ADVERTISEMENT

‘‘ഈ ചൂടുകാലത്ത് എങ്ങനെ പുറത്തിറങ്ങും, വീട്ടിലിരുന്നാലും ഏറ്റവും കുറച്ചു വസ്ത്രം എങ്ങനെ ധരിക്കാം എന്നാണ് ആലോചന. പക്ഷേ പുറത്തിറങ്ങുമ്പോൾ അതു പറ്റില്ലല്ലോ, ഇനി ഫംങ്‌ഷൻ വല്ലതും ഉണ്ടെങ്കിൽ പാർട്ടിവെയർ വേണം. ഹെവി വർക്കുള്ള വസ്ത്രത്തിലിരുന്ന് ഉരുകുന്ന കാര്യം, ഹോ ആലോചിക്കാനേ വയ്യ ’’, 

വേനൽക്കാലത്ത് ഫാഷനിസ്റ്റകളെ സമ്മർദത്തിലാക്കാൻ പലതുണ്ടു പ്രശ്നങ്ങൾ ! കാര്യം ശരിതന്നെ. പക്ഷേ കത്തുന്ന വേനലിൽ ഫാഷൻ സെൻസിനെ പിൻസീറ്റിൽ ഇരുത്തേണ്ട കാര്യമില്ല. വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ അൽപം ശ്രദ്ധിച്ചാൽ തന്നെ പകുതി ആശ്വാസം കിട്ടും. സുഖപ്രദമായ തുണിത്തരം, സിംപിൾ ആയ അലങ്കാരപ്പണികൾ, അതേസമയം ട്രെൻഡി എലമെന്റ്സ് കൂടിയായാൽ സ്റ്റൈലിഷ് ആകാം, സമ്മർ ഫാഷൻ കൂൾ ആക്കാം.

ഓംബ്രെ ലുക്ക്

മഴവില്ല് പോലെ നിറങ്ങളുടെ ഗ്രഡേഷൻ അഴകുവിരിക്കുന്ന വസ്ത്രം മോഹിക്കാത്തവരുണ്ടോ? ഓംബ്രെ ലുക്കിന് എന്നും എവിടെയും ആരാധകരുണ്ട്, അതു വസ്ത്രത്തിലായാലും ഹെയർ കളറിങ് ആയാലും. 

കാഷ്വൽ വെയർ എന്നു പറയാമെങ്കിലും സിംപിൾ, എലഗന്റ് പാർട്ടിവെയർ വേണമെന്നുള്ളവർക്ക് സംശയിച്ചു നിൽക്കാതെ ഓംബ്രെ ലോങ് ഡ്രസ്  കയ്യിലെടുക്കാം. ഫാബ്രിക് ജോർജെറ്റ് ആണെങ്കിലും ഫിഗർ ഹഗ്ഗിങ് അല്ലാത്തതിനാൽ ചൂടു പേടിക്കേണ്ട. ഹാൻഡ് വർക്കും ത്രെഡ് വർക്കും കഴുത്തിൽ മാത്രം. അതുകൊണ്ടു തന്നെ ഹെവി ഫീൽ ഇല്ല. വേനൽച്ചൂടിൽ ആക്സസറീസിന്റെ ഭാരം താങ്ങുകയും വേണ്ട. 

ഓഷ്യൻ ഗ്രീൻ & ബ്ലൂ, മിന്റ് ഗ്രീൻ & പാരകീറ്റ് ബ്ലൂ തുടങ്ങി പേസ്റ്റൽ നിറങ്ങൾ കണ്ണിനു കുളിർമ പകരും. 

‘‘ബ്രൈഡൽവെയർ ആണ് കൂടുതലും ചെയ്യാറുള്ളത്. ഇത്തവണ അതിൽ നിന്നു മാറി കാഷ്വൽസ് ചെയ്യണമെന്നു തോന്നി. അങ്ങനെയാണ് ഓംബ്രെ കലക്‌ഷന്‍ ആലോചിച്ചത്. എപ്പോഴും ട്രെൻഡിയാണ് ഓംബ്രേ. അൽപം തടിച്ച ശരീരപ്രകൃതമുള്ളവർക്കു കൂടി ചേരുന്ന കളർ പാലറ്റ് ആൻഡ് ഗ്രഡേഷൻ ആണു തിരഞ്ഞെടുത്തത്. ചെറിയ ഹാൻഡ് വർക്ക് ഡിറ്റെയ്‌ലിങ് നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മറ്റ് ആക്സസറീസ് ആവശ്യമില്ല. സ്റ്റൈലിങ് മാത്രം ശ്രദ്ധിച്ചാൽ മതി. സിംപിൾ ഇയറിങ്, മികച്ച ഹെയർസ്റ്റൈലിങ് എന്നിവയനുസരിച്ച് ലുക്ക്  മികച്ചതാക്കാം’’അ‍ഞ്‌ജലി വർമ, അ‍ഞ്‌ജലി വർമ ബിമൈൻ, തൃശൂർ

കോട്ടൺ ക്രേപ്

‘ചെറിയ പാർട്ടികൾക്കു പറ്റുന്ന കോട്ടൺ വസ്ത്രങ്ങൾ’ എന്ന ആവശ്യവുമായാണ് പലരും വേനൽക്കാല ഷോപ്പിങ്ങിന് ഇറങ്ങുന്നത്. ഇക്കുറി സ്റ്റൈലിഷ് സമ്മർ മേക്ക് ഓവറിന് കോട്ടൺ അല്ല കോട്ടൺ ക്രേപ് ആയാലോ ?

സുഖപ്രദമായ കോട്ടൺ തുണിത്തരത്തിനൊപ്പം ക്രേപ് ലുക്ക് കൂടിച്ചേരുമ്പോൾ കാറ്റിൽ ഒഴുകിനടക്കുംപോലെ! Free and flowy ആകട്ടെ വേനൽക്കാല വസ്ത്രങ്ങൾ. കോട്ടണിൽ പൊതുവേ കാണാത്ത ഹാപ്പി കളേഴ്സ്. ബോൾഡ് നിറങ്ങളായ മഞ്ഞ, പച്ച, ചുവപ്പ് എന്നിവയിൽ പുതിയ പ്രിന്റുകൾ കൂടി ചേരുമ്പോൾ സ്റ്റൈലിഷ് ലുക്ക് ഉറപ്പ്. 

കോട്ടണിലെ പ്രിന്റുകളല്ലേ, നമ്മൾ ഇതെത്ര കണ്ടതാ എന്നു മനസു മടുക്കേണ്ട. ഇത്തവണ പരമ്പരാഗത പ്രിന്റുകളിൽ നിന്നു മാറി ഫ്ലോറൽ, പോൽക്ക പ്രിന്റുകളും മറ്റു പുതുമകളും രംഗത്തുണ്ട്. ഹാൻഡ് വർക്കുകളുടെ ധാരാളിത്തമില്ലാതെ തന്നെ റിച്ച് ലുക്ക് നൽകുന്നതാണ് ഈ പ്രിന്റുകൾ.

വേനൽക്കാല ഫാഷന് അനുയോജ്യമായ ഡ്രസുകളാണ് കോട്ടൺ ക്രേപിൽ ഒരുക്കിയിരിക്കുന്നത്. കൂടുതലും ഇന്തോ വെസ്റ്റേൺ പാറ്റേണിലാണ്. ഫ്ലെയേഡ് ഡ്രസുകളായതിനാൽ ശരീരത്തിൽ ഇറുകിപ്പിടിച്ചിരിക്കില്ല , ഏതവസരത്തിലും കൂളായിരിക്കാം. ലോങ് ഡ്രസ് ആയതിനാൽ മറ്റൊരു ഗുണം കൂടിയുണ്ട് – ബോട്ടംവെയർ ആവശ്യമില്ല. ചൂടുകാലത്ത് ലെഗ്ഗിങ്‌സിന്റെ ഇറുക്കിപ്പിടിത്തം കൂടി ഒഴിവാക്കാം. 

‘‘സമ്മർ കലക്‌ഷൻ തയാറാക്കുമ്പോൾ പരമ്പരാഗത പ്രിന്റുകൾ ഒഴിവാക്കിയുള്ള കോട്ടൺ വസ്ത്രങ്ങളാകാം എന്നാണ് ആദ്യമേ തീരുമാനിച്ചത്. കോട്ടണിൽ പൊതുവേ പ്ലെയിൻ അല്ലെങ്കിൽ ബ്ലോക്ക് പ്രിന്റുകളാണ് കൂടുതലും കാണുന്നത്. ആ സങ്കൽപം മാറ്റി, ട്രെൻഡി പ്രിന്റുകളുള്ള വെസ്റ്റേൺ സ്റ്റൈലിൽ ചെയ്ത കോട്ടൺ വസ്ത്രങ്ങളാണ് മനസിലുണ്ടായത്. ദേഹത്ത് ഒട്ടിപ്പിടിക്കുന്നതു വേണ്ട, അതേസമയം എല്ലാവർക്കും ഉപയോഗിക്കാനാകുന്നതു വേണം എന്നീ ആശയങ്ങൾക്കാണ് മുൻതൂക്കം നൽകിയത്. അങ്ങനെയാണ് കോട്ടൺ ക്രേപ്  കലക്‌ഷൻ ചെയ്തത്’’ രേവതി ഉണ്ണികൃഷ്ണൻ, ജുഗൽബന്ദി, വൈറ്റില

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com