ADVERTISEMENT

അത്തപ്പൂക്കൾ വിടരുംമുമ്പേ ഓണക്കോടികൾ ഒരുങ്ങിക്കഴിഞ്ഞു. മഴയൊഴിഞ്ഞ് മാനം തെളിയുംനേരം നാട്ടുവഴികളിലെ പച്ചപ്പുകൾക്കിടയിൽ എത്തിനോക്കുന്ന നിറച്ചാർത്ത് പോലെയാണ് ഓണ വസ്ത്രശേഖരം. ഓണപ്പൂക്കളാണ് എവിടെയും. തെച്ചിയും തുളസിയും മുല്ലയും അരളിയും പിന്നെ കുറെ പേരറിയാപ്പൂക്കളും ഇലകളും ചേരുന്നതാണ് ഓണപ്പൂക്കളം. ഇക്കുറി ഓണവസ്ത്രങ്ങളിലുമുണ്ട് പ്രകൃതിയുടെ ഈ നിറസദ്യ !

പൂക്കളില്ലാതെ ഓണമില്ല

ഓണപ്പൂക്കളുടെ നിറച്ചാർത്ത് ഓണക്കോടിയിലും വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് നിറമുള്ള കസവു സാരികള്‍ തിരഞ്ഞെടുക്കാം. ഡിപ് ഡൈ ചെയ്തെടുത്ത സാരികൾക്കു നാട്ടുപൂക്കളുടെ നിറ വൈവിധ്യമാണ്. അരളിപ്പൂക്കളുടെ അഴക് മനസിൽ ധ്യാനിച്ച് ഡിസൈൻ ചെയ്ത വസ്ത്രങ്ങളിൽ ഓണക്കോടിയുടെ നിറവും വ്യത്യസ്തതയും തിരഞ്ഞെടുക്കാം. കസവു സാരിയിൽ പ്രത്യേകതയായി ഓംബ്രെ ഷേഡും ലഭ്യമാണ്. പൗഡർ ബ്ലൂ, തുളസി ഗ്രീൻ എന്നിങ്ങനെയുള്ള ഷേഡുകളും ലഭ്യം.

anusree-saree-style

‘‘ഓണക്കാലത്തെ നാട്ടുപച്ചപ്പിന്റെ ഇലകളും പൂക്കളും എന്ന സങ്കൽപത്തിൽ ഒരുക്കിയതാണ് ഓണവസ്ത്രങ്ങൾ. പൂക്കളും പൂക്കളവും ഇല്ലാതെ ഓണമില്ലല്ലോ. പൂക്കളും ഇലകളും ചേരുന്ന ഡിസൈനുകളാണ് നൽകിയത്. കസവുസാരിയിൽ പുതിയ എലമെന്റ് വരാൻ നിറങ്ങളും നൽകി’’ – അനു & രേഷ്മ, ലേബൽ എം, വൈറ്റില

കസവിന്റെ തിരയിളക്കം 

ഓണക്കോടിയെന്നാൽ കസവിന്റെ പൊന്നിൻ തിളക്കം തന്നെ. ക്രീം, ഗോൾഡൻ നിറങ്ങള്‍ ഇഴചേരുമ്പോഴുള്ള പ്രൗഡിയും ലാളിത്യവും കേരള കസവുസാരിക്കു സ്വന്തം. ആ അഴകിലേക്ക് ഒരു തരി പോലും നിറം പോലും വീഴരുതെന്ന ശ്രദ്ധയോടെ എന്നാൽ പുതുമയുടെ ട്വിസ്റ്റ് നൽകുന്നതാണ് അരികിൽ തിരയിളക്കം നൽകുന്ന സാരി. ഗോൾഡൻ പോൽക്ക വീവ്സ് നിറയുന്ന സാരിയുടെ അറ്റം ഗോൾഡൻ സ്കാലപ് (scallope) ചെയ്തിരിക്കുന്നതിനാൽ ഭംഗിയേറുന്നു. പാരമ്പര്യത്തെ കൈവിടുന്നില്ല, അതേസമയം ട്രെൻഡി എലമെന്റ് ചേർത്ത് സാരിയുടെ അഴകേറ്റുകയും ചെയ്യുന്നു. സോഫ്റ്റ് കോട്ടൺ സാരിയായതിനാൽ ധരിക്കുമ്പോൾ സുഖവും സൗകര്യവുമേറെ.

isha-talwar-in-saree

ബ്ലൗസിൽ വ്യത്യസ്തകൾ ചേർത്ത് വിവിധരീതിയിൽ സ്റ്റൈൽ ചെയ്യാം. അൽപം നിറം വേണമെന്നാണെങ്കിൽ ബ്ലൗസ് കോൺട്രാസ്റ്റ് നൽകാം. മഷ്‌റൂം സിൽക്ക് തുണിത്തരത്തിൽ ബ്ലൗസ് ചെയ്താൽ തിളക്കമേറിയ നിറങ്ങളുടെ പ്രൗഡി ലഭിക്കും. സിംപിൾ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് മതിയെന്നാണെങ്കിൽ സാരിയുടെ അതേ നിറത്തിലുള്ള ബ്ലൗസ് തന്നെ തിരഞ്ഞെടുക്കാം.

‘‘കഴിഞ്ഞ ഓണം പ്രളയത്തിൽ മുങ്ങി. അതിൽ നിന്ന് ഉയർന്നാണ് നമ്മൾ ഇക്കുറി ഓണത്തെ വരവേൽക്കുന്നത്. ആ റൈസിങ് സ്പിരിറ്റ് ആലോചിച്ചപ്പോഴാണ് സ്കാലപ് ചെയ്യാമെന്ന ചിന്തയുണ്ടായത്. അതിനു തിരയുടെ മാതൃകയാണല്ലോ. ഗോൾഡ് ആൻഡ് ക്രീം എലഗൻസ് നിലനിർത്താൻ സാരിയിൽ മറ്റു നിറങ്ങളോ ബോർഡറോ നൽകിയില്ല. സാരി കൂടാതെ അനാര്‍ക്കലി, കുർത്ത, ദാവണി, സ്കർട്ട്, ടോപ് ഡിസൈനുകളും ചെയ്തിട്ടുണ്ട്. ഇവയിലെല്ലാം പ്രത്യേകത സ്കാലപ്ഡ് എഡ്‍ജസ് ആണ്. പോല്‍ക്ക വീവ്സും ലൈൻ വീവ്സും ഉണ്ട്.’’ – രേവതി ഉണ്ണിക്കൃഷ്ണൻ, ജുഗൽബന്ദി, വൈറ്റില

പുതുവഴിയിൽ പുതുനിറങ്ങൾ

ഇതുവരെ സഞ്ചരിക്കാത്ത വഴികളിലൂടെയുള്ള യാത്രയാകട്ടെ ഇക്കുറി ഓണക്കോടി. നിറങ്ങളും ചിത്രങ്ങളും ചേരുന്ന സെറ്റു മുണ്ടുകളിൽ പുതുമയും പഴമയും ഇടകലരുന്നു. പാരമ്പര്യ കലാരൂപങ്ങളായ തോൽപ്പാവക്കൂത്ത്, പച്ചത്താമര, കഥകളിയിലെ ചുവന്നതാടി എന്നിവയുടെ നിറച്ചാർത്ത് ഓണ വസ്ത്രങ്ങളിൽ കണ്ടെടുക്കാം. സെറ്റുമുണ്ടിൽ ഇതുവരെയില്ലാത്ത പുതുമയുൾപ്പെടുത്തി ‘റഫിൾസ്’ എന്ന ട്രെൻഡി എലമെന്റും വരുന്നുണ്ട്.

kasavu-saree

‘‘ഇതുവരെ കാണാത്ത പുതിയ വഴിത്താരകളിലേക്ക് നടന്നെത്താൻ, ഉള്ളിൽ നിന്ന് അവളെത്തന്നെ കണ്ടെത്തിയെടുക്കാനുള്ള യാത്രകളാണ് ഇത്തവണത്തെ ഓണം കലക്‌ഷൻ. സാരിയിലും സെറ്റുമുണ്ടിലും പുതുമയായി റഫിൾഡ് ബോർഡറും കളർ ട്വിസ്റ്റും നൽകിയിട്ടുണ്ട്. നിറച്ചാർത്തൊരുക്കി മണ്ഡല ഡിസൈൻ, മൊറോക്കൻ ഡിസൈനുകൾ, സൂര്യകാന്തി തുടങ്ങിയവ ഹാൻഡ് പെയിന്റ് ചെയ്തിരിക്കുന്നു.’’– നീലിമ ചന്ദ്രൻ, നീലാംബരി

കസവുസാരി കന്റംപ്രറി

കസവുസാരിയുടെ അഴകും പ്രൗഡിയും അൽപം പോലും ചോരാതെ കന്റംപ്രറി മേക്ക് ഓവർ നൽകിയാലോ. ഇതിനായി രണ്ടു മികച്ച തിരഞ്ഞെടുപ്പുകൾ സാധ്യമാക്കുന്നു ഡിസൈനർ ശ്രീജിത്ത് ജീവൻ. ഹാൻഡ്‌ലൂം വസ്ത്രരംഗത്ത് കന്റംപ്രറി ഡിസൈനുകൾ ഒരുക്കുന്ന വൈദഗ്ധ്യം സാരിയിലെത്തുമ്പോൾ അതിലേറെ ആകർഷകം. കസവു സാരിയിൽ ഇതുവരെ സ്വപ്നം കാണാത്ത ബ്ലാക്ക് കളർ ബ്ലോക്ക് വരുമ്പോൾ സാരിക്കുണ്ട് പുതുമ കയ്യൊപ്പിട്ട ആകർഷണീയത. കറുപ്പ്, ചുവപ്പ് നിറങ്ങൾ കൂടാതെ മറ്റു നിറങ്ങളും പരീക്ഷിക്കുന്നുണ്ട്. അതിനൊപ്പം ശ്രദ്ധനേടുന്നതാണ് ‘മോഹിനിയാട്ടം’ കലാരൂപത്തിൽ നിന്നു പ്രചോദനം ഉൾക്കൊള്ളുന്ന കസവുസാരിയിൽ  നർത്തകിയുടെ വസ്ത്രത്തിന്റെ മാതൃകയിൽ ഡബിൾ ഡ്രേപ് വരുന്നുവെന്നതാണ് പ്രത്യേകത.

fashion-saree

‘‘നെയ്തെടുത്ത കേരള കസവു സാരിയിൽ എങ്ങനെ പുതുമ കൊണ്ടുവരാമെന്നാണ് ആലോചിച്ചത്.  പരമ്പരാഗതവും ആധുനികവുമായ റഫറൻസുകൾ വച്ചാണ് സാരിക്ക് കന്റംപ്രറി മേക്ക് ഓവർ നൽകിയത്. സ്ട്രൈപ്സ്, ബ്ലാക്ക് എന്നിവ ഉൾപ്പെടുത്തി. പഴമയുടെ പ്രൗഡി ഒഴിവാക്കാതെയുള്ള പുതുമകളുടെ സാധ്യതയാണ് തേടിയത്.  മിനിമലിസം എന്ന ആശയത്തിലൂന്നിയാണ് സാരിയിൽ കറുപ്പുനിറം ഉൾപ്പെടുത്തിയത്. കസവു സാരിയിൽ മോഹിനിയാട്ടത്തിന്റെ ഡബിൾ ഡ്രേപ് ഉൾപ്പെടുത്തി.’’ – ശ്രീജിത്ത് ജീവൻ, റൗക്ക

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com