പേട്ടയിലെ 'മാസ് കാളി'; പ്രായത്തിലും ലുക്കിലും രജനിയ്ക്ക് 20 വയസ്സ് കുറഞ്ഞത് ഇങ്ങനെ!

rajinikanth-petta-kali-look
SHARE

‘‘സ്റ്റൈൽ സ്റ്റൈൽ താൻ’’, എന്ന് രജനീകാന്ത് ‘ബാഷ’യിൽ ആടിപ്പാടിയത് 24 വർഷം മുമ്പാണ്. കഴിഞ്ഞവർഷം കാലയിലും അതിനു മുമ്പ് കബാലിയിലും രജനിയെ കാണുമ്പോൾ പഴയ ചുറുചുറുക്കും വേഗവും ഇല്ലെന്ന് സങ്കടപ്പെട്ടവരാണ് ആരാധകരേറെയും. പക്ഷേ പുതിയ ചിത്രത്തിൽ ‘പേട്ട വേലൻ’ എന്ന കാളിയായി രജനിയെത്തുമ്പോൾ ‘തലൈവർ’ തിരിച്ചെത്തി എന്ന് ആഹ്ലാദം. ആട്ടവും പാട്ടും പഴയതുപോലെ, പ്രായത്തിലും സ്റ്റൈലിലും 20 വയസ്  കുറഞ്ഞതുപോലെയും. രജനിയുടെ ഈ സ്മാർട്ട് ലുക്കിനു പിന്നിലുണ്ട് മുംൈബക്കാരി കോസ്റ്റ്യും ഡിസൈനർ നിഹാരിക ബാസിൻ ഖാൻ. 

ഡേർട്ടി പിക്‌ചർ എന്ന ചിത്രത്തിലൂടെ  2011ൽ മികച്ച വസ്ത്രാലങ്കാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയതാണ് നിഹാരിക ഖാൻ. റോക്ക് ഓൺ, കാർത്തിക് കോളിങ് കാർത്തിക്, ഡൽഹി ബെല്ലി, റൗഡി റാത്തോർ, ദ് ലഞ്ച് ബോക്സ്, ബോംബൈ വെൽവെറ്റ്, മാർഗരിറ്റ വിത് എ സ്ട്രോ, ഫിറ്റൂർ, ശിവായ് തുടങ്ങി ഒട്ടേറെ ബോളിവുഡിലെ ചിത്രങ്ങളിൽ കോസ്റ്റ്യം ഒരുക്കിയിട്ടുണ്ട്. കരിയറിലെ ആദ്യ തമിഴ് ചിത്രത്തെക്കുറിച്ച്, രജിനികാന്തിനൊപ്പം ജോലി ചെയ്തതിനെക്കുറിച്ച്, േപട്ടയിലെ വസ്ത്രാലങ്കാരത്തെക്കുറിച്ച്  നിഹാരിക ഖാൻ പറയുന്നു.

∙ ബോളിവുഡിൽ നിന്നു മാറിയുള്ള ആദ്യ ചിത്രമാണല്ലോ. പേട്ടയിലേക്ക് എത്തിയതെങ്ങിനെ? തമിഴ്ചിത്രം ചെയ്യാൻ മടിയുണ്ടായിരുന്നോ ?

എന്റെ ആദ്യത്തെ തമിഴ് ചിത്രമാണ് പേട്ട. ജോലി ചെയ്യാൻ ഞാൻ ഒരിക്കലും മടിക്കാറില്ല, സംശയിക്കാറുമില്ല. മാത്രമല്ല, രജനീകാന്തിനെപ്പോലെയൊരു ലെജൻഡിനൊപ്പം ജോലി ചെയ്യാനാകുക ബഹുമതിയായി തന്നെ കരുതുന്നു. 

പേട്ടയുടെ എഡിറ്റർ നേരത്തെ എന്റെ വസ്ത്രാലങ്കാര ജോലികൾ കണ്ടിട്ടുള്ളയാളാണ്. ഞാൻ വസ്ത്രാലങ്കാരം  ചെയ്ത ‘ശിവായ്’ സിനിമയുടെ ടീമിന്റെ പിന്തുണയുമുണ്ടായിരുന്നു. അവരാണ് എന്റെ കോൺടാക്ട് നമ്പർ നൽകിയത്.

petta-rajinikanth-style-look

∙ പേട്ടയിൽ രജനി കൂടുതൽ ചെറുപ്പമായിരിക്കുന്നു, കൂടുതൽ സ്റ്റൈലിഷ്, കൂടുതൽ സ്മാർട്ട്. ചിത്രത്തിലെ വസ്ത്രങ്ങളും ലുക്കും ഏറെ പ്രശംസ നേടുകയാണ്. എങ്ങനെയാണിതു സാധിച്ചത് ?

താങ്ക്‌യൂ. വളരെ സന്തോഷം. ഇതെങ്ങനെ സാധിച്ചു എന്നു പറയാനെനിക്ക് അറിയില്ല. ജോലിയുടെ കാര്യത്തിൽ ഞാൻ കൂടുതൽ ശ്രദ്ധ കൊടുക്കുന്നയാളാണ്. തിരക്കഥയ്ക്കും കഥാപാത്രങ്ങള്‍ക്കുമൊപ്പം ഏറെ സമയം ചെലവിട്ടാണ് എനിക്കു വേണ്ടത് ഒരുക്കിയെടുക്കുന്നത്. കോസ്റ്റ്യൂം ഡിസൈനർ എന്ന നിലയിൽ എന്നിൽ നിന്നു പ്രതീക്ഷിക്കപ്പെടുന്നത് അതാണല്ലോ. 

∙ പേട്ടയിലെ രജനിയുടെ വസ്ത്രങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകിയ എലമെന്റുകൾ എന്തൊക്കെയെന്നു പറയാമോ ?

ചിത്രത്തില്‍  രജനിയുടെ രണ്ടു ഘട്ടങ്ങളുണ്ട്. രണ്ടാമത്തേതിൽ ആദ്ദേഹത്തെ കൂൾ, സ്റ്റൈലിഷ് ആക്കാനും ആദ്യത്തേതിൽ അദ്ദേഹത്തെ കൂടുതൽ  ഐഡറ്റിഫയബിൾ ആക്കാനുമാണ് ഞാൻ ശ്രമിച്ചത്. ആദ്യഭാഗത്തിൽ ലൈറ്റർ കളേഴ്സ് ഹൈലൈറ്റ് ചെയ്തു. രണ്ടാമത്തേതിൽ അൽപം ഡാർക്ക്, ഓൾഡർ, സൊഫിസ്റ്റിക്കേറ്റഡ് ലുക്ക് ആണ് നൽകിയത്.

മോഡേൺ v/s ട്രഡിഷനൽ, യങ് v/s ഓൾഡ്, കെയർഫ്രീ v/s മെച്വർ എന്നിങ്ങനെയാണ് ഞാൻ ആ കോൺട്രാസ്റ്റ് നോക്കിക്കണ്ടത്.

rajinikanth-petta-look

∙ ചിത്രത്തിന്റെ രണ്ടാം പകുതിയിൽ ട്രഡിഷനൽ മുണ്ട്, വേഷ്ടി എന്ന തമിഴ് വേഷവുമുണ്ടല്ലോ. പക്ഷേ ആ ലുക്കിലും വ്യത്യസ്തതയും സ്റ്റൈലും ഉൾക്കൊണ്ടിട്ടുണ്ട്.. അതേക്കുറിച്ച് ?

എന്റെ കണ്ണുകളിലൂടെ അദ്ദേഹം അദ്ദേഹത്തിന്റെ ബെസ്റ്റ് ലുക്കിൽ ആയിരിക്കണം എന്ന നിർബന്ധം ഉണ്ടായിരുന്നു. രജനി സാർ ഒരു ലെജന്റ് ആണ്. അദ്ദേഹത്തേയൊ ആരാധകരേയോ ഒരുരീതിയിലും നിരാശപ്പെടുത്തരുത് എന്നുണ്ടായിരുന്നു.

∙ പേട്ടയിൽ ജോലിയാരംഭിച്ചത് തിരക്കഥ വായിച്ചതിനുശേഷമാണോ ? രജനിയെ സ്റ്റൈലിഷ് ആക്കണമെന്നാണോ കഥാപാത്രങ്ങൾ അനുസരിച്ച് വേഷമൊരുക്കണമെന്നാണോ സംവിധായകൻ ആവശ്യപ്പെട്ടത് ?

സ്ക്രിപ്റ്റ് ഇല്ലാതെ ഞാൻ ജോലി ഏറ്റെടുക്കാറില്ല. അതുകൊണ്ടു തന്നെ സംവിധായകനെ കാണും മുമ്പ് എനിക്ക് തിരക്കഥ വായിച്ചുതന്നിരുന്നു. പിന്നീട് അദ്ദേഹത്തെ നേരിട്ടു കാണുമ്പോൾ അദ്ദേഹത്തിന്റെ ആവശ്യങ്ങൾ പറയുംമുമ്പ്  ഞാൻ ആ സിനിമയെയും കഥാപാത്രങ്ങളെയും കാണുന്നതെങ്ങനെ എന്നു വിശദീകരിക്കാൻ കഴിഞ്ഞു. അതിനുശേഷം ഞങ്ങൾ ഒരുമിച്ചിരുന്ന് കഥാപാത്രങ്ങളോട് എങ്ങനെ പൂർണമായും നീതിയോടെ പ്രവർത്തിക്കാം എന്നു ചർച്ച ചെയ്തു തീരുമാനങ്ങളെടുത്തു.

∙ സിമ്രന്റെ വസ്ത്രങ്ങൾ വളരെ കൂൾ, easy breezy ആണ്. അതേക്കുറിച്ച് ?

സിമ്രൻ വളരെ കൂൾ ആണ്. പ്രസന്നമായ, സ്വച്ഛമായ, സുന്ദരിയായ അതേസമയം കരുത്തുള്ള സ്ത്രീയുടെ വൈബ്സ് ആണ് സിമ്രനു നൽകിയത്. ആ കഥാപാത്രം അങ്ങനെയാണ്.

rajinikanth-simran-petta-look

∙ തമിഴ് സിനിമയിൽ ജോലി െചയ്തപ്പോഴുള്ള വെല്ലുവിളികൾ എന്തൊക്കെയായിരുന്നു ?

എന്റെ കയ്യിൽ നീണ്ടൊരു ലിസ്റ്റുണ്ട്. പ്രധാനമായും ഭാഷ തന്നെയായിരുന്നു പ്രശ്നം. ഞാനൊരു കാര്യം ചോദിച്ചാൽ ഉത്തരം കിട്ടുക മിക്കവാറും തമിഴിലാകും ‌. എന്റെ നിർദേശങ്ങളുടെയും ആവശ്യങ്ങളുടെയും എത്രഭാഗം ട്രാൻസ്‌ലേഷന്‍ വഴി നഷ്ടപ്പെട്ടുപോയെന്ന് എനിക്കിപ്പോഴും അറിയില്ല.

∙ രജനീകാന്തിനൊപ്പം ജോലി ചെയ്തതിനെക്കുറിച്ചുള്ള പ്രത്യേക ഓർമകൾ ?

കുറെയുണ്ട്. അതിൽ സ്പെഷൽ മെമ്മറി എന്നു പറയാനുള്ളത് അദ്ദേഹം എന്റെ പേരു വിളിക്കുന്ന രീതിയാണ്. ‘നിഗാരിക’ എന്നാണ് അദ്ദേഹം പറയുക. മാത്രമല്ല, എന്റെ എനർജി ലെവൽ കൂടുതലാണെന്നും ഞാന്‍ എത്ര ലൈവ്‌ലി ആയാണ് ജോലി ചെയ്യുന്നതെന്നും അദ്ദേഹം സെറ്റിൽ ഇടയ്ക്കിടെ പറയുമായിരുന്നു. അദ്ദേഹത്തെ പോലൊരാളിൽ നിന്നു ലഭിക്കുന്ന ആ കോംപ്ലിമെന്റ് വളരെ വലുതാണ് !

∙ ദേശീയ പുരസ്കാരം നേടിയ കോസ്റ്റ്യൂം ഡിസൈനറാണ് താങ്കൾ. ഏതു തരത്തിലുള്ള സിനിമകൾ ഏറ്റെടുക്കാനാണ് ഇഷ്ടം, ഡേർട്ടി പിക്ചര്‍ പോലുള്ള ബയോപിക് ആണോ, ഇതുപോലുള്ള മാസ്, ഗ്ലാമറസ് ചിത്രങ്ങളാണോ ?

ജോലിയെ സംബന്ധിച്ച് എന്റെ മുൻഗണ എപ്പോഴും വെല്ലുവിളികൾക്കാണ്. എനിക്കു താൽപര്യം തോന്നുന്ന ഏതു തരത്തിലുള്ള ചിത്രവും ചെയ്യുന്ന രാജ്യത്തെ ഏറ്റവും വ്യത്യസ്തതയുള്ള കോസ്റ്റ്യൂംഡിസൈനർ എന്നറിയപ്പെടാനാണ് ആഗ്രഹം .

അവർഡ് ചിത്രം, ഗ്ലാമർ ചിത്രം എന്ന വേര്‍തിരിവില്ലാതെ, ഏതൊരു ചിത്രത്തിലും കഥാപാത്രങ്ങളെ ഒരുക്കാൻ ഏറെ ചിന്തയും റഫറൻസുകളും ആവശ്യമാണ്. കഥാപാത്രങ്ങളിലൂടെ അവരുടെ ലോകം മനസിലാക്കി, അതിനനുസരിച്ച് നിങ്ങൾക്കും സംവിധായകനും ശരിയെന്നു തോന്നുന്ന രീതിയിലാകണം കോസ്റ്റ്യും ഒരുക്കേണ്ടത്. ഗ്ലാമർ എന്നത് ഞങ്ങളുടെ ജോലിയുടെ പ്രധാനഘടകമാണ് – ഗ്ലാമറൈസ് ചെയ്യണോ, ഡിഗ്ലാമറൈസ് ചെയ്യണോ എന്നതാണ് ജോലി.

∙ കൂടുതൽ തെന്നിന്ത്യൻ സിനിമകൾ ചെയ്യാൻ തയാറാണോ ?

യെസ്. കൂടുതൽ സൗത്ത് ഇന്ത്യൻ സിനിമകൾ, കൊറിയൻ, ഇറാനിയൻ എല്ലാം. ഐ ലവ് ഫിലിം. ഞാൻ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നിടത്തോളം കാലം, കഥാപാത്രങ്ങളെയും അവരുടെ ലോകത്തെയും ഒരുക്കാൻ, എനിക്കതിനുള്ള ക്രിയേറ്റിവ് ലൈസൻസ് ഉള്ളിടത്തോളം കാലം സിനിമകൾ ചെയ്യാന്‍ ഞാൻ  ആഗ്രഹിക്കുന്നു.

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA