Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വി പ്രഫഷണലിസ്റ്റ്, നസ്രിയ സെറ്റിലെ വിളക്ക്

koode1

അഞ്ജലി മേനോൻ എന്ന സംവിധായികയുടെ ഓരോ ചിത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കും. ആ വ്യത്യസ്തത സംവിധാനത്തിൽ മാത്രം ഒതുങ്ങുന്നതല്ല, സിനിമയുടെ ഓരോ ഘടകങ്ങളിലും അവ പ്രതിഫലിക്കും. അതിൽ എടുത്തു പറയയേണ്ട ഒന്നാണ് വസ്ത്രാലങ്കാരം. 'കൂടെ' എന്ന ചിത്രം കണ്ട ഓരോ പ്രേക്ഷകന്റെയും മനസ്സിൽ ഇളം നിറത്തിലുള്ള താരങ്ങളുടെ വസ്ത്രങ്ങളും ഇടം പിടിച്ചു. ഫാഷനൊപ്പം ക്‌ളാസിക് ടച്ചും സമന്വയിപ്പിച്ചാണ് തന്റെ മൂന്നാമത്തെ മലയാള ചിത്രത്തിൽ പമ്പ ബിശ്വാസ് എന്ന കോസ്റ്റും ഡിസൈനർ കയ്യടി നേടിയിരിക്കുന്നത്. ബംഗാളിൽ നിന്നെത്തി കേരളത്തിന്റെ അഭിനന്ദനങ്ങൾ നേടിയ പമ്പ, കൂടെ എന്ന ചിത്രത്തിലെ  അനുഭവങ്ങൾ മനോരമ ഓൺലൈനോ‌ട് പങ്കുവയ്ക്കുന്നു. 

കൂടെ എന്ന ചിത്രത്തിലെ അനുഭവങ്ങൾ എന്തെല്ലാമാണ് ?

ഔദ്യോഗികമായി പറഞ്ഞാൽ എന്റെ മൂന്നാമത്തെ മലയാള ചിത്രമാണ് കൂടെ. ഇതിനു മുമ്പ് എന്നും എപ്പോഴും, ബാംഗ്ലൂർ ഡേയ്സ് തുടങ്ങിയ സിനിമകളിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. മൾട്ടി സ്റ്റാർ ചിത്രമായ ബാംഗ്ലൂർ ഡേയ്‌സിൽ വസ്ത്രാലങ്കാരം ചെയ്തുള്ള പരിചയമാണ് അഞ്ജലിയ്ക്കൊപ്പം മറ്റൊരു ചിത്രം ചെയ്യുന്നതിന്  സഹായിച്ചത്. അഞ്ജലി മേനോൻ എന്ന സംവിധായിക തന്നെയായിരുന്നു ഈ പ്രോജക്റ്റ് ഏറ്റെടുക്കാനുള്ള ഏറ്റവും വലിയ പ്രചോദനം. എന്റെ ജോലിയിൽ ഒരുപാട് സ്വാതന്ത്ര്യം തരുന്നവരാണ് അവർ. മാത്രമല്ല, സിനിമയിൽ കഥക്കും തിരക്കഥക്കും അഭിനയത്തിനും തുല്യമായ സ്ഥാനം വസ്ത്രാലങ്കാരത്തിനും ഉണ്ടെന്ന് അഞ്ജലി വിശ്വസിക്കുന്നു. അതിനാൽ ഓരോ സീനിലും തനിക്ക് എന്താണ് ആവശ്യമെന്നു മുൻകൂട്ടി പറയും. ഒപ്പം പൂർണ പിന്തുണയും നൽകും. ഉദാഹരണമായി ഊട്ടിയിൽ വച്ച് ഷൂട്ടിംഗ് നടക്കുമ്പോൾ എന്റെ ഡിസൈനിന് യോജിച്ച പല സാധനങ്ങളും അവിടെ ലഭ്യമാകാതെ വന്നു. അവ വാങ്ങാനായി ഞാൻ കോയമ്പത്തൂർ വരെ യാത്ര ചെയ്തു. ആ സമയത്തെല്ലാം ക്ഷമയോടെ അഞ്ജലി കൂടെ നിന്നു. അതിനാൽ കൂടെ എന്ന ചിത്രത്തിൽ വസ്ത്രാലങ്കാരം ചെയ്യാൻ സാധിച്ചത് വളരെ വലിയ അവസരമായിട്ടാണ് കരുതുന്നത്. ഏറ്റെടുത്ത ജോലി മികവോടെ പൂർത്തിയാക്കി എന്ന സംതൃപ്തിയും ഉണ്ട്.

koode-movie

സിനിമ മേഖലയിലേക്ക് എത്തിയത് എങ്ങനെയാണ് ?

ഞാൻ ജനിച്ചതും വളർന്നതും ബംഗാളിലാണ്. കൃത്യമായി പറഞ്ഞാൽ ബനാറസിൽ. പഠനം മുംബൈയിൽ ആയിരുന്നു.പഠനശേഷം അവിടെ ചില പരസ്യ ചിത്രങ്ങളുടെ വസ്ത്രാലങ്കാരവുമായി മുന്നോട്ട് പോകുമ്പോഴാണ് സിനിമകളിൽ നിന്നും അവസരങ്ങൾ എത്തുന്നത്. അങ്ങനെയാണ് ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രം ചെയ്യുന്നത്. മലയാളത്തിൽ അതിനു ശേഷം ചില പ്രോജക്റ്റുകൾ കൂടി ലഭിച്ചു. താമസം മുംബൈയിലായതിനാൽ അവിടെ നിന്നുള്ള സിനിമകളിൽ കൂടുതലായി ശ്രദ്ധിച്ച് വരുന്നു.

nazriya-anjali-parvathy.jpg.image.784.410

മലയാള സിനിമ രംഗത്തെ അനുഭവങ്ങൾ ?

മലയാളസിനിമ രംഗം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാൽ ഏതൊരു കാര്യത്തിനും നല്ലതും ചീത്തയുമായ തലങ്ങൾ ഉണ്ടായിരിക്കുമല്ലോ. ഒരു വനിതാ ടെക്‌നീഷ്യൻ, ഭാഷയറിയാത്ത വ്യക്തി എന്ന നിലയിൽ ജോലിയിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. എനിക്ക് കൂടുതൽ സുഖപ്രദമായി പ്രവർത്തിക്കാൻ സാധിച്ചിട്ടുള്ളത് മുംബൈ ടീമിനൊപ്പമാണ്. 

ഈ ഒരു കുറവ് മാറ്റി നിർത്തിയാൽ, മലയാള സിനിമ മികച്ച അവസരങ്ങളാണ് നൽകുന്നത്. ഇവിടെ മികച്ച കഥകളും തിരക്കഥകളും ഉള്ള സിനിമകളാണ് ഉണ്ടാകുന്നത്. വസ്ത്രാലങ്കാരം എന്ന മേഖലയ്ക്ക് ഇവിടെ പ്രധാന്യമുണ്ട്. എന്നിലെ സർഗാത്മകത പൂർണമായും വിനിയോഗിക്കാനുള്ള സാഹചര്യം ഒരുക്കിയിട്ടുള്ളത് മലയാള സിനിമകളാണ്.

anjali-menon-koode-3

കൂടെ എന്ന ചിത്രത്തിൽ ഇളം നിറങ്ങൾക്കാണല്ലോ പ്രാധാന്യം. ഇതിനു പിന്നിൽ എന്തെങ്കിലും കാരണമുണ്ടോ ?

തീർച്ചയായും. കൂടെ എന്നത് വളരെ മെല്ലെ ഒഴുകുന്ന പുഴ പോലെ മനോഹരമായ ഒരു സിനിമയാണ്. അതിൽ കഥാപാത്രങ്ങൾക്കൊപ്പം ഓരോ കാഴ്ചക്കാരനും സഞ്ചരിക്കണമെങ്കിൽ വസ്ത്രാലങ്കാരം കഥാപാത്രങ്ങളോട് നീതി പുലർത്തുന്നതാവണം. ഓരോ കഥാപാത്രങ്ങളുടെയും സ്വഭാവം വിലയിരുത്തി, അവർക്കായി പ്രത്യേക നിറത്തിലുള്ള തീം ഒരുക്കിയ ശേഷമാണ് വസ്ത്രാലങ്കാരം ആരംഭിച്ചത്. കഥാപാത്രങ്ങളുടെ സ്വഭാവവും വസ്ത്രങ്ങളുടെ നിറവും പരസ്പരം ഇഴചേർന്നു പോകുന്നവയാണ്. അഞ്ജലി സിനിമയുടെ തുടക്കം മുതലേ അക്കാര്യം എന്നോട് ആവശ്യപ്പെട്ടിരുന്നു.

nazriya-nazim-come-back.jpg.image.784.410

പൃഥ്വിരാജ്, നസ്രിയ എന്നിവർക്കൊപ്പമുള്ള അനുഭവം ?

പൃഥ്വിരാജ് തീർത്തും പ്രഫഷണലായ ഒരു വ്യക്തിയാണ്. എന്റെ ജോലിയിൽ എനിക്ക് അദ്ദേഹം പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. താരപരിവേഷം മുൻനിർത്തിഅനാവശ്യ ഇടപെടലുകൾ നടത്താത്ത നല്ലൊരു വ്യക്തിയാണ് അദ്ദേഹം. നസ്രിയ സെറ്റിലെ വിളക്കാണെന്നു പറയാം. ചിത്രീകരണത്തിനിടയിലും അല്ലാതെയും എല്ലാവരോടും നല്ലരീതിയിൽ പെരുമാറി സൗഹൃദാന്തരീക്ഷം സൃഷ്ടിച്ച് മുന്നേറാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് നസ്രിയ. ഇരുവർക്കും ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്.

prithviraj-movie.jpg.image.784.410

പുതിയ പ്രോജക്റ്റുകൾ ?

അടുത്ത പ്രോജക്റ്റ് മുംബൈയിലാണ്. മലയാളത്തിൽ പുതിയ സിനിമകൾ ഒന്നും ഏറ്റെടുത്തിട്ടില്ല. അവസരങ്ങൾ ലഭിക്കുന്ന മുറക്ക് നന്നായി പരിശോധിച്ച് യോജിച്ചവ മാത്രം തെരെഞ്ഞെടുക്കാനാണ് ഉദ്ദേശിക്കുന്നത്.

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam