Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർഗാനിക് ഫാഷൻ, അറിയേണ്ടതെല്ലാം

Organic Fashion സസ്റ്റെനബിൾ ക്ലോത്തിങ്ങിൽ ഉപയോഗിക്കുന്ന തുണിത്തരങ്ങൾ ജൈവികമാകണമെന്നില്ല.

സസ്റ്റെനബിൾ ഫാഷൻ എന്ന നിലപാടിൽ നിന്ന് ഓർഗാനിക് ഫാഷനിലേക്ക് എത്രദൂരമുണ്ട്? ആ ദൂരം താണ്ടിയെത്തിയിരിക്കുകയാണ് The Other O. ഫാഷൻ ലോകത്തെ O factor, ആയ ഓർഗാനിക് തുണിത്തരങ്ങൾക്ക് കൊച്ചിയിലും അരങ്ങ്. 15  വർഷത്തിലേറെയായി ഇക്കോ ഫ്രണ്ട്‌ലി എന്ന നിലപാടിലുറച്ച ഡിസൈനുകൾ സമ്മാനിച്ച ഡിസൈനർ ശാലിനി ജെയിംസാണ് ഓർഗാനിക് കലക്‌ഷൻ അവതരിപ്പിക്കുന്നത്.

സസ്റ്റെനബിൾ to ഓര്‍ഗാനിക്

ഇക്കാലമത്രയും എതിക്സ് ഉള്ള ഫാഷൻ നിലപാടുകളേ സ്വീകരിച്ചിട്ടുള്ളൂ. സിന്തറ്റിക് തുണിത്തരങ്ങൾ ഉപയോഗിക്കാറില്ല. ഹാൻഡ്‍ലൂം, ഹാൻഡ് ബ്ലോക്ക് പ്രിന്റഡ് എന്നിങ്ങനെ കൈകൊണ്ടുള്ള ജോലികൾക്കാണു പ്രാധാന്യം നൽകിയത്. ഉപയോഗിച്ചത് കോട്ടൺ, സിൽക്ക് എന്നീ പ്രകൃതിസൗഹൃദ തുണിത്തരങ്ങളും. ഇപ്പോൾ ഒരു ചുവടുകൂടി വയ്ക്കുകയാണ് ഓർഗാനിക് കലക്ഷനിലൂടെ, ശാലിനി ജെയിംസ് പറയുന്നു.

സസ്റ്റെനബിൾ ഫാഷൻ എന്ന നിലപാടിനു പ്രസക്തിയേറെയുണ്ട്. ക്രാഫ്റ്റ്സിനു പ്രാധാന്യം ലഭിക്കുന്നു, കലാകാരന്മാർക്ക് ജോലിയും മെച്ചപ്പെട്ട സാഹചര്യവും നൽകുന്നു, ഫെയർ ട്രെഡ് എന്നിങ്ങനെ. ഇതിനുമപ്പുറമാണ്  ഓർഗാനിക് ഫാഷൻ. 

സസ്റ്റെനബിൾ ക്ലോത്തിങ്ങിൽ  ഉപയോഗിക്കുന്ന തുണിത്തരങ്ങൾ ജൈവികമാകണമെന്നില്ല. ഏതെങ്കിലും ഘട്ടത്തിൽ കീടനാശിനികളോ രാസവളങ്ങളോ മറ്റു കെമിക്കലുകളോ ഉൾപ്പെട്ടിട്ടുണ്ടാകാം. അതു നിയന്ത്രിക്കാനാകില്ല. ഓർഗാനിക് ഫാഷൻ എന്നു പറയുമ്പോൾ തുണിത്തരം നൂറുശതമാനം ജൈവികമാണ്. കൃഷി ചെയ്യുന്ന ഘട്ടം മുതൽ അതു തുണിത്തരമാകുന്നതുവരെയും ഡിസൈനിലും അതു അടിമുടി ജൈവിക ഫാഷൻ തന്നെ.

ചെലവേറും വിലയുമേറെ

ഓർഗാനിക് തുണിത്തരങ്ങൾക്കു വില കൂടുതലാണ്. പക്ഷേ അതു കുറയ്ക്കാനുമാകില്ല. ജൈവകൃഷിയും പിന്നീടുള്ള എല്ലാ ഘട്ടത്തിലും രാസവസ്തുക്കൾ ഒഴിവാക്കിയുമാണ് കോട്ടൺ തുണിത്തരമാക്കുന്നത്.  പിറ്റ് ലൂമിലാണ് അവസാനഘട്ടത്തിലെ  തുണിയൊരുക്കൽ .  അഹമ്മദാബാദ് കേന്ദ്രമായ അസൽ ആണ് ഉത്പാദകർ. ഗുജറാത്തിലെ വഗദിൽ കൃഷിചെയ്തെടുക്കുന്നതിനാൽ ഇതു വഗദ് എന്ന പേരിലാണ് അറിയപ്പെടുന്നതും. നാച്ചുറൽ ഡൈ ആണ് ഉപയോഗിച്ചിരിക്കുന്നത്. ചിലഭാഗങ്ങളിൽ നിറം കുറയുകയും  മറ്റും ചെയ്യാമെന്നതിനാൽ ഡിസൈനുകൾ ഒരുക്കുമ്പോൾ ഒട്ടേറെ തുണി ഒഴിവാക്കേണ്ടിയും വരും. ഇതെല്ലാം വിലകൂടുന്നതിലേക്കു നയിക്കുന്നു. 

 The Other O

പൊതുവേ നിറം കുറഞ്ഞ പാലറ്റാണ് നാചുറൽ ഡൈയിൽ വരുന്നത്. പക്ഷേ ഇതിൽ നിന്നു വ്യത്യസ്തമായി വൈബ്രന്റ് ആയ നിറങ്ങളുണ്ട് മന്ത്രയുടെ ഓ ഓർഗാനിക് കലക്ഷനിൽ. ഇൻഡിഗോ., മഞ്ഞ, വെള്ള, മാഡർ എന്നിവയാണ് നിറങ്ങൾ. ചെക്കുകളും സ്ട്രൈപ്സും ചേരുന്നുണ്ട്. തുണിയുടെ പ്രത്യേകതയനുസരിച്ച് മിനിമൽ എംബ്രോയ്ഡറി ഉൾപ്പെടെ ലളിതമായ ഡിസൈനുകളാണ് കലക്ഷനിലുള്ളത്. 

കൂടുതൽ സ്വീകാര്യത

നമ്മൾ എന്തു കഴിക്കുന്നു എന്നതിനെക്കുറിച്ചു കൂടുതൽ ബോധവാന്മാരാകുന്ന  തലമുറയാണിത്. അതുപോലെ തന്നെ എന്തു ധരിക്കുന്നു എന്നതിനെക്കുറിച്ചും ആളുകൾ ചിന്തിക്കുന്നുണ്ട്. ആ രീതിയിൽ ഓർഗാനിക് ഫാബ്രിക്കിന്റെ പ്രാധാന്യം വർധിക്കുന്നു. അതിന്റെ വില മനസിലാക്കിക്കൊണ്ടുള്ള  സ്വീകാര്യതയുണ്ട് , ശാലിനി ജെയിംസ് പറയുന്നു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam