ADVERTISEMENT

പ്രളയം കയറിയിറങ്ങിയ വഴികളിൽ കണിക്കൊന്ന പൂക്കുമ്പോൾ, വിഷുവിനെ കസവണിയിക്കാൻ ചേന്ദമംഗലവും ഒരുങ്ങി. തകർന്ന തറികൾ വീണ്ടെടുത്തതോടെ കഴിഞ്ഞ മൂന്നുമാസമായി നെയ്ത്തുകാർ വിഷുവസ്ത്രങ്ങളൊരുക്കുന്ന തിരക്കിലാണ്. 

ജീവിതം വഴിമുട്ടി നിന്നിടത്തുനിന്ന് പുതിയ തുടക്കമാണ് നെയ്ത്തുകാർക്ക് ഇത്തവണത്തെ വിഷു. കസവും കരയും ഇഴയിട്ട് ചേന്ദമംഗലം നെയ്തൊരുക്കിയ ഓണക്കോടികളിൽ ചെളിയിളകിപ്പിടിച്ചത് കഴിഞ്ഞ ഓഗസ്റ്റിൽ. ദുരിതപ്പെയ്ത്ത് കഴിഞ്ഞ് പ്രളയജലം ഇറങ്ങിയപ്പോൾ ബാക്കിയായത് ചെളിപിടിച്ച ഓണവസ്ത്രശേഖരവും തകർന്ന തറികളും. എട്ടു മാസത്തിനുശേഷം വിഷു സീസൺ എത്തുമ്പോൾ പുനരുദ്ധാരണം പൂർത്തിയാക്കി പുതിയ സ്റ്റോക്കും വിപണിയിലെത്തിച്ചു ചേന്ദമംഗലം.

തറികളുടെ അറ്റകുറ്റപ്പണി മാത്രമല്ല, സഹകരണ സംഘങ്ങളുടെ ഷോറൂം നവീകരണവും പ്രളയാനന്തര നവീകരണത്തിന്റെ ഭാഗമായി നടത്തി. ഡിസംബർ അവസാനത്തോടെ തറികൾ പൂര്‍ണമായും പ്രവർത്തക്ഷമമായി. നേരത്തെ നെയ്ത്തുജോലി ഉപേക്ഷിച്ചവരിൽ ഏറെപ്പെരും ഇപ്പോൾ തറികളിലേക്കു മടങ്ങിയെത്തിയിട്ടുണ്ട്.

കൈത്തറി വസ്ത്രങ്ങള്‍ക്കു രണ്ടു സീസണ്‍ മാത്രമാണ് നാട്ടിലുള്ളത് – ഓണവും വിഷവും. ഇതിൽ വ്യാപാരത്തിന്റെ മുഖ്യപങ്കും ഓണത്തിനാണ്. ഏതാണ്ട് 20% മാത്രമേ വിഷുക്കാലത്തുണ്ടാകാറുള്ളുവെന്ന് നെയ്ത്തുസഹകരണ സംഘങ്ങൾ പറയുന്നു. പക്ഷേ ഇക്കുറി കഥ മാറുമെന്നാണ് ഇവരുടെ പ്രതീക്ഷ.

പറവൂർ സംഘത്തിന് റെക്കോർഡ് ഉത്പാദനം

പ്രളയത്തിനുശേഷമുള്ള ഏഴു മാസം കൊണ്ട് 93 ലക്ഷം രൂപയുടെ ഉത്പാദനം ഞങ്ങളുടെ സൊസൈറ്റിയിൽ മാത്രം നടത്താനായി, സെപ്റ്റംബർ മുതൽ മാർച്ച് 31 വരെയുള്ള കണക്കാണിത്.  65 ലക്ഷത്തിന്റെ ആഭ്യന്തര ഉത്പാദനവും  28 ലക്ഷം രൂപയുടെ സ്കൂൾ യൂണിഫോം തുണിയുമാണ്. ഇതു റെക്കോർഡ് ഉത്പാദനമാണ്. ഇങ്ങനെയൊരു കാര്യം ചെയ്യാൻ പറ്റുമെന്ന് ഞങ്ങളുടെ സ്വപ്നത്തിൽ പോലുമുണ്ടായില്ല. അതിന്റെ സന്തോഷമാണ് ഈ വിഷുവിനുള്ളത്. ഓണം കഴിഞ്ഞാൽ പിന്നെ കൈത്തറിവസ്ത്രങ്ങളുടെ വിൽപന നടക്കുന്നത് ഈ സമയത്താണ്. സാരിയും ഷർട്ട് പീസുകളുമാണ് ഏറെയും പോകുന്നത്. ഇപ്പോഴത്തെ കാലാവസ്ഥയും കൈത്തറി വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്, ഇത്തവണ ലിനൻ കോട്ടൺ സാരികളും ഞങ്ങൾ വിപണിയിലെത്തിച്ചിട്ടുണ്ട്, പറവൂർ 3428 കൈത്തറി സഹകരണ സംഘം പ്രസിഡന്റ് ബേബി പറയുന്നു.

പുതുമകൾക്ക്  തുടക്കം

പ്രളയാനന്തര പുനരുദ്ധാരണത്തിന്റെ ഭാഗമായി ഒട്ടേറെ സഹായമെത്തി. ഏതാനും സൊസൈറ്റികൾ സെപ്റ്റംബറിൽ തന്നെ പ്രവർത്തനം ആരംഭിച്ചു. ഡിസംബറിൽ ഏഴു സംഘങ്ങളുടെയും തറികൾ പ്രവര്‍ത്തന സജ്ജമായി. 

ബിനാലെയുടെ ഭാഗമായി സേവ് ദ് ലൂം ഫോർട്ട്‌കൊച്ചിയിൽ ഒരുക്കിയ സ്റ്റാളിലും വൺസീറോഏയ്റ്റ് പോപ് അപ് ഷോപ്പിലും ഒട്ടേറെ കൈത്തറി ഉൽപ്പന്നങ്ങൾ വിറ്റുപോയി. ബിനാലെയോടനുബന്ധിച്ച് പുതിയ നിറങ്ങൾ ഉൾപ്പെടുത്താനും വ്യത്യസ്തമായ ഉൽപന്നങ്ങൾ ചെയ്യാനുമുള്ള ശ്രമവുമുണ്ടായി.

ഇത്തവണ വിഷു മാർക്കറ്റിലും പുതിയ നിറങ്ങളും കളർ കോംബിനേഷനുകളും  കൊണ്ടുവന്നിട്ടുണ്ട്. ചേന്ദമംഗലത്ത് ഇതാദ്യമായി ലിനന്‍ വീവിങ് തുടങ്ങി. ലിനൻ – കോട്ടൺ സാരികളാണ് പുതുതായി അവർ ചെയ്യുന്നത്,  സേവ് ദ് ലൂം കൂട്ടായ്മയിലൂടെ പ്രളയാനന്തര പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഒരുമിപ്പിച്ച ഫാഷൻ കൺസൽറ്റന്റ് രമേഷ് മേനോൻ പറഞ്ഞു.

പ്രതീക്ഷ നൽകുന്ന വിഷുക്കാലം

ഓണമാണ് ഇവിടെ പ്രധാന സീസൺ. സാധാരണ ഒരു വർഷം നടക്കുന്ന കച്ചവടത്തിന്റെ 10–20% മാത്രമേ വിഷുവിന് കിട്ടാറുള്ളൂ. ഓണത്തിന് ബോണസ്, കുടുംബാംഗങ്ങൾക്ക് കോടി കൊടുക്കൽ എന്നിങ്ങനെയുണ്ട്. ഒക്ടോബർ മുതൽ മേയ് വരെയുള്ള സമയത്ത് , മഴ മാറിനിൽക്കുന്ന സമയമായതിനാൽ, പൊതുവേ അടുത്ത ഓണത്തിനുള്ള ഉത്പാദനമാണ് ഞങ്ങൾ നടത്താറുള്ളത്. ഇതു പരമ്പരഗതമായി ചെയ്യുന്നതാണ്. 

പക്ഷേ വിഷുവിന് ഇത്തവണ പ്രത്യേകതയുണ്ട്. ഓണം പ്രളയത്തിൽ മുങ്ങിപ്പോയി , അതിനുശേഷം വരുന്ന ആഘോഷമാണ്. കഴിഞ്ഞ ഓണത്തിന് ആരും ഒന്നും വാങ്ങിയിട്ടില്ല. മാത്രമല്ല അവരുടെ കയ്യിലുണ്ടായിരുന്ന തുണികളും നശിച്ചുപോയി. അത്യാവശ്യത്തിനുള്ള വസ്ത്രങ്ങള്‍ അവർ വാങ്ങിയിട്ടുണ്ടാകും. പക്ഷേ കസവു സാരികൾ അല്ലെങ്കിൽ കൈത്തറി വസ്ത്രങ്ങൾ വാങ്ങാനുള്ള അവസരം ഇപ്പോഴാണ്. അതുകൊണ്ട് വാങ്ങണമെന്ന ചിന്ത ആളുകൾക്കുണ്ട്. 

ഞങ്ങൾ 6ന് വിൽപന തുടങ്ങി ഈ ദിവസങ്ങളിൽ കണ്ട ട്രെൻഡ് അനുസരിച്ച് വിഷുവിന് നല്ല രീതിയിൽ കച്ചവടമുണ്ടാവും, 

ചേന്ദമംഗലം 47 സംഘത്തിന്റെ െസക്രട്ടറിയായ പി.എ.സോജൻ പറഞ്ഞു. പ്രളയത്തിൽ ഏറ്റവുമധികം നഷ്ടം നേരിട്ട സംഘമാണിത്. ‘ഡിസംബർ – ജനുവരിയിലാണ് ഞങ്ങൾ ജോലി ആരംഭിച്ചത്. എങ്കിലും കഴിയുന്നത്ര സ്റ്റോക്ക് എത്തിച്ചിട്ടുണ്ട് ’’

അതിജീവനത്തിന്റെ വിഷുപ്പുലരി

വളരെ സന്തോഷത്തിലാണ് നെയ്ത്തുകാർ. അവരുടെ ഓണം നഷ്ടത്തിൽ മുങ്ങിപ്പോയതാണ്. പിന്നീടു വരുന്ന സീസൺ ആയതിന്റെ എക്സൈറ്റ്‌മെന്റ് അവർക്കുണ്ട്.  ഡിസൈനർ ഇന്റർവെൻഷന്റെ കാര്യം ഞങ്ങൾ സംസാരിച്ചപ്പോൾ ‘അതു നമുക്ക് വിഷു കഴിഞ്ഞു ചെയ്യാം’ എന്ന തിരക്കിലായിരുന്നു അവർ. എങ്ങനെയും പ്രൊഡക്‌ഷൻ വേഗത്തിൽ തുടങ്ങി അവരുടെ ജീവിതത്തിലേക്ക് മടങ്ങണമെന്ന ആഗ്രഹമാണത്. 

സഹകരണ സംഘത്തിന്റെ ഷോറൂം നവീകരണം പൂർത്തിയാക്കി, േവഗം ഉദ്ഘാടനവും നടത്തി അവർ. വലിയ രീതിയിൽ ഉദ്ഘാടനം നടത്താമായിരുന്നത്, ആഘോഷമില്ലാതെ പെട്ടെന്നു ചെയ്യാനായിരുന്നു തീരുമാനം. തിരിച്ചുവരണമെന്ന ആഗ്രഹത്തിന്റെ ഭാഗമാണിത്. 

വിഷുവിന് പൊതുവേ പരമ്പരാഗത വസ്ത്രങ്ങളാണല്ലോ ആളുകൾ ആഗ്രഹിക്കുന്നത്. ഡിസൈനർ ഇടപെടലുകൾക്കും പുതുമകൾക്കു സമയമെടുക്കും. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്, ഡിസൈനർ ശ്രീജിത്ത് ജീവൻ പറഞ്ഞു.

ഡിസൈനർമാരായ ശാലിനി ജയിംസിന്റെയും ശ്രീജിത്ത് ജീവന്റെയും നേതൃത്വത്തിലുള്ള ഫ്രണ്ട്സ് ഓഫ് ചേന്ദമംഗലം കൂട്ടായ്മ പ്രളയാന്തര പുനരുദ്ധാരണത്തിൽ സജീവമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com