Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹ വസ്ത്രങ്ങളിൽ ഗൗരവ് ഗുപ്ത മാജിക്; വെഡ്ഡിങ് വീക്കിനു സമാപനം

m4marry

ആകാശത്തിലെ നക്ഷത്രങ്ങളും ആഴിയുടെ നീലപരപ്പും ചേര്‍ത്തൊരുക്കിയ വിസ്മലോകമായിരുന്നു ഗൗരവ് ഗുപ്ത കൊച്ചിയില്‍ അവതരിപ്പിച്ചത്. ഇന്‍കാന്‍ഡസെന്റ് ബള്‍ബുകളുടെ മഞ്ഞവെളിച്ചത്തില്‍ ഗൗരവ് ഗുപ്തയുടെ പാശ്ചാത്യശൈലിയിലുള്ള ഗൗണുകള്‍ ധരിച്ചെത്തി സുന്ദരിമാര്‍ റാംപില്‍ തലയുയര്‍ത്തി നിന്നു. വിവാഹവേഷങ്ങളില്‍ ഉത്തരാധുനികതയുടെ കയ്യൊപ്പ് ചാര്‍ത്തി എംഫോര്‍മാരി.കോം വെഡിങ് ഫാഷന്‍ വീക്കിനു സമാപനമായി. 

m4marry-5.jpg.image

നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്ന ആകാശത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലായിരുന്നു റാംപ്. തീക്ഷ്ണമായ നോട്ടമെയ്ത് സൂപ്പര്‍ മോഡല്‍ സോണി കൗര്‍ ആദ്യമെത്തി. പേസ്റ്റല്‍ പീച്ച് നിറത്തില്‍ സില്‍വര്‍ ക്രിസ്റ്റലുകള്‍ തുന്നിയെടുത്ത ഗൗണുകള്‍ ധരിച്ച് ഒന്നിനു പുറകെ മറ്റൊന്നായി മോഡലുകള്‍ റാംപിലേക്ക് ഒഴുകിയെത്തി. ചാരനിറത്തിലുള്ള ഗൗണുകളായിരുന്നു രണ്ടാമതായി അവതരിപ്പിച്ചത്. ചാരനിറത്തില്‍ നിന്ന് അനായാസമായി ഇളംനീലയിലേക്കു ഗൗണുകള്‍ മാറിയതോടെ സാഗരസൗന്ദര്യത്തിന്റെ മാസ്മരികതയിലായി വേദി. ഷിഫോണ്‍, സാറ്റിന്‍, നെറ്റ് തുടങ്ങിയ തുണികളിലായിരുന്നു ഗൗണുകള്‍ ഒരുക്കിയത്.

m4marry-4

ആര്‍ത്തിരമ്പുന്ന തിരമാലകളെ കാല്‍ഞൊറികളിലാക്കി സുന്ദരിമാര്‍ ചുവടു വച്ചപ്പോള്‍ മത്സ്യകന്യകകളുടെ കാഴ്ചയഴകിന്റെ ഓര്‍മകളിലായി കാണികള്‍. കണ്ണടച്ചു തുറക്കും മുന്‍പ് വേദിയിലെ ഇളം നിറങ്ങള്‍ കടുത്ത നിറങ്ങളിലേക്കു കൂടു മാറി. നേവി ബ്ലൂ-ബ്ലാക്ക് ക്രിസ്റ്റല്‍ കോമ്പിനേഷനിലെ ക്ലാസിക് ശേഖരമാണ് കാണികള്‍ക്കു മുന്നില്‍ അനാവൃതമായത്. പ്രൗഢിയുടെ വസ്ത്രവിസ്മയത്തില്‍ നിന്നു പ്രണയത്തിന്റെ നിറത്തിലേക്കാണ് പിന്നീട് ഗൗരവ് ഗുപ്ത കാണികളെ കൊണ്ടുപോയത്. വേദിയിലെത്തിയത് ചുവപ്പണിഞ്ഞ സുന്ദരിമാര്‍. അതുവരെ കണ്ട കാഴ്ചകള്‍ നിഷ്പ്രഭമാക്കുന്ന വിധത്തിലായിരുന്നു മോഡലുകള്‍ റാംപിലേക്കു നടന്നു കയറിയത്. ചുവപ്പിന്റെ കയറ്റിറക്കങ്ങളില്‍ റോയല്‍ മെറൂണും പ്രൗഢിയോടെ വേദിയില്‍ തിളങ്ങി.   

m4marry-2

തികച്ചും പാശ്ചാത്യമാതൃകയില്‍ അവതരിപ്പിച്ച നീളന്‍ ഗൗണുകള്‍ക്കു പുറമെ ഇന്ത്യന്‍ പരമ്പരാഗത ശൈലി സംയോജിപ്പിച്ചു തയ്യാറാക്കിയ സാരീഗൗണുകളും ഉത്തരാധുനിക വധുവിനായി ഗൗരവ് ഗുപ്ത ഒരുക്കിയിരുന്നു. ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ എന്ന് അടയാളപ്പെടുത്താന്‍ കഴിയുന്ന വേഷങ്ങളായിരുന്നു ഗൗരവ് ഗുപ്തയുടെ ബ്രൈഡല്‍ കലക്ഷനില്‍ ഉണ്ടായിരുന്നത്. വിവാഹവിരുന്നില്‍ കൂട്ടുകാര്‍ക്കൊപ്പം ആടിപ്പാടാന്‍ ആഗ്രഹിക്കുന്ന പുതിയ കാലത്തിന്റെ വധുവിന് ഇണങ്ങുന്നതാണ് തന്റെ ഏറ്റവും പുതിയ കലക്ഷനെന്ന് ഗൗരവ് ഗുപത് വ്യക്തമാക്കി. 

പാരമ്പര്യത്തിന്റെ പ്രൗഢിയും ആധുനികതയുടെ സ്വാസ്ഥ്യവും സമ്മേളിക്കുന്ന വൈവിധ്യമാര്‍ന്ന ബ്രൈഡല്‍ കലക്ഷനുകളാണ് കഴിഞ്ഞ മൂന്നു ദിവസം കൊച്ചിയിലെ ഫാഷന്‍ പ്രേമികള്‍ക്കു മുന്നില്‍ അവതരിപ്പിക്കപ്പെട്ടത്. ജീവിതത്തിലെ ആ പ്രത്യേക ദിവസത്തിനായി കാത്തിരിക്കുന്നവര്‍ക്ക് സ്വപ്‌നസമാനമായ ഉടയാടകള്‍ നെയ്‌തെടുക്കാന്‍ ഒരു കാരണം കൂടിയായി എംഫോര്‍മാരി.കോം വെഡിങ് ഫാഷന്‍ വീക്ക്.