Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മോഡലിങ് സ്വപ്നമാണോ? മറക്കരുത് ഈ കാര്യങ്ങൾ’

nayonika

ഇന്ത്യൻ ഫാഷൻ ലോകത്തെ വ്യവസ്ഥാപിതമായ ചട്ടക്കൂടുകളെ ചോദ്യം ചെയ്ത് കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി റാംപിൽ തിളങ്ങി നിൽക്കുന്ന താരമാണ് നയോനിക ചാറ്റർജി. എൺപതുകളുടെ അവസാനത്തോടെ ഫാഷൻ രംഗത്തേക്കു കടന്നു വന്ന നയോനിക അതുവരെയുണ്ടായിരുന്ന മോഡലിങ് സങ്കൽപത്തെ തകർത്തെറിഞ്ഞു. റാംപിലെ സുന്ദരിയെന്നാൽ ഗോതമ്പിന്റെ നിറം വേണമെന്ന ധാരണകളെ മാറ്റി മറിച്ച് ഇരുണ്ടനിറമുള്ള ചുരുളൻമുടിക്കാരി സൂപ്പർ മോഡലായി. കടുത്ത മത്സരം നിലനിൽക്കുന്ന ഫാഷൻ രംഗത്ത് ബോളിവുഡ് സിനിമകളുടെ പിൻബലമില്ലാതെ ഇപ്പോഴും സജീവമായി നിലനിൽക്കുന്നു. മോഡലിങ് ഒരു കരിയറായി തെരഞ്ഞെടുക്കുവാൻ ആഗ്രഹിക്കുന്നവരോടു ഈ സൂപ്പർമോഡലിന് പറയാനുള്ളത് ഇവയാണ്. 

വേണം ഒരു ബായ്ക്ക്–അപ് പ്ലാൻ

അനിശ്ചിതത്വം ഏറെയുള്ള മേഖലയാണ് മോഡലിങ്. എപ്പോഴും അവസരങ്ങൾ ലഭിക്കണമെന്നില്ല. അതിനാൽ മറ്റേതെങ്കിലും തരത്തിലുള്ള വരുമാന മാർഗങ്ങൾ കണ്ടെത്തണം. സമ്മർദ്ദങ്ങൾ കുറയ്ക്കുന്നതിന് ഇത് സഹായിക്കും. പഠനം പൂർത്തിയാക്കിയതിനു ശേഷമായിരുന്നു ഞാൻ മോഡലിങ്ങിൽ സജീവമായത്. എന്റേതായ പ്രൊജക്ടുകളും ജോലികളും ഇപ്പോഴും തുടരുന്നു. 

noyonika

വലിയ നഗരങ്ങളിലേക്കു വരൂ

ചെറിയ പട്ടണങ്ങളിൽ അവസരങ്ങൾ കുറവാണ്. അതിനാൽ വലിയ നഗരങ്ങളിലേക്കു ചേക്കേറാൻ മടിക്കരുത്. മുംബൈ പോലെയുള്ള വലിയ നഗരങ്ങളിലാണ് കൂടുതൽ സാധ്യതകൾ. റാംപ് വാക്ക് അല്ലാതെ പരസ്യങ്ങൾ, സിനിമകൾ, ഫോട്ടോഷൂട്ടുകൾ തുടങ്ങി പല അവസരങ്ങൾ ഈ മേഖലയിലുണ്ട്. 

തലയുയർത്തി ജീവിക്കൂ

മോഡലിങ്ങിൽ നിങ്ങളുടെ വ്യക്തിത്വം വളരെ പ്രധാനമാണ്. അത് നഷ്ടപ്പെടുത്തരുത്. പ്രഫഷണലായ സമീപനം സ്വീകരിക്കുകയാണെങ്കിൽ ചതിക്കുഴികൾ ഒഴിവാക്കാം. എന്തിനും എളുപ്പത്തിൽ വഴങ്ങുന്നവരാണ് മോഡലുകൾ എന്ന തെറ്റിദ്ധാരണ പൊതുസമൂഹത്തിലുണ്ട്. അതു മാറ്റിയെടുക്കാൻ എളുപ്പമല്ല. ഇഷ്ടമില്ലാത്ത കാര്യങ്ങളോടു 'നോ' പറയാനുള്ള ധൈര്യം കാണിക്കണം. 

nayonika

ഭക്ഷണം കഴിയ്ക്കൂ, വ്യായാമം ചെയ്യൂ

ഭക്ഷണക്രമീകരണത്തിന്റെ പേരിൽ പട്ടിണി കിടക്കുന്നത് ശരിയായ രീതിയല്ല. ഒരു മോഡലിന്റെ ഉപകരണം അവരുടെ ഉടലുകളാണ്. അത് നല്ല രീതിയിൽ പരിപാലിക്കണം. ഫിറ്റ്നസ് പ്രധാനമാണ്. നല്ല ഭക്ഷണം കഴിയ്ക്കണം. അതുപോലെ വ്യായാമം ചെയ്യുകയും വേണം. വളരെയധികം കഠിനാധ്വാനം ആവശ്യമായ മേഖലയാണിത്.