ADVERTISEMENT

നായികയായി തിളങ്ങിനിൽക്കുമ്പോൾ തന്നെ പ്രതിനായിക വേഷം ചെയ്യാനും മടിയില്ല, സംയുക്ത മേനോന്. തീവണ്ടിയിൽ നിന്ന് ലില്ലിയിലെത്തുമ്പോൾ തീക്ഷ്ണതയാർന്ന ഭാവപ്രകടനങ്ങള്‍. ഒരു യമണ്ടൻ പ്രേമകഥയിൽ നിന്ന് ഉയരെയിലെത്തുമ്പോൾ ചെറിയൊരു അതിഥി വേഷം മാത്രം. പക്ഷേ കൽക്കിയിൽ ഏറെ ധൈര്യപൂർവം തിരഞ്ഞെടുത്തൊരു പ്രതിനായികവേഷം. കഥാപാത്രങ്ങളിലെ ഈ വൈവിധ്യവും തിരഞ്ഞെടുപ്പിലെ അസാധാരണത്വവും, സിനിമയിൽ മാത്രമല്ല സംയുക്തയുടെ ജീവിതത്തിന്റെയും ഭാഗമാണ്.

 Bold

സ്ക്രീനിലും പുറത്തും കൃത്യതയോടെയുള്ള തിരഞ്ഞെടുപ്പുകൾക്കു മടിയില്ല താരത്തിന്. മലയാള സിനിമ രംഗത്ത് വേറിട്ട വസ്ത്രധാരണ ശൈലി പിന്തുടരുന്ന താരമാണ് സംയുക്ത. പല അവസരങ്ങളിലും സ്റ്റൈലിങ്ങും സ്വന്തമായാണ് ചെയ്തിരുന്നത്. വസ്ത്രങ്ങൾക്കു ചേരുന്ന രീതിയിൽ ശ്രദ്ധയോടെ ഒരുങ്ങാനുള്ള താരത്തിന്റെ കഴിവും ഏറെ പ്രശംസ നേടുന്നു.

 Sustainable

ആദ്യകാലത്ത് ജോര്‍ജെറ്റ് പോലുള്ള ഡിസൈനർ വെയറുകൾ ധരിച്ചിരുന്ന താരം, പിന്നീട് ഫാഷൻ തിരഞ്ഞെടുപ്പുകളിൽ കണിശത പുലർത്തി. എത്‌നിക് പ്രിന്റ‍ഡ് അനാർക്കിലിയിലും കോട്ടൺ തുണിത്തരങ്ങളിലും ശ്രദ്ധിക്കപ്പെട്ട സംയുക്ത പിന്നീട് സസ്റ്റെനബിൾ ഫാഷന്റെ കറകളഞ്ഞ ആരാധികയാവുന്നതാണു കണ്ടത്. കൽക്കിയുടെ പ്രമോഷൻ ചടങ്ങുകളുടെ ഭാഗമായി സംയുക്ത േമനോൻ ധരിച്ച സ്പീക്കിങ് സാരി ഏറെ ശ്രദ്ധിക്കപ്പെട്ടു. LOVE എന്നെഴുതിയ ബ്ലാക്ക് ഡിസൈനർ സാരിയുടെ പ്രത്യേകത സസ്റ്റെനബിൾ ഫാബ്രിക് തന്നെ. ആ സാരിയ്ക്കൊപ്പമുള്ള സ്റ്റൈലിങ്ങും സംയുക്തയുടേതായിരുന്നു.

samyuktha-menon-01

 Contemporary

ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെ ഹാൻഡ‌്‌ലൂമിന്റെയും ഖാദിയുടെയും പ്രചാരകയാണ് സംയുക്ത. അടുത്തിടെ പൊതു ചടങ്ങുകളിലെല്ലാം താരം ധരിച്ചത് സസ്റ്റെനബിൾ ഫാഷൻ രംഗത്തെ കന്റംപ്രറി ഡിസൈനുകളാണ്. ഡിസൈനർമാരായ ഗൗരവ് ജയ് ഗുപ്ത, രാഹുൽമിശ്ര, പദ്മജ, ജോയ് ഇക്രേത്ത്, മാകു എന്നിവരുടെ വസ്ത്രങ്ങൾ സംയുക്ത പലവേദികളിലായി അണിഞ്ഞു. ഓരോ തിരഞ്ഞെടുപ്പും താരത്തിന്റെ സ്റ്റൈലിങ്ങിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com