sections
MORE

മനം മയക്കി ദീപിക, നിരാശപ്പെടുത്തി ഐശ്വര്യ; അംബാനി കല്യാണത്തിലെ താരസുന്ദരിമാർ

HIGHLIGHTS
  • സബ്യസാചി മുഖർജിയിലാണു ദീപിക വിശ്വാസമർപ്പിച്ചത്
  • മുൻ ലോകസുന്ദരി ഐശ്വര്യ റായിയെ കാണാൻ മാത്രം കാത്തിരുന്നവരുണ്ട്.
SHARE

അംബാനി കുടുംബത്തിലെ ആഘോഷങ്ങള്‍ക്ക് ഫാഷൻ പ്രേമികൾ ഏറെ ആവേശത്തോടെയാണു കാത്തിരിക്കുക. പ്രമുഖ താരങ്ങളെല്ലാം ഒരു വേദിയിൽ അണിനിരക്കും. അവാർഡ് നിശകൾക്ക് എത്തുന്നതിനേക്കാൾ കൂടുതൽ ബോളിവുഡ് താരങ്ങൾ അംബാനി കുടുംബത്തിലെ ആഘോഷങ്ങള്‍ക്ക് ഉണ്ടാകും. നിശ്ചയം, പ്രീവെഡ്ഡിങ്, വിവാഹം, പാർട്ടികൾ എന്നിവയ്ക്കെല്ലാം സ്റ്റൈലിഷ് വേഷത്തിൽ താരങ്ങൾ എത്തും. ഫാഷൻ മൽസരവേദിയിലെ പോലെ ഇന്ത്യയിലെ പ്രമുഖരായ എല്ലാ ഫാഷൻ ഡിസൈനർമാരുടെ വസ്ത്രങ്ങളും ഇവിടെ കാണാം.

ആകാശ് അംബാനിയുടെ വിവാഹത്തിനും പതിവു തെറ്റിയില്ല. ബോളിവുഡ് താരങ്ങളെല്ലാം ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തി. താരസുന്ദരിമാർ ഏതു ലുക്കിലായിരിക്കും എത്തുക എന്നറിയാൻ കാത്തിരിക്കുകയായിരുന്നു ഫാഷനിസ്റ്റുകള്‍.

തന്റെ വിവാഹവസ്ത്രം ഒരുക്കിയ സബ്യസാചി മുഖർജിയിലാണു ദീപിക വിശ്വാസമർപ്പിച്ചത്. ആകാശ് അംബാനിയുടെ വിവാഹത്തിനു സബ്യസാചി ഡിസൈൻ ചെയ്ത സാരിയിൽ  താരം എത്തി. പിങ്ക് നിറത്തിലുള്ള സാരി. ‘V’ ആകൃതിയിലുള്ള പ്ലംഗിങ് കഴുത്തുള്ള ബ്ലൗസ് ഔട്ട് ഫിറ്റിനു കൂടുതൽ അഴകേകി. ആഭരണമായി ധരിച്ച ലോക്കറ്റു പിടിപ്പിച്ച മുത്തുമാലയിൽ രാജകീയത തുളുമ്പി നിന്നു. ചുണ്ടുകൾക്കു ബ്രൗൺ ഷെയ്ഡ്. ദീപികയുടെ പ്രിയപ്പെട്ട‘സ്മോക്കി’ സ്റ്റൈലിൽ‌‍ കണ്ണുകൾ. ആരാധകരുടെ മനം മയക്കി താരം.

മുൻ ലോകസുന്ദരി ഐശ്വര്യ റായിയെ കാണാൻ മാത്രം കാത്തിരുന്നവരുണ്ട്. ഐശ്വര്യയുടെ പ്രിയസുഹൃത്തും ഫാഷൻ ഡിസൈനറുമായ മനീഷ് മൽഹോത്രയാണു താരത്തിനായി വസ്ത്രം ഒരുക്കിയത്. നീലയിൽ സിൽവർ അലങ്കാരങ്ങൾ നിറഞ്ഞ ലഹങ്കയായിരുന്നു താരസുന്ദരി ധരിച്ചത്. ലഹങ്കയുടെ കഴുത്ത് ഓഫ് ഷോൾഡർ മോഡലിലായിരുന്നു. എന്നത്തെയും പോലെ താരത്തിന്റെ മേക്ക് അപ് പെർഫക്ട്. പക്ഷേ  ഐശ്വര്യയുടെ ഔട്ട്ഫിറ്റിൽ ഫാഷൻ പ്രേമികളും ആരാധകരും അത്ര സന്തുഷ്ടരല്ല. കണ്ടു മടുത്ത പഴയ സ്റ്റൈലാണു താരത്തിന്റെ ലഹങ്കയെന്നാണ് അഭിപ്രായം.

മധുവിധു ആഘോഷങ്ങള്‍ക്കുശേഷം അടുത്തിടെയാണു പ്രിയങ്ക ചോപ്ര ഇന്ത്യയിലെത്തിയത്. ആകാശിന്റെ വിവാഹത്തിനു താരത്തെ പുതിയ ഗെറ്റപ്പിൽ കാണാം എന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. തരുൺ തഹിലിയാനി സാരിയിലായിരുന്നു പ്രിയങ്ക തിളങ്ങിയത്. ഗ്രേ നിറത്തിലുള്ള സാരി ലേസുകളാൽ എംബല്ലിഷുകളാൽ സമ്പന്നമായിരുന്നു സാരി. 

ഫ്ലോറൽ കരുത്തിലാണ് കത്രീന കൈഫ് ശ്രദ്ധ നേടിയത്. താരസുന്ദരിമാരിൽ വ്യത്യസ്തമയായതും കത്രീനയാണ്. ആകാശ നീലയും പച്ചയും വെള്ളയും നിറങ്ങളിലുള്ള പൂക്കളാൽ സമ്പന്നമായിരുന്നു കത്രീനയുടെ ലഹങ്ക. അനിത ഡോൻങ്ക്രിയാണു ഡിസൈനര്‍. അനുയോജ്യമായ മാലയും കമ്മലും വളയും താരത്തിന്റെ ലുക്കിന് ഗാംഭീര്യമേകി.

സിനിമകളിൽ സജീവമല്ലെങ്കിലും പൊതു വേദികളിൽ പ്രത്യക്ഷപ്പെടുമ്പോൾ തിളങ്ങാൻ കരീന കപൂറിനറിയാം. ഇളം പച്ച നിറത്തിലുള്ള ലഹങ്ക കരീനയ്ക്കുവേണ്ടി ഒരുക്കിയത് മനീഷ് മൽഹോത്രയാണ്. ചെറിയ കണ്ണാടികൾ ലഹങ്കയിൽ പിടിപ്പിച്ചിരുന്നു. ലാളിത്യത്തോടെയുള്ള എബ്രോയട്രിയും ലഹങ്കയെ ആകർഷകമാക്കി. ഗംഭീരമായ മേക്ക്അപ്പും വജ്രമാലയും കരീനയ്ക്കു സ്റ്റൈലിഷ് ലുക്ക് നൽകി.

ബോളിവുഡിന്റെ യുവസുന്ദരി ആലിയ ബട്ട് മഞ്ഞ ലഹങ്കയിലാണ് അംബാനി കല്യാണത്തിന് എത്തിയത്. സബ്യസാചിയുടെ ഏറ്റവും പുതിയ ഡിസൈനിൽ ആലിയ അതിസുന്ദരിയായിരുന്നു. മുടി പിന്നിലേക്ക് കെട്ടിവച്ചിരുന്നു. വജ്രമാലയായിരുന്നു ആഡംബര കല്യാണത്തിനു തിളങ്ങാൻ ആലിയയും തിരഞ്ഞെടുത്തത്.

ബോളിവുഡിലെ പുതുനിര നായികമാരിലെ സൂപ്പർതാരം ജാൻവി കപൂർ, മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ലഹങ്കയിലാണു പ്രത്യക്ഷപ്പെട്ടത്. പിങ്ക് നിറത്തിലുള്ള ലഹങ്കയിൽ സിൽവർ എംബല്ലിഷ്മെന്റിന്റെ പ്രൗഡി. ഇഷ അംബാനിയുടെ വിവാഹത്തിനും ജാൻവിയും സഹോദരി ഖുശിയും തിരഞ്ഞെടുത്തത് മൽഹോത്ര ലഹങ്കകളായിരുന്നു.

സിനിമയിലും ഫാഷൻ വേദികളിലും ഒരുപോലെ തിളങ്ങുന്ന കിയാര അദ്വാനി ഐവറി നിറത്തിലുള്ള ലഹങ്കയിലാണു തിളങ്ങിയത്. മനീഷ് മൽഹോത്രയായിരുന്നു കിയാരയുടെ ലഹങ്ക ഡിസൈൻ ചെയ്തത്. മരതക പച്ച കല്ലുകളുള്ള മാലയും കമ്മലുകളുമാണു താരത്തിനു അഴകേകിയത്. എന്നാൽ താരത്തിന്റെ മേക്ക് അപ്പ് അത്ര മികച്ചതായിരുന്നില്ല എന്നാണ് ഫാഷനിസ്റ്റുകളുടെ അഭിപ്രായം. 

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA