Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹ വേദികൾക്കിനി പുതിയ മുഖം

m4-marry-wedding-week2018

വിവാഹം അങ്ങ് സ്വർഗത്തിലാണ് നടക്കുന്നതെന്നാണ് സങ്കൽപം. പക്ഷെ ഭൂമിയിൽ വിവാഹ വേദികളെ സ്വർഗതുല്യമാക്കുന്നതാണ് പുതിയ കാലത്തിന്റെ വിവാഹ അരങ്ങുകളുടെ പ്രവണത. കല്യാൺ ജ്വല്ലേഴ്സ് എംഫോർമാരി ഡോട്ട് കോം ബ്രൈഡൽ ഫാഷൻവീക്ക് കൊച്ചിയിലേയ്ക്കു കൊണ്ടു വരുന്നതും മറിച്ചൊന്നല്ല. അൽപം പണം മുടക്കാൻ മനസുള്ളവരെല്ലാം ഇനി വിവാഹ വേദിയെക്കുറിച്ച് ആലോചിക്കുമ്പോൾ തീർച്ചയായും കഴിഞ്ഞ ദിവസം അഞ്ജു മോദി കൊച്ചിയിൽ അവതരിപ്പിച്ച വേദിയെക്കുറിച്ചും പറയേണ്ടി വരും. കണ്ണന്റെയും രാധയുടെയും വൃന്ദാവനത്തെ മാതൃകയാക്കി ഒരുക്കിയ റാംപ് എന്നു പറയാനാവില്ല, ശരിക്കും വധൂവരൻമാർക്കായി ഒരുക്കിയ വിവാഹ വേദിയിലേയ്ക്കായിരുന്നു പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയിൽ വധൂവരൻമാരായ മോഡലുകൾ ചുവടുവച്ചത്.

അരങ്ങിലും വെളിച്ചത്തിലും ഒട്ടും നിറം ചേർക്കാതെ ഒരുക്കിയ ദൃശ്യവിരുന്ന്. അഞ്‍ജു മോദിയുടെ കൈപ്പടയിൽ വിരിഞ്ഞ നിശ്ചല ചിത്രങ്ങൾക്ക് മലയാളക്കരയുടെ പച്ചപ്പു ചാലിച്ചെടുത്തതോടെ എംഫോർമാരിഡോട്ട്കോം ഫാഷൻ വീക്ക് ആദ്യ ദിനത്തിനു റാംപൊരുങ്ങി. മാൻപേടകളും മൈലുകളും പശുക്കളുമെല്ലാം കണ്ണന്റെ പുല്ലാംകുഴൽ നാദത്തിൽ നിശ്ചലമായ ദൃശ്യങ്ങൾ‍ക്ക് ജീവൻ പകർന്നത് ഡിസൈനറുടെ വർണഭാവനയിൽ വിരിഞ്ഞ വസ്ത്രമേളങ്ങൾ. ഇത്ര സുന്ദരമായ കാഴ്ചയൊരുക്കാൻ പുല്ലും പടർപ്പും വാഴയും ചേമ്പും എല്ലാം ഒരുമിച്ചപ്പോൾ വസ്ത്രത്തിൽ വർണവൈവിധ്യമൊരുക്കിയത് പാരമ്പര്യത്തിന്റെ തനിമ. 

നാടൻ കാഴ്ചകളും പാരമ്പര്യത്തിന്റെ ഡിസൈനർ വസ്ത്രങ്ങളും ചേർന്ന ദൃശ്യങ്ങളാകും വരും ദിവസങ്ങളിൽ കേരളത്തിന്റെ വിവാഹ വേദികൾക്ക് നിറം പകരുക എന്ന് ഉറപ്പിക്കുന്നു കഴിഞ്ഞ ദിവസത്തെ ഫാഷൻ പ്രദർശനങ്ങൾ. പൂക്കളും വർണക്കടലാസുകളും എൽഇഡി ലൈറ്റുകളും നൽകുന്ന സൗന്ദര്യത്തിനു മുകളിലേയ്ക്ക് ചിന്തിക്കാൻ മലയാളിയെ പ്രചോദിപ്പിക്കുന്ന കാഴ്ചകളാണ് ആദ്യദിന ഫാഷൻ വീക്കിൽ കാണാനായത്. 

wedding-week-stage