Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' സിനിമയിൽ അഭിനയിക്കുന്നതിലും പ്രയാസമാണെനിക്ക് അതൊക്കെ ' അപർണ

Aparna Balamurali അപർണ ബാലമുരളി

ആദ്യ ചിത്രത്തിലൂടെ തന്നെ അഭിനയം കൊണ്ടും സ്വാഭാവിക ഭംഗികൊണ്ടും ശ്രദ്ധ നേടുകയെന്നത് വലിയ കാര്യമാണ്. അപര്‍ണ ബാലമുരളി അത്തരമൊരു പ്രശംസ നേടിയാണ് സുപരിചിതയായത്. മേക്കപ്പ് അധികമിടാത്ത അപര്‍ണയുടെ മുഖം ഏവര്‍ക്കും ഒരുപാട് പ്രിയപ്പെട്ടതായി മാറി. പിന്നീട് ഫോട്ടോ ഷൂട്ടുകളില്‍ മനോഹരമായ മേക്ക് ഓവറില്‍ എത്തിയും അപർണ നമ്മളെ അതിശയിപ്പിച്ചു,  രണ്ടു മുഖങ്ങളോടും ഒരുപോലെയിഷ്ടം. എന്താണ് അപര്‍ണയുടെ ഫാഷന്‍ താൽപര്യങ്ങൾ എന്നറിയാം. 

ഫാഷനും ഞാനും

എന്നെ സംബന്ധിച്ച് എന്താണ് ഫാഷന്‍ എന്നൊന്നും പറയാനറിയില്ല. കംഫര്‍ടഫിള്‍ ആയിട്ടുള്ളതും ആത്മവിശ്വാസം തരുന്നതുമായ വസ്ത്രങ്ങളാണ് ധരിക്കാന്‍ ആഗ്രഹം. അതിനെയാണോ ഫാഷന്‍ എന്നു പറയുന്നതെന്നറിയില്ല. സത്യത്തില്‍ സിനിമയിലെത്തിയതിനു ശേഷമാണ് മേക്കപ്പ് ആക്‌സസറീസ് ... അങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചൊക്കെ ഗൗരവതരമായി ചിന്തിക്കാന്‍ തുടങ്ങിയതു തന്നെ.ചുരിദാര്‍, ജീന്‍സ്, ടോപ്പ്, പാകിസ്ഥാനി സല്‍വാര്‍സ്, ടീ ഷര്‍ട്‌സ്, എന്നിവയാണ് ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍. അവയോട് അല്‍പം കമ്പം കൂടുതലാണ്. 

aparna-3

ആദ്യം വിചിത്രമെന്നു തോന്നാം...പക്ഷേ!

പിന്നെ എനിക്കെപ്പോഴും തോന്നിയിട്ടുള്ളത് നമ്മളിപ്പോള്‍ നമ്മളുടെ അഭിരുചിക്കും ഇഷ്ടത്തിനും അനുസരിച്ച് ഒരു വസ്ത്രം ധരിക്കുമ്പോള്‍ ചിലര്‍ക്കത് ഒത്തിരി ഇഷ്ടമാകും ചിലര്‍ക്കത് ഭയങ്കര വിചിത്രമായി തോന്നും. രണ്ടും നല്ലതാണ്. കാരണം അത്തരത്തിലുള്ള തോന്നലുകളാണ് ട്രെന്‍ഡ് സെറ്റിന് കാരണമാകുന്നത്. അല്ലെങ്കില്‍ നമ്മളുടെ ലുക്ക് കൂടുതല്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലേക്ക് മാറുന്നത്. 

അവാര്‍ഡ് ഷോകള്‍ക്കൊക്കെ പോയിത്തുടങ്ങിയതിനു ശേഷമാണ് വസ്ത്രത്തിലും ലുക്കിലുമൊക്കെ കുറച്ചൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.  ഒരു അവാര്‍ഡ് ഷോയ്ക്ക് കോള്‍ഡ് ഷോള്‍ഡര്‍ ഗൗണ്‍ ആണു ധരിച്ചത്. അത് കണ്ടിട്ട് ഏറെ പേര്‍ നല്ലതായിട്ടുണ്ടെന്നു പറഞ്ഞിരുന്നു. ഇതുവരെ കാണാത്തൊരു ലുക്ക് ആണ് നന്നായി ചേരുന്നുണ്ടെന്നു പറഞ്ഞു.

വനിതയുടെ അവാര്‍ഡ് ഷോയ്ക്ക് അണിഞ്ഞിരുന്നതും അത്തരത്തിലൊന്നാണ്. അതിനും മികച്ച അഭിപ്രായമാണ് കിട്ടിയത്.

ഫാഷനില്‍ ആരോട് കമ്പം

താരങ്ങളെ നോക്കുകയാണെങ്കില്‍ അനുഷ്‌ക ശര്‍മ, സോനം കപൂര്‍, ദീപിക പദുക്കോണ്‍ എന്നിവരോടാണ് കുറച്ചധികം ഇഷ്ടം. പിന്നെ അവിടെ നിന്നുള്ള എല്ലാ താരങ്ങളുടെയും ഫോട്ടോകള്‍ നമുക്ക് കിട്ടാറുണ്ടല്ലോ. അതൊക്കെ ശ്രദ്ധിക്കാറുണ്ട്. ഇഷ്ടമാണ് അതൊക്കെ കാണാന്‍. പക്ഷേ ഫാഷന്‌റെ കാര്യത്തില്‍ വലിയൊരു സെന്‍സ് ഉള്ള ആളാണ് ഞാന്‍ എന്നെനിക്കു തോന്നിയിട്ടില്ല.

aparna-1

ഇഷ്ടനിറം

കറുപ്പിനോടാണ് ഏറെയിഷ്ടം. പിന്നെ ഹാല്‍ദി മഞ്ഞ, ക്രീം, ഓഫ് വൈറ്റ് നിറങ്ങളോടും.

കാഷ്വലായി പോകാന്‍ ഏറെയിഷ്ടം!

സിനിമയിലെത്തിയപ്പോള്‍ നമ്മള്‍ ഏതെങ്കിലും പരിപാടികള്‍ക്കോ ഷോകള്‍ക്കോ പോകുകയാണെങ്കില്‍ നമ്മളെ ഒരുക്കാന്‍ ആളുകളുണ്ടാകും. നമ്മളൊന്നും അറിയണ്ട. പക്ഷേ പുറത്തേക്കു പോകുമ്പോള്‍ നമ്മള്‍ തനിയെ തന്നെ ചെയ്യണ്ടേ. സിനിമയിലെത്തും മുന്‍പ് പുറത്തേക്കൊക്കെ പോകുമ്പോള്‍ തിരഞ്ഞെടുക്കുന്ന വസ്ത്രത്തിന്‌റെ കാര്യത്തില്‍ ഞാന്‍ ഭയങ്കര മോശം ആയിരുന്നു. ഇപ്പോള്‍ അതില്‍ നിന്ന് മാറാനുള്ള ശ്രമത്തിലാണ്. എങ്ങനെ നല്ല ഭംഗിയില്‍, വൃത്തിയായി കാഷ്വലായി നടക്കാന്‍ സാധിക്കും എന്ന കാര്യത്തിലാണ് എന്റെ ചിന്ത ഇപ്പോള്‍.

വെള്ളംകുടിപ്പിക്കും ഫോട്ടോ ഷൂട്ട്!

സിനിമ ചെയ്യാന്‍ ഇത്രയും പാടില്ല. ഫോട്ടോ ഷൂട്ട് എന്നെ സംബന്ധിച്ച് വളരെ പ്രയാസമുള്ള കാര്യമാണ്. ഹീല്‍ ഷൂസ് അണിഞ്ഞത് മറക്കാനാകില്ല. വലിയ പാടായിരുന്നു. ഒരുപാട് ഫോട്ടോ ഷൂട്ട് ചെയ്തു. റാംപ് വോക്കും ചെയ്തു. പക്ഷേ ഇപ്പോഴും അതിനോടൊക്കെയുള്ളൊരു ടെന്‍ഷന്‍ മാറിയിട്ടില്ല. 

aparna-2

സൗന്ദര്യ സംരക്ഷണം!

മേക്കപ്പും സൗന്ദര്യ സംരക്ഷണവും അത്രയൊന്നും ശ്രദ്ധിക്കാറില്ലായിരുന്നു മുന്‍പൊക്കെ. പണ്ട് പുറത്തു പോകുമ്പോള്‍ ഐ ലൈനറും ലിപ് ബാമും മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. ഇപ്പോള്‍ ഞാനൊരു ലിപ്സ്റ്റിക് വാങ്ങിയിട്ടുണ്ട്. എനിക്കൊത്തിരി ഇഷ്ടപ്പെട്ടൊരു നിറം. അതാണ് ഉപയോഗിക്കാറ്. പിന്നെ ഔട്ട്‌ലുക്കില്‍ കുറച്ചു കൂടി ശ്രദ്ധിക്കും. 

മുന്‍പൊന്നും സ്‌കിന്‍, ഹെയര്‍ എന്നിവയുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധയൊന്നും കാണിച്ചിരുന്നില്ല. അഥവാ ചെയ്താല്‍ തന്നെ അത് ശരിയാകുകയുമുണ്ടായില്ല. പിന്നീട് നടി അപൂര്‍വ്വ ബോസ് ആണ് ഓട്‌സ് വച്ചിട്ടുള്ളൊരു ഫെയ്‌സ് പാക്കിനേയും പഞ്ചസാര സ്‌ക്രബറിനേയും കുറിച്ച് പറഞ്ഞത്. അതു രണ്ടുമാണ് ഇപ്പോള്‍ ഫോളോ ചെയ്യുന്നത്. രണ്ടും നല്ല ഫലം തരുന്നുണ്ട്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.