ADVERTISEMENT

മൂന്ന് യുവ എംപിമാർ പാർലമെന്റിലെ ആദ്യദിനം മറ്റെല്ലാവരെയും പോലെ  സെൽഫിയെടുത്തും ഫോട്ടോയെടുത്തും ആഘോഷമാക്കി. സമൂഹമാധ്യമങ്ങളിൽ ആ ചിത്രങ്ങൾ സഹിതം അവർ സന്തോഷം പങ്കിട്ടു. അതിൽ രണ്ടു പേർ പിന്നിടു നേരിട്ടത് കടുത്ത സൈബർ ആക്രമണവും ട്രോളുകളും. കാരണം അവരുടെ വസ്ത്രം ! 

തൃണമൂൽ കോൺഗ്രസ് എംപിമാരായ മിമി ചക്രവർത്തിയും നുസ്രത്ത് ജഹാനുമാണ് അന്ന് ഫാഷൻ പൊലീസിന്റെ ആക്രണം നേരിട്ടത്. തീർത്തും സിംപിളായി ജീൻസും വൈറ്റ് ഷർട്ടും ധരിച്ചാണ് മിമി പാർലമെന്റിലെത്തിയത്. നുസ്രത്ത്  ജഹാൻ ഫോർമൽ വേസ്റ്റേൺ ഔട്ട്ഫിറ്റ് ആയ ഡിസൈനർ പർപ്പിൾ സ്യൂട്ട്സെറ്റിലും. 

പാശ്ചാത്യ വസ്ത്രധാരണ രീതിയിൽ പാർലമെന്റിൽ എത്തിയെന്നായിരുന്നു പലരുടെയും എതിർപ്പിനു കാരണം. പക്ഷേ എന്തുകൊണ്ട് എംപിയായ ഗൗതം ഗംഭീറിനെ ആരും വിമർശിച്ചില്ല എന്ന ചോദ്യം പിന്നാലെയെത്തി.

ഫാഷൻ പൊലീസിങ് സ്ത്രീകൾക്കു നേരെ

ഗൗതം ഗംഭീർ ആ ദിവസം പാർലമെന്റിലെത്തിയത് കാഷ്വൽ വസ്ത്രമായ ജീൻസും ടീഷർട്ടും ധരിച്ചാണ്.  സ്ത്രീകളുടെ പാശ്ചാത്യ വസ്ത്രത്തെ കുറ്റപ്പെടുത്തിയവർ എന്തുകൊണ്ട് ഗൗതം ഗംഭീറിനെ വെറുതെവിട്ടുവെന്നു ട്വിറ്ററിൽ ചോദ്യമുയർത്തിയത് സ്വാതി ചതുര്‍വേദിയാണ്. തൊട്ടുപിന്നാലെ മിമി ചക്രവർത്തിയും പ്രതികരിച്ചു , ‘‘ അവർ ആരും അതു ചോദ്യം ചെയ്തില്ല, ഒരുപക്ഷേ ഞങ്ങൾ സ്ത്രീകളായതുകൊണ്ടാവാം’’

ബോഡി ഷെയിമിങ്ങും വസ്ത്രധാരണത്തിന്റെ േപരിലുളള പഴികളും സ്ത്രീകൾ മാത്രം നേരിടേണ്ടിവരുന്നു. രാഷ്ട്രീയം ഉൾപ്പെടെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച സ്ത്രീകളെ പോലും ഫാഷൻ പൊലീസ് വെറുതെവിടുന്നില്ല.

ഡ്രസ് കോഡ്  ആർക്കൊക്കെ ?

പാർലമെന്റിലെ വസ്ത്രവിവാദത്തിനു പിന്നാലെയാണ് തമിഴ്നാട് സർക്കാര്‍ ഓഫിസുകളിൽ ഡ്രസ് കോഡ് ഏർപ്പെടുത്തുന്നതായുള്ള വാർത്തകളെത്തിയത്. ഓഫിസുകളിൽ കാഷ്വൽ വസ്ത്രധാരണം ഉപേക്ഷിക്കണമെന്നും ഇന്ത്യൻ–തമിഴ് സംസ്കാരത്തിനു യോജിച്ച വസ്ത്രം ധരിക്കണമെന്നുമായിരുന്നു നിർദേശം. ജീവനക്കാർ ഫാഷനബിൾ വസ്ത്രങ്ങളിലെത്തുന്നു എന്ന നിരീക്ഷണത്തെ തുടർന്നായിരുന്നു നടപടി. സ്ത്രീകൾ ഓഫിസുകളിലേക്ക് ലെഗ്ഗിങ്സ് ധരിക്കുന്നതും ഷോർട്ട് കുർത്തകൾ ദുപ്പട്ടയില്ലാതെ ധരിക്കുന്നതും സ്വീകാര്യമല്ലെന്നായിരുന്നു നിരീക്ഷണം. 

സ്ത്രീകൾ സാരി അല്ലെങ്കിൽ സൽവാർ കമ്മിസും ദുപ്പട്ടയും ധരിക്കണമെന്നും പുരുഷന്മാർ ഷർട്ടും പാന്റ്സും ധരിക്കണമെന്നുമായിരുന്നു ആദ്യ ഉത്തരവ്. ജൂൺ ഒന്നിന് ഇതിൽ ഭേദഗതിയായി പുരുഷന്മാരുടെ വസ്ത്രത്തിൽ ‘വേഷ്ടി’ കൂടി ഉൾപ്പെടുത്തി. 

തീരുമാനിക്കുന്നതാര്? 

സ്ത്രീകളുടെ സഭ്യമായ വസ്ത്രധാരണം സാരിയാണെന്നും അതാണു സംസ്കാരമെന്നും വിമർശനമുയർന്നപ്പോൾ വനിതാ എംപിമാർക്ക് ശക്തമായ പിന്തുണയുമായി രാഷ്ട്രീയഭേദമന്യേ ഏറെപ്പേർ രംഗത്തെത്തിയിരുന്നു. ചെറുപ്പക്കാരായ എംപിമാർ അവരുടെ പ്രായത്തിലുളളവരെ പ്രതിനിധീരിക്കുന്ന വസ്ത്രം ധരിച്ചതിൽ സന്തോഷമുണ്ടെന്നും മാറ്റങ്ങൾ വരട്ടെയെന്നുമുള്ള  പ്രതികരണമായിരുന്നു അവരുടേത്. 

നടിയും സജീവ രാഷ്ട്രീയ പ്രവർത്തകയുമായ കുശ്ബു പ്രതികരിച്ചതിങ്ങനെ – "You are the symbol of the new gen. Continue to be who you are and the way you are”

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com