ADVERTISEMENT

ജനിക്കുന്ന നാൾ മുതൽ വിവാഹ വേദി വരെ ആ ചോദ്യമുണ്ട്– കുട്ടി വെളുത്തിട്ടാണോ? 

ജനിച്ചതു  പെൺകുഞ്ഞായാൽ ഇരുണ്ടനിറമാണെങ്കിൽ ആശങ്കയാണ്, വിവാഹപരസ്യങ്ങളിൽ ‘വെളുത്ത’ പെൺകുട്ടിക്കാണല്ലോ മതിപ്പുകൂടുതൽ. കരിയർ മോഹമുള്ള, ലക്ഷ്യബോധമുള്ള പെണ്ണിന്റെ ജീവിതവഴിയിൽ പലയിടത്തും തടസ്സം സൃഷ്ടിച്ച് ഈ ‘ഫെയർ & ലവ്‌ലി’ സൗന്ദര്യ സങ്കൽപം രംഗത്തെത്താറുണ്ട്. 

സമൂഹത്തിന്റെ പൊതുബോധം സ്വാധീനിക്കുന്ന പലയിടങ്ങളിലും നിറത്തിന്റെ രാഷ്ട്രീയം ഒളിഞ്ഞും തെളിഞ്ഞും കടന്നെത്തുന്നു. സിനിമയിൽ നായകന്റെ തോളോടു ചേര്‍ന്നു നിന്ന് മികച്ച പ്രകടനം നടത്തിയ നടിയുടെ അഭിനയം നന്നായെന്നു അഭിനന്ദിക്കാനല്ല, നിറം പോരെന്ന് പരാതിപ്പെടാണ് ചിലരെത്തിയത്. കേരളത്തിൽ ഈ സംഭവം നടന്നത് ഏതാനും വർഷം മുമ്പ്. 

കാലം മുന്നോട്ടോടുമ്പോഴും പെണ്ണിന്റെ നിറത്തിന്റെ പേരിലുള്ള ഈ ഭ്രമം ഇല്ലാതായിട്ടില്ല. പക്ഷേ മാറിയ മറ്റൊന്നുണ്ട്, സ്വന്തം നിറത്തെ ആത്മവിശ്വാസത്തോടെ സ്വീകരിക്കാൻ പെൺകുട്ടികൾ തയാറായിക്കഴിഞ്ഞു. ഇരുണ്ട നിറത്തെ വെളുപ്പിക്കാനല്ല, ഇരുണ്ടതിന്റെ അഴക് ഹൈലൈറ്റ് ചെയ്യാനാണ് അവർക്കു താൽപര്യം. മാറ്റത്തിന്റെ ഈ ചെറിയ അലകൾ കൂടുതൽ പേരിലേക്ക് എത്തിക്കുകയാണ് മേക്കപ് ആർടിസ്റ്റ് പ്രിയ അഭിഷേക് ജോസഫ്. മൂന്നു വർഷം മുമ്പ് നടി ഷോൺ റോമിയെ ഒരുക്കി ‘ബ്രൗൺ ബ്യൂട്ടി’ എന്ന ഫോട്ടോ ഷൂട്ട് നടത്തിയതിലൂടെ പ്രിയ ലക്ഷ്യമിട്ടതും ഇതുതന്നെയാണ്. ഏതു നിറവും ഭംഗിയാണെന്നു ബോധ്യപ്പെടുത്താനായാണ് ആ ഫോട്ടോഷൂട്ട് നടത്തിയത്. ഇപ്പോഴിതാ ബ്രൗൺ ബ്യൂട്ടിയുടെ രണ്ടാം പതിപ്പുമായി പ്രിയ അഭിഷേക് വീണ്ടുമെത്തുന്നു, ഇക്കുറി അഴകിന്റെ അലയൊരുക്കി കൂടെയുണ്ട് നടി ശാന്തി ബാലചന്ദ്രൻ.

ബ്രൗൺ is ബ്യൂട്ടിഫുൾ

വിവാഹവേദിയിൽ വധുവിനെ ഒരുക്കുമ്പോൾ സമ്മർദത്തിലായിപ്പോകുന്ന  ഒത്തിരിപ്പേരുടെ  പ്രതിനിധിയായിരുന്നു പ്രിയ അഭിഷേക് ജോസഫ്. ഇരുണ്ട വധുവിനെ വെളുപ്പിക്കാൻ ആവശ്യപ്പെടുന്നവരാണ് ഏറെയും. പക്ഷേ അതു പറ്റില്ലെന്നു തീർത്തു പറയും പ്രിയ.  ‘ബ്രൗൺ ബ്യൂട്ടി’ എന്ന ബ്രൈഡൽ മേക്കപ് ഫോട്ടോ ഷൂട്ടിനു ശേഷം പ്രിയയെ തേടിയെത്തുന്നത് ഇരുണ്ട നിറത്തിന്റെ ഭംഗിയാഗ്രഹിക്കുന്ന പെൺകുട്ടികളാണ്. 

priya-abhishek
പ്രിയ അഭിഷേക് ജോസഫ്

‘‘ഇരുണ്ട നിറം പുട്ടിയിട്ട് മാസ്ക് ചെയ്ത് ഒളിപ്പിച്ചുവയ്ക്കേണ്ടതല്ല. ഇരുണ്ട നിറമുള്ളവർ ലൈറ്റ് ഷേഡുള്ള ഫൗണ്ടേഷൻ ഉപയോഗിച്ചാൽ അതു സൗന്ദര്യമാകില്ല. സ്വന്തം നിറത്തിലും വ്യക്തിത്വത്തിലും ആത്മവിശ്വസമില്ലാതെ  പോകുന്നവർക്കു ധൈര്യം പകരാനും നിറം മാത്രം നോക്കിയുള്ള സൗന്ദര്യബോധം തിരുത്തിക്കുറിക്കാനുമുള്ള സംരംഭമാണിത്. കൂടുതൽ ഫാഷൻ, ജ്വല്ലറി ബ്രാൻഡുകൾ അവരുടെ പരസ്യങ്ങളിൽ നിറങ്ങളിലെ വ്യത്യസ്തതകൾ രംഗത്തെത്തിക്കാൻ തയാറാവുകയാണ് വേണ്ടത്. അതുവഴി മാറ്റം കൂടുതൽ പേരിലേക്കെത്തും.’’, പ്രിയ അഭിഷേക് ജോസഫ് പറയുന്നു.

പൂർണിമ ഇന്ദ്രജിത്ത് (പ്രാണ), സിജെ ആർടിസാന്‍ബുത്തീക് എന്നിവരും ‘ബ്രൗൺ ബ്യൂട്ടി 2.0 ഫോട്ടോഷൂട്ടിന്റെ ഭാഗമാണ്.

‘അൽപം വെളുപ്പിക്കട്ടേ’

ചിലപ്പോഴെങ്കിലും ഫോട്ടോഷൂട്ടുകളിൽ പങ്കെടുക്കുമ്പോൾ ഞാൻ കേൾക്കാറുള്ള ചോദ്യമാണ് ‘അൽപം വെളുപ്പിക്കട്ടേ ? എന്റെ സ്കിൻ ടോൺ ഭംഗിയാക്കട്ടെ എന്നുള്ള ആ ചോദ്യമാണത്.  ഇത്തരം ഷൂട്ടുകളിൽ നിന്ന് അകന്നു നിൽക്കാൻ എന്നെ പ്രേരിപ്പിക്കാറുള്ളതും ഈ ചോദ്യം തന്നെയാണ്. ഇതു പക്ഷേ എല്ലാവരുടെയും കാര്യമല്ല. എല്ലാ മേക്കപ് ആർടിസ്റ്റും ഷൂട്ടുകളും ഇത്തരത്തിലല്ല. പക്ഷേ എന്റെ നിറത്തെ അംഗീകരിക്കാൻ കഴിയാത്ത ജോലിയാണെങ്കിൽ അതിൽനിന്നു വിട്ടുനിൽക്കാനാണ് എനിക്കിഷ്ടം. അതുകൊണ്ടു തന്നെ പ്രിയ അഭിഷേക് ജോസഫ് ബ്രൗൺ ബ്യൂട്ടി ഷൂട്ടിന്റെ ആശയം പറഞ്ഞപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. വളരെ സന്തോഷത്തോടെ ചെയ്ത ഷൂട്ടാണത്.

ശാന്തി ബാലചന്ദ്രൻ , അഭിനേത്രി

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com