ADVERTISEMENT

ഫാഷൻ എന്നാൽ ഫാസ്റ്റ് ആണ്. ഓരോ ദിവസവും പുതുമകൾ, പുതിയ ട്രെൻഡുകൾ. ഒരിക്കൽ ഉപയോഗിച്ച ഡിസൈനർ വസ്ത്രമാണെങ്കിൽ മറ്റൊരവസരത്തിൽ ഉപയോഗിക്കുന്നതെങ്ങനെ എന്ന ആശയക്കുഴപ്പം. അങ്ങനെ ഒരുദിവസം ഉപയോഗിച്ചതുപോലും അലമാരയുടെ അടിത്തട്ടിലേക്കു സ്ഥലംമാറും. പക്ഷേ അതിലൊന്നു പോലും മറ്റുള്ളവർക്ക് ഉപകാരമകട്ടെ എന്നു പറഞ്ഞ് ആവശ്യക്കാർക്കു നൽകാറില്ല പലരും. ചിലരാകട്ടെ വസ്ത്രങ്ങൾക്കൊപ്പം ഓർമകളെ കൂട്ടിക്കെട്ടി സൂക്ഷിക്കുന്നവരാണ്. അതുകൊണ്ടു തന്നെ പഴയവ കളയില്ല, കെട്ടിവയ്ക്കും. ഇതിനു പുറമേയാണ് കീറിപ്പറിഞ്ഞ് ഉപയോഗയോഗ്യമല്ലാതാകുന്ന കുറെ വസ്ത്രങ്ങൾ. എല്ലാ വീട്ടിലുമുണ്ടാകും ഇതുപോലെ വസ്ത്രമാലിന്യം. ഈ മാലിന്യം എവിടെയെത്തുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ ? 

ലോകത്തുണ്ടാക്കുന്ന വസ്ത്രങ്ങളിൽ ഏതാണ്ട് അഞ്ചിൽ മൂന്നുഭാഗവും ഒരു വർഷത്തിനുള്ളിൽ തന്നെ മാലിന്യംതള്ളൽ കേന്ദ്രങ്ങളിലോ സംസ്കരണകേന്ദ്രങ്ങളിലോ എത്തുന്നതായി  ന്യൂയോർക്ക് ൈടംസിലെ റിപ്പോർട്ടിൽ പറയുന്നു. 2050 ആകുമ്പോഴേക്കും ഇന്ത്യയിൽ മാലിന്യംതള്ളാനായി നമ്മുടെ തലസ്ഥാനത്തിന്റെയത്ര (ന്യൂഡൽഹി) വലുപ്പമുള്ള പ്രദേശം വേണമെന്നാണ് അസോചവും പിഡബ്ല്യൂസിയും ചേർന്നു നടത്തിയ പഠനത്തിലുള്ളത്. അതേസമയം പഴയവസ്ത്രങ്ങൾ റീസൈക്കിൾ ചെയ്യാനുള്ള വഴി തേടാതെ തന്നെ, യുഎസ്, യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള സെക്കൻഡ് – ഹാൻഡ് തുണിത്തരങ്ങള്‍ ഇറക്കുമതിയും ചെയ്യുന്നു. 

തിരികെ നൽകാം വസ്ത്രങ്ങൾ

പഴയ വസ്ത്രങ്ങൾ പുനരുപയോഗിക്കുക, റീസൈക്കിൾ ചെയ്യുക, അപ്സൈക്കിൾ ചെയ്യുക എന്നീ വഴികളാണ് മുന്നിലുള്ളത്. വസ്ത്രങ്ങൾ സൂക്ഷ്മതയോടെ കൂടുതൽകാലം ഉപയോഗിക്കുകയെന്നതാണ് ആദ്യമാർഗം. പക്ഷേ പുതുമകൾ തേടാനുള്ള ആഗ്രഹം മുന്നിലുള്ളവർക്ക് ഇതൊരു തടസ്സമായി തോന്നാം. ഇതിനു പരിഹാരമായി ഉപഭോക്താക്കളുടെ മുന്നിലേക്കുന്ന ബ്രാൻഡുകളുണ്ട്. 

സ്വീഡിഷ് മൾട്ടിനാഷനൽ കമ്പനിയായ എച്ച്&എം 2013ൽ ഇതിനായി രാജ്യന്തര ക്യാംപെയിൻ ആരംഭിച്ചിരുന്നു. ഉപഭോക്താക്കൾ പഴയ വസ്ത്രങ്ങൾ എച്ച്&എം ഔട്ട്ലെറ്റിൽ കൈമാറിയാൽ 15% ഡിസ്കൗണ്ട് ലഭ്യമാക്കുന്ന കൂപ്പൺ നൽകുന്നതായിരുന്നു പദ്ധതി.  2017ൽ മാത്രം ഇതുവഴി ശേഖരിച്ചത് 89 മില്യൻ ടിഷർട്ട് ആണെന്ന് കമ്പനി വക്താവ് പറയുന്നു.

കാലാവസ്ഥാ വ്യതിയാനമെന്ന യാഥാർഥ്യം മുന്നിലെത്തുമ്പോൾ, നമുക്കു മുന്നിൽ സസ്റ്റനെബിൾ രീതികൾ അല്ലാതെ മറ്റുവഴികളില്ല. ഇതിനായി വലുതും ചെറുതുമായ ഫാഷന്‍ ബ്രാൻഡുകൾ, അപ് സൈക്ലിങ് പോലുള്ള പരിഹാരങ്ങൾ കണ്ടെത്തണം – സാറ റദിൻ (ഫാഷൻ ബ്ലോഗർ)

ഇങ്ങനെ ശേഖരിച്ച വസ്ത്രങ്ങൾ എന്തുചെയ്തു ?–  വസ്ത്രങ്ങൾ  മൂന്നായി തരംതിരിച്ചു– വീണ്ടും ധരിക്കാവുന്നവ, വീണ്ടും ഉപയോഗിക്കാവുന്നവ, റീസൈക്കിൾ ചെയ്യാവുന്നവ എന്നിങ്ങനെ. രാജ്യാന്തരതലത്തിൽ തന്നെ സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങൾക്ക് വിപണി ലഭ്യമാണ്. ധരിക്കാവുന്നയല്ലെങ്കിലും മോശമാകാത്ത തുണിയാണെങ്കിൽ മറ്റു രീതിയിൽ ഉപയോഗം കണ്ടെത്താം, ക്ലീനിങ് തുടങ്ങിയ ആവശ്യങ്ങൾക്കാണിവ. മൂന്നാംവിഭാഗത്തിലെ പഴന്തുണികൾ റീസൈക്കിൾ ചെയ്തു പുതിയ ഫൈബർ ആക്കും. ഇതുപയോഗിച്ചു മറ്റുമേഖലകളിലേക്കാവശ്യമായ ഉത്പന്നങ്ങളൊരുക്കാം.

പഴയ വസ്ത്രം, പുതിയ ട്രെൻഡ്

വീണ്ടും ഉപയോഗിക്കാത്ത വസ്ത്രങ്ങളിൽ പുതിയ ട്രെൻഡി ഔട്‌ഫിറ്റ്സ് ഒരുക്കുന്നതാണ് അപ് സൈക്ലിങ്. ഇതിൽ തുണിയുടെ സ്വാഭാവിക ഫൈബറിനു വ്യത്യാസം വരുത്തുന്നില്ല. പഴയ വസ്ത്രത്തിൽ നിന്ന് പുതിയൊരു വസ്ത്രം ഉണ്ടാക്കുന്നുവെന്നുമാത്രം.  I was a Sari, Doodlage തുടങ്ങി ഒട്ടേറെ ലേബലുകൾ ഈ സസ്റ്റെനബിൾ ഫാഷൻ രീതി പിന്തുടരുന്നു. 

ഡിസൈനർ അമിത് അഗൾവാളാകട്ടെ അപ്സൈക്‌ളിങ്ങും റീസൈക്ലിങ്ങും വസ്ത്രങ്ങളിൽ ഉപയോഗപ്പെടുത്തുന്നു. റീസൈക്കിൾഡ് മെറ്റീരിയല്‍ രാജ്യത്തെ പൈതൃക തുണിത്തരങ്ങളായ ബനാറസി, പടോല, ഫുൽക്കാരി എന്നിവയ്ക്കൊപ്പം ഇഴചേർന്ന് അഗർവാൾ ഒരുക്കിയ ‘കിനെസിസ്’ കലക്​ഷൻ  ശ്രദ്ധനേടിയിരുന്നു.

വേണം, സുസ്ഥിര ഫാഷൻ

പഴയ വസ്ത്രം റീസൈക്കിൾ അല്ലെങ്കിൽ അപ് സൈക്കിൾ ചെയ്യാനുള്ള മാർഗം തേടുമ്പോൾ തന്നെ ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പിൽ  100% പരിസ്ഥിതി സൗഹൃദ തുണിത്തരങ്ങൾ ഉള്‍പ്പെടേണ്ടതിനെക്കുറിച്ച് ബോധവൽക്കരണം അനിവാര്യമാണ്.  ഓർഗാനിക് കോട്ടൺ, ജൂട്ട്, സിൽക്ക്, ഹെംപ് തുടങ്ങിയവ സംസ്കരിക്കാവുന്ന പ്രകൃതി സൗഹൃദ ഫാബ്രിക്കുകളാണ്. ട്രെൻഡ് എന്ന അതിവേഗം കുറച്ച് ഫാഷൻ ലേബലുകൾ അൽപം കൂടി സ്‌ലോ ആകണം. ഒപ്പം ഉപഭോക്താക്കൾക്ക് റീസൈക്ലിങ്, അപ്സൈക്ലിങ് സാധ്യതയും സൗകര്യവുമൊരുക്കാൻ ഡിസൈനർമാരും ബ്രാൻ‍ഡുകളും തയാറാകണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com