ADVERTISEMENT

ലാക്മേ  റാംപിൽ, വെള്ള വസ്ത്രം ധരിച്ചു ബാൾഡ് ലുക്കിൽ കൂളായി നടന്നുനീങ്ങിയ മോഡലിനെ കയ്യടികളോടെയാണ് കാണികൾ വരവേറ്റത്. ആദ്യമായി റാംപിൽ കയറുകയാണെന്ന പരിഭ്രമമോ തലമുണ്ഡനം ചെയ്തിരിക്കുകയാണെന്ന ചിന്തയോ ആ സുന്ദരിയുടെ കാൽവയ്പുകളെ തെല്ലും ബാധിച്ചില്ല. മുഖത്തെ പുഞ്ചിരിക്ക് തിളക്കമേറിയതെയുള്ളൂ.

‘‘എന്നോട് റാംപിൽ അധികം ചിരിക്കരുത് എന്നാണ് ആദ്യമേ നിർദേശം നൽകിയിരുന്നത്. പക്ഷേ എനിക്കു പുഞ്ചിരിക്കാതിരിക്കാനായില്ല. റാംപിൽ നടക്കുമ്പോൾ എങ്ങനെയാവും എന്നു ഞാൻ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. തീർച്ചയായും അതു നല്ലൊരു അനുഭവമാണ്’’, പിന്നീട് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ ഷെയർ ചെയ്ത് താഹിറ കശ്യപ് ഖുറാന ഇങ്ങനെ കുറിച്ചു.

നടൻ അയൂഷ്മാൻ ഖുറാനയുടെ ഭാര്യ എന്ന പേരിൽ അറിയപ്പെടുന്നതിനേക്കാൾ എഴുത്തുകാരിയെന്ന സ്വന്തം വിലാസമുണ്ട് താഹിറ കശ്യപിന്. മുംബൈയിൽ ജേർണലിസം അധ്യാപികയാണ്. നേരത്തെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഇക്കുറി ലാക്മേ അരങ്ങിലെത്തുമ്പോൾ താഹിറയ്ക്ക് കയ്യടി നേടിക്കൊടുത്തത് മറ്റൊന്നാണ്. – കാൻസറിനെ പൊരുതി കീഴടക്കി ജീവിതത്തിലേക്കു മടങ്ങിയെത്തിയ ആ മനോധൈര്യത്തിനാണ് അവിടെ കയ്യടിയുയർന്നത്. 

ഏതാനും മാസം മുമ്പ് കാൻസർ സ്ഥിരീകരിച്ചു ചികിത്സ തുടങ്ങിയപ്പോൾ പുതിയ ചിത്രം ‘അന്ധാദുനി’ന്റെ പ്രമോഷൻ തിരക്കിലായിരുന്നു ഭർത്താവ് ആയുഷ്മാൻ. പക്ഷേ തെല്ലും  പതറാതെ ചികിത്സാദിവസങ്ങളിലൂടെ കടന്നുപോയ താഹിറ ആ അനുഭവങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. വീട്ടിൽ മടങ്ങിയെത്തിശേഷം ഹെയർ എക്സ്റ്റൻഷൻ വേണ്ടെന്നും മുടിയില്ലാത്ത തന്റെ ലുക്ക് തന്നെ സ്വീകരിക്കുകയാണെന്നും താഹിറ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ലാക്മേ വേദിയിൽ കയ്യടി നേടി രണ്ടുനാൾ കഴിഞ്ഞു ലോക കാൻസർ ദിനത്തിൽ താഹിറ ഷെയർ ചെയ്ത ചിത്രം പിന്നീട് സാമൂഹിക മാധ്യമങ്ങളും ആരാധകരും ഏറ്റെടുത്തു. ആയുഷ്മാൻ ഖുറാനയും ഭാര്യയുടെ ആ ചിത്രം ഷെയർ ചെയ്തു. 

‘തന്റെ ശരീരത്തിൽ രോഗം അവശേഷിപ്പിച്ചുപോയ അടയാളങ്ങൾ ജീവിതം തനിക്കു നൽകിയ ബഹുമതിയായി സ്വീകരിക്കുകയാണെന്ന’’ അടിക്കുറിപ്പോടെ ഇന്‍സ്റ്റയിൽ ഷെയർ ചെയ്ത ആ  ടോപ്‌ലെസ് ഫോട്ടോയിൽ ശസ്ത്രക്രിയ അവശേഷിപ്പിച്ച അടയാളങ്ങളാണ് തെളിഞ്ഞുകണ്ടത്. അതിനൊപ്പം തിളങ്ങുന്നു, താഹിറയുടെ തളരാത്ത മനോധൈര്യവും പോരാട്ടവീര്യവും.

 

“Today is my day #worldcancer day. 

I truly embrace all my scars as they are my badges of honour. 

.... this picture was my decision as I want to celebrate not the disease but the spirit with which I endured”

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com