ADVERTISEMENT

നിങ്ങൾ ധരിച്ചിരിക്കുന്ന വസ്ത്രം തയാറാക്കിയത് ആരാണ് ? ഇങ്ങനെയൊരു ചോദ്യം എപ്പോഴെങ്കിലും  മനസിലുയർന്നിട്ടുണ്ടോ ? ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ ചോദ്യത്തിന് ഉത്തരം പറയുകയാണ് വിവിധ ബ്രാൻഡുകൾ. ഏപ്രിൽ 24ന് ആരംഭിച്ച് മേയ് 5 വരെ നീളുന്ന ക്യാംപെയിന്റെ ഭാഗമായാണ് രണ്ടു സുപ്രധാന ചോദ്യങ്ങൾക്ക് ഉത്തരം ആവശ്യപ്പെട്ട് സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവർ അണിനിരക്കുന്നത്. ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ നമ്മുടെ അലമാരിയിൽ എത്തുന്നതിനു മുമ്പുള്ള സുദീർഘമായ യാത്രയെക്കുറിച്ച് ഉപഭോക്താക്കൾ അറിയുന്നതിനും ചിന്തിക്കുന്നതിനും വേണ്ടിയാണ് ഈ ചോദ്യങ്ങൾ. അവയുടെ ഹാഷ് ടാഗുകളിതാണ് – #WhoMadeMyClothes,  #WhoGrewMyClothes

ഫാഷൻ റെവല്യുഷൻ എന്നു പേരിട്ട ഈ വ്യത്യസ്തമായ ബോധവൽക്കരണ ശ്രമത്തിനു തുടക്കമിട്ടത് ഫെയർട്രേഡ് ഇന്ത്യയാണ്. ഇന്ത്യയ്ക്കു പുറമേ 100 വിദേശരാജ്യങ്ങളും ഇതിൽ പങ്കാളികളാണ്. 2013ൽ ധാക്കയിൽ നടന്ന റാണ പ്ലാസ ട്രാജഡിയിൽ ഗാർമെന്റ് ഫാക്ടറി ജീവനക്കാരായ 1135 പേർ മരണപ്പെട്ടു. ഇതേത്തുടർന്ന് ‘എത്തിക്കൽ’ ഫാഷന് വേണ്ടി ലോകത്തിന്റെ പലകോണുകളിൽ നിന്നു മുറവിളിയുയർന്നു. ഇതിന്റെ ആറാം വാർഷികത്തോടനുബന്ധിച്ചാണ് ഇത്തണ വിപുലമായ രീതിയിൽ പ്രചാരണം നടത്തുന്നത്. വസ്ത്രങ്ങൾ തയാറാക്കുന്നതിൽ ധാര്‍മികത പുലർത്തുന്നുണ്ടെന്നും പ്രകൃതിയോ കർഷകനോ നെയ്ത്തുകാരനോ ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയുമാണ് ക്യാംപെയിന്റെ ലക്ഷ്യം.

i-made-yout-clothes-campaign
ഡിസൈനർ രേവതി ഉണ്ണികൃഷ്ണൻ സ്വന്തം ബ്രാൻഡായ 'ജുഗൽബന്ദി'യിലെ ജീവനക്കാരുടെ ചിത്രം ഷെയർ ചെയ്ത്#IMadeYourClothes ക്യാംപെയിന്റെ ഭാഗമായി.

#IMadeYourClothes ഞാനാണ് നിങ്ങളുടെ ഫാബ്രിക് തുന്നിയെടുത്തത്, ഞാനാണ് നിങ്ങളുടെ കോട്ടൺ വസ്ത്രം സ്ക്രീൻ പ്രിന്റ് ചെയ്തെടുത്തത്, നിങ്ങളുടെ തൊപ്പി ഒരുക്കിയത് ഞാനാണ്, നിങ്ങളുടെ ആഭരണം ഒരുക്കിയത് ഞാനാണ്, നിങ്ങളുടെ വസ്ത്രം ഡൈ ചെയ്തു നിറം കൊടുത്തത് ഞാനാണ്, നിങ്ങളുടെ ഷർട്ടിലെ എംബ്രോയ്ഡറി ചെയ്തതു ഞാനാണ്, നിങ്ങളുടെ ഡെനിം ഫിറ്റിങ് ശരിയാക്കിയതു ഞാനാണ്, വസ്ത്രത്തിലെ ബട്ടൺ തുന്നിവച്ചതു ഞാനാണ്, ഞാനാണ് നിങ്ങളുടെ ടവ്വൽ തയാറാക്കിയത് തുടങ്ങി വസ്ത്രവ്യാപാരത്തിന്റെ പിന്നണിയിലുള്ളവരെ മുന്നിലേക്കെത്തിക്കുകയാണ് ഈ ക്യാംപെയിൻ. 

സെലിബ്രിറ്റികളായ കൽക്കി കോലിൻ, ആദില്‍ ഹുസൈൻ തുടങ്ങിയ താരങ്ങൾ‍ അവർ ധരിച്ചിരിക്കുന്ന ബ്രാൻഡിന്റെ പേരു വെളിപ്പെടുത്തി അവരോട് ചോദ്യം ഉയർത്തുന്ന പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഈ ക്യാംപെയിന്റെ ഭാഗമായിക്കഴിഞ്ഞു.  പുതുച്ചേരിയിലും ചെന്നൈയിലുമായാണ് പ്രചാരണ അനുബന്ധ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളതെങ്കിലും മലയാളി ബ്രാൻഡുകളും ഈ ടാഗുകൾ ഏറ്റെടുത്തു കഴിഞ്ഞു. തങ്ങളുടെ ബ്രാൻഡിന്റെ പണിപ്പുരയിലുള്ള ജീവനക്കാരുടെ ചിത്രവും പേരും സഹിതം സമൂഹിക മാധ്യമ പേജുകളിൽ ‘ImadeYourCloth’’ എന്നു മറുപടി നൽകിക്കഴിഞ്ഞു ഡിസൈനർമാരായ ശ്രീജിത്ത് ജീവൻ (റൗക്ക), രേവതി ഉണ്ണിക്കൃഷ്ണൻ (ജുഗൽബന്ദി) എന്നിവർ. വരും ദിവസങ്ങളിൽ കൂടുതൽ പേര് ഈ പ്രചാരണത്തിന്റെ ഭാഗമായേക്കും.

ധാക്കയിൽ 2013ൽ നടന്ന റാണാ പ്ലാസാ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഫാഷൻ റവല്യൂഷൻ എന്ന ചിന്തയുടെ തുടക്കം. ഇന്റർനാഷനൽ ബ്രാൻഡുകളുടെ മാനുഫാക്ചറിങ് വലിയതോതിൽ നടക്കുന്ന സ്ഥലമാണത്. അവിടെ ആയിരത്തിലേറെപ്പേർ അസൗകര്യങ്ങളിൽ വീർപ്പുമുട്ടിയാണ് ഈ ബ്രാൻഡുകൾക്കു വേണി ജോലിയെടുത്തിരുന്നത്. ബ്രാൻഡുകൾക്ക് ഹൈ പ്രൈസ്, പക്ഷേ പണിയെടുക്കുന്നവർക്ക് ഒന്നുമില്ല. ചീപ് ലേബർ ആണ്.  ഈ മേഖലയിൽ ഒരു മാറ്റം വരണം, റവല്യൂഷൻ കൊണ്ടുവരാനാകണം. ഫാഷൻ എന്നത് എത്തിക്കൽ ആവണം. ഈ നിലപാടാണ് ജുഗൽബന്ദി എന്ന ബ്രാൻഡിനുള്ളതും. ഇവിടെ വസ്ത്രം ഒരുക്കുന്നവർ മുതൽ ഉപഭോക്താക്കൾ വരെയുള്ള നീണ്ട ചെയിനിൽ എല്ലാവർക്കും സന്തോഷം വേണം, എല്ലാവർക്കും ഗുണപ്പെടുന്നതാകണം. ഞങ്ങളുടെ നിലപാടുകളും നടപടികളും സുതാര്യമാണ് എന്നതു പങ്കുവയ്ക്കാനാണ്  ഫാഷന്റെ റെവല്യൂഷൻ ക്യാംപെയിന്റെ ഭാഗമായതും #IMadeYourClothes എന്ന ടാഗിൽ ചിത്രങ്ങൾ പങ്കുവച്ചതും’’–  രേവതി ഉണ്ണിക്കൃഷ്ണൻ ,ജുഗൽബന്ദി, വൈറ്റില

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com