കവിതയ്ക്ക് അഭിനന്ദനങ്ങളാണു നൽകേണ്ടതെന്നു പറയുകയാണവർ. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam